This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുരങ്ങ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുരങ്ങ്‌

Monkey

പ്രമേറ്റ്‌ വര്‍ഗത്തിലുള്‍പ്പെട്ട സസ്‌തനി. മൃഗങ്ങളുടെ കൂട്ടത്തില്‍ സവിശേഷമായ ഒരു സ്ഥാനമാണ്‌ ഇവയ്‌ക്കുള്ളത്‌. പക്ഷേ ശാരീരികഘടനയില്‍ മറ്റു പല സസ്‌തനികളെയുമപേക്ഷിച്ച്‌ പ്രകടമായ മേന്മ കുരങ്ങുകള്‍ക്കുണ്ടെന്ന്‌ തീര്‍ത്തു പറയാനാവില്ല. തലച്ചോറിന്റെ ഘടനയിലും ബുദ്ധിവൈഭവത്തിന്റെ കാര്യത്തിലും കുരങ്ങുകള്‍ മറ്റു മൃഗങ്ങളെക്കാള്‍ ഒരു പടിയെങ്കിലും മുന്നിലാണ്‌. പക്ഷേ എല്ലായിനം കുരങ്ങുകളും ബുദ്ധിപരമായ കഴിവിന്റെ കാര്യത്തില്‍ ഒരുപോലെ ഉന്നതന്മാരല്ല. എന്നു മാത്രമല്ല, ചില കുരങ്ങുകള്‍ ഇക്കാര്യത്തില്‍ മറ്റു വിഭാഗങ്ങളില്‍ പ്പെടുന്ന പല സസ്‌തനികളോളം എത്തുന്നുമില്ല. എന്നാല്‍ പ്രമേറ്റുകള്‍ക്കെല്ലാം സമാനമായ ഒരു സവിശേഷതയുണ്ട്‌. അന്യവസ്‌തുക്കളില്‍ കയറിപ്പിടിക്കാന്‍ ഉതകുമാറ്‌ സംവിധാനം ചെയ്യപ്പെട്ട കൈകാലുകള്‍ ആണ്‌ പ്രമേറ്റുകളെ സംബന്ധിച്ചിടത്തോളം തീര്‍ത്തും പറയാവുന്ന പൊതു അവയവ ഘടന.

ഓള്‍ഡ്‌ വേള്‍ഡ്‌ കുരങ്ങുകള്‍

സ്‌പീഷീസ്‌ വൈവിധ്യത്താല്‍ സമ്പന്നമാണ്‌ കുരങ്ങുകള്‍. 200-ലധികം സ്‌പീഷീസ്‌ കുരങ്ങുകളാണുള്ളത്‌. മധ്യ അമേരിക്ക, തെക്കേ അമേരിക്ക, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളിലെ ഉഷ്‌ണമേഖലാപ്രദേശങ്ങളാണ്‌ ഇവയുടെ ആവാസകേന്ദ്രം. വനങ്ങളിലും പുല്‍ മേടുകളിലും ഇവയെ കാണാം. വലുപ്പത്തിന്റെ കാര്യത്തില്‍ കുരങ്ങുകള്‍ക്കിടയില്‍ വ്യത്യാസമുണ്ട്‌. പിഗ്‌മി മാര്‍മൊസെറ്റ്‌ എന്ന ഏറ്റവും ചെറിയ കുരങ്ങന്റെ ശരീരത്തിന്‌ (വാല്‍ ഒഴികെ) വെറും 15 സെ.മീ. നീളമാണുള്ളത്‌. എന്നാല്‍ , മാന്‍ഡ്രില്‍ എന്ന ഇനത്തിനാകട്ടെ ഏകദേശം ഒരു മീറ്ററോളം നീളമുണ്ടായിരിക്കും.

മരത്തില്‍ ജീവിക്കുന്നതിന്‌ അനുയോജ്യമായ ശരീരഘടനയാണ്‌ കുരങ്ങുകളുടേത്‌. എന്നാല്‍ ജീവിതത്തിന്റെ ഭൂരിഭാഗവും നിലത്ത്‌ കഴിച്ചുകൂട്ടുന്ന കുരങ്ങുകളുമുണ്ട്‌. നീളമേറിയതും ബലിഷ്‌ഠവുമായ കൈകാലുകള്‍ കുരങ്ങുകളുടെ പ്രത്യേകതയാണ്‌. നിറങ്ങള്‍ തിരിച്ചറിയാന്‍ ശേഷിയുള്ള കാഴ്‌ചശക്തിയേറിയ കണ്ണുകള്‍, പരിസരത്തെക്കുറിച്ചുള്ള അറിവ്‌ പ്രദാനം ചെയ്യുന്നു. മിക്കവാറും ഇനം കുരങ്ങുകള്‍ക്കും വളരെകുറച്ചുസമയത്തേക്ക്‌ രണ്ട്‌ കാലില്‍ നടക്കാനുള്ള ശേഷിയുണ്ട്‌. മരത്തില്‍ അധിവസിക്കുന്ന ഇനങ്ങള്‍ക്കാണ്‌ താരതമ്യേന നീളംകൂടിയ വാലുള്ളത്‌. മിശ്രഭോജികളാണ്‌ കുരങ്ങുകള്‍. ഇലകള്‍ ഭക്ഷിക്കുന്ന ഇനങ്ങള്‍ക്ക്‌ പ്രത്യേക ദന്തസംവിധാനമാണുള്ളത്‌.

ശരീരഘടന, പെരുമാറ്റം എന്നിവയുടെ അടിസ്ഥാനത്തില്‍ ശാസ്‌ത്രജ്ഞര്‍ കുരങ്ങുകളെ ന്യൂവേള്‍ഡ്‌, ഓള്‍ഡ്‌ വേള്‍ഡ്‌ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.

ഓള്‍ഡ്‌ വേള്‍ഡ്‌ കുരങ്ങുകള്‍. ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലാണ്‌ ഇവയെ കണ്ടുവരുന്നത്‌. പരസ്‌പരം അടുത്ത്‌ സ്ഥിതിചെയ്യുന്ന നാസാരന്ധ്രങ്ങള്‍, 32 പല്ലുകള്‍ എന്നിവ ഓള്‍ഡ്‌ വേള്‍ഡ്‌ കുരങ്ങുകളുടെ സവിശേഷതയാണ്‌. യഥേഷ്‌ടം ചലിപ്പിക്കാന്‍ കഴിയുന്ന തള്ളവിരലാണ്‌ (thumb) ഇവയുടെ മറ്റൊരു പ്രത്യേകത. മരത്തിലും നിലത്തും ജീവിക്കാന്‍ കഴിയുന്ന ഇവയ്‌ക്ക്‌ വാല്‍ ഉപയോഗിച്ച്‌ വസ്‌തുക്കള്‍ പിടിക്കാന്‍ കഴിയില്ല. ഭക്ഷണം ശേഖരിച്ചുവയ്‌ക്കാനായി വായ്‌ക്കുള്ളില്‍ പ്രത്യേക അറയുള്ള (Cheekpouch) ഇനങ്ങള്‍ ഇക്കൂട്ടത്തിലുണ്ട്‌.

ഗോറില്ല

ന്യൂവേള്‍ഡ്‌ കുരങ്ങുകള്‍. മധ്യഅമേരിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിലാണ്‌ ഈ കുരങ്ങുകളുള്ളത്‌. അകലത്തില്‍ സ്ഥിതിചെയ്യുന്ന നാസാരന്ധ്രങ്ങളും 36 പല്ലുകളുമാണ്‌ ഇവയ്‌ക്കുള്ളത്‌. ഇവയിലെ എല്ലാ ഇനങ്ങളും മരത്തില്‍ അധിവസിക്കുന്നവരാണ്‌. ഓള്‍ഡ്‌ വേള്‍ഡ്‌ കുരങ്ങുകളെപ്പോലെ യഥേഷ്‌ടം തിരിക്കാന്‍ കഴിയുന്ന തള്ളവിരലല്ല ഇവയുടേത്‌. നിറം, ആകൃതി, വലുപ്പം എന്നിവയില്‍ വ്യത്യസ്‌തരാണ്‌ ന്യൂവേള്‍ഡ്‌ കുരങ്ങുകള്‍. ഹൗളര്‍, സ്‌പൈഡര്‍ കുരങ്ങ്‌ തുടങ്ങിയവയ്‌ക്ക്‌ വാല്‍ ഉപയോഗിച്ച്‌ വസ്‌തുക്കളെ പിടിച്ചുവയ്‌ക്കാനുള്ള കഴിവുണ്ട്‌. കുരങ്ങുകളെല്ലാംതന്നെ സാമൂഹ്യജീവിതം നയിക്കുന്നവയാണ്‌. ന്യൂവേള്‍ഡ്‌ കുരങ്ങുകള്‍ മിക്കവാറും 20 അംഗങ്ങളുള്ള സമൂഹമായാണ്‌ കാണപ്പെടുന്നതെങ്കില്‍ , ഓള്‍ഡ്‌ വേള്‍ഡ്‌ കുരങ്ങ്‌ സമൂഹത്തില്‍ 30 മുതല്‍ 100 വരെ അംഗങ്ങളുണ്ടാകാം. പ്രധാനമായും മൂന്ന്‌ വിധത്തിലുള്ള സമൂഹമാണ്‌ കുരങ്ങുകള്‍ക്കിടയില്‍ കണ്ടുവരുന്നത്‌. പ്രായപൂര്‍ത്തിയായ ആണ്‍കുരങ്ങും പെണ്‍കുരങ്ങും അവരുടെ കുഞ്ഞും മാത്രമുള്‍പ്പെടുന്ന കുടുംബങ്ങളുടെ സമൂഹമാണ്‌ ഒന്ന്‌. പെണ്‍കുരങ്ങുകളും അവയുടെ ഇരട്ടിയിലധികം വരുന്ന ആണ്‍കുരങ്ങുകളും കുഞ്ഞുങ്ങളും അടങ്ങിയ സമൂഹമാണ്‌ മറ്റൊന്ന്‌. കപ്പൂച്ചിന്‍, ഹൗളര്‍, സ്‌പൈഡര്‍ കുരങ്ങ്‌ തുടങ്ങി മിക്കവാറും ന്യൂവേള്‍ഡ്‌ കുരങ്ങുകളും ഇത്തരം സമൂഹജീവിതം നയിക്കുന്നവയാണ്‌. ഓള്‍ഡ്‌ വേള്‍ഡ്‌ കുരങ്ങുകളുടെ ഇടയില്‍ ബബൂണ്‍, മക്കാക്ക്‌, ലാംഗൂര്‍ എന്നിവരും ഇതിന്‌ ഉദാഹരണങ്ങളാണ്‌. മറ്റൊരുവിധം സമൂഹത്തില്‍ പ്രായപൂര്‍ത്തിയായ ഒരു ആണ്‍കുരങ്ങ്‌ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. പെണ്‍കുരങ്ങുകളെയും കുഞ്ഞുങ്ങളെയും നയിക്കുന്നത്‌ ഈ ആണ്‍കുരങ്ങായിരിക്കും.

ഓരോ ഇനം കുരങ്ങുകളുടെയും ഗര്‍ഭകാലം വ്യത്യസ്‌തമായിരിക്കും. സാധാരണയായി പ്രസവത്തില്‍ ഒരു കുഞ്ഞ്‌ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. അപൂര്‍വമായി ഇരട്ടകളും ഉണ്ടാകാറുണ്ട്‌. സ്വന്തമായി നടക്കാറാകുന്നതുവരെ കുഞ്ഞുങ്ങളെ ശരീരത്തിലേറ്റി നടക്കുന്നവരാണ്‌ മിക്കവാറും ഇനം കുരങ്ങുകളും. എന്നാല്‍ മാര്‍മോസെറ്റ്‌, ഡൗറോകോളിസ്‌, റ്റിറ്റിസ്‌ എന്നീ ന്യൂവേള്‍ഡ്‌ കുരങ്ങുകളില്‍ ആണ്‍കുരങ്ങുകളാണ്‌ കുഞ്ഞുങ്ങളെ ചുമക്കുന്നത്‌.

വര്‍ണവാനരന്‍

വര്‍ഗീകരണം

കുരയ്‌ക്കുന്ന കുരങ്ങ്‌

ഓള്‍ഡ്‌ വേള്‍ഡ്‌ കുരങ്ങുകള്‍. കാറ്ററൈന്‍ എന്ന വര്‍ഗത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഓള്‍ഡ്‌ വേള്‍ഡ്‌ കുരങ്ങുകളെ സെര്‍ക്കോപിത്തെസിഡേ(cercopithecidae)എന്ന കുടുംബത്തിലാണ്‌ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. 21 ജീനസുകളിലായി നൂറിലധികം സ്‌പീഷീസുകളാണ്‌ ഈ വിഭാഗത്തിലുള്ളത്‌.

മാര്‍മോസൈറ്റ്‌
ഡൗറോകൗളി

ന്യൂവേള്‍ഡ്‌ കുരങ്ങുകള്‍. പ്ലാറ്റിറൈനി വര്‍ഗത്തിലാണ്‌ ന്യൂവേള്‍ഡ്‌ കുരങ്ങുകളെ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ട്രാപ്പിക്കല്‍ , മധ്യ, തെക്കേ അമേരിക്കയിലാണിവ കൂടുതലായുള്ളത്‌. അഞ്ചു കുടുംബങ്ങളിലായി നൂറോളം സ്‌പീഷീസുകള്‍ ഉണ്ട്‌. കുടുംബം: (a) കാലിട്രിക്കിഡേ (marmosets and tamarinus). നാല്‌ ജീനസുകളിലായി 27-ലധികം സ്‌പീഷീസുകള്‍

ഗോറില്ല, ചിമ്പാന്‍സി, ഒറാങ്‌ ഉട്ടാന്‍, ഗിബ്ബണ്‍ തുടങ്ങിയവ ഹോമിനോയ്‌ഡെ എന്ന സൂപ്പര്‍ കുടുംബത്തിലെ അംഗങ്ങളാണ്‌. വാലില്ലാക്കുരങ്ങുകള്‍ (apes)എന്നാണ്‌ അറിയപ്പെടുന്നതെങ്കിലും ഇവയെ കുരങ്ങുകളുടെ കുടുംബത്തിലല്ല ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. കുരങ്ങുകളെക്കാള്‍ ബുദ്ധിശക്തി കൂടുതലാണിവയ്‌ക്ക്‌. വാലിന്റെ അഭാവം, അപ്പെന്‍ഡിക്‌സിന്റെ സാന്നിധ്യം എന്നിവ ഇവയുടെ സവിശേഷതകളാണ്‌. തെക്കുകിഴക്കന്‍ ഏഷ്യ, മധ്യ ആഫ്രിക്ക എന്നിവിടങ്ങളിലെ ഉഷ്‌ണമേഖലാ മഴക്കാടുകളിലാണിവയെ കണ്ടുവരുന്നത്‌.

ഗിബ്ബണ്‍

നാടന്‍ കുരങ്ങെന്നും വെള്ളമന്തി എന്നും നാം വിളിക്കാറുള്ള ബോണറ്റ്‌ മക്കാക്കിന്‌ (Macaca radiata) ഏറിയാല്‍ 60 സെ.മീ. ഉയരമേ കാണുകയുള്ളൂ. ഏറ്റവും വലുതിന്‌ 9 കിലോഗ്രാമോളം ഭാരവും കണ്ടേക്കും. സിംഹവാലന്‍ തുടങ്ങി മറ്റു മക്കാക്കുകളെ അപേക്ഷിച്ച്‌ വാലിന്‌ നീളക്കൂടുതലുള്ള ഒരിനമാണ്‌ വെള്ളമന്തി. കേരളത്തിലും മഹാരാഷ്‌ട്രയിലുമാണ്‌ ഇവ ധാരാളമായുള്ളത്‌. തെക്കേ ഇന്ത്യന്‍ വാനരനെന്ന്‌ ഇതിനെ വിശേഷിപ്പിക്കാം. കാക്കാലന്മാരും മറ്റും കളിപ്പിച്ചുകൊണ്ടു നടക്കുന്ന ഈ കുരങ്ങുവര്‍ഗം അനേകംപേര്‍ക്ക്‌ ഉപജീവനമാര്‍ഗമായി മാറിയിരിക്കുന്നു. ഗ്രാമങ്ങളിലും നഗരങ്ങളിലും വനത്തിലും ഒക്കെ ഇതിനെ കാണാന്‍ കഴിയും. ഇലയും തണ്ടും കായും ചെറുപ്രാണികളായ പൂച്ചിയും ചിലന്തിയും ഒക്കെ ഇതിന്റെ ആഹാരത്തില്‍ പ്പെടുന്നു. വര്‍ഷത്തില്‍ മിക്കവാറും എല്ലാ മാസങ്ങളിലും ഇവ ഇണചേരുകയും പ്രസവിക്കുകയും ചെയ്യുമെന്നു വരികിലും പ്രധാനമായും ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലാണ്‌ ഇവ കൂടുതലായും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത്‌. മാര്‍ച്ച്‌ മുതല്‍ ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ പ്രസവം നടക്കുന്നു. രണ്ടര വയസ്സിനും മൂന്നുവയസ്സിനുമിടയ്‌ക്ക്‌ പ്രായപൂര്‍ത്തിയെത്തും. നാടന്‍ കുരങ്ങിന്റെ ശരാശരി ആയുര്‍ദൈര്‍ഘ്യം പതിനഞ്ചു വര്‍ഷമാണ്‌.

ഹിമാലയത്തിലും അസമിലും മധ്യ-ഉത്തര ഭാരതത്തിലെ മറ്റുചില ഇടങ്ങളിലും കാണപ്പെടുന്ന ഒരു ഇന്ത്യന്‍ വാനരനാണ്‌ റിസസ്‌ കുരങ്ങുകള്‍ (Macaca mulatta). ഉത്തരേന്ത്യക്കാരുടെ നാടന്‍ കുരങ്ങാണിത്‌. നിലത്തിരിക്കുമ്പോള്‍ 60 സെന്റിമീറ്ററോളം ഉയരംവരുന്ന ഇതിന്‌ വളര്‍ച്ച പൂര്‍ത്തിയാകുമ്പോള്‍ 10 കിലോഗ്രാം ഭാരം കാണും. ഹിമാലയത്തില്‍ വളരുന്നവയ്‌ക്കാണ്‌ താരതമ്യേന വലുപ്പക്കൂടുതല്‍ . ഗ്രാമപ്രദേശങ്ങളിലും പട്ടണങ്ങളിലും അമ്പലപരിസരങ്ങളിലും കുളക്കരയിലും മറ്റും ഇവ കൂട്ടത്തോടെ താവളമുറപ്പിക്കുന്നു. വനത്തില്‍ കഴിയുമ്പോഴും ഒരിക്കലും ഇവ കാടിന്റെ ഉള്ളിലേക്കു കടന്നുചെല്ലാറില്ല. തുറസ്സായ ഇടങ്ങളോട്‌ പ്രത്യേക മമത കാണിക്കുന്ന ഒരിനം കുരങ്ങാണിത്‌. തീവണ്ടി സ്റ്റേഷനുകളിലും മനുഷ്യര്‍ തിങ്ങിക്കൂടുന്ന മറ്റിടങ്ങളിലും മനുഷ്യരോട്‌ തികഞ്ഞ സഹവര്‍ത്തിത്വത്തോടെ ഇവ ജീവിക്കുന്നു. മതപരമായ കാരണങ്ങളാലാവണം മനുഷ്യര്‍ ഇക്കൂട്ടരെ ഉപദ്രവിക്കാറില്ല. പക്ഷേ, ലബോറട്ടറികളില്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിലേക്കായി ഭാരതത്തില്‍ നിന്ന്‌ കൂട്ടത്തോടെ വിദേശരാജ്യങ്ങളിലേക്ക്‌ കയറ്റി അയയ്‌ക്കപ്പെട്ടതുമൂലം ഇവയുടെ അംഗസംഖ്യ ഇന്ന്‌ വളരെ കുറഞ്ഞുപോയിട്ടുണ്ട്‌.

സൈലന്റ്‌വാലിയുമായി ബന്ധപ്പെടുത്തി കേരളത്തില്‍ വളരെ ഒച്ചപ്പാടുണ്ടാക്കിയ ഒരു വാനരനാണ്‌ സിംഹവാലന്‍ കുരങ്ങ്‌ (Macaca silenus). ശിങ്കളം എന്ന പേരിലും അറിയപ്പെടുന്ന ഈ കുരങ്ങിന്റെ ജന്മദേശം പശ്ചിമഘട്ട വനങ്ങളാണ്‌. വടക്കന്‍ കര്‍ണാടകം മുതല്‍ തെക്ക്‌ കന്യാകുമാരി വരെയുള്ള കാടുകളില്‍ ഇവയെ അപൂര്‍വമായെങ്കിലും കാണാന്‍ കഴിയും. കറുത്ത പുറംചട്ടയും സമൃദ്ധമായ താടിരോമവും സിംഹത്തിന്റേതുപോലുള്ള വാലുമാണ്‌ ഈ കുരങ്ങിന്റെ പ്രത്യേകതകള്‍. ഇതിന്റെ വാലിന്‌ ഏതാണ്ട്‌ 40 സെ.മീ. നീളം കാണും. സമുദ്രനിരപ്പില്‍ നിന്ന്‌ 600 മീ. മുതല്‍ 1000 മീ. വരെ ഉയരമുള്ള ഇടതൂര്‍ന്ന വനങ്ങളില്‍ കഴിയാനാണ്‌ ഇവയ്‌ക്കിഷ്‌ടം. ഇരുപതോളം എണ്ണമുള്ള സംഘമായി കാട്ടില്‍ ഇരതേടി അലയും. സെപ്‌തംബര്‍ മാസത്തിലാണ്‌ സാധാരണയായി പെണ്‍സിംഹവാലന്‍ കുരങ്ങ്‌ പ്രസവിക്കുന്നത്‌. കാടു വെട്ടിത്തെളിച്ചതുകൊണ്ടും, മനുഷ്യരുടെ അനിയന്ത്രിതമായ വേട്ടയാടല്‍ കൊണ്ടും വംശനാശത്തിന്റെ വക്കത്തെത്തി നില്‌ക്കുന്ന ഒരു വാനരനാണ്‌ സിംഹവാലന്‍.

നീണ്ടകാലുകളും, നീണ്ടവാലും കറുത്ത മുഖവുമുള്ളവയാണ്‌ ഹനുമാന്‍കുരങ്ങ്‌ എന്ന പേരിലറിയപ്പെടുന്ന വാനരന്മാര്‍ (Presbytis entellus). ഇരിക്കുമ്പോള്‍ 75 സെ.മീ. ഉയരം വരുന്ന ഇവയ്‌ക്കു 10 കിലോഗ്രാം മുതല്‍ 15 കിലോഗ്രാം വരെ ഭാരം കാണും. ഇന്ത്യയില്‍ , വടക്ക്‌ ഹിമാലയം മുതല്‍ തെക്ക്‌ കന്യാകുമാരി വരെയുള്ള പ്രദേശങ്ങളില്‍ ഈ കുരങ്ങുകളെ കാണാന്‍ കഴിയും. മരുഭൂമികളില്‍ ഇവ കാണപ്പെടാറില്ല. പൊതുവേ, മരത്തില്‍ ഓടിയും ചാടിയും കാലം പോക്കാനാണിഷ്‌ടമെന്നു വരികിലും ചില പ്രദേശങ്ങളില്‍ ഇവ പാറക്കൂട്ടങ്ങള്‍ക്കിടയിലും വെള്ളച്ചാട്ടത്തിനു സമീപവുമൊക്കെ താവളമുറപ്പിക്കുന്നു. ഹിമാലയത്തില്‍ സമുദ്രനിരപ്പില്‍ നിന്ന്‌ 3,600 മീ. ഉയരമുള്ള മലകളില്‍ പ്പോലും ഹനുമാന്‍ കുരങ്ങുകളുണ്ട്‌. ഹിന്ദുക്കള്‍ ആരാധനാമനോഭാവത്തോടെ ഇക്കൂട്ടരെ സമീപിക്കുന്നതിലാവണം മനുഷ്യരെ ഇവ ഒട്ടും ഭയപ്പെടാറില്ല. ഗ്രാമങ്ങളിലും നഗരങ്ങളിലുമൊക്കെ ഇവ കൂട്ടത്തോടെ സ്വൈരവിഹാരം നടത്തുന്നതു കാണാം. ഒരു തികഞ്ഞ സസ്യഭുക്കായ ഹനുമാന്‍ കുരങ്ങ്‌ ഇലകളും പൂക്കളും കായ്‌കനികളും മാത്രം തിന്ന്‌ വിശപ്പടക്കുന്നു. കാട്ടിലെ പുലിയാണ്‌ ഹനുമാന്‍ കുരങ്ങിന്റെ മുഖ്യശത്രു. പൊതുവേ ഇവ ഏപ്രില്‍ -മേയ്‌ മാസങ്ങളിലാണ്‌ ഇണചേരുന്നത്‌. ഫെബ്രുവരിയില്‍ പെണ്ണ്‌ പ്രസവിക്കുന്നു. ആകൃതിയിലും സ്വഭാവവിശേഷങ്ങളിലും ഏകദേശം ഹനുമാന്‍ കുരങ്ങിനെപ്പോലെയാണെങ്കിലും സ്വര്‍ണവര്‍ണത്തിലെ പുറംചട്ടയായതിനാല്‍ വേറൊരിനമായി അറിയപ്പെടുന്നവയാണ്‌ ഗോള്‍ഡന്‍ ലംഗൂര്‍ (Presbytis geis). നോ. കരിംകുരങ്ങ്‌ ചില വിദേശ വാനരന്മാര്‍. കമ്പിളി ആടിന്റെ പുറംചട്ടയെ ഓര്‍മിപ്പിക്കുന്ന രോമക്കുപ്പായമണിഞ്ഞ വാനരനാണ്‌ വൂളി മങ്കി (Wooly Monkey) എന്ന കമ്പിളിക്കുരങ്ങ്‌ (Lagothrix lagotricha). ആമസോണ്‍ നദീതടങ്ങള്‍ സ്വന്തമാക്കിയ ഇത്‌ ഒരു വന്യജീവി എന്നതിനെക്കാളേറെ മൃഗശാലകളിലെ അന്തേവാസി എന്ന നിലയിലാണറിയപ്പെടുന്നത്‌. പാതിരിക്കുരങ്ങിനോട്‌ സാമ്യമുള്ള ഈ വാനരന്‌ 60 സെന്റിമീറ്ററോളം നീളവും, അത്രയുംതന്നെ നീളമുള്ള രോമസമൃദ്ധമായ വാലുമുണ്ട്‌. വാലിനറ്റത്തായി അടിവശത്തുള്ള ചുക്കിച്ചുളിഞ്ഞ തൊലിപ്പുറം മനുഷ്യരുടെ കൈരേഖകളെ ഓര്‍മിപ്പിക്കുന്നു. മരക്കൊമ്പുകളിലും മറ്റും തെന്നിപ്പോകാതെ ബലമായി ചുറ്റിപ്പിടിച്ചു തൂങ്ങിക്കിടക്കാന്‍ ഈ പുച്ഛാഗ്രം സഹായിക്കുന്നു. ഇവയുടെ ഗര്‍ഭധാരണകാലം ഏഴു മാസമാണ്‌. ഒരു പ്രസവത്തില്‍ ഒറ്റക്കുട്ടിയേ ഉണ്ടാകാറുള്ളൂ. കമ്പിളിക്കുരങ്ങന്മാരെ അമേരിക്കയില്‍ പലരും കൂട്ടിലടച്ചു വളര്‍ത്തുന്നുണ്ട്‌.

ആഫ്രിക്കന്‍ സ്വദേശിയാണ്‌ പാട്ടാസ്‌ എന്ന പട്ടാളക്കുരങ്ങ്‌ (Erythrocebus patas). വേട്ടപ്പട്ടികളെ ഓര്‍മിപ്പിക്കുന്ന ശരീരഘടന, വേഗത്തില്‍ ഓടാന്‍ ഉതകുന്ന നീണ്ട ബലമുള്ള കാലുകള്‍, കുറിയ വിരലുകള്‍, ദേഹം നിറയെ സമൃദ്ധമായ രോമം, വെളുത്ത മുഖവും വയറും പിന്‍കാലുകളുമൊഴികെ ദേഹമാകെ ചുവപ്പുനിറം, മുഖത്ത്‌ പിന്നിലേക്ക്‌ ചീകിവച്ചതുപോലെ നരച്ച താടിരോമങ്ങള്‍, ഇതൊക്കെച്ചേര്‍ന്നാല്‍ പട്ടാളക്കുരങ്ങായി. പെണ്ണിന്റെ ഇരട്ടിവലുപ്പമുള്ള ആണിന്‌ പ്രായപൂര്‍ത്തിയെത്തുമ്പോള്‍ ഒരു മീറ്റര്‍ നീളം വയ്‌ക്കും. അത്രതന്നെ നീളമുള്ള ഒരു വാലുമുണ്ട്‌. 10-14 കിലോഗ്രാം ഭാരം കാണും. സാവന്നാ പുല്‍ ക്കാടുകളില്‍ മിക്കവാറും എല്ലായിടത്തും ഇക്കൂട്ടരെ കാണാന്‍ കഴിയും. പുല്‍ ക്കാടുകളുടെ മറവില്‍ മറ്റാരുമറിയാതെ ജീവിതം നയിക്കുന്ന നിശ്ശബ്‌ദജീവികളാണ്‌ പട്ടാളക്കുരങ്ങുകള്‍. പുല്ലും പച്ചിലയും പഴവുമൊക്കെയാണ്‌ ഇവയുടെ മുഖ്യാഹാരം. ഇടയ്‌ക്കിടെ ഇവ ചെറിയ പ്രാണികളെയും പിടിച്ചു തിന്നാറുണ്ട്‌. കുമിളുകള്‍ ഈ കുരങ്ങുകള്‍ക്ക്‌ വലിയപഥ്യമാണ്‌. കുമിളിനായി സംഘാംഗങ്ങള്‍ തമ്മില്‍ പലപ്പോഴും കടിപിടി കൂടാറുണ്ട്‌. മനുഷ്യരോട്‌ വളരെവേഗം ഇണങ്ങുന്ന ഇവയെ പലരും വീടുകളില്‍ വളര്‍ത്താറുണ്ട്‌.

സിംഹത്തിന്റെ ഗര്‍ജനം ചെന്നെത്തുന്ന ദൂരം വരെ സ്വന്തം കുരയുടെ ശബ്‌ദവീചികള്‍ എത്തിക്കുവാന്‍ കഴിവുള്ള ഒരു വാനരനാണ്‌ ഹൗളര്‍ മങ്കി എന്ന കുരയ്‌ക്കുന്ന കുരങ്ങ്‌ (Aloutta palliata). വളരെ ഉച്ചത്തില്‍ ശബ്‌ദമുണ്ടാക്കാന്‍ കഴിയുമാറ്‌ ഇവയുടെ തൊണ്ടയിലും കഴുത്തിലുമുള്ള എല്ലുകളും മാംസപേശികളും സംവിധാനം ചെയ്‌തിരിക്കുന്നു. നാക്ക്‌ താങ്ങിനിര്‍ത്തിയിരിക്കുന്ന അസ്ഥി സാമാന്യം വലിയ ഒരു അറയുടെ മാതൃകയിലുള്ളതാണ്‌. "പ്രതിധ്വനിപേടകം' എന്നു വിശേഷിപ്പിക്കുന്ന ഈ അവയവമാണ്‌ ഉച്ചത്തില്‍ കുരയ്‌ക്കുവാന്‍ ഇവയ്‌ക്ക്‌ കരുത്തു നല്‌കുന്നത്‌. നല്ല ബലമുള്ള കീഴ്‌ത്താടിയെല്ലും ഒപ്പം സഹായത്തിനെത്തുന്നുണ്ട്‌. അമേരിക്കന്‍ വാനരന്മാരുടെ കൂട്ടത്തില്‍ വലുപ്പത്തില്‍ ഒന്നാമന്‍ ഒന്നേകാല്‍ മീറ്ററോളം നീളമുള്ള ഹൗളര്‍ മങ്കി ആണ്‌. ചുവപ്പ്‌, തവിട്ട്‌, കറുപ്പ്‌ എന്നീ നിറങ്ങളില്‍ ആകെ അഞ്ചു സ്‌പീഷീസുകള്‍ ഇവയ്‌ക്കുണ്ട്‌. ജീവിതം മുഴുവന്‍ മരച്ചില്ലകളില്‍ കഴിച്ചുകൂട്ടുന്ന ഈ കുരങ്ങന്മാരുടെ കാലുകള്‍ നാലും യഥാര്‍ഥത്തില്‍ കൈകളുടെ ഉപയോഗമാണ്‌ നിര്‍വഹിക്കുന്നത്‌. വൃക്ഷശിഖരങ്ങളില്‍ കായികാഭ്യാസപ്രകടനം നടത്താന്‍ ഏറെ ഉപകരിക്കുന്ന ഇവയുടെ ബലിഷ്‌ഠമായ വാലിനെ അഞ്ചാമത്തെ കൈ എന്നു വിശേഷിപ്പിക്കാറുണ്ട്‌. വാലില്‍ തൂങ്ങിക്കിടക്കുക എന്നത്‌ ഒരു സഹജഭാവമായി മാറുകമൂലം വാലിന്റെ അഗ്രഭാഗത്ത്‌ കൈരേഖകള്‍പോലും രൂപപ്പെട്ടുവന്നതായി ചില ശാസ്‌ത്രജ്ഞന്മാര്‍ പറയുന്നു. പച്ചിലകളും പഴങ്ങളുമാണ്‌ ഇവയുടെ മുഖ്യാഹാരം. തികഞ്ഞ സസ്യഭുക്കായ ഈ വാനരന്‍ ഒരു ദിവസം രണ്ടു കിലോഗ്രാമോളം പച്ചിലകള്‍ ഉള്ളിലാക്കും.

തലയില്‍ ഒരിനം വട്ടത്തൊപ്പി ധരിക്കുന്ന കത്തോലിക്കാ പുരോഹിതന്മാര്‍ കപ്പൂച്ചിന്‍ പാതിരിമാരെന്നറിയപ്പെടുന്നു. കാഴ്‌ചയില്‍ ഒരു കപ്പൂച്ചിന്‍ പുരോഹിതനെ ഓര്‍മിപ്പിക്കുന്ന കേശാലങ്കാരമുള്ളതുകൊണ്ട്‌ "കപ്പൂച്ചിന്‍ മങ്കി' എന്ന പേര്‍ ലഭിച്ച ഒരു അമേരിക്കന്‍ വാനരനാണ്‌ "പാതിരിക്കുരങ്ങ്‌'(Cebus sp.) കോസ്റ്റാറിക്ക മുതല്‍ പരാഗ്വേ വരെയുള്ള തെക്കേ അമേരിക്കന്‍ വനങ്ങളാണ്‌ പാതിരിക്കുരങ്ങിന്റെ ജന്മദേശം. അമേരിക്കയിലും യൂറോപ്പിലും ഇവ ഓമനയായ ഒരു വളര്‍ത്തുമൃഗമായി പരിഗണിക്കപ്പെടുന്നു. ഒരു ഡസനില്‍ പ്പരം ജാതികളുള്ള കപ്പൂച്ചിന്‍ കുരങ്ങുകളുടെ കൂട്ടത്തില്‍ 30 മുതല്‍ 60 സെ.മീ. വരെ നീളമുള്ളവയുമുണ്ട്‌. വാലിന്‌ അര മീറ്ററോളം വലുപ്പം കാണും. ശരാശരി ഭാരം രണ്ടര കിലോഗ്രാമാണ്‌. നാലു കാലുകളുടെയും വലുപ്പം തുല്യമാണ്‌. വാല്‍ നിറയെ സമൃദ്ധമായ രോമങ്ങളുണ്ട്‌. കൈകൊണ്ടെന്നപോലെ ഈ വാലുപയോഗിച്ചും ഇവ പഴങ്ങളും മറ്റും പറിച്ചെടുക്കുന്നു. വലുപ്പത്തില്‍ വളരെ ചെറുതാണെങ്കിലും വലിയ ചിമ്പാന്‍സിയുടേതിനോളം ബുദ്ധിശക്തിയുള്ള വാനരനാണ്‌ കപ്പൂച്ചിന്‍. ഓരോ പ്രവൃത്തിയും ആലോചിച്ചു ചെയ്യുന്ന ഒരു മൃഗമാണിത്‌. തീറ്റിസാധനം അല്‌പം അകലെ കിടക്കുകയാണെങ്കില്‍ കമ്പെടുത്ത്‌ അതു നീക്കി അടുപ്പിക്കും. ഏത്‌ കാലാവസ്ഥയിലും ജീവിക്കാന്‍ കഴിവുള്ള കപ്പൂച്ചിന്‍ ലോകത്തെ മിക്ക മൃഗശാലകളിലും ആരോഗ്യവാന്മാരായി വളരുന്നു. വാഴപ്പഴം, ഓറഞ്ച്‌, ആപ്പിള്‍, കാരറ്റ്‌, ഉരുളക്കിഴങ്ങ്‌, കാബേജ്‌, റൊട്ടി, പാല്‍ , മുട്ട എന്നിവ അടങ്ങുന്ന റേഷനാണ്‌ മൃഗശാലകളില്‍ ഇവയ്‌ക്ക്‌ ലഭിക്കുന്നത്‌. അതിശയകരമായ വര്‍ണവിശേഷംകൊണ്ട്‌ വാനരന്മാരുടെ കൂട്ടത്തില്‍ ശ്രദ്ധേയനായി മാറിയ ഒന്നാണ്‌ മാന്‍ഡ്രില്‍ എന്ന ബഹുവര്‍ണവാനരന്‍ (Mandrillus sphinx). ഈ കുരങ്ങ്‌ ആഫ്രിക്കന്‍ വനത്തിന്റെ സന്തതിയാണ്‌. സസ്‌തനികളുടെ കൂട്ടത്തില്‍ ഇത്ര കടുത്ത ചായക്കൂട്ടോടു കൂടിയ വദനഭംഗിയുള്ള മറ്റൊരു മൃഗവും ഇന്നു ജീവിച്ചിരിപ്പില്ല. ഒരു കുരങ്ങിനെ പിടിച്ചു പല നിറത്തിലുള്ള ഇനാമല്‍ പെയിന്റുപയോഗിച്ച്‌ മേക്കപ്പ്‌ ചെയ്‌തിരിക്കുകയാണെന്നേ ഒറ്റ നോട്ടത്തില്‍ തോന്നൂ. പൂര്‍ണവളര്‍ച്ചയെത്തിയാല്‍ മുക്കാല്‍ മീറ്ററോളം നീളംവയ്‌ക്കുന്ന മാന്‍ഡ്രിലിന്റെ തല, ഉടലിനോടനുപാതം പുലര്‍ത്താത്തവണ്ണം വലുതാണ്‌. മരംകേറാന്‍ വലിയ താത്‌പര്യമില്ലാത്ത ഇതിന്റെ വാലിന്‌ കഷ്‌ടിച്ച്‌ 10 സെ.മീ. നീളമേയുള്ളൂ. മുഖവും പൃഷ്‌ഠഭാഗവും ഒഴികെ ദേഹം മുഴുവന്‍ പൊതുവേ തവിട്ടുനിറത്തിലുള്ള രോമമാണ്‌; മാംസപേശികളിലും ശരീരത്തിനടിഭാഗത്തും വെളുത്ത രോമവും. മുഖവും പൃഷ്‌ഠവുമാണ്‌ കടുത്തനിറം കൊണ്ടലങ്കരിച്ച ശരീരഭാഗങ്ങള്‍. പിറകുവശത്ത്‌ നീലനിറവും മുഖത്ത്‌ പല നിറങ്ങളുടെ ഒരു സമ്മേളനവുമാണ്‌. മൂക്കിന്‌ കടും ചുവപ്പും കവിളിലെ നീണ്ട വരമ്പുകള്‍ക്ക്‌ നീലനിറവുമാണ്‌. ഏതാണ്ട്‌ ഒമ്പതു വയസ്സു പ്രായമുള്ള ആരോഗ്യവാനായ ആണിന്‌ പൂര്‍ണമായ വര്‍ണപ്പൊലിമ ഉണ്ടായിരിക്കും. പെണ്ണ്‌ ആണിനോളം വളരുന്നില്ല. അവന്റെ മുഖലാവണ്യവും അവള്‍ക്കില്ല. ഒരു പ്രസവത്തില്‍ ഒരു കുട്ടി മാത്രമേ മാന്‍ഡ്രിലിനു ജനിക്കാറുള്ളൂ. മൃഗശാലകളിലും ഇവ ഇണചേരുകയും പ്രസവിക്കുകയും ചെയ്യുന്നു. സാധാരണഗതിയില്‍ മുപ്പതുവര്‍ഷത്തോളം ആയുസ്സുള്ള ഇവയില്‍ ചിലത്‌ നാല്‌പത്താറു വയസ്സുവരെ ജീവിച്ചിരിക്കുന്നതിന്‌ തെളിവുകളുണ്ട്‌.

ആഫ്രിക്കയില്‍ കാണപ്പെടുന്ന ഒരു കുരങ്ങാണ്‌ ബബൂണ്‍ (Papio cynocephalus). ഇതിന്റെ അഞ്ചിനങ്ങള്‍ ഇന്നു ജീവിച്ചിരിപ്പുണ്ട്‌. നാലുകാലില്‍ നില്‌ക്കുമ്പോള്‍ അരമീറ്റര്‍ ഉയരവും മുക്കാല്‍ മീറ്ററോളം നീളവുമുള്ള ബബൂണിന്‌ 50 കിലോഗ്രാം വരെ ഭാരം കാണും. വലിയ തലയുള്ള ഈ കുരങ്ങിന്റെ മൂക്ക്‌ കൂര്‍ത്തിരിക്കുന്നു. ഇതിന്‌ നെറ്റിക്കു താഴെ രണ്ടു കയങ്ങളില്‍ ജ്വലിച്ചുനില്‌ക്കുന്ന ചെറിയ കണ്ണുകളും കുറിയ കാതുകളും ഒതുങ്ങിയ ശരീരവും ബലമുള്ള കാലുകളുമാണ്‌ ഉള്ളത്‌. ആണിന്‌ സമൃദ്ധമായ താടിരോമങ്ങളുണ്ട്‌. കാമോന്മാദത്തിന്റെ അവസരങ്ങളില്‍ പെണ്ണിന്റെ പുറകുവശം ചുവന്നുവീര്‍ത്തുവരും. ബബൂണിന്റെ അസാധാരണ വലുപ്പമുള്ള കോമ്പല്ലുകള്‍ക്ക്‌ പിച്ചാത്തിയുടെ മൂര്‍ച്ചയാണുള്ളത്‌. ഉള്ളി, കിഴങ്ങുകള്‍, പഴവര്‍ഗങ്ങള്‍, പച്ചില എന്നിവയാണ്‌ മുഖ്യാഹാരം എന്നുവരികിലും ചിലപ്പോള്‍ ഇവ മാംസവും ഭക്ഷിക്കാറുണ്ട്‌. ചെറിയ നച്ചെലികളെ പിടിച്ചുതിന്നുന്ന ഇവയ്‌ക്ക്‌ പക്ഷികളുടെ മുട്ടയും പഥ്യമാണ്‌. ആഫ്രിക്കയിലെ സ്റ്റെപ്പി പുല്‍ പ്രദേശങ്ങളില്‍ കൂട്ടത്തോടെ വളരുന്ന ഇവയെ ചിലപ്പോള്‍ കാടുകളിലും പാറക്കെട്ടുകള്‍ക്കിടയിലും കാണാന്‍ കഴിയും. കൃഷിസ്ഥലങ്ങള്‍ കൈയേറാന്‍ ബബൂണിന്‌ വലിയ താത്‌പര്യമാണ്‌. ലോകത്തുള്ള മിക്കവാറും മൃഗശാലകളില്‍ ബബൂണിനെ കാണാം. അവ ബന്ധനത്തിലും മടികൂടാതെ ഇണചേരുകയും പ്രസവിക്കുകയും ചെയ്യാറുണ്ട്‌.

മനുഷ്യന്റെ കൈവിരലിനെക്കാള്‍ ചെറിയ കുരങ്ങുകളും ഇന്ന്‌ ലോകത്ത്‌ ജീവിച്ചിരിക്കുന്നു. മിനിക്കുരങ്ങുകള്‍ എന്നു പറയാറുള്ള മാര്‍മൊസൈറ്റുകളിലെ ഒരിനമായ പിഗ്മി മാര്‍മൊസൈറ്റാണ്‌ ഏറ്റവും ചെറിയ കുരങ്ങ്‌ (Callithrix jacchus). കോമണ്‍, സില്‌ക്കി, ആമസോണ്‍, സില്‍ വറി, പിഗ്മി എന്നീ അഞ്ചിനം മാര്‍മൊസൈറ്റുകളാണ്‌ ഇന്നുള്ളത്‌. എലിയുടെ വലുപ്പമുള്ള ഈ കുരങ്ങുകള്‍ തെക്കേ അമേരിക്കന്‍ വനങ്ങളിലെ വലിയ മരങ്ങളില്‍ ഒളിച്ചുകഴിയുന്നു. ദേഹമാസകലം നീണ്ടു നേര്‍ത്ത രോമപാളികളും ചെവിക്കു പിന്നില്‍ വെഞ്ചാമരംപോലെ സമൃദ്ധമായ രോമക്കൂട്ടവും നീണ്ട വാലും ആണ്‌ ഇവയ്‌ക്കുള്ളത്‌. പിറന്ന്‌ ആറുമാസത്തിനുള്ളില്‍ ഇവയുടെ വളര്‍ച്ച പൂര്‍ത്തിയാകുന്നു.കരിംകുരങ്ങിനെപ്പോലെയോ, ചിമ്പന്‍സിയെപ്പോലെയോ ഇവയ്‌ക്ക്‌ വിരലുകളില്‍ നഖമില്ല. പകരം വിരലിനറ്റത്ത്‌ മരത്തില്‍ അള്ളിപ്പിടിച്ചു കയറാന്‍ പാകത്തിന്‌ നഖരങ്ങള്‍ അഥവാ മുള്ളുകള്‍ ആണുള്ളത്‌. ഈ മുള്ളുകള്‍ മരത്തിന്റെ തൊലിപ്പുറത്തെ വിള്ളലുകളിലുടക്കി അണ്ണാനെപ്പോലെ ഇവ മരത്തില്‍ കയറിപ്പോകുന്നു. വര്‍ഷത്തിലെ എല്ലാ മാസങ്ങളിലും പിഗ്മിക്കുരങ്ങുകള്‍ ഇണചേരാറുണ്ട്‌. പെണ്ണിന്‌ മാസംതോറും ആര്‍ത്തവമുണ്ടാകുന്നു. ഇരുപത്‌ ആഴ്‌ചയോളം ഗര്‍ഭിണിയായി കഴിയുന്ന പെണ്ണ്‌ ഇരട്ടക്കുഞ്ഞുങ്ങള്‍ക്കു ജന്മം കൊടുക്കുകയാണ്‌ പതിവ്‌. ചിലപ്പോള്‍ ഒരു കുട്ടിയേ ജനിക്കാറുള്ളൂ; അപൂര്‍വമായി മൂന്നും. പ്രസവം കഴിഞ്ഞ്‌ ഒന്നോ രണ്ടോ ദിവസങ്ങള്‍മാത്രം കുഞ്ഞുങ്ങള്‍ തള്ളയൊടൊത്ത്‌ കഴിയും. പിന്നെ സദാ സമയവും അച്ഛനുമൊരുമിച്ച്‌ കളിച്ചുനടക്കുന്ന അവ മുലപ്പാല്‍ കുടിക്കണമെന്നുള്ളപ്പോള്‍ മാത്രം തള്ളയെ സമീപിക്കും.

തെക്കേ അമേരിക്കയിലെ ഉഷ്‌ണമേഖലാവനങ്ങള്‍ താവളമാക്കിയിട്ടുള്ളവയാണ്‌ ഡൗറോകൗളി എന്ന മൂങ്ങക്കുരങ്ങ്‌ (Aotus trivirgatus). ഇതിന്‌ വളര്‍ച്ച മുറ്റുമ്പോള്‍ 35 സെ.മീ. നീളം വയ്‌ക്കുന്നു. അര മീറ്ററോളം നീളമുള്ള ഒരു വാലും ഇതിനുണ്ട്‌. നീണ്ടു നേര്‍ത്ത കാലുകളും കുറിയ, വീതികൂടിയ കൈകളുമാണ്‌ ഇവയ്‌ക്കുള്ളത്‌. ഉരുണ്ട തലയില്‍ വലിയ രണ്ടു വട്ടക്കണ്ണുകളുണ്ട്‌. കൊച്ചുചെവികളാകട്ടെ രോമക്കൂട്ടില്‍ ഒളിച്ചിരിക്കുന്നു. ദേഹമാകെ തവിട്ടുകലര്‍ന്ന കറുപ്പുനിറമാണ്‌. നിശ്ശബ്‌ദത നിറഞ്ഞ രാത്രികളില്‍ മറ്റ്‌ വന്യജീവികളെ അമ്പരപ്പിക്കുമാറ്‌ ഇടയ്‌ക്കിടെ ഇടിമുഴക്കംപോലെ ഒച്ചയുണ്ടാക്കുന്ന ചെറിയ ജീവികളാണ്‌ മൂങ്ങക്കുരങ്ങുകള്‍. ഇത്ര ശോഷിച്ച രൂപത്തില്‍ നിന്നുമാണ്‌ കര്‍ണകഠോരമായ ഈ ശബ്‌ദം പുറപ്പെടുന്നത്‌ എന്നു പറഞ്ഞാല്‍ ആര്‍ക്കും അദ്‌ഭുതം തോന്നും. കണ്‌ഠനാളത്തോടു ബന്ധിച്ചിരിക്കുന്ന കവിളിന്റെ വശങ്ങളിലുള്ള സഞ്ചിയാണ്‌ ഇങ്ങനെ ഒച്ചയുണ്ടാക്കാന്‍ ഇവയെ സഹായിക്കുന്നത്‌. പകല്‍ സമയം തലകുനിച്ച്‌ കൈകാലുകള്‍ ഒടിച്ചുമടക്കി കൂനിക്കൂടിയിരുന്നു വിശ്രമിക്കുന്ന മൂങ്ങക്കുരങ്ങിനെ കണ്ടാല്‍ ഒരു കറുത്ത രോമക്കെട്ടു കിടക്കുകയാണെന്നേ തോന്നൂ. രാത്രി സഞ്ചാരികളായതുമൂലമാകണം ഇവയുടെ ജീവിതചര്യകളെക്കുറിച്ച്‌ വളരെ കുറച്ചു പഠനങ്ങളേ ഉണ്ടായിട്ടുള്ളൂ. രാത്രികാലങ്ങളില്‍ ഇരതേടി ജീവിക്കുന്ന മറ്റ്‌ എല്ലാജീവികള്‍ക്കുമുള്ളതിനെക്കാള്‍ കാഴ്‌ചശക്തി ഈ കുരങ്ങിനുണ്ടെന്നു പറയപ്പെടുന്നു. പകല്‍ സമയങ്ങളില്‍ കുരുടന്മാരെപ്പോലെ ഇവ തപ്പിത്തടഞ്ഞാണ്‌ നടക്കുന്നത്‌. ബന്ധനത്തില്‍ കഴിയാന്‍ തീരെ ഇഷ്‌ടമില്ലാത്ത ഒരു മൃഗമാണ്‌ മൂങ്ങക്കുരങ്ങ്‌. സാന്‍ഡിയാഗോ, വാഷിങ്‌ടണ്‍, ഫ്രാങ്ക്‌ഫര്‍ട്ട്‌ എന്നിവിടങ്ങളിലെ മൃഗശാലകളില്‍ ഇവ ഇണചേര്‍ന്ന്‌ പ്രസവിച്ചിട്ടുള്ളതായി ചില രേഖകളില്‍ കാണുന്നുണ്ട്‌. മിക്കവാറും ഒരു പ്രസവത്തില്‍ രണ്ടുകുട്ടികളാണുണ്ടാവുക. കുഞ്ഞുങ്ങള്‍ക്ക്‌ പൂര്‍ണവളര്‍ച്ചയെത്താന്‍ രണ്ടുമാസക്കാലം മതി. ചില മൃഗശാലകളില്‍ മൂങ്ങക്കുരങ്ങുകള്‍ ആറുവര്‍ഷംവരെ ജീവിച്ചിരുന്നിട്ടുണ്ട്‌. നോ. ചിമ്പാന്‍സി; ഗോറില്ല; ഒറാങ്‌ ഉട്ടാന്‍

(കെ. രാജേന്ദ്രബാബു)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍