This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുറ്റിച്ചെടികള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുറ്റിച്ചെടികള്‍

Shrubs

കടുപ്പംകൂടിയ ദാരുമയ കാണ്ഡമുള്ളതും എന്നാല്‍ അധികം ഉയരത്തില്‍ വളരാത്തതുമായ ചെടികള്‍. ഉയരം, പൊതുവായ വളര്‍ച്ചയുടെ സ്വഭാവം എന്നിവയെ അടിസ്ഥാനമാക്കി ചെടികളെ ഓഷധികള്‍ (herbs), കുറ്റിച്ചെടികള്‍ (Shrubs), വൃക്ഷങ്ങള്‍ (Trees) എന്നിങ്ങനെ മൂന്നായി തരംതിരിച്ചിരിക്കുന്നു. കൃശമായ ഗാത്രവും മൃദുവായ കാണ്ഡവുമുള്ളതും അധികകാലം നിലനില്‌ക്കാത്തതുമായ സസ്യങ്ങളാണ്‌ ഓഷധികള്‍. കരയിലും വെള്ളത്തിലും കാണപ്പെടുന്ന ഓഷധികള്‍ പരിണാമപരമായി ഏറ്റവും മുന്നില്‍ നില്‌ക്കുന്നതായി കരുതപ്പെടുന്നു. കടുപ്പവും വലുപ്പമേറിയതും ദൃഢവും ദാരുമയവുമായ തായ്‌ത്തടിയും അതില്‍ നിന്നുണ്ടാകുന്ന നിരവധി ശാഖോപശാഖകളും വൃക്ഷങ്ങളുടെ പ്രത്യേകതയാണ്‌. പൂര്‍ണവളര്‍ച്ചയെത്തിയ വൃക്ഷത്തിന്‌ കുറഞ്ഞത്‌ 7-8 മീ. ഉയരമുണ്ടായിരിക്കും.

ഓഷധികളെക്കാള്‍ വലുതും വൃക്ഷങ്ങളെക്കാള്‍ ചെറുതുമാണ്‌ കുറ്റിച്ചെടികള്‍. കുറ്റിച്ചെടികളില്‍ ഒരു പ്രധാന കാണ്ഡത്തിന്‌ പകരമായി മണ്‍പരപ്പിനടുത്തുനിന്ന്‌ നിരവധി കാണ്ഡങ്ങള്‍ കൂട്ടമായി വളരുന്നതിനാല്‍ അവയില്‍ വ്യക്തമായ കാണ്ഡം ഉണ്ടാകുന്നില്ല. മണലാരണ്യങ്ങളിലും കുറ്റിക്കാടുകളിലും ഇവ ധാരാളമായി വളരുന്നു. ശക്തിയുള്ള കാറ്റിനെ തടുത്തുനിര്‍ത്താനും ഇവയ്‌ക്ക്‌ പ്രത്യേക കഴിവുണ്ട്‌. കാര (canthium), തെറ്റി (exora), മാതളം (punica), ചെമ്പരത്തി (hibiscus)എന്നിവ കുറ്റിച്ചെടികള്‍ക്ക്‌ ഉദാഹരണങ്ങളാണ്‌. കുറ്റിച്ചെടിയെന്നും വൃക്ഷമെന്നുമുള്ള വാക്കുകള്‍ മിക്കപ്പോഴും മാറിമാറി ഉപയോഗിച്ചു കാണാറുണ്ട്‌. ചെറിയ വൃക്ഷങ്ങളെ ചിലപ്പോള്‍ കുറ്റിച്ചെടിയെന്നു പറയാറുണ്ട്‌. വൃക്ഷങ്ങള്‍ കടുത്ത വേനല്‍ , അതിശൈത്യം മുതലായ പ്രതികൂലസാഹചര്യങ്ങളെ നേരിടുമ്പോള്‍ അവ വളര്‍ച്ച മുരടിച്ചും കുറ്റിച്ചെടികളുടെ രൂപം കൈക്കൊള്ളുക സാധാരണമാണ്‌. വൃക്ഷങ്ങളില്‍ തായ്‌ത്തടിയുടെ ചുവട്ടില്‍ നിന്ന്‌ ശാഖകള്‍ പൊട്ടിപ്പുറപ്പെട്ടു വളരുന്നതും കുറ്റിച്ചെടികള്‍ ഒരു തായ്‌ത്തടിയോടുകൂടി വൃക്ഷസദൃശമായി വളരുന്നതും അപൂര്‍വമല്ല.

കാപ്പി, തേയില, പരുത്തി മുതലായ സാമ്പത്തിക പ്രാധാന്യമുള്ള ചെടികളും റോസ്‌, ഹൈഡ്രാന്‍ജിയ, കനകാംബരം എന്നീ അലങ്കാരസസ്യങ്ങളും കുറ്റിച്ചെടികളുടെ കൂട്ടത്തില്‍ പ്പെടുന്നു. കുറുന്തോട്ടി, ആടലോടകം, കിരിയാത്ത്‌, പാവട്ട മുതലായ ഔഷധസസ്യങ്ങളെയും കുറ്റിച്ചെടി വിഭാഗത്തില്‍ ഉള്‍പ്പെടുത്താം.

ഉദ്യാനങ്ങളില്‍ , ഒറ്റയായോ കുറ്റിച്ചെടികള്‍ മാത്രം വളര്‍ത്തുന്ന സ്ഥലത്തോ (shrubbery) ഇവ നട്ടുപിടിപ്പിച്ച്‌ പൂന്തോട്ടങ്ങള്‍ മനോഹരങ്ങളാക്കാറുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍