This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുമാരന്‍, എം.കെ. (1915 - 94)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുമാരന്‍, എം.കെ. (1915 - 94)

കേരളത്തിലെ ഒരു രാഷ്‌ട്രീയ സാഹിത്യ സാംസ്‌കാരിക പ്രവര്‍ത്തകന്‍. കൊല്ലം ജില്ലയില്‍ കൊട്ടാരക്കരത്താലൂക്കില്‍ ഉമ്മന്നൂര്‍ വില്ലേജില്‍ ഒരു ഇടത്തരം കര്‍ഷക കുടുംബത്തില്‍ കണ്ണന്‍ വൈദ്യരുടെയും ഉമ്മിണിയമ്മയുടെയും പുത്രനായി 1915 മേയ്‌ 30-നു ജനിച്ചു. അച്ഛന്‍ മുഖ്യമായി കാര്‍ഷികവൃത്തിയിലാണ്‌ ഏര്‍പ്പെട്ടിരുന്നതെങ്കിലും സംസ്‌കൃത ഭാഷാഭിജ്ഞനും ആയുര്‍വേദ വൈദ്യനും ആയിരുന്നു. കൊട്ടാരക്കര ഗവണ്‍മെന്റ്‌ ഇംഗ്ലീഷ്‌ ഹൈസ്‌കൂള്‍, തിരുവനന്തപുരം ആര്‍ട്‌സ്‌ കോളജ്‌, ലാ കോളജ്‌ എന്നീ സ്ഥാപനങ്ങളില്‍ പഠിച്ച്‌ ബി.എ., ബി.എല്‍. ബിരുദങ്ങള്‍ നേടി.

എം.കെ. കുമാരന്‍

വിദ്യാര്‍ഥി ജീവിതകാലത്തുതന്നെ രാഷ്‌ട്രീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. വിദ്യാര്‍ഥി പ്രസ്ഥാനത്തിലും തൊഴിലാളി പ്രസ്ഥാനത്തിലും പ്രവര്‍ത്തിച്ചു. തിരുവിതാംകൂര്‍ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്സില്‍ പ്രവര്‍ത്തിക്കുമ്പോള്‍ മാര്‍ക്‌സിയന്‍ പ്രത്യയശാസ്‌ത്രത്താല്‍ ആകൃഷ്‌ടനാവുകയും കമ്യൂണിസ്റ്റ്‌ പ്രസ്ഥാനവുമായി ബന്ധപ്പെടുകയും ചെയ്‌തു. അക്കാലത്ത്‌ കൊല്ലം കേന്ദ്രമാക്കി തൊഴിലാളികള്‍ക്കിടയില്‍ കമ്യൂണിസ്റ്റാശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനു നിയുക്തനായി. ബി.എ. പാസായതിനുശേഷം ട്രഡ്‌ യൂണിയന്‍ രംഗത്ത്‌ ഒരു സജീവ പ്രവര്‍ത്തകനായിത്തീര്‍ന്നു. ക്വയിലോണ്‍ ഫാക്‌ടറി വര്‍ക്കേഴ്‌സ്‌ യൂണിയന്‍, അഖിലതിരുവിതാംകൂര്‍ നാവികത്തൊഴിലാളി സംഘം എന്നീ പ്രമുഖ തൊഴിലാളിസംഘടനകളുടെ വൈസ്‌ പ്രസിഡന്റായും; കശുവണ്ടിത്തൊഴിലാളി യൂണിയന്‍, പുനലൂര്‍ പേപ്പര്‍ മില്‍സ്‌ വര്‍ക്കേഴ്‌സ്‌ യൂണിയന്‍, കൊല്ലം ടിംബര്‍ വര്‍ക്കേഴ്‌സ്‌ യൂണിയന്‍ എന്നിവയുടെ പ്രസിഡന്റായും; ആള്‍ ട്രാവന്‍കൂര്‍ ട്രഡ്‌ യൂണിയന്‍ കോണ്‍ഗ്രസ്സിന്റെ ജോയിന്റ്‌ സെക്രട്ടറിയായും സേവനമനുഷ്‌ഠിച്ചു. ഇതിനിടയില്‍ 1944-ല്‍ എസ്‌.എന്‍.ഡി.പി. യോഗം ഡയറക്‌ടര്‍ ബോര്‍ഡില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ യോഗത്തിന്റെ രാഷ്‌ട്രീയനയത്തില്‍ പ്രതിഷേധിച്ച്‌ ബോര്‍ഡംഗത്വം രാജിവച്ചു. 1944-ല്‍ തിരുവിതാംകൂര്‍ നിയമനിര്‍മാണസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ കൊല്ലം-കൊട്ടാരക്കര നിയോജകമണ്ഡലത്തില്‍ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥിയായിരുന്നു. രാഷ്‌ട്രീയ പ്രവര്‍ത്തനത്തിനിടയില്‍ രണ്ടു തവണ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്‌.

ലാ കോളജില്‍ ചേര്‍ന്നു പഠിത്തം പൂര്‍ത്തിയാക്കുന്നതിനു തിരുവനന്തപുരത്തേക്കു താമസം മാറ്റുകയും കേരള കൗമുദി പത്രാധിപസമിതിയില്‍ ചേരുകയും ചെയ്‌തു. കുറച്ചുകാലം അഭിഭാഷകവൃത്തിയില്‍ ഏര്‍പ്പെട്ടു. അതോടൊപ്പം രാഷ്‌ട്രീയ പ്രവര്‍ത്തനവും തുടര്‍ന്നു.

1957-ല്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി സ്ഥാനാര്‍ഥിയായി ചിറയിന്‍കീഴ്‌ പാര്‍ലമെന്ററി നിയോജകമണ്ഡലത്തില്‍ നിന്ന്‌ ലോകസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1962-ലും അതേ നിയോജകമണ്ഡലത്തില്‍ നിന്ന്‌ വിജയിക്കുകയും അങ്ങനെ പത്തുവര്‍ഷം പാര്‍ലമെന്റംഗമായി പ്രവര്‍ത്തിക്കുകയും ചെയ്‌തു. പാര്‍ലമെന്റംഗത്വം അവസാനിച്ചപ്പോള്‍ കേരളകൗമുദി ദിനപത്രത്തിന്റെ ചീഫ്‌ എഡിറ്ററായി. 1971-ല്‍ കേരള പബ്ലിക്‌ സര്‍വീസ്‌ കമ്മിഷനില്‍ അംഗമായി നിയമിക്കപ്പെട്ടു. അധികം താമസിയാതെ സര്‍വീസ്‌ കമ്മിഷന്റെ ചെയര്‍മാനുമായി. ഉദ്യോഗത്തില്‍നിന്ന്‌ വിരമിച്ചശേഷം കുറച്ചുകാലം വീണ്ടും പത്രപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.

സാഹിത്യം, രാഷ്‌ട്രീയം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച്‌ പത്രമാസികകളില്‍ നിരവധി ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. രക്തസാക്ഷി (നാടകം), പാസ്റ്റര്‍നാക്കും നിരൂപകന്മാരും (സാഹിത്യനിരൂപണം), യമുനയുടെ തീരത്ത്‌ (യാത്രാവിവരണം), ടോള്‍സ്റ്റോയിയും ഭാര്യയും (ജീവചരിത്രം) എന്നിവയാണ്‌ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള ഗ്രന്ഥങ്ങള്‍. തോന്നയ്‌ക്കല്‍ കുമാരനാശാന്‍ സ്‌മാരക സമിതി പ്രസിദ്ധീകരിച്ച ആശാന്റെ ജീവചരിത്രത്തിന്റെ പ്രഥമഭാഗം ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. നല്ലൊരു എഴുത്തുകാരനെന്നതിനു പുറമേ പ്രഗല്‌ഭനായ വാഗ്മി കൂടിയാണിദ്ദേഹം. 1994-ല്‍ ഇദ്ദേഹം അന്തരിച്ചു.

(എന്‍.കെ. ദാമോദരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍