This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുരക്കേണിക്കൊല്ലം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുരക്കേണിക്കൊല്ലം

കൊല്ലം പട്ടണത്തിന്റെ പഴയപേര്‌. മലബാറിലും തിരുവിതാംകൂറിലും കൊല്ലമുണ്ടായിരുന്നതുകൊണ്ട്‌ അവയെ വേര്‍തിരിച്ചറിയാന്‍ മുന്‍ തിരുവിതാംകൂറിലെ കൊല്ലത്തെ കുരക്കേണിക്കൊല്ലമെന്നും മലബാറിലെ കൊല്ലത്തെ പന്തലായിനിക്കൊല്ലമെന്നും പറഞ്ഞുവന്നു. കൊല്ലം എന്ന പദത്തിന്‌ തുളുവില്‍ നഗരമെന്നാണ്‌ അര്‍ഥം. കുരക്കേണിപദം വളഞ്ഞ ജലാശയത്തെ സൂചിപ്പിക്കുന്നു. വളഞ്ഞ ജലാശയത്തിന്റെ തീരം എന്നാവാം ഈ പേരിന്റെ അര്‍ഥം. 150 വര്‍ഷം മുമ്പുവരെ ഈ പേര്‌ നിലനിന്നിരുന്നതായി ശാസനങ്ങളില്‍ സൂചനയുണ്ട്‌. കൊല്ലവര്‍ഷം 24-ലെ തരിസാപ്പള്ളി ശാസനത്തിലാണ്‌ ഈ പേര്‌ ആദ്യം പരാമര്‍ശിച്ചുകാണുന്നത്‌. കൊല്ലത്തെ രാമേശ്വരം ശാസനത്തില്‍ "കോയിലധികാരികളായിന രാമര്‍തിരുവടി ശ്രീകുലശേഖര ചക്രവര്‍ത്തികള്‍ കുരക്കേണിക്കൊല്ലത്തു പനൈങ്കാവില്‍ കോവിലകത്തിരുന്നരുള' എന്നിങ്ങനെ പറഞ്ഞുകാണുന്നു. ഈ രേഖ കൊല്ലം 278-ലേതാണ്‌. ആദ്യമായി കൊല്ലവര്‍ഷം രേഖപ്പെടുത്തിയ മാമ്പള്ളിപ്പട്ടയത്തില്‍ (കൊല്ലം-149) കൊല്ലമെന്നു മാത്രമേ പറയുന്നുള്ളൂ.

കുരക്കേണിക്കൊല്ലത്തെപ്പറ്റി പ്രസ്‌താവിക്കുന്ന ആദ്യരേഖ തരിസാപ്പള്ളി ശാസനമാണ്‌. സ്ഥാണുരവിയുടെ അഞ്ചാം ഭരണവര്‍ഷത്തില്‍ (എ.ഡി. 849) വേണാട്ടരചനായ അയ്യനടികള്‍ തിരുവടികള്‍ ഈഴവരും ഈഴക്കൈയരും മണ്ണാനും ഉള്‍പ്പെടുന്ന ഏതാനും കുടുംബങ്ങളെ അവര്‍ക്കുള്ള "ഇറകള്‍' ഇളവുചെയ്‌ത്‌ അവര്‍ താമസിക്കുന്ന സ്ഥലത്തോടുകൂടി കുരക്കേണിക്കൊല്ലത്തു "എശോദാതപിരായി' പണികഴിപ്പിച്ച തരിസാപ്പള്ളിക്കു ദാനം ചെയ്‌തതിനെപ്പറ്റിയും ഇളവുചെയ്‌ത നികുതികളെപ്പറ്റിയും ഉള്ള വിവരങ്ങളാണ്‌ ഈ ചെപ്പേടുകളുടെ ഉള്ളടക്കം. പ്രസ്‌തുത ക്രസ്‌തവ ദേവാലയമായിരിക്കാം കൊല്ലം നഗരത്തില്‍ ആദ്യമുണ്ടായ ക്രസ്‌തവ സ്ഥാപനം. ചക്രവര്‍ത്തിയും കോയിലധികാരിയും നാടുവാഴിയും അഞ്ചുവര്‍ണവും മണിഗ്രാമും അറുന്നൂറ്റുവരും എശോദാതപിരായിയെപ്പോലുള്ള മതമേധാവികളും നഗരപുരോഗതിക്കുവേണ്ടി കഠിനാധ്വാനം ചെയ്യുന്ന കാഴ്‌ചയാണ്‌ എ.ഡി. 9-ാം ശതകത്തില്‍ കാണുന്നത്‌.

(വി.ആര്‍.പരമേശ്വരന്‍ പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍