This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൂമന്‍ ജനത

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൂമന്‍ ജനത

Cuman People

പതിനൊന്നു മുതല്‍ പതിമൂന്നു വരെ ശതകങ്ങളില്‍ പശ്ചിമ യൂറോപ്പില്‍ പ്രബലമായിരുന്ന ഒരു തുര്‍ക്കി ജനവിഭാഗം. കരിങ്കടലിനു വടക്കുള്ള സ്റ്റെപ്പിമേഖലയില്‍ 11-ാം ശതകത്തിന്റെ മധ്യത്തോടെ ഈ ജനവിഭാഗം പ്രാബല്യത്തിലെത്തി. ഗ്രീക്‌ ഭാഷയില്‍ കുമനോയ്‌ അഥവാ കൊമനോയ്‌ എന്നും ലത്തീന്‍ ഭാഷയില്‍ കൊമാനി അഥവാ കുമാനി എന്നും ഇവര്‍ അറിയപ്പെട്ടിരുന്നു. കിപ്‌ചാക്കു വിഭാഗത്തിന്റെ ഒരു പാശ്ചാത്യഘടകം എന്ന നിലയിലാണ്‌ ബൈസാന്റിയം, ഹംഗറി എന്നിവിടങ്ങളില്‍ കൂമര്‍ ഗണിക്കപ്പെട്ടിരുന്നത്‌. കൂന്‍ എന്ന പേരിലും ഇവര്‍ ഹംഗറിയില്‍ അറിയപ്പെട്ടിരുന്നു. ഹൂണന്മാരുടെ പൂര്‍വികരാണ്‌ കൂമറെന്നും ഒരഭിപ്രായമുണ്ട്‌. കൂമറില്‍ പ്രബലമായ ഒരു വിഭാഗം നിരീശ്വരവാദികളും ശേഷിച്ചവര്‍ മുസ്‌ലിങ്ങളുമായിരുന്നു. ഇവര്‍ തികച്ചും യോദ്ധാക്കളും വേട്ടക്കാരും ആയിരുന്നു. കാര്‍ഷികവൃത്തി ഇവര്‍ സ്ലാവ്‌ഗോത്രങ്ങള്‍ക്കായി നീക്കിവച്ചിരുന്നു.

കൂമന്‍ രാജാക്കന്മാരുടെ പ്രതിമകള്‍-ഉക്രയ്‌ന്‍

11-ാം ശതകത്തിന്റെ ഉത്തരാര്‍ധത്തില്‍ ഇവര്‍ പല തവണ ഹംഗറിയെ ആക്രമിച്ചു. 12-ാം ശതകത്തില്‍ റഷ്യന്‍ രാജാക്കന്മാരുടെ ഉപസൈനിക ഘടകങ്ങളായി വര്‍ത്തിച്ചിരുന്ന ഇവര്‍ പലപ്പോഴും ഹംഗേറിയന്‍ സേനകളുമായി ഏറ്റുമുട്ടിയിട്ടുണ്ട്‌. 13-ാം ശതകത്തിന്റെ ആരംഭത്തോടെ സമരൗത്സുക്യം വര്‍ധിച്ച ഇക്കൂട്ടരെ നേരിടാനായി ട്രാന്‍സില്‍ വാനിയയുടെ തെക്കുകിഴക്ക്‌ ഭാഗങ്ങളില്‍ ധാരാളം വന്‍കോട്ടകള്‍ നിര്‍മിക്കപ്പെട്ടു. 1227-ല്‍ ആര്‍ച്ച്‌ ബിഷപ്പ്‌ റോബര്‍ട്ട്‌, ട്രാന്‍സില്‍ വാനിയ സന്ദര്‍ശിച്ച്‌ കൂമന്‍ രാജാവായിരുന്ന ബാര്‍ക്കിനെയും 15,000-ത്തോളം അനുയായികളെയും ജ്ഞാനസ്‌നാനം ചെയ്യിച്ചു. അടുത്തവര്‍ഷം ആദ്യത്തെ കൂമന്‍ ബിഷപ്പും അഭിഷിക്തനായി. 1235-ല്‍ ഇവരുടെ ബഹുമാനാര്‍ഥം ഹംഗറി രാജാവ്‌ "കുമാനിയയിലെ രാജാവ്‌' എന്ന സ്ഥാനപ്പേരുകൂടി സ്വീകരിച്ചു. റഷ്യന്‍ സഹായത്തോടെ മംഗോളിയരുടെ മുന്നേറ്റം തടയാന്‍ ശ്രമിച്ച കൂമര്‍ 1239-ല്‍ ചെറുത്തുനില്‌ക്കാനാകാതെ ഹംഗറിയിലേക്കു പലായനം ചെയ്‌തു. 1240-41-ല്‍ മംഗോളിയര്‍ ഹംഗറി ആക്രമിക്കുന്നതിനു മുമ്പുതന്നെ "കുത്തെന്‍' എന്ന കൂമന്‍ രാജാവ്‌ ഹംഗറിയില്‍ വച്ചു വധിക്കപ്പെട്ടു. ചിന്നിച്ചിതറിയ കൂമരില്‍ ഒരു വിഭാഗം ഈജിപ്‌തില്‍ അടിമകളാക്കപ്പെട്ടു. ഇവരില്‍ നിന്നാണ്‌ ബാഹ്രി രാജവംശം രൂപംകൊണ്ടത്‌. നല്ലൊരു വിഭാഗം ഡാന്യൂബ്‌ നദി കടന്ന്‌ ബള്‍ഗേറിയയിലെത്തി. ഇക്കൂട്ടരില്‍ നിന്ന്‌ "ടെര്‍ടെറോവ്‌റ്റ്‌സി', "ഷിഷ്‌മനോവ്‌റ്റ്‌സി' എന്നീ രണ്ടു ബള്‍ഗേറിയന്‍ രാജവംശങ്ങളുണ്ടായി. തെക്കന്‍ സെര്‍ബിയയില്‍ അധിവാസമുറപ്പിച്ച കൂമരില്‍ നിന്നാണ്‌ അവിടത്തെ ഒരു പട്ടണത്തിന്‌ "കുമാനോവോ' എന്ന പേരുണ്ടായത്‌.

ഹംഗറി വിട്ടുപോയ കൂമരില്‍ ഒരുവിഭാഗം 1245-ല്‍ തിരിച്ചെത്തി. വൈവാഹികബന്ധങ്ങളിലൂടെ കൂമന്‍ രാജകുടുംബവും ഹംഗേറിയന്‍ രാജകുടുംബവും തമ്മിലുള്ള അകല്‍ ച്ച പെട്ടെന്നുതന്നെ അവസാനിച്ചുവെങ്കിലും കൂമന്‍-ഹംഗേറിയന്‍ ജനവിഭാഗങ്ങള്‍ക്കിടയില്‍ യോജിപ്പുണ്ടാകാന്‍ നൂറ്റാണ്ടുകള്‍തന്നെ വേണ്ടിവന്നു. ഹംഗറിയില്‍ 18-ാം ശതകത്തിന്റെ അന്ത്യപാദത്തോളം നിലനില്‌ക്കുവാന്‍ സാധിച്ച കൂമരില്‍ കൂമന്‍ഭാഷ സംസാരിക്കാന്‍ ശേഷിയുണ്ടായിരുന്ന അവസാനവ്യക്തിയും 1770-ല്‍ മരണമടഞ്ഞു.

താളിന്റെ അനുബന്ധങ്ങള്‍