This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുതെനെയ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുതെനെയ്‌

Kutenai

കുതനെയ്‌ സംഘം

ഒരു അമേരിന്ത്യന്‍ ജനവര്‍ഗം. കാനഡയിലെ ബ്രിട്ടീഷ്‌ കൊളംബിയ, ആല്‍ ബെര്‍ട്ട എന്നിവിടങ്ങളിലും യു.എസ്സിലെ കുതെനെയ്‌ നദിക്കരയിലും, കുതെനെയ്‌ തടാകതീരത്തും, ഇഡാഹോ പശ്ചിമ മൊണ്ടാനി എന്നിവിടങ്ങളിലുമാണ്‌ ഇവര്‍ വസിക്കുന്നത്‌. കുതെനെയ്‌ സംസാരഭാഷ അല്‍ ഗോങ്ക്യന്‍-വാകഷാന്‍ വിഭാഗത്തില്‍ പ്പെട്ടതാണെന്ന്‌ കരുതപ്പെടുന്നു. മറ്റ്‌ അമേരിന്ത്യന്‍ ജനവിഭാഗങ്ങളെ അപേക്ഷിച്ച്‌ കുതെനെയ്‌ വര്‍ഗക്കാര്‍ ശാന്തശീലരും സമാധാനപ്രിയരുമാണ്‌. സമൃദ്ധമായി ലഭിക്കുന്ന മഴയും സുഖശീതളമായ കാലാവസ്ഥയും ജലസമൃദ്ധമായ അരുവികളും തുളുമ്പുന്ന തടാകങ്ങളും മറ്റും കൂടിച്ചേര്‍ന്ന പീഠഭൂമികളെ ഇവര്‍ തികവൊത്ത ഒരധിവാസ മേഖലയാക്കിത്തീര്‍ത്തിട്ടുണ്ട്‌.

"പ്ലെയിന്‍സ്‌ക്രീ' ജനവര്‍ഗത്തില്‍ നിന്നു കുതിരകളെ സ്വായത്തമാക്കിയതോടുകൂടി കുതെനെയ്‌ ജനവിഭാഗക്കാരുടെ സാമൂഹ്യജീവിതത്തില്‍ ഗണ്യമായ പരിവര്‍ത്തനങ്ങളുണ്ടായി. തുടര്‍ന്ന്‌ കാട്ടുപോത്തുകളെ വേട്ടയാടുന്നതില്‍ കമ്പം ജനിച്ച ഇക്കൂട്ടര്‍ സമതലത്തിലെ ജീവിതക്രമങ്ങള്‍ അനുവര്‍ത്തിച്ചു തുടങ്ങി. തുകല്‍ നിര്‍മിതമായ തമ്പുകളില്‍ താമസിച്ച്‌ സൂര്യനൃത്തങ്ങള്‍ ആടിയിരുന്ന ഇക്കൂട്ടരുടെ വീരഗാഥകള്‍ ഉള്‍ക്കൊള്ളുന്ന ഐതിഹ്യങ്ങള്‍ക്കും നാടോടിപ്പാട്ടുകള്‍ക്കും ഇന്നും നല്ല പ്രചാരമുണ്ട്‌. ഇവരുടെ തമ്പുകളും ആചാരമര്യാദകളും ഔദ്യോഗിക കീര്‍ത്തിമുദ്രകളും വസ്‌ത്രധാരണരീതിയും ശരിക്കും പര്‍വതപ്രാന്തമേഖലകളില്‍ വസിച്ചിരുന്ന കുതെനെയ്‌ വര്‍ഗക്കാര്‍ ഒരു സമതലജനവിഭാഗമാണെന്ന പ്രതീതി ജനിപ്പിക്കുന്നു.

ആധുനികകാലത്തുപോലും നിലനിന്നുവരുന്ന കൂട്ടംകൂടിയുള്ള മത്സ്യബന്ധനവും മരത്തോലുകൊണ്ടുള്ള വഞ്ചികളുടെ ഉപയോഗവും മുളയോ പായോ കൊണ്ട്‌ മൂടിയ കുടിലുകളില്‍ കൂട്ടംകൂടിയുള്ള അധിവാസവും മറ്റും അവരുടെ സാംസ്‌കാരിക പൈതൃകത്തിന്റെ സൂചനകളാണ്‌. മക്കത്തായ-മരുമക്കത്തായ ദായക്രമങ്ങള്‍ പുലര്‍ത്തുന്നവരാണ്‌ ഇക്കൂട്ടര്‍.

ശിക്ഷാധികാരങ്ങളില്ലാത്ത വര്‍ഗത്തലവനെപ്പോലും അനുസരിക്കാനുള്ള അച്ചടക്കബോധം ഇക്കൂട്ടരുടെ ഒരു സവിശേഷതയാണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍