This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൂച്ച്‌ ബിഹാർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൂച്ച്‌ ബിഹാര്‍

Cooch Behar

പശ്ചിമബംഗാള്‍ സംസ്ഥാനത്തിന്റെ വടക്കു കിഴക്കു ഭാഗത്തു സ്ഥിതിചെയ്യുന്ന ഒരു ജില്ല. ഒരു നാട്ടുരാജ്യമായിരുന്ന ഇത്‌ 1914-ല്‍ ഭാരതത്തില്‍ ലയിച്ചു. ഇതിന്റെ വിസ്‌തീര്‍ണം: 3387 ച. കി.മീ. ജനസംഖ്യ: 2,478,280 (2001) ആണ്‌. കിഴക്ക്‌ അസം, തെക്ക്‌ ബംഗ്ലാദേശ്‌ എന്നിവ സ്ഥിതിചെയ്യുന്നു. ഇത്‌ ബ്രഹ്മപുത്ര, തിസ്‌ത എന്നീ നദികളുടെ മധ്യത്തിലുള്ള ത്രിഭുജാകാരമായ സമതലമാണ്‌. ഇവിടെ അനേകം ചെറിയ നദികളുണ്ട്‌. അവ നൗകാസഞ്ചാരയോഗ്യങ്ങളാണ്‌. വേനല്‍ ക്കാലത്ത്‌ വരണ്ടുപോകുന്ന നദികളും ഈ പ്രദേശത്തു കാണാം. ഇവയെല്ലാം ബ്രഹ്മപുത്രയിലാണ്‌ ചെന്നുചേരുന്നത്‌. കൂച്ച്‌ ബിഹാര്‍ കാമരൂപത്തിന്റെ ഒരു ഭാഗമായിരുന്നു. 15-ാം ശതകത്തില്‍ വേന്‍ രാജാവ്‌ ഈ നാട്ടുരാജ്യം ഭരിച്ചിരുന്നു. 16-ാം ശതകത്തില്‍ കോച്‌ രാജാവായ വിശ്വസിംഹന്‍ ഇതിനെ കൈയടക്കി. വിശ്വസിംഹന്റെ പുത്രന്‍ നരനാരായണ പ്രതാപി സമീപമുള്ള പ്രദേശങ്ങളെ കീഴടക്കി രാജ്യവിസ്‌തൃതി വര്‍ധിപ്പിച്ചു. പ്രതാപിയുടെ പുത്രന്‍ മുഗള്‍സാമ്രാജ്യത്തിന്റെ അധീനത സ്വീകരിച്ചു. 1772-ല്‍ ഭൂട്ടാന്‍കാര്‍ കൂച്ച്‌ ബിഹാറിനെ ആക്രമിച്ചു; അതില്‍ നിന്നു രക്ഷ നേടുവാന്‍ ഇവിടത്തെ നാടുവാഴി ഇംഗ്ലീഷുകാരുടെ സഹായമഭ്യര്‍ഥിച്ചു. ഇംഗ്ലീഷുകാര്‍ ഭൂട്ടാന്‍കാരെ ഓടിച്ച്‌ കൂച്ച്‌ ബിഹാറിനെ ഈസ്റ്റിന്ത്യാകമ്പനിക്കധീനമാക്കി. രാജ്യത്തിന്റെ വരവില്‍ പകുതി ഇംഗ്ലീഷുകാര്‍ക്കായി; അവരുടെ പ്രതിനിധി രാജ്യത്തില്‍ താവളമടിച്ചു. സ്വാതന്ത്യ്രലബ്‌ധിയോടെ കൂച്ച്‌ ബിഹാര്‍ പശ്ചിമബംഗാളിന്റെ ഭാഗമായിത്തീര്‍ന്നു. കൂച്ച്‌ ബിഹാര്‍ പട്ടണമാണ്‌ ജില്ലാതലസ്ഥാനം. ഇവിടത്തെ കൃഷിയോഗ്യമായ ഭൂമിയുടെ മുക്കാല്‍ ഭാഗത്തിലും നെല്‍ ക്കൃഷിയാണ്‌. ശേഷിച്ച ഭാഗത്ത്‌ ഗോതമ്പ്‌, ചണം, പുകയില മുതലായവ കൃഷിചെയ്യുന്നു. മത്സ്യവ്യവസായവും പ്രാധാന്യമര്‍ഹിക്കുന്നതാണ്‌. അസമിനോടു ചേര്‍ന്നു കിടക്കുന്ന കിഴക്കുഭാഗം വനപ്രദേശമാണ്‌.

താളിന്റെ അനുബന്ധങ്ങള്‍