This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുന്ദേര, മിലന്‍ (1929 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുന്ദേര, മിലന്‍ (1929 - )

Kundera, Milan

മിലന്‍ കുന്ദേര

ചെക്ക്‌ വംശജനായ എഴുത്തുകാരന്‍. 1929 ഏപ്രിലില്‍ അവിഭക്ത ചെക്കോസ്ലോവാക്യയിലെ ബിനോയില്‍ ജനിച്ച കുന്ദേര 1975 മുതല്‍ ഫ്രാന്‍സിലാണ്‌ താമസിക്കുന്നത്‌. 1981-ല്‍ ഇദ്ദേഹത്തിന്‌ ഫ്രഞ്ച്‌ പൗരത്വം ലഭിച്ചു. ചെക്കോസ്ലോവാക്യയിലെ കമ്യൂണിസ്റ്റ്‌ അധിനിവേശത്തിനെതിരെ ചെറുത്തുനിന്ന കുന്ദേര, 1968-ലെ പ്രാഗ്‌വസന്തമെന്ന ബുദ്ധിജീവി പ്രസ്ഥാനത്തിലെ പ്രധാനപ്രവര്‍ത്തകനായിരുന്നു; വാക്‌ലേവ്‌, ഹാവല്‍ തുടങ്ങിയ പ്രമുഖ എഴുത്തുകാര്‍ സംഘത്തിലുണ്ടായിരുന്നു. ഈ ആശയതരംഗത്തെ സോവിയറ്റ്‌ ഭരണകൂടം അടിച്ചമര്‍ത്തി. ക്രിയാത്മകതയുടെ ഇളം നാമ്പുപോലും ഭരണാധികാരികള്‍ അരിഞ്ഞുകളഞ്ഞ അക്കാലത്തെ അനുഭവങ്ങള്‍ ദി ജോക്ക്‌ എന്ന കൃതിയിലൂടെ വലിയൊരു ഫലിതമാക്കി ഇദ്ദേഹം അവതരിപ്പിച്ചു. സോവിയറ്റ്‌ സേന തുടര്‍ന്ന്‌ ചെക്കോസ്ലോവാക്യയില്‍ സ്വേച്ഛാഭരണം അഴിച്ചുവിട്ടതോടെ 1975-ല്‍ ഇദ്ദേഹം ഫ്രാന്‍സിലേക്ക്‌ പലായനം ചെയ്‌തു. 1979-ല്‍ പ്രസിദ്ധീകരിച്ച ദി ബുക്ക്‌ ഒഫ്‌ ലാഫ്‌ട്ടര്‍ ആന്‍ഡ്‌ ഫര്‍ഗെറ്റിങ്‌ ചെക്‌ പൗരന്മാര്‍ സോവിയറ്റ്‌ അധിനിവേശത്തിനെതിരെ നടത്തുന്ന പ്രതിരോധത്തിന്റെ കഥകള്‍ സരസമായി വിവരിക്കുന്നു. നോവലും ചെറുകഥയും ഹാസ്യലേഖനങ്ങളും സമര്‍ഥമായി കൂട്ടിയിണക്കുന്ന ഈ പുസ്‌തകം കുന്ദേരശൈലിയുടെ പ്രത്യേകതകള്‍ വെളിവാക്കുന്നു. ഇദ്ദേഹത്തിന്റെ കൃതികളില്‍ ഏറ്റവും പ്രചാരം സിദ്ധിച്ചത്‌, സോവിയറ്റ്‌ അധിനിവേശക്കാലത്ത്‌ ഒരു ചെക്‌ കുടുംബത്തിലെ വീട്ടമ്മയും ഭര്‍ത്താവും നേരിടേണ്ടിവന്ന പ്രയാസങ്ങളും അതിന്റെ അനന്തരഫലങ്ങളും നര്‍മബോധത്തോടെ ചിത്രീകരിക്കുന്ന ദി അണ്‍ബിയറബ്‌ള്‍ ലൈറ്റ്‌നെസ്‌ ഒഫ്‌ ബീയിങ്‌ (The Unbearable Lightness of being)ആണ്‌. 1988-ല്‍ അമേരിക്കന്‍ സംവിധായകനായ ഫിലിപ്പ്‌ കോഫ്‌മാന്‍ ഈ കഥ ചലച്ചിത്രമാക്കി. കുന്ദേര ആദ്യമായി ഫ്രഞ്ച്‌ ഭാഷയില്‍ രചിച്ച്‌ 1990-ല്‍ പുറത്തിറക്കിയ അനശ്വരത (Immortality)പക്വമായ ദാര്‍ശനിക കാഴ്‌ചപ്പാടുള്ള ഒരു ആധുനിക നോവലാണ്‌. ശൈലിയിലും ഉള്ളടക്കത്തിലും അവതരണത്തിലും കുന്ദേരയുടെ കൈയൊപ്പ്‌ പതിഞ്ഞ പില്‌ക്കാലകൃതികളുടെ തുടക്കം കുറിച്ച കലാസൃഷ്‌ടിയാണിത്‌. ദി ഫെയര്‍വെല്‍ പാര്‍ട്ടി (The farewell party, 1972) ലൈഫ്‌ ഇസ്‌ എല്‍ സ്‌വെയര്‍ (Life is elsewhere, 1973), സ്ലോനെസ്‌ (Slowness,1994), ഐഡന്റിറ്റി (Identity, 1998), ഇഗ്‌നോറന്‍സ്‌ (Ignorance, 2000) എന്നിവയാണ്‌ കുന്ദേരയുടെ മറ്റ്‌ ശ്രദ്ധേയകൃതികള്‍. അപൂര്‍വചാരുതയുള്ള ഈ സാഹിത്യസൃഷ്‌ടികളിലൂടെ, നഷ്‌ടപ്പെട്ട വേരുകള്‍ ഗൃഹാതുരത്വത്തോടെ തിരയുന്ന കുന്ദേര വിശ്വസാഹിത്യരംഗത്ത്‌ ആദരണീയമായ സ്ഥാനം നേടിയിട്ടുണ്ട്‌.

ജറുസലേം പ്രസ്‌ (1985), ആസ്റ്റ്രിയന്‍ സ്റ്റേറ്റ്‌ പ്രസ്‌ ഫോര്‍ യൂറോപ്യന്‍ ലിറ്ററേച്ചര്‍ (1987), ഹേര്‍ഡന്‍ പ്രസ്‌ (2000), ചെക്ക്‌ സ്റ്റേറ്റ്‌ ലിറ്ററേച്ചര്‍ പ്രസ്‌ (2007), ഓവിഡ്‌ പ്രസ്‌ (2011) തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ കുന്ദേരയ്‌ക്ക്‌ ലഭിച്ചിട്ടുണ്ട്‌.

(തോട്ടം രാജശേഖരന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍