This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുട്ടി, കാർട്ടൂണിസ്റ്റ്‌ (1922 - 2011)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുട്ടി, കാര്‍ട്ടൂണിസ്റ്റ്‌ (1922 - 2011)

കാര്‍ട്ടൂണിസ്റ്റ്‌ കുട്ടി

പ്രശസ്‌തനായ മലയാളി കാര്‍ട്ടൂണിസ്റ്റ്‌. 1922-ല്‍ ഒറ്റപ്പാലത്ത്‌ പുതുക്കൊടി കൊറ്റുതൊടി വീട്ടില്‍ ജനിച്ചു. ഒറ്റപ്പാലം ഹൈസ്‌കൂളിലും കോഴിക്കോട്‌ മലബാര്‍ ക്രിസ്‌ത്യന്‍ കോളജിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. പി.കെ. ശങ്കരന്‍കുട്ടിയെന്നാണ്‌ പൂര്‍ണനാമം. 1940 മുതല്‍ കുട്ടി, കാര്‍ട്ടൂണുകള്‍ വരച്ചുതുടങ്ങി. കോളജ്‌ മാസികയ്‌ക്കുവേണ്ടി കാര്‍ട്ടൂണുകള്‍ വരച്ചുവന്ന കുട്ടിയില്‍ ഒളിഞ്ഞു കിടന്നിരുന്ന കാര്‍ട്ടൂണിസ്റ്റിനെ കണ്ടെത്തിയത്‌ പ്രശസ്‌ത ഹാസ്യസാഹിത്യകാരനായിരുന്ന സഞ്‌ജയന്‍ (എം.ആര്‍.നായര്‍) ആയിരുന്നു. ഹാസ്യചിത്രരചനയുടെ സങ്കേതങ്ങളെക്കുറിച്ചു കുട്ടിക്കു പരിശീലനം നല്‌കിയതും സഞ്‌ജയന്‍ തന്നെയായിരുന്നു. സഞ്‌ജയന്‍, വിശ്വരൂപം എന്നീ കാലിക പ്രസിദ്ധീകരണങ്ങളില്‍ വരച്ചുതുടങ്ങിയ കുട്ടിയെ റിഫോംസ്‌ കമ്മീഷണറായിരുന്ന വി.പി. മേനോനാണ്‌ സുപ്രസിദ്ധ കാര്‍ട്ടൂണിസ്റ്റായ ശങ്കറിനു പരിചയപ്പെടുത്തിക്കൊടുത്തത്‌. ശങ്കറിന്റെ കീഴില്‍ കാര്‍ട്ടൂണിന്റെ സാങ്കേതികത്വത്തില്‍ പരിശീലനം നേടിയശേഷം ശങ്കറിന്റെ ശിപാര്‍ശയോടെ നാഷണല്‍ ഹെറാള്‍ഡിലെ കാര്‍ട്ടൂണിസ്റ്റായി കുട്ടി നിയമിതനായി. ക്വിറ്റിന്ത്യാ പ്രക്ഷോഭണകാലത്ത്‌ നാഷണല്‍ ഹെറാള്‍ഡ്‌ നിരോധിക്കപ്പെട്ടതിനെത്തുടര്‍ന്ന്‌ തൊഴില്‍രഹിതനായ കുട്ടി ബോംബെയിലെത്തി ഫ്രീപ്രസ്‌ ജേര്‍ണലിന്റെ കാര്‍ട്ടൂണിസ്റ്റായി. പിന്നീട്‌ കുറച്ചുകാലം നാഷണല്‍ കാളിലും സേവനമനുഷ്‌ഠിച്ചു. പുതുതായി ആരംഭിച്ച ഇന്ത്യന്‍ ന്യൂസ്‌ ക്രാണിക്കിളില്‍ ശങ്കര്‍, ഇടത്തട്ട നാരായണന്‍ എന്നിവരോടൊപ്പം കുട്ടിയും പ്രവേശിച്ചു. മാനേജ്‌മെന്റുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന്‌ ശങ്കറും മറ്റും ഇന്ത്യന്‍ ന്യൂസ്‌ ക്രാണിക്കിളില്‍ നിന്നു പിരിഞ്ഞപ്പോള്‍ കുട്ടിയും രാജിവയ്‌ക്കുകയാണുണ്ടായത്‌. പിന്നീട്‌ ശങ്കറിന്റെ പ്രരണയെത്തുടര്‍ന്ന്‌ കുട്ടി ഇന്ത്യന്‍ ന്യൂസ്‌ ക്രാണിക്കിളില്‍ ശങ്കറിനു പകരം തുടര്‍ന്നു. ഇന്ത്യന്‍ ന്യൂസ്‌ ക്രാണിക്കിള്‍ പ്രസിദ്ധീകരണം നിര്‍ത്തിയശേഷം കുട്ടി കുറച്ചുകാലം ഉര്‍ദു, ഹിന്ദി പത്രങ്ങള്‍ക്കുവേണ്ടി കാര്‍ട്ടൂണ്‍ വരച്ചുവന്നു. പിന്നീട്‌ ആനന്ദ ബസാര്‍ പത്രികാ ശൃംഖലയിലെ സ്ഥിരം കാര്‍ട്ടൂണിസ്റ്റായി സേവനം അനുഷ്‌ഠിച്ചു.

കാര്‍ട്ടൂണുകളിലെ നര്‍മഭാവവും ഓമനത്തവുമാണ്‌ കുട്ടിയുടെ കാര്‍ട്ടൂണുകളുടെ സവിശേഷത. ഏതാണ്ട്‌ ഒരു മണിക്കൂറു സമയംകൊണ്ടാണ്‌ കുട്ടി മിക്ക കാര്‍ട്ടൂണുകളും പൂര്‍ത്തിയാക്കുന്നത്‌. ഇദ്ദേഹത്തിന്റെ ചില കാര്‍ട്ടൂണുകള്‍ വലിയ വാഗ്വാദങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്‌. പാകിസ്‌താനിനെതിരായി വരച്ച ഒരു കാര്‍ട്ടൂണ്‍, ഹിന്ദു കോഡ്‌ ബില്ലിനെ ആധാരമാക്കി വരച്ച കാര്‍ട്ടൂണ്‍, കേരളത്തിലെ വിമോചന സമരത്തെക്കുറിച്ച്‌ വരച്ച കാര്‍ട്ടൂണ്‍ എന്നിവ ഇക്കൂട്ടത്തില്‍പ്പെടുന്നു. ഡല്‍ഹിയിലെ മലയാളികള്‍ നടത്തുന്ന കേരള എഡ്യൂക്കേഷന്‍ സൊസൈറ്റി സ്‌കൂളിന്റെ സ്ഥാപകസെക്രട്ടറി, ഡല്‍ഹി കേരളാ ക്ലബ്ബിന്റെ സെക്രട്ടറി എന്നീ നിലകളിലും കുട്ടി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. ഇദ്ദേഹത്തിന്റെ കാര്‍ട്ടൂണുകള്‍ സമാഹരിച്ച്‌ പുസ്‌തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

2011 ഒക്‌ടോബര്‍ 22-ന്‌ യു.എസ്സില്‍ വച്ച്‌ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍