This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുറിഞ്ചി (രാഗം)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുറിഞ്ചി (രാഗം)

കര്‍ണാടക സംഗീതത്തില്‍ പ്രചാരം നേടിയുള്ള ഒരു ജന്യരാഗം. 29-ാമത്തെ മേളകര്‍ത്താരാഗമായ ധീരശങ്കരാഭരണത്തിന്റെ ജന്യമാണിത്‌. "കുറഞ്ചി' എന്ന പേരിലും ഇത്‌ അറിയപ്പെടുന്നു.

ആരോഹണം-സനിസരിഗമപധ
അവരോഹണം-ധപമഗരിസനിസ
 

ഷഡ്‌ജം, പഞ്ചമം എന്നീ സ്വരങ്ങള്‍ക്കു പുറമേ ചതുഃശ്രുതി ഋഷഭം, അന്തരഗാന്ധാരം, ശുദ്ധമധ്യമം, ചതുഃശ്രുതി ധൈവതം, കാകലി നിഷാദം തുടങ്ങിയ സ്വരങ്ങളും ഈ രാഗത്തില്‍ പ്രയോഗിക്കപ്പെടുന്നു. കുറിഞ്ചി ഒരു ഉപാംഗരാഗമാണ്‌. ധൈവതാന്ത്യമായ ഈ രാഗത്തിന്‌ മധ്യസ്ഥായി ധൈവതത്തിനു മുകളില്‍ സ്വരസഞ്ചാരങ്ങളില്ല. ദീര്‍ഘനിഷാദ (തീവ്രനിഷാദം 243/128) പ്രയോഗം ഈ രാഗത്തിന്റെ സംഗീതാത്മകത വര്‍ധിപ്പിക്കുന്നു. സനിനി, സനിസരിനി, നിസരി, ഗമപഗമരി, ഗരിസനി തുടങ്ങിയ സ്വരസഞ്ചാരങ്ങളില്‍ വരുന്ന തീവ്രനിഷാദം ഇതിന്റെ രാഗരഞ്‌ജകത്വത്തിനു തെളിവാണ്‌.

സമയഭേദമെന്യേ പാടാവുന്ന ഒരു ഗമകവരികരക്തി രാഗമാണിത്‌. ഇതില്‍ ഗ, പ, നി എന്നീ സ്വരങ്ങള്‍ രാഗച്ഛായാസ്വരങ്ങളായും ന്യാസസ്വരങ്ങള്‍ (അവസാന സ്വരങ്ങള്‍) ആയും വരുന്നു. ആലാപനത്തിനു സാധ്യത ഇല്ലാത്തതിനാല്‍ മധ്യമ ശ്രുതിയിലാണ്‌ ഈ രാഗം സാധാരണ പാടാറുള്ളത്‌. വിളംബകാലത്തിലുള്ള ആലാപനത്തിലാണ്‌ രാഗഭാവം പ്രകടമായി കാണുന്നത്‌. ഭക്തിരസപ്രധാനമായിട്ടുള്ള ഈ രാഗത്തിലുള്ള രചനകളെല്ലാം വിളംബിത ലയത്തിലുള്ളവയാണ്‌.

പ്രാചീനരാഗങ്ങളില്‍ പ്രധാനപ്പെട്ട കുറിഞ്ചി രാഗത്തിന്റെ ഉദ്‌ഭവത്തെക്കുറിച്ച്‌ സംഗീതരത്‌നാകരം, സംഗീതമകരന്ദം തുടങ്ങിയ പ്രാചീന സംഗീത ശാസ്‌ത്രഗ്രന്ഥങ്ങളില്‍ വിശദമായി പ്രതിപാദിച്ചിട്ടുണ്ട്‌. ദ്രാവിഡ(തമിഴ്‌) സംഗീതത്തില്‍ ഈ രാഗം "ഇരവുപണ്‍' (രാത്രിയില്‍ ആലപിക്കാറുള്ളത്‌) ആയി പ്രതിപാദിച്ചു കാണുന്നു. "കുറം' എന്ന നാടോടി രാഗത്തില്‍ നിന്നാണ്‌ കുറിഞ്ചി രാഗം വികസിച്ചതെന്നു കരുതപ്പെടുന്നു. നാടോടി സംഗീതത്തിലൂടെ കര്‍ണാടകസംഗീതത്തില്‍ പ്രചരിച്ചിട്ടുള്ള ഈ രാഗത്തില്‍ അനേകം നാടോടി ഗാനങ്ങള്‍ രചിക്കപ്പെട്ടിട്ടുണ്ട്‌. വിവാഹാഘോഷങ്ങളോടനുബന്ധിച്ച്‌ പാടാറുള്ള "കല്യാണ വൈഭോഗമേ' എന്ന ഊഞ്ഞാല്‍ പാട്ട്‌ ഈ രാഗത്തിലാണ്‌ രചിക്കപ്പെട്ടിട്ടുള്ളത്‌.

സംഗീതക്കച്ചേരികളില്‍ സാധാരണയായി പല്ലവിക്കുശേഷമോ കച്ചേരിയുടെ അന്ത്യത്തിലോ ആണ്‌ കുറിഞ്ചി രാഗകീര്‍ത്തനങ്ങള്‍ ആലപിക്കാറുള്ളത്‌. "ശ്രീ വേണുഗോപാല' (ഝംപ-മുത്തുസ്വാമി ദീക്ഷിതര്‍), "അളിവേണി' (പദം-ചാപ്പ്‌-സ്വാതിതിരുനാള്‍), "നന്ദസുതാതവ' (ഝംപ-സ്വാതിതിരുനാള്‍), "ശിവദീക്ഷ' (ആദി-ഘനം ചിന്നയ്യാ), "പവനേജേ' (ത്യാഗരാജ സ്വാമികള്‍-ഘണ്ടചാപ്പ്‌), "ഇഡിഗോ കൊലു വൈയുന്നാടി' (പല്ലകീ സേവാപ്രബന്ധം), "ജയ ജയ ഗോകുലപാല' (ആദി-നാരായണതീര്‍ഥര്‍) മുതലായ കുറിഞ്ചി രാഗകൃതികള്‍ ഇന്ന്‌ കച്ചേരികളില്‍ പാടിവരുന്നുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍