This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൂർമാംഗന്യായം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൂര്‍മാംഗന്യായം

ലൗകികന്യായങ്ങളിലൊന്ന്‌. യഥാവസരം തന്റെ അംഗങ്ങള്‍ ഉള്ളിലേക്കു വലിക്കുകയും പുറത്തേക്കുനീട്ടുകയും ചെയ്യുന്ന ആമയുടെ സ്വഭാവത്തെ ആസ്‌പദമാക്കിയുള്ള ഈ ന്യായത്തിനു രണ്ടര്‍ഥങ്ങള്‍ കല്‌പിച്ചു കാണുന്നു. വിവേകികളെ പരാമര്‍ശിക്കുവാന്‍ ഈ ന്യായം പ്രയോഗിക്കാം. സ്വന്തം കൈകാലുകളും തലയും ഓട്ടിയില്‍ നിന്നു പുറത്തേക്കുനീട്ടി സ്വൈരമായി സഞ്ചരിക്കുന്ന ആമ പരിതഃസ്ഥിതിയില്‍ എന്തെങ്കിലും പ്രാതികൂല്യശങ്ക ഉണ്ടായാലുടന്‍തന്നെ തന്റെ അവയവങ്ങളെല്ലാം അകത്തേക്കു വലിച്ചു നിശ്ചേഷ്‌ടമായി വര്‍ത്തിക്കുന്നു. സ്വന്തം അവയവങ്ങളെ ഉള്ളിലേക്കു വലിക്കുന്ന ആമയെപ്പോലാണ്‌ ഇന്ദ്രിയങ്ങളെ ഇന്ദ്രിയാര്‍ഥങ്ങളില്‍ നിന്നു സംഹരിക്കുന്ന സ്ഥിതപ്രജ്ഞനായ യോഗി, ഭഗവദ്‌ഗീതയില്‍ ,

""യദാസംഹരതേ ചായം
	കൂര്‍മ്മോംഗാനീവസര്‍വശഃ
	ഇന്ദ്രിയാണീന്ദ്രിയാര്‍ത്ഥേഭ്യ-
	സ്‌തസ്യപ്രജ്ഞാ പ്രതിഷ്‌ഠിതാ''
 

എന്ന്‌ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്‌.

അനര്‍ഥങ്ങളില്‍ കുടുങ്ങാതെ ബുദ്ധിപൂര്‍വം ഒഴിഞ്ഞുമാറി സ്വസ്ഥചിത്തരായിക്കഴിയുന്നവരെ പരാമര്‍ശിക്കുവാന്‍ ഈ ന്യായം സഹായകമാകും.

പ്രപഞ്ചത്തിന്റെ ആവിര്‍ഭാവ തിരോഭാവങ്ങളെ സൂചിപ്പിക്കുവാനും ഈ ന്യായം ഉപയോഗിക്കാം. ആമ തന്റെ അവയവങ്ങളെ ഉള്ളിലേക്കു വലിക്കുകയും പുറത്തേക്കു തള്ളുകയും ചെയ്യുമ്പോള്‍ ആ അവയവങ്ങള്‍ നശിക്കുകയോ പുതുതായി ഉണ്ടാവുകയോ ചെയ്യുന്നില്ല. ഉള്ളവതന്നെ മറയുകയും പ്രത്യക്ഷപ്പെടുകയും ആണ്‌ ചെയ്യുന്നത്‌. അതുപോലെയാണ്‌ പ്രളയകാലത്ത്‌ പ്രപഞ്ചത്തെ ഈശ്വരന്‍ തന്റെ ഉള്ളില്‍ ഒതുക്കുന്നതും സൃഷ്‌ടിയുടെ ആരംഭത്തില്‍ അതിനെ പുറത്തേക്കു പ്രസരിപ്പിക്കുന്നതും. ഉണ്ടാകുന്നു, നശിക്കുന്നു എന്നത്‌ തോന്നല്‍ മാത്രമാണ്‌. ഉള്ളത്‌ ഇല്ലാതാകുകയോ ഇല്ലാത്തതു ഉണ്ടാകുകയോ ചെയ്യുന്നില്ല എന്നതാണ്‌ സത്യം. ഈ വസ്‌തുതയാണ്‌ കൂര്‍മാംഗന്യായം എന്നതുകൊണ്ടു വിവക്ഷിക്കുന്നത്‌. ജനിമൃതികള്‍ കൂര്‍മാംഗന്യായേനയാണെന്നു വേദാന്തികള്‍ കരുതുന്നു.

(മുതുകുളം ശ്രീധര്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍