This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുറിക്കണ്ണന്‍ കാട്ടുപുള്ള്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുറിക്കണ്ണന്‍ കാട്ടുപുള്ള്‌

White throated ground thrush

മാടത്തയോളം വലുപ്പം വരുന്ന പാസ്സെറിഫോമിസ്‌ ഗോത്രത്തിലെ ഒരു പക്ഷി. കാവി എന്ന പക്ഷിയുമായി ഇതിന്‌ സാദൃശ്യമുണ്ട്‌. "കോഴിക്കിളി' എന്നും പേരുള്ള ഇതിന്റെ ശാ.നാ.: സൊവോഥേറ സയാനോട്ടസ്‌ (Zoothera cyanotus). തല, കഴുത്ത്‌, അടിഭാഗങ്ങള്‍ എന്നിവിടം മഞ്ഞിച്ച തവിട്ടുനിറവും പുറവും ചിറകുകളും വാലും മങ്ങിയ നീലവുമായിട്ടുള്ള ഈ തടിച്ചുരുണ്ട പക്ഷിക്ക്‌ കുറുകിയ വാലാണുള്ളത്‌. താടി, തൊണ്ട, മുഖത്തിന്റെ ഇരുവശങ്ങള്‍ ഇവ വെളുത്തിരിക്കും. കണ്ണിൽ തുടങ്ങി താഴെ കഴുത്തിലേക്കു പോകുന്ന രണ്ടു വരകള്‍ ഇതിന്റെ തനതു സ്വഭാവമാകുന്നു.

കുറിക്കണ്ണന്‍ കാട്ടുപുള്ള്‌

നാട്ടിന്‍പുറങ്ങളിലെ പാട്ടുകാരനായ മണ്ണാത്തിപ്പുള്ളിനോടു സാദൃശ്യമുള്ള കാട്ടുപക്ഷിയാണ്‌ കുറിക്കണ്ണന്‍ കാട്ടുപുള്ള്‌. കുന്നുകള്‍ക്കടുത്തായി മരങ്ങള്‍ ഇടതിങ്ങി വളർന്നുനില്‌ക്കുന്ന കുറ്റിക്കാടുകളിലും വളർത്തുകാടുകളിലും ഇവ സാധാരണമാണ്‌.

സ്ഥിരവാസിയാണെങ്കിലും ഇത്‌ പ്രാദേശികമായി അലഞ്ഞുനടക്കുന്ന പ്രകൃതം പ്രകടിപ്പിക്കുന്നുണ്ട്‌. 1050 മീ. വരെ ഉയരമുള്ളയിടങ്ങളിൽ ഇതിനെ പതിവായി കണ്ടെത്താം. കാട്ടിനുള്ളിലെ ഏലമരച്ചോലകളും കാപ്പിത്തോട്ടങ്ങളുമാണ്‌ ഇതിനു പ്രിയപ്പെട്ട വാസസ്ഥാനങ്ങള്‍. പൊന്തകള്‍ക്കിടയിൽ ഒളിഞ്ഞുനടന്ന്‌ ഇരതേടുന്ന കാട്ടുപുള്ള്‌ മനുഷ്യന്റെ കാല്‌പെരുമാറ്റം കേള്‍ക്കുമ്പോള്‍ പറന്നുപോയി വല്ല മരത്തിന്മേലും ഒളിക്കുന്നു. പൊന്തകളില്ലാത്ത തേക്കിൽ കാടുകളിൽ നിഴലുള്ളിടത്തു കൊഴിഞ്ഞുവീണ ഇലകള്‍ ചിനക്കി മാറ്റി ഇരതേടുക ഇതിന്റെ പതിവാണ്‌. മണ്ണാത്തിപ്പുള്ളിനെപ്പോലെ ചാടിച്ചാടിയാണ്‌ ഇതും നടക്കുക. കൃമികള്‍, പ്രാണികള്‍, പുഴുക്കള്‍ എന്നിവയാണ്‌ ആഹാരം. പഴുത്ത്‌ കാറ്റത്തു വീഴുന്ന പഴങ്ങളും കായ്‌കളും ഇവയ്‌ക്ക്‌ ഇഷ്‌ടംതന്നെ.

ഈ പക്ഷികള്‍ ശീതകാലം മുഴുവന്‍ പൊതുവേ ഏതാണ്ട്‌ നിശ്ശബ്‌ദരായി കഴിഞ്ഞുകൂടുന്നു. "ക്രീ-ീ' എന്ന്‌ നീണ്ട ഒരു ചൂളംവിളി മാത്രമേ അപ്പോള്‍ ഇവ പുറപ്പെടുവിക്കുന്നുള്ളൂ. എന്നാൽ മഴക്കാലത്ത്‌ കൂടുകെട്ടാന്‍ സമയമാകുന്നതോടെ അതിമനോഹരമായി ഇവ പാടാനാരംഭിക്കുന്നു. കൂടുതലും രാവിലെയും വൈകിട്ടുമാണ്‌ ശ്രവണസുഖദമായ ഈ ഗാനം കേള്‍ക്കുവാനിടയാവുന്നത്‌. വിവരണാതീതമായ രീതിയിൽ മനോഹരമായ അവ്യക്തരാഗങ്ങള്‍ ഒത്തിണങ്ങിയതാണ്‌ ഈ സംഗീതം.

പ്രധാനമായി, തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെ കാലമായ മേയ്‌മാസം തുടങ്ങി ആഗസ്റ്റ്‌ വരെയാണ്‌ കൂടുകെട്ടലിന്റെ സമയം. വേര്‌, ഇലകള്‍, പുൽത്തണ്ടുകള്‍ തുടങ്ങിയ വസ്‌തുക്കള്‍ ചേർത്തുവച്ചുണ്ടാക്കുന്ന കൂടിന്‌ ഒരു പരന്ന കപ്പിന്റെ ആകൃതിയായിരിക്കും. മൃദുലമായ പുല്ലുകളും ചെറുവേരുകളും കൊണ്ട്‌ കൂടിന്റെ അകവശം മേനിപിടിപ്പിച്ചിരിക്കും. ചെളികൊണ്ടുള്ള ഒരു അടിത്തറ ഇതിന്റെ പ്രത്യേകതയാണ്‌. കാടുകളിൽ ഇലകള്‍ തിങ്ങിക്കാണുന്നയിടങ്ങളിൽ തറനിരപ്പിൽനിന്ന്‌ 1-4.5 മീ. ഉയരത്തിൽ ഈ കൂടുകള്‍ സ്ഥിതിചെയ്യുന്നു. തോട്ടങ്ങളിലെ കാപ്പിച്ചെടിക്കൂട്ടങ്ങളാണ്‌ ഇവയിൽ പ്രധാനം.

ഈ പക്ഷി ഒരുതവണ മൂന്ന്‌ മുട്ടയിടുന്നു; അപൂർവമായി രണ്ടും. ഇളംനീലയോ വെണ്ണയുടെ നിറമോ ആയ മുട്ടയിൽ വിളറിയ ചുവന്ന നിറത്തിലുള്ള പൊട്ടുകള്‍ കാണപ്പെടുന്നു. കൂടുകെട്ടുന്നതും അടയിരിക്കുന്നതും കുഞ്ഞുങ്ങളെ തീറ്റിപ്പോറ്റുന്നതും ആണും പെണ്ണും ഒരുമിച്ചാണ്‌.

താളിന്റെ അനുബന്ധങ്ങള്‍