This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണന്‍, എന്‍.എസ്. (1908 - 57)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണന്‍, എന്‍.എസ്. (1908 - 57)

എന്‍.എസ്.കൃഷ്ണന്‍

തമിഴ് ഹാസ്യനടന്‍. ചുടലമുത്തുപ്പിള്ളയുടെയും ശക്തിഅമ്മാളിന്റെയും മകനായി 1908-ല്‍ നാഗര്‍കോവിലില്‍ ജനിച്ചു. ദരിദ്രകുടുംബത്തിലെ അംഗമായിരുന്നതിനാല്‍ കൃഷ്ണന് അഞ്ചാംക്ലാസ്സില്‍വച്ച് പഠിത്തം അവസാനിപ്പിക്കേണ്ടിവന്നു. 16-ാമത്തെ വയസ്സില്‍ ഗോള്‍ഡന്‍ ശാരദാംബാളിന്റെ നാടകക്കമ്പനിയില്‍ നടനായി ചേര്‍ന്നു. 1925-ല്‍ ടി.കെ.എസ്. സഹോദരന്മാരുടെ ഗ്രൂപ്പില്‍ 'വള്ളിത്തിരുമണം', 'മനോഹര' എന്നീ നാടകങ്ങളില്‍ അഭിനയിച്ച ഇദ്ദേഹം കുറച്ചുകാലത്തിനിടയില്‍ ഒരു ഹാസ്യനടന്‍ എന്ന നിലയില്‍ പ്രസിദ്ധനായി. 'ബഫൂണ്‍' വേഷങ്ങളില്‍ ഒതുങ്ങിനിന്ന ഹാസ്യകഥാപാത്രങ്ങള്‍ക്ക് തമിഴ് നാടകവേദിയില്‍ ശ്രദ്ധേയമായ ഒരു മാറ്റമുണ്ടാക്കിയത് ഇദ്ദേഹമാണ്. നായികാനായകന്മാര്‍ക്കൊപ്പം ഹാസ്യനടനും സ്ഥാനമുണ്ടെന്നു തെളിയിച്ചതും ഇദ്ദേഹംതന്നെ.

1930-കളില്‍ കൃഷ്ണന്‍ ചലച്ചിത്രരംഗത്ത് എത്തി. 'മേനക' (1935), 'സതിലീലാവതി' (1935), 'ചവുക്കടി ചന്ദ്രകാന്ത' (1936) എന്നിവയാണ് കൃഷ്ണന്‍ അഭിനയിച്ച ആദ്യകാല ചലച്ചിത്രങ്ങള്‍.


'വസന്തസേന' എന്ന ചിത്രത്തില്‍ തന്റെ സഹനടിയായിരുന്ന ടി.എ. മധുരത്തേയാണ് കൃഷ്ണന്‍ വിവാഹം കഴിച്ചത് (1937). പിന്നീടുള്ള ചലച്ചിത്രങ്ങളില്‍ ഇവര്‍ ഒന്നിച്ചാണ് ഹാസ്യരംഗം കൈകാര്യം ചെയ്തത്.

1944-ല്‍ ഇന്ദുനേശന്‍ വാരികയുടെ പത്രാധിപരായ ലക്ഷ്മീകാന്തനെ കൊലപ്പെടുത്തിയ കേസില്‍ എം.കെ. ത്യാഗരാജഭാഗവതരോടൊപ്പം എന്‍.എസ്. കൃഷ്ണനും അറസ്റ്റുചെയ്യപ്പെട്ടു. ജീവപര്യന്തം തടവിനു വിധിക്കപ്പെട്ട ഇവര്‍ അപ്പീല്‍ വിചാരണയെത്തുടര്‍ന്ന് ജയില്‍ വിമോചിതരായി.

തുടര്‍ന്ന് കൃഷ്ണന്റെ ശ്രദ്ധ ചലച്ചിത്രനിര്‍മാണത്തിലേക്കു തിരിഞ്ഞു. ഡി.എം.കെയുടെ സ്ഥാപകനേതാവും പില്ക്കാലത്ത് തമിഴ്നാട് മുഖ്യമന്ത്രിയുമായ സി.എന്‍. അണ്ണാദുരൈ തിരക്കഥാകൃത്തായി ചലച്ചിത്രലോകത്തിലേക്കു കടന്നത് ഇദ്ദേഹം നിര്‍മിച്ച 'നല്ലതമ്പി' (1948) എന്ന ചിത്രത്തിലൂടെയായിരുന്നു.

മുന്‍ഷിപരമുപിള്ളയുടെ സുപ്രഭ എന്ന നാടകത്തെ അനുകരിച്ച് കൃഷ്ണന്‍ സംവിധാനം ചെയ്ത 'മണമകള്‍' (1951) ആണ് ഇദ്ദേഹത്തിന്റെ ആദ്യചിത്രം. 1950-കളില്‍ ഇദ്ദേഹത്തിന്റെ ശ്രദ്ധ രാഷ്ട്രീയരംഗത്തേക്കും തിരിഞ്ഞു. ഇ.വി. രാമസ്വാമി നായ്ക്കര്‍, അണ്ണാദുരൈ എന്നിവരോടൊപ്പം രാഷ്ട്രീയരംഗത്തു പ്രവര്‍ത്തിച്ച ഇദ്ദേഹം അക്കാലത്ത് തമിഴ്നാട്ടിലുണ്ടായ സാമൂഹിക-രാഷ്ട്രീയ പരിവര്‍ത്തനങ്ങള്‍ തന്റെ ചിത്രങ്ങളിലും അഭിനയത്തിലും പ്രതിഫലിപ്പിച്ചു.

ഹാസ്യനടന്മാര്‍ക്കു ഒരു മേല്‍വിലാസം ഉണ്ടാക്കാന്‍ സഹായിച്ച കൃഷ്ണനെ ആരാധകര്‍ 'കലൈവാണര്‍' എന്ന ബഹുമതി നല്കി ആദരിച്ചു. കൃഷ്ണന്റെ പ്രസിദ്ധ ചലച്ചിത്രങ്ങളാണ് 'അംബികാപതി' (1936), 'തിരുനീലകണ്ഠര്‍' (1939), 'നവീനവിക്രമാദിത്യന്‍', 'ശകുന്തള', 'കൃഷ്ണന്‍ ദൂത്' (1940), 'ആലിബാബയും നാല്പതു തിരുടര്‍കളും', 'ആര്യമാല' (1941), 'മനോന്മണി' (1942), 'ശിവകവി' (1943), 'ജഗതലപ്രതാപന്‍', 'ഹരിദാസ്' (1944), 'മങ്കയര്‍ക്കരശി', 'നല്ലതമ്പി' (1949), 'മണമകള്‍' (1951), 'പണം' (1952), 'മുതല്‍ത്തേതി' (1955), 'മധുരൈവീരന്‍' (1956), 'യാര്‍പയ്യന്‍' (1957) എന്നിവ. ഇദ്ദേഹത്തിന്റെ 'കിന്തന്‍ ചരിതം' (നന്തനാര്‍ ചരിതത്തിന്റെ ഹാസ്യാനുകരണം) എന്ന കഥാകാലക്ഷേപം പ്രസിദ്ധമാണ്.

1957 ആഗ. 30-ന് എന്‍.എസ്. കൃഷ്ണന്‍ നിര്യാതനായി.

(എസ്. രാമകൃഷ്ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍