This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുമാരവാല്‌മീകി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുമാരവാല്‌മീകി

ഒരു കന്നഡ ഭക്തകവി. വാല്‌മീകി രാമായണം തര്‍ജുമ ചെയ്‌ത തൊറവേ നരഹരിയാണ്‌ കുമാരവാല്‌മീകിയായി അറിയപ്പെടുന്നത്‌. "തൊറവേ' കവി ജനിച്ച സ്ഥലമാണ്‌. ഇദ്ദേഹത്തിന്റെ ജീവിതകാലം കൃത്യമായി നിര്‍ണയിക്കപ്പെട്ടിട്ടില്ലെങ്കിലും 15-ാം ശതകം ആയിരിക്കാമെന്ന്‌ ഗവേഷകന്മാര്‍ അഭിപ്രായപ്പെടുന്നു. തൊറവേരാമായണവും ഐരാവണകാളഗവുമാണ്‌ ഇദ്ദേഹത്തിന്റെ കൃതികള്‍. ഐരാവണകാളഗത്തിന്റെ കര്‍തൃത്വത്തില്‍ അഭിപ്രായഭിന്നതയുണ്ട്‌. വാല്‌മീകി രാമായണത്തിന്റെ എല്ലാ കാണ്ഡങ്ങളും തര്‍ജുമ ചെയ്‌ത ആദ്യത്തെ കന്നഡ കവി ഇദ്ദേഹമാണ്‌. ആറു കാണ്ഡങ്ങളിലായി കാവ്യഭാമിനി വൃത്തത്തിലുള്ള 5,100 പദ്യങ്ങള്‍ പ്രസ്‌തുത കൃതിയിലുണ്ട്‌. തര്‍ജുമ ഗുണപുഷ്‌കലമെന്ന അഭിപ്രായം ആര്‍ക്കുമില്ല. പലപ്പോഴും ദ്രുതപ്രവാഹത്തില്‍ കവിതാഗുണം അവഗണിക്കപ്പെട്ടിരിക്കുന്നു. കവിയുടെ പ്രതിഭയും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതല്ല. രാജപ്രീതിക്കുവേണ്ടിയോ പണ്ഡിതന്മാര്‍ക്കുവേണ്ടിയോ രചിച്ചതല്ല പ്രസ്‌തുത കൃതി; സാമാന്യജനതയുടെ ഉദ്ധരണത്തിനായി രചിച്ചതാണ്‌.

കുമാരവ്യാസന്റെയും കാളിദാസന്റെയും സ്വാധീനത തൊറവേരാമായണത്തില്‍ വ്യക്തമായിക്കാണാം. കുമാരവ്യാസനെപ്പോലെ തൊറവേ നരഹരിയും വിവര്‍ത്തനത്തിനു തിരഞ്ഞെടുത്തത്‌ ഭാരതത്തിലെ ഒരു മഹോന്നത കൃതിയെത്തന്നെയാണ്‌. എന്നാല്‍ കാവ്യഗുണത്തില്‍ കന്നഡഭാരതത്തിന്റെ അടുത്തെങ്ങും എത്തുന്നതല്ല തൊറവേരാമായണം. "കവിരാജഹംസം' എന്ന ബിരുദം തനിക്കുള്ളതായി ഇദ്ദേഹം സ്വകൃതിയില്‍ പ്രസ്‌താവിച്ചു കാണുന്നു.

(ടി. വെങ്കടലക്ഷ്‌മി; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍