This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുടിയായ്‌മ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുടിയായ്‌മ

കൃഷിഭൂമിയെ സംബന്ധിച്ചിടത്തോളം ജന്മിയും കുടികിടപ്പുകാരനും തമ്മിലുള്ള സാമൂഹ്യബന്ധത്തെക്കുറിക്കുന്ന സംജ്ഞ. ഇന്ത്യയില്‍ കേരളമൊഴികെയുള്ള ഭാഗങ്ങളില്‍ ഭൂമിയുടെ ഉടമാവകാശം പ്രാചീനകാലത്ത്‌ ഭരണാധികാരികള്‍ക്കായിരുന്നു. കേരളത്തില്‍ ഭൂമിയുടെ അവകാശം സ്വകാര്യഉടമകള്‍ക്കായിരുന്നു; ഭരണാധികാരികള്‍ക്ക്‌ യാതൊരവകാശവുമുണ്ടായിരുന്നില്ല. മേജര്‍ വാക്കര്‍, താക്കറെ, മേജര്‍ വാര്‍ഡന്‍ എന്നിവരുടെ പഠനറിപ്പോര്‍ട്ടുകളിലും വിദേശീയസഞ്ചാരികളുടെ യാത്രാവിവരണങ്ങളിലും ഇതു സംബന്ധിച്ച പരാമര്‍ശങ്ങള്‍ കാണാം.

ആര്യന്മാരുടെ ആഗമനത്തോടുകൂടിയാണ്‌ കേരളത്തില്‍ ജന്മിവ്യവസ്ഥ ഉടലെടുത്തത്‌. ക്ഷേത്രങ്ങള്‍ ഗ്രാമീണരുടെ സാമൂഹ്യസാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രങ്ങളായി മാറിയതോടെ സ്വകാര്യസ്വത്തുകളുടെ നിയന്ത്രണം ക്ഷേത്രങ്ങളുടെ കൈവശമായി. ക്ഷേത്രങ്ങള്‍ക്കു ദാനമായി നല്‌കുന്ന ഭൂമിയുടെ കരമൊഴിവാക്കാന്‍ ഭരണകര്‍ത്താക്കള്‍ തയ്യാറായതോടെ ക്ഷേത്രങ്ങളുടെ നിയന്ത്രണത്തിലുള്ള ഭൂസ്വത്തുക്കളുടെ അളവ്‌ കൂടിവന്നു. ക്ഷേത്രസ്വത്തുക്കളുടെ നടത്തിപ്പിന്‌ നിലവില്‍വന്ന ഊരാണ്മ സമിതികളുടെ പ്രവര്‍ത്തനം കാലക്രമേണ പരമ്പരാഗതമായിത്തീര്‍ന്നു; ക്ഷേത്രം വക സ്വത്തുക്കള്‍ ബ്രാഹ്മണരുടെ സ്വകാര്യസ്വത്തുക്കളായി മാറി. ബ്രാഹ്മണര്‍ ക്ഷേത്രസ്വത്തുക്കളുടെ ഉടമകളായിത്തീര്‍ന്നതോടുകൂടി ദാതാക്കള്‍ വെറും കുടിയാന്മാരായി തരംതാഴ്‌ത്തപ്പെട്ടിരിക്കാമെന്ന്‌ പണ്ഡിതന്മാര്‍ അഭ്യൂഹിക്കുന്നു. മൈസൂര്‍ ആക്രമണകാലത്ത്‌ മലബാറില്‍നിന്ന്‌ പല സവര്‍ണജന്മിമാരും പലായനം ചെയ്‌തതോടെ അവിടെ പുതിയ ജന്മിമാര്‍ രംഗപ്രവേശം ചെയ്‌തു.

മലബാര്‍. പെരുമാളിന്റെ രാജ്യം വിഭജിക്കപ്പെട്ടതോടെ പ്രാദേശികഭരണാധിപന്മാര്‍ അധികാരം കൈക്കലാക്കിത്തുടങ്ങി. കാര്‍ഷികപ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടുപോകുന്നതിന്‌ കര്‍ഷകര്‍ക്ക്‌ പ്രാദേശിക ഭരണാധികാരികളുടെയോ, ബ്രാഹ്മണരുടെയോ, ക്ഷേത്രാധികാരികളുടെയോ സഹായം ആവശ്യമായിവന്നു; ഇതിനു പ്രതിഫലമെന്നോണം കാര്‍ഷികോത്‌പന്നങ്ങളുടെ ഒരു ഓഹരി അവര്‍ക്ക്‌ നല്‌കേണ്ടതായും വന്നു. തുടര്‍ന്നുള്ള കാലങ്ങളില്‍ കര്‍ഷകര്‍ തങ്ങളുടെ ഭൂമി രക്ഷിതാക്കള്‍ക്ക്‌ അടിയറ വയ്‌ക്കാന്‍ നിര്‍ബന്ധിതരായി. അങ്ങനെ ഭൂമി, ദേവസ്വം, ബ്രഹ്മസ്വം, ചേരിക്കല്‍ എന്നീ വിഭാഗങ്ങളുടേതായി. കൃഷിക്കാര്‍ വിളവിന്റെ ഒരു പങ്ക്‌ രക്ഷകര്‍ക്ക്‌ കാണമായി നല്‌കിവന്നു. വിളവിന്റെ ഒരു നിശ്ചിതപങ്ക്‌ രക്ഷകര്‍ക്ക്‌ കാണമായി നല്‌കണമെന്ന കരാറില്‍ ഭൂമി കൃഷി ചെയ്യാന്‍ കര്‍ഷകര്‍ നിയുക്തരായതോടെയാണ്‌ മലബാറില്‍ ജന്മി, കുടിയാന്‍ എന്നീ രണ്ടു വിഭാഗങ്ങള്‍ ഉരുത്തിരിഞ്ഞത്‌.

മൈസൂര്‍ ആക്രമണത്തെത്തുടര്‍ന്ന്‌ കാണാവകാശം ജന്മാവകാശത്തിനു തുല്യമായ തോതില്‍ സുരക്ഷിതമായിത്തീര്‍ന്നു. ബ്രിട്ടീഷ്‌ ഭരണം പ്രാബല്യത്തില്‍ വന്നതോടെ കാണം, ജന്മം തുടങ്ങിയ കുടിയായ്‌മാവകാശങ്ങള്‍ക്കു ചില മാറ്റങ്ങളുണ്ടായി. ജന്മിക്ക്‌ അര്‍ഹമായ വിഹിതം നല്‌കിയശേഷം ബാക്കി ഉത്‌പന്നം മുഴുവന്‍ സ്വയം അനുഭവിക്കുവാനും ഭൂമി കൈവശം വയ്‌ക്കുവാനുമുള്ള കുടിയാന്മാരുടെ അവകാശം ഇംഗ്ലീഷ്‌ കോടതികള്‍ നിര്‍ത്തല്‍ ചെയ്‌തു. ബ്രിട്ടീഷ്‌ ഭരണം ജന്മിമാര്‍ക്കാണ്‌ കൂടുതല്‍ അധികാരം നല്‌കിയത്‌. ബ്രിട്ടീഷ്‌ ഭരണകാലത്ത്‌ കുടിയായ്‌മയെപ്പറ്റി പഠിച്ചു റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ നിയുക്തരായ വാര്‍ഡന്‍, വൈ. താക്കറെ, ലോഗന്‍ എന്നിവരുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ കുടിയായ്‌മയെ സംബന്ധിച്ച ചില നിയമങ്ങള്‍ നടപ്പിലാക്കുകയുണ്ടായി. 1887-ലെ മലബാര്‍ കോമ്പന്‍സേഷന്‍ ഫോര്‍ ടെനന്റ്‌സ്‌ ഇംപ്രൂവ്‌മെന്റ്‌ ആക്‌റ്റ്‌, 1930-ലെ മലബാര്‍ ടെനന്‍സി ആക്‌റ്റ്‌ എന്നിവ ഇവയില്‍പ്പെടുന്നു.

തിരുവിതാംകൂര്‍. 1772-73-ല്‍ ആദ്യമായി തിരുവിതാംകൂറില്‍ കേട്ടെഴുത്തു നടത്തുകയുണ്ടായി. 1818, 1837, 1910 എന്നീ വര്‍ഷങ്ങളില്‍ സെറ്റില്‍മെന്റുകളും നടപ്പാക്കുകയുണ്ടായി. 1915-ലെ ഒരു റിപ്പോര്‍ട്ടനുസരിച്ച്‌ തിരുവിതാംകൂറില്‍ 760-ല്‍പ്പരം കുടിയായ്‌മ സമ്പ്രദായങ്ങള്‍ നിലവിലുണ്ടായിരുന്നു. ഒരേ സമ്പ്രദായംതന്നെ പല പ്രദേശങ്ങളില്‍ പല പേരുകളില്‍ അറിയപ്പെട്ടിരിക്കാനാണ്‌ സാധ്യത. തിരുവിതാംകൂര്‍ പ്രദേശത്തു പ്രചാരത്തിലിരുന്ന കുടിയായ്‌മസമ്പ്രദായങ്ങളില്‍ ഏറ്റവും പ്രധാനം കാണപ്പാട്ടമായിരുന്നു. ജന്മിമാരുടെ അടിച്ചമര്‍ത്തലിനു വിധേയരായ കര്‍ഷകരുടെ നിവേദനങ്ങളുടെ ഫലമായി കുടിയാന്മാരുടെ രക്ഷ ലക്ഷ്യമാക്കി പല നിയമനിര്‍മാണങ്ങളും നടന്നിട്ടുണ്ട്‌. 1896-ലെ ജന്മി-കുടിയാന്‍ റഗുലേഷന്‍, 1932-33-ലെ റഗുലേഷന്‍ 12 എന്നിവ ഇതിനുദാഹരണങ്ങളാണ്‌.

കൊച്ചി. 1745-60 കാലത്ത്‌ കൊച്ചീരാജാക്കന്മാര്‍ തിരുവിതാംകൂറിനോടും കോഴിക്കോട്ടു സാമൂതിരിയോടും യുദ്ധം നടത്തുന്നതിന്‌ ആവശ്യമായ പണം സംഭരിച്ചിരുന്നത്‌ സര്‍ക്കാര്‍ ഭൂമി കുടിയാന്മാര്‍ക്ക്‌ പാട്ടത്തിനു നല്‌കിക്കൊണ്ടായിരുന്നു. പിന്നീട്‌ കൊച്ചിയില്‍ പലതരം കുടിയായ്‌മാസമ്പ്രദായങ്ങള്‍ നിലവില്‍വന്നു. 1915-ലെ കൊച്ചി കുടിയായ്‌മ നിയമമനുസരിച്ച്‌ കുടിയാന്മാര്‍ക്ക്‌ ഭൂമിയില്‍ സ്ഥിരാവകാശവും കുഴിക്കൂറുകള്‍ക്ക്‌ നഷ്‌ടപരിഹാരവും കിട്ടിയിരുന്നു. 1938-ലെ കൊച്ചി കുടിയായ്‌മനിയമം, 1943-ലെ കൊച്ചിയിലെ വെറും പാട്ടക്കാരെ സംബന്ധിച്ച നിയമം തുടങ്ങിയവ മുഖേന കുടിയാന്മാര്‍ക്ക്‌ ന്യായമായ സംരക്ഷണം ലഭിച്ചുവന്നു.

തിരുവിതാംകൂര്‍-കൊച്ചി സംയോജനത്തിനു ശേഷം 1949-ല്‍ കണ്ടുകൃഷി വിജ്ഞാപനവും തിരുവിതാംകൂര്‍-കൊച്ചി കുടികിടപ്പ്‌ ഒഴിപ്പിക്കല്‍ നിരോധനനിയമവും 1950-ല്‍ കൈവശഭൂമി (നടപടികള്‍ തടയല്‍) നിയമവും പാസാക്കുകയുണ്ടായി. 1955-ലെ തിരുവിതാംകൂര്‍-കൊച്ചി കുടികിടപ്പ്‌ ഒഴിപ്പിക്കല്‍നിരോധനനിയമം, 1995-ലെ കാണകുടിയായ്‌മ നിയമം, 1956-ലെ തിരുവിതാംകൂര്‍-കൊച്ചി കുടിയായ്‌മ നഷ്‌ടപരിഹാരനിയമം എന്നിവ കുടിയാന്മാരുടെ സംരക്ഷണനടപടികള്‍ സംബന്ധിച്ചിടത്തോളം ശ്രദ്ധേയങ്ങളായിരുന്നു.

കേരളസംസ്ഥാനപ്പിറവിക്കുശേഷം നിര്‍ണായകങ്ങളായ ഭൂപരിഷ്‌കരണനിയമങ്ങള്‍ നടപ്പില്‍വന്നു. 1957-ലെ കേരള ഒഴിപ്പിക്കല്‍ നടപടി നിരോധനനിയമം, 1957-ലെ കേരള ഭൂസംരക്ഷണനിയമം, 1960-ലെ കേരള കാര്‍ഷികബന്ധനിയമം, 1960-ലെ ജന്മിക്കരം കൊടുക്കല്‍ നിരോധനനിയമം, 1963-ലെ കേരള ഭൂപരിഷ്‌കരണനിയമം, 1969-ലെ കേരള-ഭൂപരിഷ്‌കരണഭേദഗതിനിയമം എന്നിവ മുഖേന കുടിയാന്മാരുടെ സ്ഥിതി വളരെയേറെ മെച്ചപ്പെട്ടു. നോ. കാണം; ജന്മികുടിയാന്‍ വിളംബരം; ജന്മിക്കരം; ജന്മിത്തം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍