This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുടമാളൂർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുടമാളൂര്‍

കുടമാളൂര്‍ കൃസ്‌ത്യന്‍പള്ളി

കോട്ടയം ജില്ലയിലെ ചരിത്രപ്രാധാന്യമുള്ള ഒരു സ്ഥലം. തെക്കുംകൂര്‍ രാജ്യത്തിന്റെ പ്രധാന സങ്കേതങ്ങളിലൊന്നായിരുന്ന ഈ സ്ഥലം പിന്നീട്‌ ചെമ്പകശ്ശേരി രാജാക്കന്മാരുടെ അധീനതയിലായി.

ഇന്നത്തെ കുടമാളൂര്‍ ക്ഷേത്രത്തിനടുത്തായി "പുളിക്കല്‍ ചെമ്പകശ്ശേരി' എന്നറിയപ്പെട്ടിരുന്ന ഒരു ഇല്ലം ഉണ്ടായിരുന്നു. ഈ ഇല്ലത്തില്‍ വിധവയായ ഒരു അന്തര്‍ജനവും ഒരു ഉണ്ണിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ദാരിദ്യ്രത്തിലാണ്‌ ഇവര്‍ കഴിഞ്ഞുകൂടിയത്‌. ഉണ്ണി ഉപനയനം കഴിഞ്ഞ്‌ ബ്രഹ്മചാരിയായി വേദാധ്യയനം ചെയ്‌തു ക്ഷേത്രത്തില്‍ കഴിയുകയായിരുന്നു. അക്കാലത്ത്‌ കോഴിക്കോടു രാജാവും കൊച്ചി രാജാവും തമ്മില്‍ നടന്ന യുദ്ധത്തില്‍ നിന്ന്‌ തോറ്റോടിപ്പോന്ന അഞ്ഞൂറോളം നായര്‍ഭടന്മാര്‍ അലഞ്ഞുതിരിഞ്ഞ്‌ അവിടെ എത്തി. ക്ഷേത്രത്തിനടുത്തെത്തിയ നന്നേ വിശന്നുവലഞ്ഞിരുന്ന അവര്‍ അവിടെക്കണ്ട ചില നമ്പൂതിരിമാരോട്‌ ഒരുനേരത്തെ ഭക്ഷണം യാചിച്ചു. "ചെമ്പകശ്ശേരി' സമൃദ്ധമായ ഒരു ഇല്ലമാണെന്നും അവിടെ ചെന്നാല്‍ മൃഷ്‌ടാന്നം ഭുജിക്കാമെന്നും നമ്പൂതിരിമാര്‍ ആ ഭടന്മാരെ അറിയിച്ചു. അപ്രകാരം ഭടന്മാര്‍ ചെമ്പകശ്ശേരി ഇല്ലത്തെത്തി ദരിദ്രനായ ഉണ്ണിയെക്കണ്ടു. ""തനിക്കും അമ്മയ്‌ക്കുമുള്ള ഭക്ഷണത്തിന്റെ കാര്യംതന്നെ പരുങ്ങലിലാണെന്നും തന്നെ പരിഹസിക്കുവാന്‍ വേണ്ടിയാണ്‌ ഊരാളന്മാരായ നമ്പൂതിരിമാര്‍ നിങ്ങളെ ഇങ്ങോട്ടയച്ചതെന്നും ആ ബാലന്‍ പറഞ്ഞു. എന്തായാലും ആ ഭടന്മാരെ ഉണ്ണി വെറുതെ അയച്ചില്ല; താന്‍ ധരിച്ചിരുന്ന പുലിനഖമോതിരം ഊരി അവര്‍ക്കു കൊടുത്ത്‌ അതു വിറ്റു തത്‌കാലം ഭക്ഷണത്തിനുള്ള വക തേടിക്കൊള്ളാന്‍ പറഞ്ഞു.

തുടര്‍ന്ന്‌ ആ ഉണ്ണിയും ഭടന്മാരും മൈത്രിയിലായി. തങ്ങളെ വഞ്ചിക്കുകയും ഉണ്ണിയെ അപമാനിക്കുകയും ചെയ്‌ത അവിടത്തെ പ്രഭുക്കന്മാരായ നമ്പൂതിരിമാരുടെ ഇല്ലങ്ങള്‍ ആ സൈന്യം കൊള്ള ചെയ്‌തു. കൊള്ളചെയ്‌ത മുതല്‍ അവര്‍ ചെമ്പകശ്ശേരി ഇല്ലത്തെത്തിച്ചു. ഊരാളന്മാരായ നമ്പൂതിരിമാര്‍ വിവരം തെക്കുംകൂര്‍ രാജാവിനെ അറിയിച്ചു. തങ്ങളെ സഹായിച്ച ചെമ്പകശ്ശേരിയിലെ ഉണ്ണിനമ്പൂതിരിക്ക്‌ കുറേ സ്ഥലം ദാനം ചെയ്‌താല്‍ തുടര്‍ന്ന്‌ ഉപദ്രവിക്കാതിരിക്കാമെന്ന്‌ ഭടന്മാര്‍ അറിയിച്ചു. "ഒരാള്‍ക്ക്‌ ഒരു ദിവസംകൊണ്ടു വെട്ടിയെടുക്കാവുന്നത്ര വിസ്‌താരമുള്ള സ്ഥലം' ഉണ്ണിനമ്പൂതിരിക്കനുവദിച്ചുകൊണ്ട്‌ കല്‌പനയായി. ആ ഉണ്ണി രാവിലെ പുറപ്പെട്ട്‌ അക്കാലത്ത്‌ കുമാരനല്ലൂര്‍ പടിഞ്ഞാറ്റുംഭാഗമെന്നു പറഞ്ഞുവന്നിരുന്ന പ്രദേശത്തിനു ചുറ്റും ഒരു ഉടവാളുകൊണ്ടു വെട്ടിവെട്ടി പ്രദക്ഷിണമായി വന്നു. അപ്രകാരം ഒരു "ഉടവാള്‍' കൊണ്ടോ "കൊടുവാള്‍' കൊണ്ടോ വെട്ടിയെടുത്ത സ്ഥലമാണ്‌ കുടമാളൂരായത്‌ എന്നാണ്‌ ഒരൈതിഹ്യം ("കുടം' എന്ന ദേശം ആളുന്നവനോട്‌-വാഴുന്നവനോട്‌-ബന്ധമുള്ള ഊര്‌ കുടമാളൂരായി എന്ന്‌ ഡോ.കെ. ഗോദവര്‍മ അഭിപ്രായപ്പെട്ടിട്ടുണ്ട്‌). ചെമ്പകശ്ശേരിഇല്ലത്തെ ഉണ്ണി രാജാവായി തനിക്കധീനമായ പ്രദേശത്തിനു ചുറ്റും കോട്ടയും കിടങ്ങുകളും പണിതു. പിന്നീട്‌ രാജ്യം വിപുലീകരിക്കുകയും അമ്പലപ്പുഴ രാജധാനിയാക്കുകയും ചെയ്‌തു. എങ്കിലും കുടമാളൂരിലെ "ചെമ്പകശ്ശേരി മഠ'ത്തിലാണ്‌ അന്തര്‍ജനങ്ങള്‍ പാര്‍ത്തുപോന്നത്‌. ചെമ്പകശ്ശേരി മഠത്തില്‍ താമസിച്ചിരുന്ന സ്‌ത്രീകള്‍ക്ക്‌ ദര്‍ശനം നടത്താനാണ്‌ ഇവിടത്തെ പ്രസിദ്ധമായ വാസുദേവപുരം ക്ഷേത്രം നിര്‍മിച്ചതെന്നാണ്‌ ഐതിഹ്യം. "വാസുദേവപുരം തന്നില്‍ വാണരുളും ജഗന്നാഥനെ' കുഞ്ചന്‍ നമ്പ്യാര്‍ അനുസ്‌മരിച്ചിട്ടുണ്ട്‌. നമ്പ്യാര്‍ കുറേക്കാലം കുടമാളൂര്‍ ചെമ്പകശ്ശേരി മഠത്തില്‍ രാജാവൊന്നിച്ചു കഴിഞ്ഞിരുന്നു. അക്കാലത്ത്‌ നമ്പ്യാര്‍ അന്തര്‍ജനങ്ങളുടെ ആവശ്യപ്രകാരം രചിച്ചതാണ്‌ പത്തുവൃത്തം തിരുവാതിരപ്പാട്ട്‌ എന്നു പറയപ്പെടുന്നു. മാര്‍ത്താണ്ഡവര്‍മ മഹാരാജാവ്‌ ചെമ്പകശ്ശേരി രാജ്യം പിടിച്ചടക്കിയപ്പോള്‍ രാജാവും അന്തര്‍ജനങ്ങളും ഒളിവില്‍ പ്പോയി. ഏതാനും വര്‍ഷം കഴിഞ്ഞ്‌ അവര്‍ കുടമാളൂരില്‍ തിരിച്ചെത്തി. തിരുവിതാംകൂര്‍ ഗവണ്‍മെന്റ്‌ ഇവര്‍ക്ക്‌ അടുത്തൂണ്‍ നല്‌കിയിരുന്നു.

ചേരരാജധാനി കരൂര്‍വഞ്ചിക്കു മുമ്പ്‌ കുടമാളൂരിലായിരുന്നുവെന്ന അഭിപ്രായം നിരാസ്‌പദമാണ്‌. ചെമ്പകശ്ശേരി രാജാവിന്റെ പഴയ കൊട്ടാരം കുടമാളൂരാറിന്റെ (മീനച്ചലാറിന്റെ ശാഖ) തീരത്തുണ്ട്‌. ചെമ്പകശ്ശേരി രാജാവിന്റെ മന്ത്രിമാരായിരുന്ന തെക്കേടത്തു ഭട്ടതിരിമാരുടെ ഭവനം കുടമാളൂരാണ്‌.

കുടമാളൂര്‍ ക്രിസ്‌ത്യന്‍പള്ളി പ്രസിദ്ധമാണ്‌. ഏതാണ്ട്‌ 800 വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ചെമ്പകശ്ശേരി രാജാവ്‌ ഈ പള്ളി പണിയിച്ചുകൊടുത്തു. 60 പറ നിലം ഈ പള്ളിക്ക്‌ കരമൊഴിവായി നല്‌കുകയുണ്ടായി. 16-ാം ശതകത്തിന്റെ ആരംഭത്തില്‍ പോര്‍ച്ചുഗീസുകാര്‍ ഈ പള്ളി പരിഷ്‌കരിച്ചു. വാസുദേവപുരം ക്ഷേത്രമാണ്‌ കുടമാളൂരിലെ പ്രസിദ്ധമായ ഹൈന്ദവ ദേവാലയം. കഥകളി നടനായ കുടമാളൂര്‍ കരുണാകരന്‍നായരടക്കം അനേകം പ്രശസ്‌ത കലാകാരന്മാര്‍ക്ക്‌ ഈ ഗ്രാമം ജന്മം നല്‌കിയിട്ടുണ്ട്‌. വിശുദ്ധ അല്‍ ഫോണ്‍സാമ്മയുടെ ജന്മസ്ഥലം എന്ന നിലയിലും കുടമാളൂര്‍ പ്രസിദ്ധമാണ്‌.

(വിളക്കുടി രാജേന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍