This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണന്‍, ആര്‍.എസ്. (1911 - 99)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണന്‍, ആര്‍.എസ്. (1911 - 99)

ആര്‍.എസ്.കൃഷ്ണന്‍

ഇന്ത്യന്‍ ഭൗതികശാസ്ത്രജ്ഞന്‍. 1911 സെപ്. 23-ന് സംഗമേശ്വരയ്യരുടെയും പര്‍വതവര്‍ധിനിയുടെയും മകനായി പാലക്കാട്ടു ജില്ലയിലെ ചിറ്റൂരില്‍ ജനിച്ചു. പറപ്പൂക്കര, ചിറ്റൂര്‍ എന്നിവിടങ്ങളിലായി സ്കൂള്‍ വിദ്യാഭ്യാസവും തൃശൂര്‍ സെന്റ് തോമസ് കോളജ്, തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്സ് കോളജ്, മദ്രാസ് സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നായി കോളജ് വിദ്യാഭ്യാസവും പൂര്‍ത്തിയാക്കി. 1933-ല്‍ ഭൗതികശാസ്ത്രത്തില്‍ ഒന്നാം റാങ്കോടെ ബിരുദവും 1935-ല്‍ ബിരുദാനന്തരബിരുദവും നേടിയ ഇദ്ദേഹത്തിന് വിദ്യാഭ്യാസകാലത്ത് നിരവധി സ്കോളര്‍ഷിപ്പുകള്‍ ലഭിച്ചിട്ടുണ്ട്.

പ്രസിദ്ധ ഭൗതികശാസ്ത്രജ്ഞനായ സി.വി. രാമന്റെ കീഴില്‍ ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സില്‍ ഗവേഷണ വിദ്യാര്‍ഥിയായി ചേര്‍ന്ന കൃഷ്ണന്‍, കൊളോയ്ഡുകളിലെ പ്രകാശ പ്രകീര്‍ണന (light scattering)ത്തെക്കുറിച്ചായിരുന്നു ആദ്യം ഗവേഷണം നടത്തിയത്. ഈ വിഷയത്തില്‍ 'കൃഷ്ണന്‍ പ്രഭാവം' എന്ന പേരിലറിയപ്പെടുന്ന ഒരു പ്രതിഭാസം 1934-ല്‍ ഇദ്ദേഹം കണ്ടെത്തുകയുണ്ടായി. ബാംഗ്ലൂര്‍ ഐ.ഐ.സി.യില്‍ ലബോറട്ടറി അസിസ്റ്റന്റായും റിസര്‍ച്ച് അസിസ്റ്റന്റായും 1936 വരെ സേവനമനുഷ്ഠിച്ച ഇദ്ദേഹം പ്രകാശ പ്രകീര്‍ണനത്തെ സംബന്ധിച്ച ഗവേഷണ പ്രബന്ധത്തിലൂടെ 1937-ല്‍ മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ഡി.എസ്സി ബിരുദം നേടി. 1851-ലെ 'ബ്രിട്ടീഷ് എക്സിബിഷന്‍ സ്മാരക ഓവര്‍സീസ് സ്കോളര്‍ഷിപ്പ്' ലഭിച്ചിട്ടുള്ള രണ്ടാമത്തെ ഇന്ത്യന്‍ ശാസ്ത്രജ്ഞനാണ് കൃഷ്ണന്‍. പ്രസ്തുത സ്കോളര്‍ഷിപ്പോടെയാണ് 1938-41 കാലത്ത് കേംബ്രിജിലെ പ്രസിദ്ധമായ കാവന്‍ഡിഷ് ലബോറട്ടറിയില്‍ അണുകേന്ദ്ര ഭൗതികത്തില്‍ ഗവേഷണം നടത്തി പിഎച്ച്.ഡി. ബിരുദം സ്വന്തമാക്കിയത് (1941).

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സില്‍ ലക്ചറര്‍ (1942-45), അസിസ്റ്റന്റ് പ്രൊഫസര്‍ (1945-48), പ്രൊഫസര്‍, വകുപ്പുമേധാവി (1948-70), യു.ജി.സി. പ്രൊഫസര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ച ഡോ. ആര്‍.എസ്. കൃഷ്ണന്‍ 1973-77 കാലത്ത് കേരള സര്‍വകലാശാല വൈസ്ചാന്‍സലറായിരുന്നു. 1977 മുതല്‍ രാമന്‍ പ്രഭാവ ( Raman effect)ത്തെക്കുറിച്ചുള്ള പ്രോജക്ടിന്റെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ എന്ന നിലയിലും ഇദ്ദേഹം പ്രവര്‍ത്തിക്കുകയുണ്ടായി.

പ്രകാശ പ്രകീര്‍ണനം, കൊളോയ്ഡീയ പ്രാകാശികം, അണുകേന്ദ്ര ഭൗതികം, രാമന്‍-ഇന്‍ഫ്രാറെഡ് സ്പെക്ട്രോസ്കോപ്പി, ബ്രിലൗവിന്‍ പ്രകീര്‍ണനം, എക്സ്-റേ വിഭംഗനം, താപീയ വികസനം, ഇലാസ്തികതയും ഫോട്ടോ-ഇലാസ്തികതയും, ലാറ്റിസ്ഡൈനാമിക്സ്, ലേസറുകള്‍, അണുകേന്ദ്രീയഭൂഗണനം, അള്‍ട്രാസോണിക്സ് എന്നീ ഭൗതികശാഖകളിലാണ് കൃഷ്ണന്‍ കൂടുതലായി ഗവേഷണം നടത്തിയിട്ടുള്ളത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സില്‍ ഖരാവസ്ഥാഭൗതിക (soild state physics)ത്തിന്റെ വിവിധശാഖകളില്‍ ഗവേഷണലക്ഷ്യം വച്ചുകൊണ്ടുള്ള പ്രവര്‍ത്തനനിരതമായ ഒരു കേന്ദ്രം സ്ഥാപിച്ചത് കൃഷ്ണനാണ്.

200-ലേറെ ഗവേഷണ പ്രബന്ധങ്ങള്‍ ദേശീയ, അന്തര്‍ദേശീയ ജേണലുകളില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഡോ. ആര്‍.എസ്. കൃഷ്ണന്‍, 600-ലേറെ ഗവേഷണ പ്രബന്ധങ്ങള്‍ തയ്യാറാക്കി പ്രകാശിപ്പിക്കുന്നതിന് നേതൃത്വം നല്കുകയും 60-ലേറെ ഗവേഷണ (പിഎച്ച്.ഡി.) പഠനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും ചെയ്തു.

കൃഷ്ണന്റെ പ്രധാന കണ്ടുപിടിത്തമാണ് 'കൃഷ്ണന്‍ പ്രഭാവം' എന്നു പിന്നീട് പ്രസിദ്ധമായ പ്രകാശ പ്രകീര്‍ണനത്തിന്റെ 'റെസിപ്രോസിറ്റി തിയറം'. ഡോയ്റ്ററോണ്‍-ട്രിഷ്യം പ്രതിപ്രവര്‍ത്തനത്തിന്റെ സാന്നിധ്യം പരീക്ഷിച്ചു തെളിയിച്ചതും യുറേനിയത്തിലും തോറിയത്തിലും ഡോയ്റ്ററോണ്‍ പ്രേരിതമായ വിഘടനം നടക്കുന്നതായി സ്ഥാപിച്ചതും ഇദ്ദേഹമാണ്. രാമന്‍ സ്പെക്ട്രോസ്കോപ്പിയില്‍ അള്‍ട്രാവയലറ്റ് സങ്കേതങ്ങള്‍ വികസിപ്പിച്ചെടുത്തതും വജ്രത്തിന്റെയും ആല്‍ക്കലി ഹാലൈഡുകളുടെയും രണ്ടാം ഓര്‍ഡര്‍ വര്‍ണരാജി വിജയകരമായി രേഖണം ചെയ്തതും ഇദ്ദേഹത്തിന്റെ സുപ്രധാന നേട്ടങ്ങളാണ്. ക്രിസ്റ്റലുകളുടെ രാമന്‍ വര്‍ണരാജികളെക്കുറിച്ചുള്ള പഠനഫലങ്ങള്‍ ആദ്യമായി കണ്ടെത്തിയതും ഇദ്ദേഹമാണ്.

പ്രോഗ്രസ് ഇന്‍ ക്രിസ്റ്റല്‍ ഫിസിക്സ് (Progress in Crystal Physics, 1958), സ്ട്രക്ചറല്‍ കെമിസ്ട്രി (Structural Chemistry, Macmillan, 1970) എന്ന ഗ്രന്ഥത്തിലെ രാമന്‍ സ്പെക്ട്ര എന്ന അധ്യായം, രാമന്‍ ഇഫക്റ്റ് (Raman Effect, Vol. I, Marcel Dekker, 1971) എന്ന ഗ്രന്ഥത്തിലെ രാമന്‍ പ്രഭാവത്തെക്കുറിച്ചുള്ള രണ്ട് അധ്യായങ്ങള്‍, ബ്രിലൗവില്‍ പ്രകീര്‍ണനത്തെക്കുറിച്ചുള്ള ഒരധ്യായം, തെര്‍മല്‍ എക്സ്പാന്‍ഷന്‍ ഒഫ് ക്രിസ്റ്റല്‍സ് (Thermal Expansion of Crystals-Permagon Press, London 1979) എന്നിവയാണ് കൃഷ്ണന്റെ പ്രധാന രചനകള്‍.

പീസോ-ഓപ്ടിക്സ്, രാമന്‍ പ്രഭാവത്തിന്റെ ക്രമണിക തുടങ്ങിയവ തയ്യാറാക്കിയിട്ടുള്ള ഇദ്ദേഹം 1978-ല്‍ ബാംഗ്ലൂരില്‍ നടന്ന അന്താരാഷ്ട്ര രാമന്‍ സ്പെക്ട്രോസ്കോപ്പി സമ്മേളനത്തിന്റെ നടപടിരേഖയുടെ (രണ്ടു വാല്യങ്ങള്‍) ജോയിന്റ് എഡിറ്ററായിരുന്നു.

ബ്രിട്ടീഷ് കൗണ്‍സില്‍, യു.എസ്സിലെ ബെല്‍ ടെലിഫോണ്‍ ലബോറട്ടറീസ്, കാനഡയിലെ ടൊറന്റോ സര്‍വകലാശാല, യു.കെ.യിലെ ബ്രാഡ്ഫോര്‍ഡ് സര്‍വകലാശാല, യു.എസ്സിലെ ടെക്സാസ് സ്റ്റേറ്റ് സര്‍വകലാശാല എന്നീ സ്ഥാപനങ്ങളുടെ ക്ഷണമനുസരിച്ച് വിസിറ്റിങ് പ്രൊഫസറായും ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. 1999 ഒ. 2-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍