This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുമാരഗുപ്‌തന്‍ I

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുമാരഗുപ്‌തന്‍ I

ഒരു ഗുപ്‌തരാജാവ്‌ (ഭ.കാ.സു.എ.ഡി. 415-455). ഗുപ്‌തരാജാവായ ചന്ദ്രഗുപ്‌തന്‍ II-ന്റെയും ധ്രുവാദേവിയുടെയും പുത്രന്‍. തനിക്കു പൈതൃകമായി ലഭിച്ച വിപുലമായ ഗുപ്‌തസാമ്രാജ്യത്തെ അന്യൂനമായി നിലനിര്‍ത്തുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞിരുന്നു. വടക്കു ഹിമാലയം മുതല്‍ തെക്കു വിന്ധ്യാപര്‍വതം വരെയും പടിഞ്ഞാറ്‌ അറേബ്യന്‍ കടല്‍ മുതല്‍ കിഴക്കു ബംഗാള്‍ ഉള്‍ക്കടല്‍ വരെയുമായിരുന്നു സാമ്രാജ്യവിസ്‌തൃതി. "മഹേന്ദ്രാദിത്യന്‍' എന്ന ഒരു ബിരുദം ഇദ്ദേഹം സ്വീകരിച്ചിരുന്നു. സമാധാനവും സമൃദ്ധിയും ഇദ്ദേഹത്തിന്റെ സാമ്രാജ്യത്തില്‍ ദൃശ്യമായിരുന്നു. വികസിതമായ ഒരു ഭരണയന്ത്രവും സുദൃഢമായ ഒരു സാമ്രാജ്യവും ആയിരുന്നു ഇദ്ദേഹത്തിന്റേതെന്നതിന്‌ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്‌. മതസഹിഷ്‌ണുത ഈ കാലഘട്ടത്തിന്റെ ഒരു പ്രത്യേകതയായിരുന്നു. വിഷ്‌ണു, ശിവന്‍, ശക്തി, കാര്‍ത്തികേയന്‍, സൂര്യന്‍, ബുദ്ധന്‍, മഹാവീരന്‍ തുടങ്ങിയവരെല്ലാം ജനങ്ങളുടെ ആരാധനാമൂര്‍ത്തികളായിരുന്നു. എന്നാല്‍ സുബ്രഹ്മണ്യന്‍ അഥവാ കാര്‍ത്തികേയനായിരുന്നു ഇദ്ദേഹത്തിന്റെ ഇഷ്‌ടദേവത. കുമാരഗുപ്‌തന്‍ എന്ന പേരുതന്നെ ഇതു വ്യക്തമാക്കുന്നു. മയിലിന്റെ പുറത്തു സഞ്ചരിക്കുന്ന കാര്‍ത്തികേയനെയും പ്രസ്‌തുത മയിലിനു തീറ്റ കൊടുക്കുന്ന തന്നെയും ചിത്രീകരിച്ചുകൊണ്ടുള്ള സ്വര്‍ണനാണയം കുമാരഗുപ്‌തന്‍ I അടിച്ചിറക്കിയിരുന്നു. മയിലിനു പകരം ഗരുഡനെ വാഹനമാക്കിക്കൊണ്ടുള്ള വെള്ളിനാണയവും ഇദ്ദേഹം പുറത്തിറക്കി.

കുമാരഗുപ്‌തന്റെ ഭരണം ഇന്ത്യയുടെ സാംസ്‌കാരിക ചരിത്രത്തെ സംബന്ധിച്ചിടത്തോളം ഒരു വഴിത്തിരിവായിരുന്നു. ഇക്കാലത്ത്‌ കാളിദാസന്റെ കീര്‍ത്തി അതിന്റെ പാരമ്യത്തിലെത്തി; നളന്ദാ സര്‍വകലാശാലക്കടിസ്ഥാനമിട്ടു. കൂടാതെ ഒരു കൂട്ടം സില്‍ക്ക്‌ നെയ്‌ത്തുകാര്‍ ഗുപ്‌തസാമ്രാജ്യത്തില്‍ കുടിയേറി പാര്‍ക്കുകയും തന്മൂലം സാമ്രാജ്യം സാമ്പത്തികമായി വളരെ പുരോഗമിക്കുകയും ചെയ്‌തു. അവര്‍ നെയ്‌ത തുണികള്‍ക്ക്‌ വിദേശരാജ്യങ്ങളില്‍ കൂടുതല്‍ കച്ചവട സാധ്യതകളുണ്ടായി. ഇക്കാലത്ത്‌ പ്രചരിച്ചിരുന്ന നാണയങ്ങള്‍ കുമാരഗുപ്‌തന്റെ സാമ്രാജ്യത്തിന്റെ വിസ്‌തൃതിയെയും, അന്നത്തെ ജനങ്ങളുടെ കലാബോധത്തെയും സൂചിപ്പിക്കുന്നു.

ഭരണാവസാനമായപ്പോഴേക്കും കുമാരഗുപ്‌തന്‍ തന്റെ സാമ്രാജ്യത്തില്‍ നിലനിര്‍ത്തിയിരുന്ന സമാധാനത്തിന്‌ ഭംഗം വന്നു. നര്‍മദാ മേഖലയിലെ പുഷ്യമിത്രന്മാര്‍ ഗുപ്‌തസാമ്രാജ്യത്തെ ആക്രമിച്ചതായിട്ടാണ്‌ പൊതുവേ കരുതപ്പെടുന്നത്‌. എന്നാല്‍ കുമാരഗുപ്‌തന്റെ പുത്രനായ സ്‌കന്ദഗുപ്‌തന്‍ അവരെ തോല്‌പിച്ചു കീഴടക്കുകയും സാമ്രാജ്യത്തെ വീണ്ടും ശക്തിപ്പെടുത്തുകയും ചെയ്‌തു.

കുമാരഗുപ്‌തന്‍ II (സു. എ.ഡി. 473-476). മറ്റൊരു ഗുപ്‌തരാജാവ്‌. സ്‌കന്ദഗുപ്‌തനുശേഷം ഗുപ്‌തസാമ്രാജ്യത്തിന്റെ ഭരണമേറ്റെടുത്തവരില്‍ ഒരാളായിരുന്നു കുമാരഗുപ്‌തന്‍ കക. ഇദ്ദേഹം സ്‌കന്ദഗുപ്‌തന്റെ പുത്രനായിരിക്കാമെന്നു ചില ചരിത്രകാരന്മാര്‍ അനുമാനിക്കുന്നു. ഇദ്ദേഹം സ്വര്‍ണനാണയങ്ങള്‍ രാജ്യത്തില്‍ പ്രചരിപ്പിക്കുകയും വാണിജ്യകാര്യങ്ങള്‍ക്ക്‌ പ്രോത്സാഹനം നല്‌കുകയും ചെയ്‌തു.

കുമാരഗുപ്‌തന്‍ II-ന്റെ ഭരണകാലത്തും സാമ്രാജ്യത്തിന്റെ പടിഞ്ഞാറന്‍ ജില്ലകളില്‍ കേന്ദ്രാധികാരം നിലനിര്‍ത്തുവാന്‍ കഴിഞ്ഞിരുന്നു. വളഭിയില്‍ ഭട്ടാരകന്‍ മൈത്രയ രാജവംശം സ്ഥാപിക്കുകയുണ്ടായെങ്കിലും, തുടര്‍ന്ന്‌ ഗുപ്‌ത ചക്രവര്‍ത്തിമാരുടെ മേല്‌ക്കോയ്‌മ ഔപചാരികമായി സ്വീകരിച്ചു. ഇദ്ദേഹത്തിന്റെ ഭരണകാലാന്ത്യം, ആഭ്യന്തരവും വൈദേശികവുമായ അനേകം കുഴപ്പങ്ങള്‍ക്ക്‌ സാക്ഷ്യം വഹിച്ചു.

ചീനസഞ്ചാരിയായ യുവാന്‍ച്വാങ്‌, നളന്ദാമഠസ്ഥാപകനായി ചിത്രീകരിച്ചിരിക്കുന്ന ശക്രാദിത്യന്‍ (Sakraditya), കുമാരഗുപ്‌തന്‍കക ആയിരിക്കാമെന്ന്‌ ചരിത്രകാരന്മാരായ ബി.പി. സിന്‍ഹയും, ആര്‍.കെ. മുഖര്‍ജിയും രേഖപ്പെടുത്തിയിട്ടുണ്ട്‌.

(ഡോ. ആര്‍.എന്‍. യേശുദാസ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍