This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണനാട്ടം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണനാട്ടം

മാനവേദന്‍ രൂപം നല്കിയ ഒരു നൃത്തശില്പം. കൊല്ലവര്‍ഷം 829-ലാണ് മാനവേദന്‍ ജയദേവകവിയുടെ അഷ്ടപദിയെന്ന ഗീതഗോവിന്ദ കാവ്യത്തിന്റെ മാതൃകയില്‍ കൃഷ്ണഗീതി രചിച്ചത്. ഇദ്ദേഹം പിന്നീട് സാമൂതിരിപ്പാടായപ്പോള്‍ തന്റെ ഈ കൃഷ്ണഗീതി കൃഷ്ണനാട്ടമാക്കി അവതരിപ്പിച്ചു.

അഷ്ടപദിയാട്ടമാണു സാമൂതിരി കോവിലകത്ത് ആദ്യം അഭ്യസിപ്പിച്ചതും അരങ്ങേറിയതും. മൂന്നു ദിവസംകൊണ്ട് അഷ്ടപദി മുഴുവനും പാടിയാടിച്ചിരുന്നു. ആ അഷ്ടപദിയാട്ടമാണു കൃഷ്ണനാട്ടത്തിനു വഴി തെളിച്ചത്.

സാമൂതിരിരാജാവിന്റെ കീഴില്‍ കളരിപ്പയറ്റു ശീലിച്ച കൈയും, മെയ്യും കണ്ണും സ്വാധീനമായിട്ടുള്ള പടയാളികള്‍ ധാരാളമുണ്ടായിരുന്നു. അവരില്‍ നിന്നു ശരീരസൗഷ്ഠവവും കലാവാസനയുമുള്ള ആളുകളെ തെരഞ്ഞൈടുത്താണ് കൃഷ്ണനാട്ടം സംഘടിപ്പിച്ചത്. സ്ത്രീവേഷങ്ങള്‍ക്കും പുരുഷന്മാര്‍തന്നെ മതിയെന്നു നിശ്ചയിച്ചു. അവതാരകഥയില്‍ കൃഷ്ണന്റെ വേഷം കെട്ടാന്‍ ആറേഴു വയസ്സു പ്രായമുള്ള ഓരോ ബാലനെ ഓരോ കൊല്ലവും സംഘത്തില്‍ ചേര്‍ക്കണമെന്നും വ്യവസ്ഥ ചെയ്തു. അങ്ങനെയെടുക്കുന്ന ബാലനെ പിന്നെ വാസന നോക്കി കൊട്ടിനോ പാട്ടിനോ സ്ത്രീവേഷത്തിനോ പുരുഷവേഷത്തിനോ തരംപോലെ എടുക്കുകയും ചെയ്തിരുന്നു. 50-60 അംഗങ്ങള്‍ ഏതുകാലത്തും കൃഷ്ണനാട്ടസംഘത്തിലുണ്ടാവാറുണ്ട്.

അവതാരം മുതല്‍ സ്വര്‍ഗാരോഹണംവരെയുള്ള കൃഷ്ണകഥ കൃഷ്ണനാട്ടത്തില്‍ അഭിനയിക്കുന്നു. അവതാരം, കാളിയമര്‍ദനം, രാസക്രീഡ, കംസവധം, സ്വയംവരം, ബാണയുദ്ധം, വിവിദവധം, സ്വര്‍ഗാരോഹണം-ഇങ്ങനെ എട്ടു കഥയായിട്ടാണ് കൃഷ്ണനാട്ടത്തെ വിഭജിച്ചിട്ടുള്ളത്. ഇവയില്‍ ഏതെങ്കിലും ഒരു കഥ മാത്രമേ ഒരു ദിവസം അഭിനയിക്കുകയുള്ളു. ഒരു കഥ അഭിനയിക്കാന്‍ മൂന്നു മണിക്കൂറില്‍ കുറയാതെ, നാലുമണിക്കൂറിലേറെ സമയം വേണം. വേഷക്കാര്‍ക്കുവേണ്ടി കഥ നിശ്ചയിക്കുകയോ മൂന്നോ നാലോ കഥകളുടെ ചില ഭാഗങ്ങള്‍ മാത്രം ഒരു രാത്രിയില്‍ അഭിനയിക്കുകയോ ഒന്നും കൃഷ്ണനാട്ടത്തിനുവേണ്ടിവരുന്നില്ല. പുലരുന്നതുവരെ കളിക്കുന്ന പതിവും കൃഷ്ണനാട്ടത്തിനില്ല.

കൃഷ്ണനാട്ടം

മദ്ദളം, ചേങ്ങല, ഇലത്താളം എന്നീ വാദ്യവിശേഷങ്ങളും പൊന്നാനി, ശിങ്കിടി എന്നു രണ്ടു പാട്ടുകാരും കഥകളിയിലെപ്പോലെതന്നെയാണു കൃഷ്ണനാട്ടത്തിലുമുള്ളത്. ചെണ്ട കൃഷ്ണനാട്ടത്തിലില്ല. എന്നാല്‍ തപ്പുമദ്ദളം എന്ന പേരില്‍ അല്പം അടഞ്ഞ ശബ്ദമുള്ള ഒരു രണ്ടാംമദ്ദളം താളമിട്ടുകൊടുക്കാനും മറ്റുമായി ശുദ്ധമദ്ദളത്തിന്റെ സഹായത്തിനുണ്ട്. രംഗത്തിന്റെ പിന്നില്‍ നടുവിലാണു പാട്ടുകാരുടെ സ്ഥാനം; അവരുടെ ഇടത്തും വലത്തും മദ്ദളങ്ങള്‍. പാട്ടുകാരില്‍ പൊന്നാനി പാടിക്കൊടുക്കുകയും ചേങ്ങലയില്‍ താളം പിടിക്കുകയും ചെയ്യുന്നു. ശിങ്കിടി ഏറ്റുപാടുകയും ഇലത്താളം പിടിക്കുകയും ചെയ്യുന്നു. പിന്നിലെ പാട്ടിനനുസരിച്ച് വേഷക്കാര്‍ അരങ്ങത്ത് അഭിനയിക്കുന്നു. കൃഷ്ണനാട്ടത്തില്‍ വാചികാഭിനയം തീരെയില്ല.

വേഷങ്ങള്‍ക്കു മുഖത്തുതേപ്പ്, ചുട്ടി, കുപ്പായം, കടകകുണ്ഡലാദികള്‍ മുതലായവ കഥകളിയിലെപ്പോലെ തന്നെയാണ്. ചുട്ടി, അത്ര കനത്തതായിരിക്കയില്ല. കീരിടകേശഭാരാദികള്‍ക്കു വലുപ്പം കുറച്ചുകുറയും. സ്ത്രീവേഷങ്ങള്‍ക്കു കൃഷ്ണനാട്ടത്തില്‍ കഥകളിയെ അപേക്ഷിച്ചു ഭംഗി തെല്ലു കൂടും. ദേവകി, യശോദ, രുക്മിണി, സത്യഭാമ തുടങ്ങിയ ചില പ്രധാന സ്ത്രീവേഷങ്ങള്‍ക്കു കൃഷ്ണനാട്ടത്തില്‍ ചുട്ടിയുണ്ട്; ഭൂമിദേവിക്കു കിരീടവുമുണ്ട്. കരി, താടി എന്നീ വിഭാഗത്തില്‍പ്പെട്ട കൃഷ്ണനാട്ടത്തിലെ വേഷങ്ങള്‍ മിക്കവാറും പൊയ്മുഖം വച്ചവയാണ്. പൂതന, യമന്‍, ജാംബവാന്‍, നരകാസുരന്‍, മുരാസുരന്‍, ഘണ്ടാകര്‍ണന്മാര്‍, ശിവഭൂതങ്ങള്‍, വിവിദന്‍ തുടങ്ങിയവരെല്ലാം ഈ വര്‍ഗത്തില്‍പ്പെടും. ബ്രഹ്മാവിനു നാലുമുഖമുള്ള പൊയ്മുഖവും മുരാസുരന് അഞ്ചു മുഖമുള്ള പൊയ്മുഖവും ഉപയോഗിക്കുന്നു.

കൃഷ്ണനാട്ടത്തിലെ ആട്ടസമ്പ്രദായത്തിനും നൃത്തവിശേഷങ്ങള്‍ക്കും കഥകളിയെ അപേക്ഷിച്ചു കുറേ വ്യത്യാസമുണ്ട്. പാട്ടുകളുടെ പദാര്‍ഥം അഭിനയിക്കാറില്ലെന്നുള്ളതാണു വലിയൊരു വ്യത്യാസം, പല്ലവിയുടെ അര്‍ഥം മാത്രം ഏതാണ്ടൊന്ന് അഭിനയിക്കും. അതുകഴിഞ്ഞാല്‍ പിന്നെ എല്ലാചരണങ്ങള്‍ക്കും ആട്ടം ഒരുപോലെയാണ്. ചരണങ്ങളുടെ അവസാനത്തിലെ കലാശങ്ങള്‍ക്കുമാത്രം മിക്കവാറും വ്യത്യാസം കാണും. തനി സംസ്കൃതമയമായ പാട്ടുകളുടെ അര്‍ഥം മനസ്സിലാക്കി നടന്മാര്‍ക്ക് അഭിനയിക്കാനും പ്രേക്ഷകര്‍ക്ക് അതു മനസ്സിലാക്കാനും പ്രയാസമാകുമെന്നു കരുതിയിട്ടായിരിക്കാം ഇതില്‍ പദാര്‍ഥാഭിനയം ഒഴിവാക്കിയത്.

കൃഷ്ണനാട്ടം സാമാന്യമായി നൃത്തപ്രധാനമാണെന്നു പറയാം. പ്രത്യേകിച്ചും അവതാരത്തിലും രാസക്രീഡയിലുമുള്ള നൃത്തങ്ങള്‍ നയനമോഹനങ്ങളാണ്. രാസക്രീഡയിലെ മുല്ലപ്പൂചുറ്റല്‍ അന്യാദൃശമാണ്. കാളിയമര്‍ദനനൃത്തത്തില്‍ കൃഷ്ണന്‍ ഒറ്റയ്ക്കു ചെയ്യുന്ന പലമാതിരി നൃത്തങ്ങളുമുണ്ട്. ഉഗ്രവിഷനായ കാളിയന്റെ ആയിരം പത്തികളും കുഴഞ്ഞമരാന്‍ തക്ക ശക്തിയുള്ളതും നീണ്ടതും ക്രമത്തില്‍ മുറുകി മുറുകി വരുന്നതുമാണ് ആ നൃത്തം. മൂന്നോ അഞ്ചോ ഏഴോ കഥാപാത്രങ്ങള്‍ ചേര്‍ന്ന് വിലങ്ങനെയും വട്ടത്തിലുമായി നടത്തുന്ന സംഘനൃത്തങ്ങള്‍ ചിലതെങ്കിലുമില്ലാത്ത കഥ കൃഷ്ണനാട്ടത്തില്‍ കുറവാണ്.

ഒന്നാംതരം നിശ്ചലദൃശ്യങ്ങള്‍ (ടാബ്ളോകള്‍) പലതും കൃഷ്ണനാട്ടത്തിലുണ്ട്. മുരളീഗാനം ചെയ്യുന്ന കൃഷ്ണന്റെ ഒരു ചിത്രം, നരകാസുരവധത്തിനു സത്യഭാമയോടുകൂടി കൃഷ്ണന്‍ ഗരുഡാരൂഢനായി യാത്രചെയ്യുന്ന ഒരു സുന്ദരദൃശ്യം, കൈലാസത്തില്‍ ചെന്നു പരമേശ്വരനെ ധ്യാനിച്ചു തപസ്സുചെയ്യുന്ന കൃഷ്ണന്റെ മുമ്പില്‍ ഗണപതി, സുബ്രഹ്മണ്യന്‍, ഭൂതഗണങ്ങള്‍ മുതലായ പരിവാരങ്ങളോടുകൂടി പാര്‍വതീപരമേശ്വരന്മാര്‍ പ്രത്യക്ഷപ്പെടുന്ന കൈലാസരംഗം, സ്വര്‍ഗാരോഹണത്തിലെ വൈകുണ്ഠരംഗം-ഇങ്ങനെ എടുത്തു പറയത്തക്ക സജീവചിത്രങ്ങള്‍ കൃഷ്ണനാട്ടത്തില്‍ ഒട്ടേറെയുണ്ട്. ഏതു രംഗത്തിന്റെയും തിരശ്ശീല മാറ്റുമ്പോഴത്തെ കാഴ്ച ഏറ്റവും മനോഹരമാണ്. ഇതൊക്കെയാണ് കൃഷ്ണനാട്ടത്തിന്റെ സാമാന്യസ്വഭാവം.

സാമൂതിരിക്കോവിലകത്തായിരുന്നു പണ്ട് കൃഷ്ണനാട്ടം കളിക്കാരുടെ അഭ്യാസക്കളരി. മഴക്കാലത്ത് അവരുടെ നിഷ്കര്‍ഷയോടെയുള്ള അഭ്യാസം നടക്കും. 'ഓണം അത്തം' വരെ പ്രധാനമായി മെയ്യഭ്യാസമുണ്ട്. പിന്നെ വിദ്യാരംഭംവരെ ഒഴിവുകാലം. വിജയദശമി ദിവസം മുതല്‍ വീണ്ടും അഭ്യാസം തുടങ്ങും. വൃശ്ചികമാസത്തിലാണ് കളി അരങ്ങേറ്റം. ആദ്യം സാമൂതിരിക്കോവിലകത്ത് എട്ടുകഥയും കളിക്കും. ആദ്യം മുതല്‍ ഏഴുകഥയും കളിച്ച ദിക്കിലേ സ്വര്‍ഗാരോഹണം കളിക്കാറുള്ളു. അതുകളിച്ചാല്‍ തുടര്‍ന്നു അവതാരം കളിക്കണമെന്നും വ്യവസ്ഥയുണ്ട്. അങ്ങനെ സാമൂതിരി കോവിലകത്ത് ഒമ്പതുദിവസത്തെ കളി കഴിഞ്ഞാല്‍ പെട്ടിക്കാരും ചുട്ടിക്കാരും ആശാന്മാരും കുട്ടികളടക്കം പല പ്രായത്തിലുള്ള വേഷക്കാരും വെപ്പുകാരും അലക്കുകാരും മറ്റുമായി കളിസംഘം ഗുരുവായൂര്‍ക്കു പുറപ്പെടുകയായി. കോഴിക്കോട്ടു മുതല്‍ കിഴക്കു പാലക്കാടു വരെയും തെക്കു ഗുരുവായൂര്‍ വരെയുമായി സാമൂതിരിപ്പാട്ടിലെ കീഴില്‍ അനേകം ദേവസ്വങ്ങളും ചേരിക്കലുകളും ഉണ്ടായിരുന്നു. വഴിക്കുള്ള സാമൂതിരിക്കോവിലകം വക പ്രധാന ക്ഷേത്രങ്ങളിലും ചേരിക്കലുകളിലും തങ്ങിത്തങ്ങിയാണു കളിസംഘത്തിന്റെ ഗുരുവായൂര്‍ക്കുള്ള യാത്ര. ഇടയ്ക്കു താമസിക്കുന്ന ക്ഷേത്രങ്ങളിലെല്ലാം കൃഷ്ണനാട്ടക്കാര്‍ക്കു ഭക്ഷണത്തിനും മറ്റും ഏര്‍പ്പാടു ചെയ്തിട്ടുണ്ടാവും. ഇടത്താവളങ്ങളില്‍ ഓരോ ദിവസം സേവയും കളിക്കും.

കൃഷ്ണനാട്ടം-ദേവകിയും കൃഷ്ണനും

ഗുരുവായൂരെത്തിയാല്‍ ഒമ്പതുദിവസം മതിലകത്തും ഒരു ദിവസം കോവിലകത്തും കൃഷ്ണനാട്ടം കളിക്കുന്നു. കൃഷ്ണനാട്ടകര്‍ത്താവായ സാമൂതിരിപ്പാട്ടിന്റെ ചരമസമാധി ഗുരുവായൂരുള്ള സാമൂതിരിക്കോവിലകത്തു വച്ചാണത്രെ സംഭവിച്ചത്. ആ ഭക്തോത്തമന്റെ ആത്മാവ് ഇപ്പോഴും അവിടെയുണ്ടെന്ന സങ്കല്പത്തില്‍ അദ്ദേഹത്തിനു കാണാന്‍വേണ്ടിയാണ് ആ കോവിലകത്ത് സമാധിസ്ഥാനത്തേക്കു തെക്കോട്ടഭിമുഖമായി ഒരു ദിവസം കളിക്കുന്നത്.

ഗുരുവായൂരിലെ കളി കഴിഞ്ഞാല്‍ ഇങ്ങോട്ടുപോന്നതുപോലെതന്നെ മറ്റൊരു വഴിക്ക് ഓരോ ക്ഷേത്രത്തിലും വിശ്രമിച്ചു വിശ്രമിച്ചു വര്‍ഷം തുടങ്ങുന്നതിനുമുമ്പ് സാമൂതിരിക്കോവിലകത്ത് തിരിച്ചെത്തുകയും ചെയ്യുന്നു.

പുത്രനുണ്ടാവാനും വിവാഹസിദ്ധിക്കും മറ്റുമായി ചിലര്‍ വഴിപാടായി കൃഷ്ണനാട്ടം കളിപ്പിക്കാറുണ്ട്. ഉണ്ണിയുണ്ടാവാന്‍ അവതാരകഥ, വിവാഹത്തിനു സ്വയംവരവും. അങ്ങനെ നേര്‍ന്നിട്ടുള്ളവര്‍ ക്ഷണിച്ചാല്‍ യാത്രാമധ്യത്തില്‍ അവര്‍ക്കുവേണ്ടിയും കളി നടത്തും. എട്ടുറുപ്പികയായിരുന്നു അരങ്ങുപണം. കളിസംഘത്തില്‍ അമ്പതറുപത് ആളുണ്ടാവും. അവര്‍ക്ക് ഭക്ഷണം, തേയ്ക്കാനെണ്ണ, കളിക്കാന്‍ വിളക്ക്, അരങ്ങുപണം എട്ടുറുപ്പിക-ഇത്രയും ചെലവാക്കാന്‍ തയ്യാറായാല്‍ മുന്‍കാലത്ത് ആര്‍ക്കും കൃഷ്ണനാട്ടം കളിപ്പിക്കാമായിരുന്നു.

ഭക്ഷ്യക്ഷാമം, റേഷന്‍, പുതിയ ഭൂനിയമങ്ങള്‍ മുതലായവ നിമിത്തം സാമൂതിരിപ്പാടിന് കൃഷ്ണനാട്ടസംഘം പുലര്‍ത്തുവാന്‍ പ്രയാസമായി വന്നു. കളിക്കാര്‍ക്കും പുതിയ ജീവിത സാഹചര്യത്തില്‍ പഴയമട്ടില്‍ ജീവിക്കാന്‍ വയ്യാതായി. ഇതെല്ലാം കണ്ടറിഞ്ഞ് 1958-ല്‍ അന്നത്തെ സാമൂതിരിപ്പാട് കൃഷ്ണനാട്ടസംഘത്തെ ഗുരുവായൂര്‍ ദേവസ്വത്തിന് ഏല്പിച്ചുകൊടുത്തു. അന്നുമുതല്‍ കൃഷ്ണനാട്ടക്കാര്‍ ഗുരുവായൂര്‍ ദേവസ്വത്തിന്റെ കീഴില്‍ ഗുരുവായൂരില്‍ സ്ഥിരതാമസമായി. അഭ്യാസവും കളിയും എല്ലാം ഗുരുവായൂര്‍ത്തന്നെ. ഇപ്പോള്‍ ഗുരുവായൂര്‍ മതിലകത്തു വഴിപാടായി കൃഷ്ണനാട്ടം കളിയില്ലാത്ത ദിവസം കുറവാണ്. പ്രത്യേകം ക്ഷണിച്ചുകൊണ്ടുപോയാല്‍ മാത്രമേ ഇപ്പോള്‍ പുറമേ കളി നടത്താറുള്ളു. കാലോചിതമായ രീതിയില്‍ അരങ്ങുപണവും വര്‍ധിച്ചിട്ടുണ്ട്.

സരസമായ കഥ, കവിത, കൊട്ട്, പാട്ട്, വേഷവൈചിത്ര്യം , നൃത്തം, അഭിനയം എന്നിങ്ങനെ നാട്യകലയ്ക്കു പൊതുവില്‍ ഏഴു സമ്പൂര്‍ണകലകള്‍ ഘടകങ്ങളായിട്ടുണ്ട്. ഇവയില്‍ ഓരോ കലയ്ക്കും മറ്റു കലകളുടെ സഹായം കൂടാതെതന്നെ സഹൃദയന്മാരെ രസിപ്പിക്കാന്‍ കഴിയും. ഈ കലകള്‍ അന്യോന്യസമ്മേളനത്താല്‍ അത്യന്തഹൃദ്യമായ നാട്യകലയായിത്തീരുന്നു. അങ്ങനെ കേരളത്തില്‍ ആദ്യമായി രൂപംപൂണ്ട ഒരു സംയുക്തകലയാണു കൃഷ്ണനാട്ടം.

കഥകളിക്കു ജന്മം നല്കിയ മൂലകലയാണു കൃഷ്ണനാട്ടം. ഇതു രാമനാട്ടത്തിന്റെ ആവിര്‍ഭാവത്തിനും തുടര്‍ന്നു കഥകളിപ്രസ്ഥാനത്തിനും വഴിതെളിച്ചു. നോ. കഥകളി, കൃഷ്ണഗീതി

(പ്രൊഫ. കെ.പി. നാരായണപിഷാരൊടി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍