This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുപ്പയ്യർ (1798 - 1860)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുപ്പയ്യര്‍ (1798 - 1860)

ദക്ഷിണേന്ത്യന്‍ സംഗീതജ്ഞന്‍. മദ്രാസിനടുത്തുള്ള തിരുവൊട്ടിയൂര്‍ എന്ന സ്ഥലത്ത്‌ സാംബമൂര്‍ത്തി ശാസ്‌ത്രി എന്ന സംഗീതജ്ഞന്റെ മകനായി 1798-ല്‍ ജനിച്ചു. സംഗീതത്തില്‍ സാമാന്യം പ്രാവീണ്യം പിതാവില്‍ നിന്നുതന്നെ നേടി; തുടര്‍ന്ന്‌ ത്യാഗരാജസ്വാമികളുടെ ശിഷ്യത്വം സ്വീകരിച്ചുകൊണ്ട്‌ സംഗീതത്തില്‍ അഗാധ പാണ്ഡിത്യം കൈവരിച്ചു. ത്യാഗരാജശിഷ്യരില്‍ ഏറ്റവും പ്രസിദ്ധനാണ്‌ ഇദ്ദേഹം. അസാമാന്യമായ കല്‌പനാവൈഭവവും തന്മയത്വവുമുള്ള സംഗീതവിദ്വാനായിരുന്ന കുപ്പയ്യര്‍ക്ക്‌ അനവധി ബഹുമതികള്‍ ലഭിച്ചിട്ടുണ്ട്‌. വായ്‌പാട്ട്‌, വീണാവാദനം, വയലിന്‍വാദനം തുടങ്ങി സംഗീതത്തിന്റെ വിവിധ ശാഖകളിലുള്ള വൈദഗ്‌ധ്യത്തെ കണക്കിലെടുത്ത്‌ കുപ്പയ്യര്‍ക്ക്‌ "ഗാനചക്രവര്‍ത്തി' എന്ന കീര്‍ത്തിമുദ്ര ലഭിക്കുകയുണ്ടായി.

വീണവായനയിലുള്ള സാമര്‍ഥ്യം നിമിത്തം ഇദ്ദേഹം വീണക്കുപ്പയ്യര്‍ എന്നും നാരായണഗൗളരാഗം അതിമനോഹരമായി ആലപിച്ചിരുന്നതിനാല്‍ നാരായണഗൗളക്കുപ്പയ്യര്‍ എന്നും അറിയപ്പെടുന്നു. കോവൂര്‍ രാജധാനിയിലെ ആസ്ഥാനവിദ്വാന്‍ ആയിരുന്നു ഇദ്ദേഹം.

കുപ്പയ്യര്‍ അനേകം വര്‍ണങ്ങളും കൃതികളും തില്ലാനകളും രചിച്ചിട്ടുണ്ട്‌. "സ്വാമിനിന്നേ' എന്ന ശങ്കരാഭരണ വര്‍ണം, "ഇന്തചൗക്ക' എന്ന ബലഹരിവര്‍ണം, "ബാഹുമീര' എന്ന ശങ്കരാഭരണകീര്‍ത്തനം, "പരമാത്മനി' എന്ന ഖമാസ്‌ രാഗത്തിലുള്ള കീര്‍ത്തനം തുടങ്ങിയവ ഇദ്ദേഹത്തിന്റെ രചനകളാണ്‌. കൂടാതെ വെങ്കടേശ്വരപഞ്ചരത്‌നം, കാളഹസ്‌തീശപഞ്ചരത്‌നം, ചാമുണ്ഡേശ്വരി പഞ്ചരത്‌നം എന്നിവയും ഇദ്ദേഹത്തിന്റെ സംഭാവനകളാണ്‌. (നോ. കാളഹസ്‌തീശപഞ്ചരത്‌നം) തെലുഗു ഭാഷയിലാണ്‌ ഇദ്ദേഹം കൃതികള്‍ രചിച്ചിട്ടുള്ളത്‌. വേണുഗോപാലസ്വാമിയായിരുന്നു കുപ്പയ്യരുടെ ഇഷ്‌ടദേവത. അതിനാല്‍ തന്റെ കൃതികളില്‍ "ഗോപാലദാസ'എന്ന മുദ്രയാണ്‌ ഇദ്ദേഹം സ്വീകരിച്ചിരുന്നത്‌. ജീവിതത്തിന്റെ അവസാനഘട്ടത്തില്‍ കുപ്പയ്യര്‍ മദ്രാസിലെ ജോര്‍ജ്‌ ടൗണില്‍വന്നു താമസിച്ചു. ഫോര്‍ട്ട്‌ സെന്റ്‌ ജോര്‍ജിലെ ബാന്‍ഡ്‌ വായനക്കാരില്‍നിന്ന്‌ ഇദ്ദേഹം പാശ്ചാത്യസംഗീതം പഠിക്കുകയുണ്ടായി. ഇദ്ദേഹത്തിന്റെ "ഇന്തചൗക്ക' എന്ന കൃതിയില്‍ പാശ്ചാത്യസംഗീതത്തിന്റെ സ്വാധീനത പ്രകടമാണ്‌. 1860-ല്‍ കുപ്പയ്യര്‍ അന്തരിച്ചു.

ഇദ്ദേഹത്തിന്റെ പുത്രന്മാരായ കൃഷ്‌ണസ്വാമി, രാമസ്വാമി, ത്യാഗയ്യര്‍ എന്നിവരും സംഗീതവിദ്വാന്മാരായിരുന്നു. ഇളയപുത്രന്‍ പില്‌ക്കാലത്ത്‌ തിരുവൊട്ടിയൂര്‍ ത്യാഗയ്യര്‍ എന്ന പേരില്‍ അതിപ്രശസ്‌തനായ സംഗീതവിദ്വാനും ഗാനരചയിതാവും ആയിത്തീര്‍ന്നു. ഇദ്ദേഹം കുപ്പയ്യരുടെ കൃതികള്‍ സമാഹരിച്ച്‌ പല്ലവി സ്വരകല്‌പവല്ലി എന്നൊരു ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കുപ്പയ്യരുടെ ശിഷ്യരില്‍ കോട്ടവാശല്‍ വെങ്കടരാമയ്യര്‍, സീതാരാമയ്യര്‍, ഫിഡില്‍ പൊന്നുസ്വാമി എന്നിവര്‍ പ്രശസ്‌തരാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍