This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുമാരന്‍, മൂർക്കോത്ത്‌ (1874 - 1941)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുമാരന്‍, മൂര്‍ക്കോത്ത്‌ (1874 - 1941)

മൂര്‍ക്കോത്ത്‌ കുമാരന്‍

സാമൂഹിക പ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനുമായിരുന്ന ഒരു മലയാള ഗദ്യസാഹിത്യകാരന്‍. തലശ്ശേരി, മൂര്‍ക്കോത്ത്‌ രാമുണ്ണിയുടെയും കുഞ്ഞിച്ചിരുതയുടെയും പുത്രനായി 1874 ജൂണ്‍ 9-നു ജനിച്ചു. വയലളത്തെ കൊച്ചുഗൃഹത്തില്‍ അച്ഛനൊന്നിച്ച്‌ വളരെ ക്ലേശിച്ചാണ്‌ ശൈശവം കഴിച്ചുകൂട്ടിയത്‌. തലശ്ശേരി ബാസല്‍ മിഷന്‍ ഹൈസ്‌കൂളില്‍ പഠനം നടത്തി. അവിടത്തെ ബ്രണ്ണന്‍ കോളജില്‍ നിന്ന്‌ എഫ്‌.എ. പരീക്ഷ ജയിച്ചതിനുശേഷം മദിരാശി ക്രിസ്‌ത്യന്‍ കോളജില്‍ ബി.എ.യ്‌ക്ക്‌ പഠിച്ചു. ചരിത്രവിഷയത്തില്‍ തോറ്റുപോയി. സൈദാപ്പെട്ട്‌ കോളജില്‍ ട്രയിനിങ്‌ കഴിച്ചു പ്രത്യേക യോഗ്യതാപത്രവും നേടിക്കൊണ്ടു മടങ്ങിയെത്തിയ ഇദ്ദേഹം കോഴിക്കോട്ട്‌ സെന്റ്‌ ജോസഫ്‌സ്‌ യൂറോപ്യന്‍ ബോയ്‌സ്‌ സ്‌കൂളില്‍ അധ്യാപകനായതോടുകൂടി കുമാരന്‍ മാസ്റ്റര്‍ എന്ന പേരിലറിയപ്പെടാന്‍ തുടങ്ങി. 1905 മുതല്‍ 12 വരെ മംഗലാപുരം സെന്റ്‌ അലോഷ്യസ്‌ കോളജില്‍ സീനിയര്‍ മലയാളം പണ്ഡിറ്റായും തുടര്‍ന്ന്‌ ഇല്ലിക്കുന്നില്‍ ബാസല്‍ മിഷന്‍ ഗ്രാമര്‍ മിഡില്‍ സ്‌കൂളില്‍ ഹെഡ്‌മാസ്റ്ററായും ഒടുവില്‍ തലശ്ശേരി സെന്റ്‌ ജോസഫ്‌സ്‌ ബോയ്‌സ്‌ സ്‌കൂളില്‍ ഫസ്റ്റ്‌ അസിസ്റ്റന്റായും ഇദ്ദേഹം സേവനമനുഷ്‌ഠിച്ചു.

കുമാരന്‍ മാസ്റ്ററുടെ കര്‍മവേദിയില്‍ പത്രപ്രവര്‍ത്തനത്തിനുള്ള സ്ഥാനം ഒരിക്കലും മങ്ങാത്തതാണ്‌. 1894 മുതല്‍ 1941 വരെ ഇദ്ദേഹം പത്രപ്രസിദ്ധീകരണരംഗത്ത്‌ ഊര്‍ജസ്വലനായി പ്രവര്‍ത്തിച്ചിരുന്നു. 1896 ഫെ. 22-ന്‌ ഇദ്ദേഹം മലയാള മനോരമയില്‍ എഴുതിയ "കലികാല വൈഭവ'മാണ്‌ ഇദ്ദേഹത്തിന്റെ ആദ്യകാല പത്രലേഖനങ്ങളില്‍ പ്രശസ്‌തം. സത്യവാദി, ഗജകേസരി, ദീപം, മിതവാദി എന്നിവയുടെ പത്രാധിപത്യം വഹിച്ച്‌ നിരവധി പംക്തികള്‍ മാസ്റ്റര്‍ കൈകാര്യം ചെയ്‌തിട്ടുണ്ട്‌. ""കുമാരന്‍ ഫലിതച്ചാറില്‍ മുക്കാത്ത തൂവല്‍കൊണ്ട്‌ ഒരു വാക്യവും എഴുതാറില്ല എന്ന്‌ മഹാകവി വള്ളത്തോള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. 1913-ല്‍ സി. കൃഷ്‌ണന്‍ വക്കീല്‍ ആരംഭിച്ച മിതവാദി വാരികയുടെ മലയാളവിഭാഗത്തിന്റെ ആധിപത്യം കൈയേറ്റത്‌ മൂര്‍ക്കോത്തു കുമാരനാണ്‌ (എം.എസ്‌. ദാമോദരന്‍ ഇംഗ്ലീഷിന്റെയും). മഹാകവി കുമാരനാശാന്റെ വീണപൂവ്‌, അതിന്റെ നിരൂപണം എന്നിവ അക്കാലത്തു പുറത്തുവന്നത്‌ മിതവാദിയിലത്ര.

നാരായണഗുരുവിന്റെ സന്ദേശം പ്രാവര്‍ത്തികമാക്കാന്‍ മുന്നിട്ടിറങ്ങിയ ഉത്തരകേരളത്തിലെ അവിസ്‌മരണീയരായ നാരായണഗുരു ശിഷ്യന്മാരില്‍ പ്രമുഖനാണ്‌ കുമാരന്‍. കെട്ടുകല്യാണം, തിരണ്ടുകല്യാണം മുതലായ അനാചാരങ്ങള്‍ വിപാടനം ചെയ്യാന്‍ മാസ്റ്റര്‍ കഠിനമായി യത്‌നിച്ചു.

ഗ്രന്ഥകര്‍ത്താവെന്ന നിലയില്‍ ചിരസ്‌മരണീയനായ കുമാരന്‍ മാസ്റ്റര്‍ 25-ലധികം കൃതികള്‍ രചിച്ചിട്ടുണ്ട്‌. ലോകാപവാദം, വസുമതി, കനകംമൂലം, അമ്പുനായര്‍, രജപുത്രവിവാഹം, കൂനിയുടെ കുസൃതി എന്നീ നോവലുകളും "ഒരു ചിത്രം', "ഒരു മദ്യപന്‍', "ഒരു തിയ്യക്കുട്ടിയോട്‌', "മൂന്നു കൈവര്‍ത്തര്‍' എന്നീ കവിതകളും അനുവാചകരുടെ അഭിനന്ദനം നേടിയിട്ടുള്ളവയാണ്‌. പ്രകൃതിശാസ്‌ത്രത്തിലെ ചില അദ്‌ഭുതങ്ങള്‍, കാകന്‍ എന്നീ കൃതികള്‍ ശാസ്‌ത്രസാഹിത്യകാരന്‍, ശൈലീവല്ലഭന്‍ എന്നീ നിലകളില്‍ ഇദ്ദേഹത്തിനുണ്ടായിരുന്ന കഴിവ്‌ വ്യക്തമാക്കുന്നു. ഭാഷാപോഷിണിയിലും മിതവാദിയിലും ചന്ദ്രികയിലും ഇദ്ദേഹം എഴുതിയ നിരൂപണങ്ങള്‍ക്കും ലേഖനങ്ങള്‍ക്കും "പതഞ്‌ജലി', "വജ്രസൂചി', "ഒരു തിയ്യന്‍' എന്നീ തൂലികാനാമങ്ങളാണുപയോഗിച്ചിരുന്നത്‌.

കുമാരന്‍ മാസ്റ്റര്‍, അച്ഛന്റെ മരുമകള്‍ ചൂര്യയി മൂര്‍ക്കോത്തു യശോദമ്മയെയാണ്‌ വിവാഹം കഴിച്ചത്‌. ഈ ദമ്പതികളുടെ പുത്രന്മാരാണ്‌ ഭരണരംഗത്തും സാഹിത്യരംഗത്തും വിദ്യാഭ്യാസരംഗത്തും പ്രസിദ്ധന്മാരായ മൂര്‍ക്കോത്തു രാമുണ്ണിയും കുഞ്ഞപ്പയും ശ്രീനിവാസനും. ജീവിതത്തിന്റെ എല്ലാ തുറകളിലും സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച മൂര്‍ക്കോത്തു കുമാരന്‍ 1941 ജൂണ്‍ 25-ന്‌ നിര്യാതനായി.

(സി. കൃഷ്‌ണന്‍ നായര്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍