This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുട്ട്യാലി മരയ്‌ക്കാർ (16-ാം ശ.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുട്ട്യാലി മരയ്‌ക്കാര്‍ (16-ാം ശ.)

സാമൂതിരിപ്പാടിന്റെ ഒരു പ്രമുഖ നാവികസേനാനി. വാസ്‌കോ ദ ഗാമയുടെ വരവിനെത്തുടര്‍ന്നു സാമൂതിരിയുടെ നാവികന്മാരായ മരയ്‌ക്കാന്മാരും പോര്‍ച്ചുഗീസുകാരുമായി ഒരു നൂറ്റാണ്ടിലധികം കാലം കടലിലും കരയിലും വച്ചു യുദ്ധം നടന്നു. അറബി മുസ്‌ലിങ്ങള്‍ക്ക്‌ കോഴിക്കോട്ടുണ്ടായിരുന്ന വാണിജ്യക്കുത്തക തകര്‍ക്കുക എന്നതായിരുന്നു പോര്‍ച്ചുഗീസുകാരുടെ ലക്ഷ്യം. സാമൂതിരിമാരും മുസ്‌ലിങ്ങളും ഏകോപിച്ച്‌ പോര്‍ച്ചുഗീസുകാരെ നിരന്തരം നേരിട്ടുകൊണ്ടിരുന്നു. 16-ാം ശതകത്തിന്റെ ആരംഭം മുതല്‌ക്കുതന്നെ നാവികസേനാനായകന്മാരില്‍ പ്രമുഖനായ കുട്ട്യാലി രംഗപ്രവേശം ചെയ്‌തു. കുട്ട്യാലി താനൂര്‍ സ്വദേശിയാണെന്നു പ്രസ്‌താവിച്ചു കാണുന്നു.

താനൂര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന നാവികപ്പടയുടെ ക്യാപ്‌റ്റനായിരുന്നു കുട്ട്യാലി. 1507-ല്‍ പോര്‍ച്ചുഗീസുകാര്‍ പൊന്നാനി ആക്രമിച്ചപ്പോള്‍ കുട്ട്യാലിയുടെ നേതൃത്വത്തില്‍ സാമൂതിരിയുടെ സൈന്യം പോര്‍ച്ചുഗീസുകാരെ എതിര്‍ത്തു. ഈ യുദ്ധത്തില്‍ അവര്‍ വിജയികളായില്ല. അവര്‍ തങ്ങളുടെ പ്രവര്‍ത്തനകേന്ദ്രം വടക്കന്‍പ്രദേശങ്ങളായ തിക്കൊടിയിലേക്കും കോട്ടയ്‌ക്കലേക്കും മാറ്റി. വലിയ പോര്‍ച്ചുഗീസ്‌ പടക്കപ്പലുകളെ നേരിടാന്‍, ചെറുതും കൂടുതല്‍ ചാലകശക്തിയുള്ളതുമായ പടവുകള്‍ (പടകുകള്‍) ആയിരിക്കും കൂടുതല്‍ ഫലപ്രദം എന്നദ്ദേഹം മനസ്സിലാക്കി. തുടര്‍ന്ന്‌ നൂറുകണക്കിനു പടവുകള്‍ നിര്‍മിക്കപ്പെട്ടു.

നദീമുഖങ്ങളെയെല്ലാം പടവുകള്‍കൊണ്ട്‌ പ്രതിരോധസജ്ജമാക്കി. സാമൂതിരിയുടെയും അറബികളുടെയും ചരക്കുകള്‍ നിറച്ച കപ്പലുകള്‍ക്ക്‌ കുട്ട്യാലി സംരക്ഷണമേര്‍പ്പെടുത്തി. ഇത്‌ പോര്‍ച്ചുഗീസുകാര്‍ക്ക്‌ ഒരു ഭീഷണിയായിത്തീര്‍ന്നു. ഗോവയില്‍ നിന്നു കൊച്ചിയിലേക്കു വരികയായിരുന്ന ഗാമയുടെ കപ്പലുകളെ കുട്ട്യാലി ആക്രമിച്ചു. കോഴിക്കോട്ടു കോട്ടയിലേക്കു സാധനങ്ങള്‍ കയറ്റിക്കൊണ്ടുപോകുന്നതിനുള്ള പോര്‍ച്ചുഗീസുകാരുടെ ഉദ്യമത്തെ കുട്ട്യാലി തന്റെ നാടന്‍ പടവുകള്‍കൊണ്ടു ചെറുത്തു. 1524-ല്‍ പോര്‍ച്ചുഗീസുകാരുടെ ഒരു കപ്പല്‍ സൈന്യത്തെ കുട്ട്യാലിയുടെ നേതൃത്വത്തിലുള്ള മരയ്‌ക്കാന്മാര്‍ ആക്രമിച്ചു കീഴടക്കി. എന്നാല്‍ പോര്‍ച്ചുഗീസ്‌ ക്യാപ്‌റ്റന്‍ ഡിസൂസയുമായി കാപ്പാട്ടുവച്ചു നടന്ന യുദ്ധത്തില്‍ ആര്‍ക്കും വിജയം അവകാശപ്പെടാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന്‌ കണ്ണൂരില്‍ വച്ച്‌ ഡിസൂസ കുട്ട്യാലിയെ പരാജയപ്പെടുത്തി. പിന്നീട്‌ 1530 വരെ ധര്‍മടം, കണ്ണൂര്‍, തിരൂരങ്ങാടി, ഏഴിമല എന്നീ സ്ഥലങ്ങളില്‍ പോര്‍ച്ചുഗീസുകാരെ എതിര്‍ത്തുകൊണ്ടിരുന്നു. കൊച്ചി, കൊയിലാണ്ടി എന്നിവിടങ്ങളിലും സമരം നടന്നു. കുട്ട്യാലിമരയ്‌ക്കാര്‍, പോര്‍ച്ചുഗീസുകാരെ കണ്ണൂരില്‍ വച്ചും പുറക്കാട്ടുവച്ചും യുദ്ധത്തില്‍ തോല്‌പിച്ചു. ഗോവയും കൊച്ചിയുമായുള്ള പോര്‍ച്ചുഗീസ്‌ ബന്ധം ഛേദിക്കാന്‍ കുട്ട്യാലിമരയ്‌ക്കാര്‍ക്കു സാധിച്ചു. 1528-ലെ യുദ്ധത്തില്‍ പോര്‍ച്ചുഗീസുകാര്‍ കുട്ട്യാലിയെ തടവുകാരനാക്കിയെങ്കിലും നാവിക ചരിത്രത്തിലെ ഏറ്റവും പ്രതാപശാലിയായ കുട്ട്യാലിമരയ്‌ക്കാരുടെ മകന്‍ കുഞ്ഞാലി ഒരു വലിയ സൈന്യവുമായി അവിടെയെത്തിച്ചേരുകയും കുട്ട്യാലിയെ മോചിപ്പിക്കുകയും ചെയ്‌തു. കുട്ട്യാലിയുടെ ഒരടുത്ത ബന്ധുവായ പച്ചാച്ചി മരയ്‌ക്കാരുടെ നേതൃത്വത്തില്‍ സജ്ജീകരിക്കപ്പെട്ട ഒരു കപ്പല്‍ പ്പട കുഞ്ഞാലിയുടെ സഹായത്തോടുകൂടി സിലോണിലെത്തി. ഇക്കാലത്ത്‌ പോര്‍ച്ചുഗീസുകാരുമായി സന്ധിയിലേര്‍പ്പെടുവാന്‍ സാമൂതിരി നിര്‍ദേശിച്ചത്‌ അനുസരിച്ച്‌ ഗോവയില്‍ പോയി സന്ധിസംഭാഷണം നടത്തിയത്‌ കുട്ട്യാലി മരയ്‌ക്കാരാണ്‌. അതിനെത്തുടര്‍ന്നാണ്‌ പൊന്നാനിയില്‍ വച്ച്‌ പോര്‍ച്ചുഗീസുകാരുമായി സന്ധിയുണ്ടായത്‌. അങ്ങനെ സമരത്തിലും സന്ധിയിലും ഒരുപോലെ പാടവം പ്രകടിപ്പിച്ച പ്രഗല്‌ഭനായിരുന്നു കുട്ട്യാലി.

ചില ചരിത്രകാരന്മാര്‍ രണ്ടു കുട്ട്യാലികളുണ്ടായിരുന്നതായി അഭിപ്രായപ്പെടുന്നു. ചിന്ന കുട്ട്യാലിയെന്നറിയപ്പെടുന്ന നാവികന്‍ അനുജനാണെന്നും, അയാളെയാണ്‌ പോര്‍ച്ചുഗീസുകാര്‍ തടവുകാരനാക്കി പിന്നീട്‌ വിമോചിപ്പിച്ചത്‌ എന്നും പ്രസ്‌താവിച്ചു കാണുന്നു. സ്ഥാനികളായ മരയ്‌ക്കാന്മാരുടെ കീഴില്‍ പോര്‍ച്ചുഗീസുകാരുമായി ഏതാണ്ട്‌ മുപ്പതു കൊല്ലക്കാലം യുദ്ധം ചെയ്‌ത നാവിക വീരനാണ്‌ കുട്ട്യാലി മരയ്‌ക്കാര്‍.

(പ്രൊഫ. സയ്യദ്‌ മൊഹിയുദ്ദീന്‍ ഷാ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍