This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുറവിലങ്ങാട്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുറവിലങ്ങാട്‌

കോട്ടയം ജില്ലയിലെ ഒരു പ്രദേശം. ഒരു ക്രസ്‌തവ കേന്ദ്രം എന്ന നിലയിലാണ്‌ ഈ സ്ഥലത്തിന്റെ പ്രാധാന്യം. കോട്ടയം മൂവാറ്റുപുഴ എം.സി.റോഡില്‍ കോട്ടയത്തുനിന്ന്‌ 20 കി.മീ. വടക്കായി സ്ഥിതിചെയ്യുന്നു. കാര്‍ഷിക പ്രാധാന്യമുള്ള ഒരു പ്രദേശമായ കുറവിലങ്ങാടില്‍ ഒരു കാര്‍ഷിക ഗവേഷണകേന്ദ്രവും വിത്തുത്‌പാദനകേന്ദ്രവും ഉണ്ട്‌. 1964-65-ല്‍ സ്ഥാപിതമായ ദേവമാതാ കോളജ്‌ ഇവിടത്തെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനമാണ്‌.

കുറവിലങ്ങാട്ട്‌ പള്ളി. പ്രസിദ്ധമായ ഒരു പുരാതന ക്രസ്‌തവ ദേവാലയം. സെന്റ്‌ മേരീസ്‌ പള്ളി എന്ന പേരിലറിയപ്പെടുന്ന ഈ ദേവമാതൃ തീര്‍ഥാടന കേന്ദ്രം കോട്ടയത്തുനിന്ന്‌ 20 കി.മീ. വടക്ക്‌ സ്ഥിതിചെയ്യുന്നു.

കുറവിലങ്ങാട്‌ പള്ളി

ഈ ദൈവാലയത്തിന്റെ സ്ഥാപനം 4-ാം ശതകത്തിലാണെന്ന്‌ കണക്കാക്കപ്പെടുന്നു. ക്രിസ്‌തുശിഷ്യനായ മാര്‍ത്തോമ്മാശ്ലിഹായില്‍ നിന്ന്‌ വിശ്വാസം സ്വീകരിച്ച്‌ ക്രിസ്‌തുമതാനുയായികളായിത്തീര്‍ന്ന പാലയൂരിലെ ബ്രാഹ്മണ കുടുംബക്കാരാണ്‌ കുറവിലങ്ങാട്ടെ പൂര്‍വികര്‍. കള്ളി, കാളികാവ്‌, ശങ്കരപുരി, പകലോമറ്റം എന്നീ നാല്‌ ബ്രാഹ്മണകുടുംബങ്ങളും കടപ്പൂര്‍ അഞ്ച്‌ വീട്ടുകാരും കുറവിലങ്ങാട്ടിനടുത്തുള്ള കാളികാവിലും കടപ്പൂരിലും കുടിയേറിപ്പാര്‍ത്തതായി ചരിത്രരേഖകളില്‍ കാണുന്നു. പ്രതികൂല സാഹചര്യം നിമിത്തം പാലയൂരില്‍ നിന്ന്‌ കുടിപുറപ്പെട്ട നാലില്ലക്കാര്‍ യാത്രചെയ്‌ത്‌ ബ്രാഹ്മണരുടെ ശക്തികേന്ദ്രമായിരുന്ന ഏറ്റുമാനൂര്‍ ക്ഷേത്രപരിസരത്തിലെത്തിച്ചേര്‍ന്നു. ക്ഷേത്രാധികാരികള്‍ ക്രിസ്‌തുമതാനുയായികളായ നാലില്ലക്കാരെ നശിപ്പിക്കുന്നതിന്‌ ഏറ്റുമാനൂരിലും കുറവിലങ്ങാട്ടിനും ഇടയ്‌ക്കുള്ള കാളികാവ്‌ ഭദ്രകാളിക്ഷേത്രത്തിന്‌ സമീപത്തേക്ക്‌ പറഞ്ഞയച്ചു. എന്നാല്‍ അവര്‍ക്ക്‌ യാതൊരപകടവും സംഭവിക്കാത്തതില്‍ വിസ്‌മിതരായ ക്ഷേത്രാധികാരികള്‍ വേണ്ടുവോളം സ്ഥലം ദാനം ചെയ്‌തു. അങ്ങനെ ആ നാലു കുടുംബക്കാര്‍ ക്ഷേത്രത്തിനു സമീപം നാലു പുരയിടങ്ങളിലായി താമസമാക്കി എന്നാണ്‌ പറയപ്പെടുന്നത്‌. അവര്‍ അന്നു താമസമുറപ്പിച്ചിരുന്ന പുരയിടങ്ങള്‍ അവരുടെ ഇല്ലപ്പേരുകളില്‍ ഇന്നും അറിയപ്പെടുന്നു. ഈ പള്ളിയെ സംബന്ധിച്ചു പല ഐതിഹ്യങ്ങളും നിലവിലുണ്ട്‌. കന്യകാ മാതാവ്‌ കുട്ടികള്‍ക്ക്‌ പ്രത്യക്ഷപ്പെട്ട്‌ കല്ലുകള്‍ അപ്പക്കഷണങ്ങളാക്കി മാറ്റി അവരുടെ വിശപ്പടക്കുകയും സമീപത്തുതന്നെ ഒരു ഉറവ സൃഷ്‌ടിച്ചു ദാഹം ശമിപ്പിക്കുകയും ചെയ്‌തതായിട്ട്‌ വിശ്വസിക്കപ്പെടുന്നു. ഈ പള്ളിയിലെ പ്രധാന തിരുനാളാണ്‌ മൂന്നു നോമ്പ്‌. ദൈവാജ്ഞ ലംഘിച്ച്‌ യാത്ര ചെയ്‌ത യോനാ ദീര്‍ഘദര്‍ശി കപ്പലില്‍ നിന്ന്‌ കടലിലേക്ക്‌ എറിയപ്പെടുകയും മൂന്നു ദിവസം ഒരു വന്‍മത്സ്യത്തിന്റെ വയറ്റില്‍ ചെലവഴിക്കയും ചെയ്‌ത സംഭവം ബൈബിളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. ദൈവഹിതത്തിനെതിരായി പ്രവര്‍ത്തിച്ചതുകാരണം യോനാ ദീര്‍ഘദര്‍ശിക്കുണ്ടായ ദുഃസ്ഥിതിയും അനുതപിച്ച്‌ ദൈവത്തോട്‌ പ്രാര്‍ഥിച്ചതുമൂലമുണ്ടായ സുസ്ഥിതിയും മാതൃകയാക്കി കേരള സുറിയാനി ക്രിസ്‌ത്യാനികള്‍ മൂന്നുദിവസം അനുതാപത്തിന്റെയും പ്രാര്‍ഥനയുടെയും അവസരമായി ആചരിക്കുന്ന മൂന്നു നോമ്പിന്റെ പ്രധാനപ്പെട്ട തിരുനാളായ ചൊണ്ണാഴ്‌ച ദേവാലയപരിസരം ഒരു മനുഷ്യമഹാസമുദ്രമായി മാറുന്നു. യോനാ ദീര്‍ഘദര്‍ശിയുടെ കപ്പല്‍ യാത്രയെ അനുസ്‌മരിപ്പിച്ചുകൊണ്ടുള്ള "കപ്പല്‍ പ്രദക്ഷിണ'വും "ആനയകമ്പടി' പ്രദക്ഷിണവും മറ്റൊരു പള്ളിയിലും ഇല്ലാത്ത ചടങ്ങുകളാണ്‌.

ഏറ്റുമാനൂര്‍ ദേവസ്വം വകയായി കുറവിലങ്ങാട്ടു പള്ളിക്ക്‌ 25 പറ ഇരിപ്പൂനിലവും ഓട്ടുപാത്രങ്ങളും ഓടുകൊണ്ടുള്ള തുടല്‍ വിളക്കും ലഭിച്ചിട്ടുള്ളതായും ഏറ്റുമാനൂര്‍ ദേവസ്വം അതതുകാലത്തെ ആനയെ മൂന്നുനോമ്പിന്‌ അകമ്പടി സേവിക്കുന്നതിന്‌ അയച്ചുകൊണ്ടിരുന്നതായും ചരിത്രമുണ്ട്‌. ഏറ്റുമാനൂര്‍ ക്ഷേത്രാധികാരികളും കുറവിലങ്ങാട്ടു പള്ളിക്കാരും അത്യന്തം സൗഹൃദത്തില്‍ കഴിഞ്ഞുകൂടി എന്നുള്ളത്‌ പ്രത്യേകം പറയേണ്ടതുണ്ട്‌.

1960-ല്‍ പണിതീര്‍ത്ത ഇന്നത്തെ ദേവാലയം ആധുനിക ശില്‌പകലയുടെ ഉത്തമമാതൃകയാണ്‌. ഇവിടെ സൂക്ഷിച്ചിട്ടുള്ളവയില്‍ കപ്പല്‍ , പഴയ ചിരവകള്‍, മണികള്‍, കരിങ്കല്‍ കുരിശ്‌ എന്നിവ പ്രത്യേകം എടുത്തുപറയേണ്ടവയാണ്‌. കേരള സുറിയാനി സഭയുടെ നേതാക്കളായ പറമ്പില്‍ ചാണ്ടിമെത്രാന്‍, നിധിയിരിക്കല്‍ മാണിക്കത്തനാര്‍, പനങ്കുഴയ്‌ക്കല്‍ വല്യച്ചന്‍ തുടങ്ങിയവര്‍ ഈ പള്ളിയോടു ബന്ധപ്പെട്ടവരില്‍ പ്രമുഖരാണ്‌.

(ഡോ. തോമസ്‌ വെള്ളിലാംതടം)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍