This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൂപ്പർ, ജെയിംസ്‌ ഫെനിമൂർ (1789 - 1851)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൂപ്പര്‍, ജെയിംസ്‌ ഫെനിമൂര്‍ (1789 - 1851)

Cooper, James Fenimore

ജെയിംസ്‌ ഫെനിമൂര്‍ കൂപ്പര്‍

അമേരിക്കന്‍ നോവലിസ്റ്റും ചരിത്രകാരനും സാമൂഹ്യവിമര്‍ശകനും. അമേരിക്കന്‍ അതിര്‍ത്തി പ്രദേശങ്ങളുടെ വന്യപശ്ചാത്തലത്തില്‍ എഴുതിയ ലെതര്‍ സ്റ്റോക്കിങ്‌ കഥകളാണ്‌ ഇദ്ദേഹത്തിന്റെ അനശ്വര കീര്‍ത്തിക്ക്‌ നിദാനം. വികസ്വരമായ ദേശീയസംസ്‌കാരത്തിന്റെ വക്താവും നേതാവും എന്ന നിലയിലും ഇദ്ദേഹത്തിനു ഗണനീയമായ ഒരു സ്ഥാനമുണ്ട്‌.

ഇദ്ദേഹം ന്യൂയോര്‍ക്ക്‌ സ്റ്റേറ്റില്‍ "കൂപ്പേഴ്‌സ്‌ ടൗണ്‍' സ്ഥാപിച്ച വില്യം കൂപ്പറുടെയും എലിസബത്ത്‌ ഫെനിമൂറിന്റെയും പുത്രനായി 1789 സെപ്‌. 15-ന്‌ ന്യൂ ജെഴ്‌സിയിലെ ബര്‍ലിങ്‌ടണില്‍ ജനിച്ചു. മുപ്പതാമത്തെ വയസ്സുവരെ സാഹിത്യജീവിതത്തെപ്പറ്റി ഒരു ചിന്തയും ഇദ്ദേഹത്തിനുണ്ടായിരുന്നില്ല. ഇദ്ദേഹം 1820-ലാണ്‌ പ്രിക്കോഷന്‍ എന്ന ആദ്യനോവല്‍ രചിച്ചത്‌. ഗതാനുഗതികമായ ആ സൃഷ്‌ടി ഒരു പരാജയമായിരുന്നു. എന്നാല്‍ അടുത്ത കൊല്ലം എഴുതിയ സ്‌പൈ എന്ന നോവല്‍ സകലരുടെയും പ്രശംസയ്‌ക്കു പാത്രമായി.

ലെതര്‍ സ്റ്റോക്കിങ്‌ നോവലുകളില്‍ അതിപ്രമുഖമായ ദ്‌ ലാസ്റ്റ്‌ ഒഫ്‌ ദ്‌ മോഹിക്കന്‍സ്‌ (1826) എന്ന കൃതിയുടെ പ്രസിദ്ധീകരണത്തോടുകൂടി ഇദ്ദേഹത്തിന്റെ യശസ്സ്‌ അമേരിക്കയിലും അന്യനാടുകളിലും വ്യാപിച്ചു. ലെതര്‍ സ്റ്റോക്കിങ്‌ എന്നു വിളിക്കപ്പെടുന്ന അമേരിക്കന്‍ അതിര്‍ത്തി ദേശക്കാരായ നാറ്റി ബബോയുടെയും അയാളുടെ ഇന്ത്യന്‍ കൂട്ടുകാരനായ ചിംഗച്‌ഗുക്കിന്റെയും വീരപരാക്രമങ്ങളാണ്‌ ലെതര്‍ സ്റ്റോക്കിങ്‌ നോവലുകളിലെ പ്രതിപാദ്യം. ഈയിനത്തില്‍ പ്പെട്ട മറ്റു നോവലുകളില്‍ ദ്‌ പയനിയര്‍സ്‌ (1823), ദ്‌ പ്രയ്‌റി (1827), ദ്‌ പാത്ത്‌ ഫൈന്‍ഡര്‍ (1840), ദ്‌ ഡിയര്‍ സ്‌ളേയര്‍ (1841) എന്നിവ പ്രസ്‌താവം അര്‍ഹിക്കുന്നു. അതിര്‍ത്തി ദേശകഥകള്‍ക്ക്‌ പുറമേ പൈലറ്റ്‌ (1824) എന്ന നോവല്‍ എഴുതി സമുദ്രവീരകഥകളും ഇദ്ദേഹം അവതരിപ്പിച്ചു. ദ്‌ റെഡ്‌റോവര്‍ (1827), വിങ്‌ ആന്‍ഡ്‌ വിങ്‌ (1842), ദ്‌ ടൂ അഡ്‌മിറല്‍ സ്‌ (1842), എഫ്‌ളോട്‌ ആന്‍ഡ്‌ എഷോര്‍ (1844), മൈല്‍ സ്‌ വല്ലിങ്‌ഫോര്‍ഡ്‌ (1844), ദ്‌ സീ ലയണ്‍സ്‌ (1849) എന്നിവ ഈ വിഭാഗത്തില്‍ പ്പെട്ട കൃതികളാണ്‌.

ഇദ്ദേഹത്തിന്റെ സാമൂഹ്യവിമര്‍ശനപരമായ ഗ്രന്ഥങ്ങളും പ്രാധാന്യം അര്‍ഹിക്കുന്നു. ദ്‌ നോഷന്‍സ്‌ ഒഫ്‌ ദി അമേരിക്കന്‍സ്‌ (1828) യൂറോപ്യന്‍ സഞ്ചാരികള്‍ അമേരിക്കയെപ്പറ്റി എഴുതിയിട്ടുള്ള കള്ളക്കഥകളെ ശക്തമായി നിഷേധിക്കുന്നു. സാമൂഹ്യവിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന കൃതികളാണ്‌ ദ്‌ ബ്രാവോ (1831), ദ്‌ ഹീഡന്‍മോര്‍ (1832), ദ്‌ ഹെഡ്‌സ്‌മാന്‍ എന്നിവ.

ഗവണ്‍മെന്റിനെയും സമൂഹത്തെയും പറ്റി തന്റെ അഭിപ്രായങ്ങള്‍ ക്രാഡീകരിച്ചിട്ടുള്ള ഒരു കൃതിയാകുന്നു ദി അമേരിക്കന്‍ ഡിമോക്രാറ്റ്‌ (1838). അമേരിക്കയെപ്പറ്റിയുള്ള തന്റെ നിരാശ പ്രതിഫലിപ്പിക്കുന്ന രണ്ടു കൃതികളുണ്ട്‌: ഹോംവേഡ്‌ ബൗണ്‍ഡ്‌ (1838), ഹോം ആസ്‌ഫൗണ്‍ഡ്‌ (1838), ഹിസ്റ്ററി ഒഫ്‌ ദ്‌ നേവി ഒഫ്‌ ദി യുണൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌ ഒഫ്‌ അമേരിക്ക അതിമഹത്തായ ഒരു ചരിത്രഗ്രന്ഥമാണ്‌. പില്‌ക്കാലകൃതികളില്‍ പ്രധാനം സേറ്റന്‍ സ്‌റ്റോ (1845), ദ്‌ ചെയിന്‍ ബെയറര്‍ (1845), റെഡ്‌ സ്‌കിന്‍സ്‌ (1846) എന്നീ ചരിത്രഗ്രന്ഥങ്ങളും അപ്‌സൈഡ്‌ ഡൗണ്‍ (1850) എന്ന നാടകവുമാണ്‌. 1851 സെപ്‌. 14-ന്‌ ഫെനിമൂര്‍ കൂപ്പര്‍ നിര്യാതനായി.

(എന്‍.കെ. ദാമോദരന്‍)

താളിന്റെ അനുബന്ധങ്ങള്‍