This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുന്തി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുന്തി

മഹാഭാരതത്തിലെ ഒരു പ്രധാന സ്‌ത്രീകഥാപാത്രം. പാണ്ഡുവിന്റെ ഭാര്യയും യാദവരാജാവായ ശൂരസേനന്റെ മകളും കുന്തീഭോജന്റെ ദത്തുപുത്രിയും ആണ്‌ കുന്തി. സാക്ഷാല്‍പേര്‌ പൃഥ എന്നായിരുന്നു. കുന്തീഭോജന്റെ കൊട്ടാരത്തില്‍വളര്‍ന്നതുകൊണ്ടാണ്‌ കുന്തി എന്ന പേര്‌ കിട്ടിയത്‌. കുന്തി, മാദ്രി, ഗാന്ധാരി എന്നിവര്‍ യഥാക്രമം സിദ്ധി, കൃതി, മതി എന്നീ ദേവസ്‌ത്രീകളുടെ അംശങ്ങളില്‍നിന്ന്‌ ജനിച്ചവരാണ്‌ (മഹാഭാരതം-ആദിപര്‍വം). വസുദേവരുടെ സഹോദരിയായ കുന്തിക്ക്‌ പരിചര്യകൊണ്ട്‌ സന്തുഷ്‌ടനായ ദുര്‍വാസാവ്‌ ഒരു മന്ത്രം ഉപദേശിച്ചു.

"ഈ മന്ത്രം ചൊല്ലിയേതേതു ദേവാവാഹന ചെയ്‌വു നീ,

അതാതു ദേവപ്രീത്യാ തേ പുത്രനുണ്ടായി വന്നിടും

എന്നനുഗ്രഹിക്കുകയും ചെയ്‌തു (മഹാഭാരതം-ആദിപര്‍വം). കുന്തിക്ക്‌ വശീകരണമന്ത്രം ഉപദേശിച്ചുകൊടുത്തത്‌ നാരദനാണെന്നും ഒരു കഥയുണ്ട്‌. ദുര്‍വാസാവ്‌ ഉപദേശിച്ചുകൊടുത്ത അഞ്ചു മന്ത്രങ്ങളില്‍ഒന്നുപയോഗിച്ച്‌ കന്യകയായ കുന്തി നാരദന്റെ കൃത്രിമത്താല്‍സൂര്യനെ പ്രാപിച്ച്‌ "കവചകുണ്ഡലഭൂഷിത'നായ കര്‍ണനെ പ്രസവിച്ചു. കന്യകാത്വം നഷ്‌ടപ്പെടുകയില്ലെന്ന്‌ സൂര്യന്‍ കുന്തിയെ അനുഗ്രഹിച്ചുവെങ്കിലും ലോകാപവാദഭയത്താല്‍അവള്‍ കുഞ്ഞിനെ ഒരു പേടകത്തിലാക്കി അശ്വനദിയില്‍ഒഴുക്കി. അധിരഥനെന്ന സൂതന്‍ കണ്ടെത്തി എടുത്തുവളര്‍ത്തിയ ആ ശിശു വലുതായി ക്രമേണ ദുര്യോധനന്റെ വലംകൈയും പാണ്ഡവശത്രുവുമായിത്തീര്‍ന്നു.

കുന്തി സ്വയംവരത്തില്‍പാണ്ഡുവിനെ വരിച്ചു ഹസ്‌തിനപുരത്തിലെത്തി. പാണ്ഡു മാദ്രിയെക്കൂടി വിവാഹംചെയ്‌തു. കിന്ദമ മഹര്‍ഷിയുടെ ശാപം നിമിത്തം പാണ്ഡുവിനു ഭാര്യാസംഗമം പാടില്ലാതാകുകയും അവര്‍ ശതശൃംഗത്തില്‍ചെന്ന്‌ തപസ്സുചെയ്യുകയും ചെയ്‌തു. പാണ്ഡുവിന്റെ അനുജ്ഞയോടെ ശ്രഷ്‌ഠപുരുഷന്മാരില്‍നിന്നു കുന്തിയും മാദ്രിയും ഗര്‍ഭം ധരിച്ചു. മൂന്നു മന്ത്രംകൊണ്ടു കുന്തിക്കു യമനില്‍നിന്ന്‌ ധര്‍മപുത്രരും വായുവില്‍നിന്നു ഭീമനും ഇന്ദ്രനില്‍നിന്ന്‌ അര്‍ജുനനും മാദ്രിക്ക്‌ കുന്തി നല്‌കിയ ഒരു മന്ത്രംകൊണ്ട്‌ അശ്വനീദേവന്മാരില്‍നിന്നു നകുലസഹദേവന്മാരും ജനിച്ചു. പാണ്ഡുവിന്റെ മരണത്തെത്തുടര്‍ന്ന്‌ മാദ്രി ഭര്‍ത്താവിന്റെ ചിതയില്‍ചാടി മരിക്കുകയും കുന്തിയും അഞ്ചു കുമാരന്മാരും ഹസ്‌തിനപുരത്തിലേക്ക്‌ തിരിച്ചുപോരുകയും ചെയ്‌തു. കുന്തിയും പുത്രന്മാരും വാരണാവതത്തിലെ അരക്കില്ലത്തില്‍താമസിച്ചുവരവേ അത്‌ അഗ്നിക്കിരയായവേളയില്‍ഗുഹാമാര്‍ഗം രക്ഷപ്പെട്ടു. വിദുരര്‍ പാണ്ഡവരെയും കുന്തിയെയും ഹസ്‌തിനപുരത്തേക്ക്‌ വിളിച്ചുകൊണ്ടുപോയി. പാണ്ഡവര്‍ ചൂതില്‍തോറ്റു കാട്ടില്‍പോയപ്പോള്‍ കുന്തി വിദുരരുടെ വീട്ടില്‍താമസിച്ചു. ഭാരതയുദ്ധം ആരംഭിക്കുമ്പോള്‍ കുന്തി കര്‍ണനെ ദുര്യോധനനില്‍നിന്ന്‌ അകറ്റാന്‍ ശ്രമിച്ചു. യുദ്ധാനന്തരം കര്‍ണന്റെ ഉദകക്രിയ നടത്താന്‍ കുന്തി യുധിഷ്‌ഠിരനെ ഓര്‍മിപ്പിച്ചു; ദുഃഖിച്ചുകരഞ്ഞ സുഭദ്രയെയും ഉത്തരയെയും ആശ്വസിപ്പിച്ചു. ധൃതരാഷ്‌ട്രരോടും ഗാന്ധാരിയോടുമൊപ്പം കാട്ടിലേക്കു പുറപ്പെട്ട കുന്തി കാട്ടുതീയില്‍പ്പെട്ടു മരിച്ചു (മഹാഭാരതം-ആശ്രമവാസികാപര്‍വം, 37-ാം അധ്യായം 31-ാം പദ്യം).

പുത്രവത്സലയും ത്യാഗമൂര്‍ത്തിയുമായ കുന്തി ഭാരതീയ മാതൃത്വസങ്കല്‌പത്തിന്റെ ഉജ്ജ്വലപ്രതീകമാണ്‌. ഭാരതീയ സാഹിത്യങ്ങളിലെല്ലാംതന്നെ കുന്തി ഒരു ശ്രദ്ധേയ കഥാപാത്രമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. ടാഗൂറിന്റെ "കര്‍ണ-കുന്തി' എന്ന സുപ്രസിദ്ധ നാട്യഗീതം ഇതിനൊരുദാഹരണമാണ്‌.

(മുതുകുളം ശ്രീധര്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍