This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണന്‍നായര്‍, കലാമണ്ഡലം (1914 - 90)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണന്‍നായര്‍, കലാമണ്ഡലം (1914 - 90)

കലാമണ്ഡലം കൃഷ്ണന്‍നായര്‍

കഥകളിനടന്‍. ഏഴിമലയ്ക്കു സമീപം പുതിയേടത്തുവീട്ടില്‍ 1914 ഏപ്രിലില്‍ ജനിച്ചു. ഗുരുചന്തുപ്പണിക്കരുടെ കീഴിലാണ് ഇദ്ദേഹം കഥകളി അഭ്യസനത്തിന് തുടക്കമിട്ടത്. പിന്നീട് കുറച്ചുകാലം കരുണാകരമേനോന്റെ കീഴിലും പഠനം തുടര്‍ന്നു. വള്ളത്തോളിന്റെ നേതൃത്വത്തില്‍ തൃശൂരിനു സമീപം മുളങ്കുന്നത്തുകാവില്‍ സ്ഥാപിതമായ കേരളകലാമണ്ഡലത്തില്‍ ചേര്‍ന്ന് കഥകളി അഭ്യസനം പൂര്‍ത്തിയാക്കി. കുഞ്ചുക്കുറുപ്പ്, പട്ടിക്കാംതൊടി രാവുണ്ണിമേനോന്‍, കവളപ്പാറ നാരായണന്‍ നായര്‍, മാണിമാധവചാക്യാര്‍ എന്നിവരുടെ കീഴില്‍ ഇദ്ദേഹത്തിന് ശിക്ഷണം ലഭിച്ചിട്ടുണ്ട്. കുട്ടിത്തരം വേഷങ്ങളും രണ്ടാംതരം വേഷങ്ങളും കെട്ടി തന്റെ പ്രതിഭ പ്രകടമാക്കിയ കൃഷ്ണന്‍നായര്‍ പൂതനയുടെ വേഷമാണ് ആദ്യകാലങ്ങളില്‍ അവതരിപ്പിച്ചിരുന്നത്. 1937 മുതല്‍ പുരുഷവേഷങ്ങളും കെട്ടിത്തുടങ്ങി.

നര്‍ത്തകിയും കലാമണ്ഡലത്തിലെ മോഹിനിയാട്ടം അധ്യാപികയുമായിരുന്ന കരിങ്ങമണ്ണ കല്യാണിക്കുട്ടിയമ്മയെ 1940-ല്‍ ഇദ്ദേഹം വിവാഹം കഴിച്ചു. ഈ വിവാഹത്തോടെ കലാമണ്ഡലം വിട്ടുവെങ്കിലും 'കലാമണ്ഡലം കൃഷ്ണന്‍ നായര്‍' എന്ന പേരില്‍ തന്നെയാണ് പ്രശസ്തി നേടിയത്. 1949-ല്‍ വലിയ കൊട്ടാരം കളിയോഗത്തില്‍ ചേര്‍ന്നു. വേഷസൗഭാഗ്യം, പ്രകാശമുള്ള കണ്ണുകള്‍, പുരാണപരിചയം, കലാമര്‍മജ്ഞത എന്നിവയാണ് ഇദ്ദേഹത്തിന്റ പ്രത്യേകതകള്‍. പച്ച, കത്തി തുടങ്ങിയ വേഷങ്ങളെല്ലാംതന്നെ കെട്ടാറുണ്ടെങ്കിലും നളചരിതം, രുക്മാംഗദചരിതം എന്നിവയിലെ കൃഷ്ണന്‍നായരുടെ പച്ചവേഷത്തിന് മിഴിവേറിയിരുന്നു. നേത്രനാസികാധരങ്ങളുടെ പ്രത്യേകതകള്‍കൊണ്ട് പച്ചയും കത്തിയും ഒരുപോലെ ഭംഗിയാക്കാന്‍ ഇദ്ദേഹത്തിനു സവിശേഷമായ പ്രാഗല്ഭ്യമുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ രൗദ്രഭീമന്‍, ആദ്യത്തെ ദക്ഷന്‍, ഒന്നാം ദിവസത്തെ നളന്‍, ധര്‍മപുത്രര്‍ എന്നീ വേഷങ്ങള്‍ക്ക് ഏറെ ജനസമ്മതി ലഭിച്ചിട്ടുണ്ട്.

പട്ട്, വള, കുപ്പായം, കിരീടം, മെഡലുകള്‍, വീരശൃംഖലകള്‍ എന്നിങ്ങനെ നിരവധി പാരിതോഷികങ്ങളും ബഹുമതികളും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഒരു കഥകളിനടന് ആദ്യമായി 'പദ്മശ്രീ' ലഭിക്കുന്നത് (1970) കലാമണ്ഡലം കൃഷ്ണന്‍നായര്‍ക്കാണ്. 1990 ആഗ. 15-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍