This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണന്‍, എം. (1912 - 96)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണന്‍, എം. (1912 - 96)

എം. കൃഷ്ണന്‍

ഇന്ത്യന്‍ വന്യജീവി ഫോട്ടോഗ്രാഫറും എഴുത്തുകാരനും. തമിഴ് സാഹിത്യകാരനും സാമൂഹ്യപരിഷ്കര്‍ത്താവുമായ എ. മാധവിയത്തിന്റെ മകനായി 1912 ജൂണ്‍ 30-ന് തിരുനെല്‍വേലിയില്‍ ജനിച്ചു. മൈലാപൂരിലെ ഹിന്ദു കോളജ്, പ്രസിഡന്‍സി കോളജ് എന്നിവിടങ്ങളിലായി ബിരുദതലംവരെ പഠിച്ചു. കോളജ് വിദ്യാര്‍ഥിയായിരിക്കെ ജീവശാസ്ത്ര അധ്യാപകനായ പ്രൊഫ. പി.എഫ്. ഫൈസണുമൊത്ത് നീലഗിരി, കൊടൈക്കനാല്‍ എന്നിവിടങ്ങളില്‍ നടത്തിയ യാത്രകളാണ് കൃഷ്ണനില്‍ പ്രകൃതിസൗന്ദര്യം ഒരഭിനിവേശമാക്കി മാറ്റിയത്. തുടര്‍ന്ന് ഏതാനും ലഘുവാരികകളിലും മാസികകളിലും ചിത്രങ്ങളും കാരിക്കേച്ചറുകളും പ്രസിദ്ധീകരിച്ചുതുടങ്ങുകയും പിന്നീട് ലേഖനങ്ങള്‍ എഴുതുവാന്‍ ആരംഭിക്കുകയും ചെയ്തു. 1942-ല്‍ കര്‍ണാടകയിലെ ബെല്ലാരിക്കു സമീപമുള്ള സന്ദുറില്‍ സ്കൂള്‍അധ്യാപകനായും വിധികര്‍ത്താവായും പ്രചാരണ ഉദ്യോഗസ്ഥനായും മഹാരാജാവിന്റെ രാഷ്ട്രീയ കാര്യ സെക്രട്ടറിയായും വിവിധ ജോലികള്‍ നോക്കി. ഒഴിവു സമയങ്ങളില്‍ പ്രകൃതിനിരീക്ഷണവും ഛായാഗ്രഹണവും ശീലമാക്കിയ ഇദ്ദേഹത്തിന്റെ വന്യജീവി ഛായാഗ്രഹണത്തെ സംബന്ധിച്ച ലേഖനങ്ങള്‍ 1949-ല്‍ പരമ്പരയായിത്തന്നെ ഇല്ലസ്ട്രേറ്റഡ് വീക്കിലി പ്രസിദ്ധീകരിക്കുകയുണ്ടായി. ഇസഡ് എന്ന തൂലികാനാമത്തില്‍ ഹിന്ദു ദിനപത്രത്തില്‍ സ്ഥിരം കോളവും കൊല്‍ക്കത്തയില്‍ നിന്നുള്ള സ്റ്റേറ്റ്സ്മാനില്‍ കണ്‍ട്രിനോട്ട്ബുക്ക് എന്ന പേരില്‍ 1950 മുതല്‍ 96 വരെ 46 വര്‍ഷം നീണ്ടുനിന്ന പ്രകൃതിസംബന്ധിയായ ഒരു ദ്വൈവാര കോളവും ഇദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു.

കൃഷ്ണന്റെ പ്രവര്‍ത്തനങ്ങള്‍ തമിഴ്നാട്ടിലെ പ്രകൃതി സംരക്ഷണ മുന്നേറ്റങ്ങള്‍ക്ക് വലിയതോതിലുള്ള ജനപിന്തുണ നേടിക്കൊടുത്തു. കൃഷ്ണന്റെകൂടി ശ്രമഫലമായാണ് വേടന്‍തങ്ങള്‍ പക്ഷിസംരക്ഷണകേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടത്.

ഛായാഗ്രഹണത്തെ അക്കാദമീയവും സൗന്ദര്യാത്മകവുമായ ഒരു മാധ്യമമാക്കിത്തീര്‍ത്ത കൃഷ്ണന്‍, ചിത്രങ്ങള്‍ക്കായി ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫിലിം മാത്രമാണ് ജീവിതാന്ത്യംവരെ ഉപയോഗിച്ചത്. സാങ്കേതികമായ സംവിധാനങ്ങള്‍ സ്വായത്തമാക്കാന്‍ ഇദ്ദേഹം വലിയ താത്പര്യം പ്രദര്‍ശിപ്പിച്ചിരുന്നില്ല. ഭരണകൂടങ്ങളും കോര്‍പ്പറേഷനുകളും നല്‍കിയ അംഗീകാരങ്ങളോട് അകലംപാലിച്ച കൃഷ്ണന്‍ 1970-ല്‍ പദ്മശ്രീ ഏറ്റുവാങ്ങുകയുണ്ടായി. 1996 ഫെ. 18-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍