This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുറോഷിവോ പ്രവാഹം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുറോഷിവോ പ്രവാഹം

Kuroshio Current

ഉത്തരപസിഫിക്‌ സമുദ്രത്തിലെ ഒരു ഉഷ്‌ണജലപ്രവാഹം. ഇത്‌ ജപ്പാന്‍ പ്രവാഹം എന്ന പേരിലും അറിയപ്പെടുന്നു. ജപ്പാന്‍ ദ്വീപസമൂഹത്തിന്റെ കിഴക്കേതീരത്തുകൂടി ഒഴുകുന്നതുമൂലമാണ്‌ ഈ പേരുണ്ടായത്‌. ഉത്തരഭൂമധ്യ രേഖീയപ്രവാഹത്തിന്റെ ഒരു തുടര്‍ച്ചയാണിത്‌. ലംബതിരശ്ചീന ദിശകളിലുള്ള മര്‍ദ വ്യത്യാസങ്ങളും ഘര്‍ഷണം, ആകര്‍ഷണം, ഭൂഭ്രമണത്തിന്റെ സ്വാധീനം മുതലായവയുമാണ്‌ കുറോഷിവോ പ്രവാഹത്തെ നിയന്ത്രിക്കുന്ന ഘടകങ്ങള്‍. കുറോഷിവോ പ്രവാഹത്തിന്‌ പ്രാദേശികവാതവുമായി യാതൊരു ബന്ധവുമില്ല. അക്ഷാംശവര്‍ധനവിനനുസരിച്ച്‌ കൊറിയോലിസ്‌ ബലത്തിലുണ്ടാകുന്ന വ്യത്യാസവും കാറ്റിന്റെ ശക്തികൊണ്ട്‌ വര്‍ധിക്കുന്ന പ്രവേഗവുംമൂലം പ്രതലജലപ്രവാഹങ്ങള്‍ക്ക്‌ പടിഞ്ഞാറോട്ടു വ്യതിചലനം ഉണ്ടാകുന്നതായി ഹെന്‌റി സ്റ്റോമല്‍ എന്ന ശാസ്‌ത്രജ്ഞന്‍ 1951-ല്‍ പരീക്ഷണങ്ങളിലൂടെ തെളിയിച്ചിട്ടുണ്ട്‌. ഭൂമധ്യരേഖയ്‌ക്കും ഉത്തരായണരേഖയ്‌ക്കുമിടയില്‍ വടക്കു കിഴക്കന്‍ വാണിജ്യകാറ്റിനാല്‍ ഉത്തരപസിഫിക്‌ സമുദ്രത്തിലെ പ്രതലജലം പടിഞ്ഞാറോട്ട്‌ ഒഴുകുന്നു. ഈ നീരൊഴുക്ക്‌ മഞ്ഞക്കടലിനും മറ്റും ഉള്ള ചുഴികളില്‍ അകപ്പെട്ടശേഷം കുറോഷിവോ അല്ലെങ്കില്‍ കറുത്ത പ്രവാഹമായി മാറി ജപ്പാന്റെ തെക്കും കിഴക്കും തീരത്തുകൂടി കടന്നുപോകുന്നു. 1854-ല്‍ ലെഫ്‌. സിലാസ്‌ബെന്റ്‌ ആണ്‌ ആദ്യമായി ഈ ഉഷ്‌ണജല പ്രവാഹത്തെപ്പറ്റി പഠനം നടത്തിയത്‌. ജപ്പാന്റെ തെക്കന്‍ തീരപ്രദേശത്ത്‌ ഇത്‌ മണിക്കൂറിന്‌ 2.5 കി.മീ. വേഗതയിലാണ്‌ ഒഴുകുന്നത്‌. കൊറിയയുടെയും ജപ്പാന്റെയും ഇടയ്‌ക്കുള്ള ഇതിന്റെ ഒരു ശാഖ സഖാലിന്‍ തീരത്തുകൂടി ഒഴുകി ആര്‍ട്ടിക്‌ പ്രവാഹത്തില്‍ ലയിക്കുന്നു. വടക്കേ അക്ഷാംശം 40ബ്ബ-50ബ്ബ യ്‌ക്കും ഇടയ്‌ക്ക്‌ ഈ പ്രവാഹം പസിഫിക്‌ സമുദ്രം മറികടക്കുന്നു. ജപ്പാന്‍ ദ്വീപുകളുടെ വടക്കു കിഴക്കന്‍ ഭാഗത്തുകൂടി കിഴക്കോട്ടു തിരിഞ്ഞുപോകുന്ന ഈ ഉഷ്‌ണജലപ്രവാഹം കാനഡാ-അലാസ്‌കാ തീരത്ത്‌ എത്തുമ്പോള്‍ ശീതീകരിക്കപ്പെട്ട്‌ കാലിഫോര്‍ണിയയുടെ തീരത്തുകൂടി തെക്കോട്ട്‌ ഒഴുകുന്നു; തുടര്‍ന്ന്‌ കാലിഫോര്‍ണിയന്‍ ശീതജലപ്രവാഹം എന്ന പേരില്‍ ഇത്‌ അറിയപ്പെടുന്നു.

ഏഷ്യാ വന്‍കരയില്‍ നിന്ന്‌ കൊറിയവഴി ആക്രമിച്ചുകടന്നു കയറിയവര്‍ ഈ പ്രവാഹത്തിന്റെ സഹായത്തിലൂടെയാണ്‌ ഇഡ്‌സാമോവിലും ഹ്യൂഗിലും എത്തിയത്‌. പില്‌ക്കാലത്ത്‌ മലയയില്‍ നിന്നും ധാരാളം പേര്‍ ഈ പ്രവാഹദിശയിലൂടെ സഞ്ചരിച്ച്‌ ജപ്പാന്‍ തീരങ്ങളില്‍ കുടിയേറിയിട്ടുണ്ട്‌. കരയില്‍ നിന്നു വിട്ട്‌ തെക്കോട്ട്‌ ഗതിമാറി ഒഴുകുന്നതിനാല്‍ ഈ പ്രവാഹം ബെറിങ്‌ കടലിടുക്കില്‍ എത്തുന്നില്ല. ഏകദേശം 120 കി.മീ. വീതിയില്‍ 75 മീറ്റര്‍ കനത്തില്‍ നീങ്ങുന്ന കുറോഷിവോയെ ആര്‍ട്ടിക്‌ ജലപിണ്ഡങ്ങള്‍ കിഴക്കോട്ടു തള്ളുന്നു. ഈ ഭാഗത്ത്‌ ഉഷ്‌ണ-ശീത ജലങ്ങള്‍ തമ്മില്‍ കൂടിക്കലരുന്നതുമൂലം മൂടല്‍ മഞ്ഞ്‌ ഉണ്ടാകുന്നു; എന്നാല്‍ മഞ്ഞുമലകളും മഞ്ഞുകട്ടികളും നന്നേ വിരളമാണ്‌. സസ്യപ്ലവകത്തിന്റെ ബഹുലത നിമിത്തം ഇവിടെ മത്സ്യങ്ങള്‍ ധാരാളമായി കാണപ്പെടുന്നു. വടക്കേ അമേരിക്കയുടെ തീരത്തുകൂടി വാണിജ്യവാതമേഖലയില്‍ കടക്കുന്നതോടെ പ്രവാഹചക്രം അവസാനിക്കുന്നു. കുറോഷിവോ ജപ്പാനിലെ താപനിലയെയും വര്‍ഷപാതത്തിന്റെ തോതിനെയും സാരമായി സ്വാധീനിക്കുകയും തീരപ്രദേശങ്ങളില്‍ മൂടല്‍ മഞ്ഞുണ്ടാകുന്നതിനു കാരണമാവുകയും ചെയ്യുന്നു.

(എസ്‌. ഗോപിനാഥന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍