This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുറുന്തിനിപ്പാട്ട്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുറുന്തിനിപ്പാട്ട്‌

കേരളത്തില്‍ പ്രചാരത്തിലിരുന്ന ഒരു അനുഷ്‌ഠാനകര്‍മം. സന്താനലാഭാര്‍ഥം നാഗപ്രീതിക്കുവേണ്ടി നടത്തിവന്ന ഈ അനുഷ്‌ഠാനകര്‍മത്തിന്‌ ഉത്തരകേരളത്തില്‍ വലിയ പ്രചാരമുണ്ടായിരുന്നു. പ്രഭാതംതൊട്ട്‌ പ്രദോഷം വരെ നീണ്ടുനില്‌ക്കുന്ന കുറുന്തിനിപ്പാട്ടു കഴിക്കാന്‍ അധികാരമുള്ളവര്‍ വണ്ണാന്‍ സമുദായത്തില്‍പ്പെട്ടവരാണ്‌.

ഏതു സ്‌ത്രീയെ ഉദ്ദേശിച്ചാണോ പാട്ടുനടത്തുന്നത്‌ ആ സ്‌ത്രീയാണ്‌ കര്‍മങ്ങള്‍ ചെയ്യേണ്ടത്‌. നൂറും പാലും കൊടുക്കുന്ന ചടങ്ങോടുകൂടിയാണ്‌ കുറുന്തിനിപ്പാട്ടു തുടങ്ങുന്നത്‌. കൂവനൂറ്‌, പാല്‌, ഇളനീര്‌ തുടങ്ങിയവ ചേര്‍ത്തുണ്ടാക്കുന്ന നൂറും പാലും സന്ധ്യയ്‌ക്കു മുമ്പായി നാലുതവണ സര്‍പ്പങ്ങള്‍ക്കായി നിവേദിക്കണം. ഓരോ പ്രാവശ്യവും നൂറുംപാലും കൊടുത്തശേഷം വണ്ണാന്മാര്‍ പാടും. നൂറും പാലും കൊടുത്ത്‌ പാട്ടുപാടി വിഷമൊഴിക്കുകയെന്നതാണ്‌ ഇതിലെ സങ്കല്‌പം. നാഗരാജാവ്‌, വണ്ടോരപ്പന്‍, ഉലകരാജാവ്‌, കനകരാജാവ്‌ എന്നിവരുടെയും പരീക്ഷിത്തിന്റെയും മറ്റും കഥകളും ഇവര്‍ പാടുന്നു. കുറുന്തിനിപ്പാട്ടില്‍ പ്രധാനമായി പാടിവരുന്ന നാഗരാജാവിന്റെയും വണ്ടോരപ്പന്റെയും പാട്ടിലെ കഥ ഇപ്രകാരമാണ്‌. നാട്ടില്‍ വളര്‍മ കാണുവാന്‍ "പൂമാണി'കള്‍ ചെന്താമരപ്പൂന്തോണിയില്‍ കയറി താമരത്തണ്ടുകൊണ്ട്‌ തുഴഞ്ഞു തുഴഞ്ഞു പോകുന്നു. പൂമാണികള്‍ നാഗരാജാവിനെ ചെന്നുകണ്ട്‌ നാഗക്കുഞ്ഞുങ്ങളുടെ കളി കാണുവാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നു. ഒരു കണ്ണടച്ചു മറ്റേക്കണ്ണുകൊണ്ടേ നാഗമക്കളുടെ കളി കാണാവൂ എന്നു നാഗരാജാവ്‌ നിര്‍ദേശിച്ചിരുന്നു. അതു പാലിക്കാന്‍ കഴിയാത്തതിന്റെ ഫലമായി മരിച്ചുവീഴുന്ന പൂമാണികളെ നാഗരാജാവ്‌ ജീവിപ്പിക്കുന്നു. അതിനുശേഷം പൂമാണികള്‍ നാഗരാജാവിനു തിരുവേളി തേടി എരിപൊരിമലയില്‍ ചെല്ലുകയും വണ്ടോരപ്പന്റെ സഹോദരിയായ വണ്ടോര്‍കേശിയെ നാഗരാജാവിനെക്കൊണ്ട്‌ വിവാഹം കഴിപ്പിക്കുകയും ചെയ്യുന്നു. ഒരിക്കന്‍ വണ്ടോര്‍കേശി തന്റെ ജ്യേഷ്‌ഠന്റെ മക്കളെ കാണുവാന്‍ ചെന്നപ്പോള്‍ അയാള്‍ കുട്ടികളെ ഒളിപ്പിക്കുകയാണുണ്ടായത്‌. ദുഃഖിതയായ വണ്ടോര്‍കേശി ചുണ്ണാമ്പുകൊണ്ട്‌ ഒരു പാമ്പിന്റെ രൂപം വരച്ചപ്പോള്‍ ആങ്കാരന്‍ എന്ന ഒരു സര്‍പ്പം പ്രത്യക്ഷമായി. അമ്മയുടെ ദുഃഖമറിഞ്ഞ ആങ്കാരന്‍ വണ്ടോരപ്പനെ കൊല്ലുന്നു. മരിച്ചത്‌ തന്റെ മാതുലനാണെന്നറിഞ്ഞ ആങ്കാരന്‍ പശ്ചാത്താപം പൂണ്ട്‌ വിഷം കൊത്തിയെടുത്ത്‌ വണ്ടോരപ്പനെ പുനര്‍ജീവിപ്പിക്കുന്നു. ഉലകരാജാവ്‌, കനകരാജാവ്‌ എന്നിവരുടെ അടുത്തും പൂമാണികള്‍ ചെല്ലുന്നുണ്ട്‌. ഒടുവില്‍ പൂമാണികള്‍ പൂന്തോണിയിലേക്കുതന്നെ മടങ്ങുന്നു.

കുറുന്തിനിപ്പാട്ടിലെ മറ്റൊരു ചടങ്ങാണ്‌ "കലം കെട്ടലും കലമഴിക്കലും'. ഏഴു പച്ചക്കലമെടുത്ത്‌ അവയിലോരോന്നിലും അരി, കദളിപ്പഴം, കോടിമുണ്ട്‌, ചമതപ്പൂവ്‌, ചെമ്പകപ്പൂവ്‌, തുളസി, വെറ്റില എന്നിവ വച്ചു കോടിവസ്‌ത്രംകൊണ്ടു വായ മൂടിക്കെട്ടും. "ഗരുഡന്‍കല'മെന്ന പ്രത്യേക കലത്തില്‍ ചെന്തെങ്ങിളനീരും വേണം. ഏഴു കലവും മേല്‍ക്കുമേലെ വയ്‌ക്കുന്നു. പിന്നീട്‌ ഖാണ്ഡവദാഹം, ഗരുഡോത്‌പത്തി തുടങ്ങിയ പാട്ടുകള്‍ പാടും. ഗരുഡോത്‌പത്തി പാടുമ്പോള്‍ കലങ്ങള്‍ എടുത്തു കെട്ടഴിക്കും. കലം കെട്ടലിന്റെയും കലമഴിക്കലിന്റെയും പിന്നിലുള്ള സങ്കല്‌പം ഗരുഡോത്‌പത്തിയാണ്‌. കലം കെട്ടുമ്പോഴും കലം അഴിക്കുമ്പോഴും പ്രത്യേക ഗാനങ്ങള്‍ പാടുന്നു. പിന്നീട്‌ പഞ്ചവര്‍ണക്കളത്തില്‍ വച്ച ചെമ്പുപാത്രത്തില്‍ കുരുതിനിറച്ച്‌ പിണിയാളെ (തുള്ളാനുള്ള സ്‌ത്രീയെ) അതില്‍ ഇരുത്തും. കരോലകൊണ്ടുള്ള ആഭരണങ്ങള്‍ അണിഞ്ഞും കൈയില്‍ പൂക്കുലയേന്തിയുമാണ്‌ സ്‌ത്രീ കുരുതിയില്‍ ഇരിക്കുക. അപ്പോള്‍ കുന്തിനിഭഗവതി, കുറുന്തിനിക്കാമന്‍ (നാഗക്കാമന്‍) എന്നീ തെയ്യങ്ങള്‍ കെട്ടിയാടുന്നു. രാത്രിയുടെ അന്ത്യയാമത്തിലാണ്‌ കോലങ്ങളുടെ പുറപ്പാട്‌. തെയ്യങ്ങളുടെ ഉഗ്രനൃത്തവും ചെണ്ട തുടങ്ങിയ വാദ്യഘോഷങ്ങളും കുരുതിയും അലങ്കാരങ്ങളും വിളക്കും പാട്ടും സൃഷ്‌ടിക്കുന്ന അസാധാരണമായ ഈ അന്തരീക്ഷത്തില്‍ കുരുതിയിരിക്കുന്ന സ്‌ത്രീ ഇളകിയാടും; ചിലപ്പോള്‍ കുരുതിയില്‍കിടന്നുരുളുകയും ചെയ്യും.

ഗുണ്ടര്‍ട്ടിന്റെ നിഘണ്ടുവില്‍ പരാമര്‍ശിച്ചിട്ടുള്ള "കുറുന്തിരിപ്പാട്ട്‌' കുറുന്തിനിപ്പാട്ട്‌ തന്നെയായിരിക്കണം. ചെറുതിരികള്‍ കത്തിച്ചുവച്ച്‌ നൂറു പാലും പകര്‍ന്നു വയ്‌ക്കുന്ന അതിലെ കര്‍മാംഗത്തെ "കുറുന്തിരി' എന്ന പദം സൂചിപ്പിക്കുന്നുണ്ട്‌. ഈ അനുഷ്‌ഠാനകര്‍മവുമായി ബന്ധപ്പെട്ടവര്‍ "കുറുന്തിനി' എന്ന രൂപത്തിനാണ്‌ അംഗീകാരം നല്‌കുന്നത്‌. ഇതിന്‌ ഇന്ന്‌ വലിയ പ്രചാരമില്ല.

(ഡോ.എം.വി. വിഷ്‌ണുനമ്പൂതിരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍