This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുന്‍സ്രു, പണ്ഡിറ്റ്‌ ഹൃദയനാഥ്‌(1887 - 1978)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുന്‍സ്രു, പണ്ഡിറ്റ്‌ ഹൃദയനാഥ്‌(1887 - 1978)

"സര്‍വെന്റ്‌സ്‌ ഒഫ്‌ ഇന്ത്യാ സൊസൈറ്റി'യുടെ ഒരു സമുന്നത നേതാവും സാമൂഹികരാഷ്‌ട്രീയ ചിന്തകനും പാര്‍ലമെന്റേറിയനും. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രമുഖ നേതാക്കളിലൊരാളായ പണ്ഡിറ്റ്‌ അയോധ്യാനാഥ്‌ കുന്‍സ്രുവിന്റെ ദ്വിതീയ പുത്രനായി 1887 ഒ. 1-ന്‌ ആഗ്രയില്‍ ജനിച്ചു. ആഗ്രയില്‍നിന്നു ബി.എസ്‌സി. ബിരുദം നേടിയ ശേഷം, ലണ്ടന്‍ സ്‌കൂള്‍ ഒഫ്‌ ഇക്കണോമിക്‌സില്‍ നിന്ന്‌ ധനതത്ത്വശാസ്‌ത്രത്തില്‍ ബിരുദം സമ്പാദിച്ചു. പിന്നീട്‌ ആഗ്ര സര്‍വകലാശാലയില്‍ നിന്ന്‌ എല്‍എല്‍.ഡി. ബിരുദമെടുത്തു. ഗോഖലെയുടെ പ്രരണയാല്‍ സര്‍വന്റ്‌സ്‌ ഒഫ്‌ ഇന്ത്യാ സൊസൈറ്റിയില്‍ ചേര്‍ന്ന ഇദ്ദേഹത്തെ 1936-ല്‍ സൊസൈറ്റിയുടെ ആയുഷ്‌കാല പ്രസിഡന്റായി തെരഞ്ഞെടുത്തു. സൊസൈറ്റിയുടെ പ്രഖ്യാപിതനയങ്ങള്‍ക്കനുസൃതമായി ജാതിസമ്പ്രദായത്തിനും അയിത്തത്തിനുമെതിരായി ഇദ്ദേഹം പ്രയത്‌നിച്ചു.

ഒരു വിദ്യാഭ്യാസവിചക്ഷണനായിരുന്ന കുന്‍സ്രു അലഹബാദ്‌ സര്‍വകലാശാല പുനഃസംഘടനാ കമ്മിറ്റിയിലും പിന്നീട്‌ യു.പി. ഗവണ്‍മെന്റ്‌ നിയോഗിച്ച ഇന്റര്‍മീഡിയറ്റ്‌ എഡ്യൂക്കേഷന്‍ കമ്മിറ്റിയിലും അംഗമായിരുന്നിട്ടുണ്ട്‌. ബോധനം മാതൃഭാഷയിലൂടെയാകണമെന്ന അഭിപ്രായമായിരുന്നു കുന്‍സ്രുവിന്‌; എന്നാല്‍ ഇംഗ്ലീഷിന്റെ ഉപയോഗം തുടരണമെന്നും ഇദ്ദേഹം ആഗ്രഹിച്ചിരുന്നു.

രാഷ്‌ട്രീയത്തില്‍ മിതവാദിയായിരുന്നു കുന്‍സ്രു. ഗാന്ധിജിയുടെ നേതൃത്വത്തില്‍ സത്യഗ്രഹവും നിസ്സഹകരണവും സമരപരിപാടികളായി കോണ്‍ഗ്രസ്‌ അംഗീകരിക്കുന്നതുവരെ കുന്‍സ്രു ആ സംഘടനയില്‍ തുടര്‍ന്നിരുന്നു. 1920-ല്‍ ഇദ്ദേഹം കോണ്‍ഗ്രസ്‌ വിടുകയും "നാഷണല്‍ ലിബറല്‍ ഫെഡറേഷന്‍' എന്ന പുതിയ പാര്‍ട്ടി രൂപവത്‌കരിക്കുകയും ചെയ്‌തു.

ഉന്നതമായ പല പദവികളും കുന്‍സ്രു വഹിച്ചിരുന്നു. അലഹബാദില്‍ സേവാസമിതിയുടെ ജനറല്‍ സെക്രട്ടറി, ആസ്റ്റ്രലിയയില്‍ വച്ചുനടന്ന (1939) ബ്രിട്ടീഷ്‌ കോമണ്‍വെല്‍ത്ത്‌ റിലേഷന്‍സ്‌ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ഇന്ത്യന്‍ പ്രതിനിധിസംഘത്തിന്റെ ചെയര്‍മാന്‍, യു.എസ്‌.എ.യില്‍ ചേര്‍ന്ന (1945) പസിഫിക്‌ റിലേഷന്‍സ്‌ കോണ്‍ഫറന്‍സിലെ ഇന്ത്യന്‍ പ്രതിനിധിസംഘാംഗം എന്നിവയ്‌ക്കുപുറമേ, സ്വാതന്ത്യ്രാനന്തരം റെയില്‍വേ എന്‍ക്വയറി കമ്മിറ്റി അംഗം, സംസ്ഥാനപുനഃസംഘടനാ കമ്മിഷന്‍ അംഗം എന്നീ നിലകളിലും ഇദ്ദേഹം പ്രവര്‍ത്തിച്ചു.

പ്രഗല്‌ഭനായ ഒരു പാര്‍ലമെന്റേറിയനായിരുന്നു കുന്‍സ്രു. സ്വാതന്ത്യ്രത്തിനുമുമ്പ്‌ കേന്ദ്രനിയമസഭയിലും സ്വാതന്ത്യാനന്തരം രാജ്യസഭയിലും ഇദ്ദേഹം അംഗമായിരുന്നു. ഇന്ത്യയുടെ വിദേശനയത്തില്‍ അതീവശ്രദ്ധാലുവായിരുന്ന ഇദ്ദേഹം ചില ഘട്ടങ്ങളില്‍ ചേരിചേരാനയത്തെ നിശിതമായി വിമര്‍ശിച്ചിട്ടുണ്ട്‌. സംസ്ഥാന പുനഃസംഘടനാകമ്മിഷന്‍ അംഗമെന്ന നിലയില്‍ വിലപ്പെട്ട പല നിര്‍ദേശങ്ങളും ഇദ്ദേഹം കമ്മിഷനു നല്‌കിയിരുന്നു. ഇന്ത്യ സൈനികമായി ശക്തിയാര്‍ജിക്കണമെന്ന അഭിപ്രായമായിരുന്നു കുന്‍സ്രുവിന്‌. രാഷ്‌ട്രീയത്തില്‍ മിതത്വവും ആര്‍ജവവും സത്യസന്ധതയും പുലര്‍ത്തിയിരുന്ന കുന്‍സ്രു 1978 ഏ. 3-നു ആഗ്രയില്‍വച്ച്‌ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍