This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണന്‍കുട്ടി, മുണ്ടൂര്‍ (1935 - 2005)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണന്‍കുട്ടി, മുണ്ടൂര്‍ (1935 - 2005)

മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി

മലയാള സാഹിത്യകാരനും അധ്യാപകനും നടനും. 1935 ജൂല. 17-ന് പാലക്കാട് ജില്ലയിലെ മുണ്ടൂരില്‍ ജനിച്ചു. കേരള യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദാനന്തരബിരുദവും ബി.എഡും ഇംഗ്ലീഷ് അധ്യാപനത്തില്‍ പ്രത്യേക പരിശീലനവും നേടി. ടീച്ചേഴ്സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചിട്ടുള്ളത്. ചെറുകാടിന്റെ തറവാടിത്തം, മനുഷ്യബന്ധങ്ങള്‍ തുടങ്ങിയ രചനകളുമായി 1940-കളില്‍ സമപ്രായക്കാരായ ഒരു സംഘം യുവാക്കള്‍ക്കൊപ്പം നാടക അരങ്ങില്‍ രംഗപ്രവേശം ചെയ്ത മുണ്ടൂര്‍ നാടകവേദിയിലൂടെ പുരോഗമന ചിന്തകളുമായി അടുത്തു സംവദിച്ചു. ഇതിന്റെ പരിണിതഫലമാണ് മുണ്ടൂരില്‍ സ്ഥാപിതമായ വിവേകാനന്ദ വായനശാല.

ചെറുകഥാരംഗത്ത് ശ്രദ്ധേയമായ നിരവധി സംഭാവനകള്‍ നല്‍കിയിട്ടുള്ള ഇദ്ദേഹം 200-ലധികം ചെറുകഥകളും അനവധി ലേഖനങ്ങളും എഴുതിയിട്ടുണ്ട്. 1956-ല്‍ രചിച്ച 'കന്നാലി ചെക്കന്‍' ആയിരുന്നു ഇദ്ദേഹത്തിന്റെ ആദ്യചെറുകഥ. കെ. ദാമോദരന്റെ നവയുഗം വാരികയിലൂടെ പ്രസിദ്ധീകരിക്കപ്പെട്ട ഈ ചെറുകഥയെത്തുടര്‍ന്ന് രചിച്ച 'അമ്പലവാസികള്‍' മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഇടംനേടി. ഏകാകി, എത്രത്തോളമെന്നറിയാതെ (നോവല്‍), മൂന്നാമതൊരാള്‍, ആശ്വാസത്തിന്റെ മന്ത്രച്ചരട്, നിലാപ്പിശുക്കുള്ള രാത്രിയില്‍, താവളം തൊട്ട് താവളം വരെ (കഥാസമാഹാരങ്ങള്‍) എന്നിവയാണ് പ്രധാനകൃതികള്‍.

ഓടക്കുഴല്‍ പുരസ്കാരം, കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്, ചെറുകാട് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുള്ള ഇദ്ദേഹത്തിന്റെ പല രചനകളും മറാഠി, കന്നഡ, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. 1996 മുതല്‍ മൂന്നുവര്‍ഷക്കാലം പാലക്കാട്ടെ കിള്ളിക്കുറിശ്ശിമംഗലത്തെ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകത്തിന്റെ സെക്രട്ടറിയായിരുന്നു.

നടന്‍ എന്ന നിലയില്‍ ഏതാനും ചലച്ചിത്രങ്ങളിലും ടി.വി. സീരിയലുകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാന്‍ മുണ്ടൂര്‍ കൃഷ്ണന്‍കുട്ടിക്കായി. 2005 ജൂണ്‍ 4-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍