This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുടനാട്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുടനാട്‌

പ്രാചീന തമിഴകത്തിലെ പതിമൂന്നു "നാടു'കളില്‍ ഒന്ന്‌. വടക്ക്‌ പൊന്നാനിപ്പുഴയ്‌ക്കും, തെക്ക്‌ പെരിയാര്‍ നദീമുഖത്തിനുമിടയ്‌ക്കുള്ള പ്രദേശമാണ്‌ കുടനാട്‌ എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്‌. അറബിക്കടലിനോട്‌ തൊട്ടുകിടന്നിരുന്ന നാലു നാടുകളില്‍ വടക്കുനിന്ന്‌ രണ്ടാമത്തേതായിരുന്നു ഇത്‌. ഏറ്റവും വടക്ക്‌ പൂഴിനാടായിരുന്നു. അഗലപ്പുഴ മുതല്‍ പൊന്നാനിപ്പുഴവരെയുള്ള പ്രദേശമായിരുന്നു പൂഴിനാട്‌. കോട്ടയം മുതല്‍ കൊല്ലംവരെയുള്ള പ്രദേശത്തെ കുട്ടനാട്‌ എന്നും കൊല്ലം മുതല്‍ തെക്കോട്ടുള്ള പ്രദേശത്തെ വെണ്‍നാട്‌ എന്നുമാണ്‌ പറഞ്ഞിരുന്നത്‌. ഈ നാടുകളുടെ അതിര്‍ത്തികളെക്കുറിച്ച്‌ അഭിപ്രായഭേദങ്ങളുണ്ട്‌. കുടനാടിനെ "പടിഞ്ഞാറന്‍ പ്രദേശം' എന്നും വ്യവഹരിച്ചിരുന്നു. പാലക്കാടു ചുരം വഴി മലബാറില്‍ കുടിയേറിപ്പാര്‍ത്തവരില്‍ , തമിഴകത്തിന്റെ ഏറ്റവും പടിഞ്ഞാറേ അതിര്‍ത്തിയില്‍ താമസിച്ചിരുന്നവര്‍ കുടനാടുകാരായിരുന്നു. കുടനാടിനെ "പടിഞ്ഞാറന്‍ പ്രദേശം' എന്നു വിളിക്കാന്‍ ഇതായിരുന്നിരിക്കാം കാരണം.

ചെങ്കുട്ടുവന്റെ സ്ഥാനാരോഹണത്തിനു മുമ്പുള്ള ചേരസാമ്രാജ്യത്തില്‍ കുടനാട്‌, പൂഴിനാട്‌, കുട്ടനാട്‌, വേണാട്‌, കൊങ്കുനാട്‌ എന്നിവ ഉള്‍പ്പെട്ടിരുന്നതായി പ്രൊഫ. കെ.വി. കൃഷ്‌ണയ്യര്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. സംഘകാലകൃതികളിലും കുടനാടിനെപ്പറ്റി പരാമര്‍ശം കാണാം. തൊല്‍ ക്കാപ്പിയര്‍ പഴയ ചെന്തമിഴ്‌ നാടിന്റെ ഭാഗമായിരുന്നു "കുടനാട്‌' എന്നു പ്രതിപാദിച്ചിട്ടുണ്ട്‌. ""ഉത്തര ദിക്കുകളിലെ അരചരെല്ലാം അഞ്ചും വിധം ആകാശം മുട്ടുമാറുയരത്തില്‍ വിജയക്കൊടി പറത്തിക്കൊണ്ട്‌ കുടനാടു വാണിരുന്ന നെടുഞ്ചേരലാതന്‌.... എന്നു പതിറ്റുപ്പത്തിലും, ""ചോഴന്‍ കുളമറ്റത്തുത്തുഞ്ചിയ കിള്ളിവളവന്‍, കൊങ്കുനാട്ടുകാരെ തോല്‌പിച്ചു, കുടനാടിനെയും വഞ്ചിമാനഗരത്തെയും കീഴടക്കിയതായി പുറനാനൂറിലും കാണുന്നു. കുടനാടുള്‍പ്പെടെ 12 നാടുകളിലായിട്ടു തമിഴിന്‌ ദേശ്യഭേദങ്ങള്‍ ഉണ്ടായിരുന്നതായി,

""തെന്‍പാണ്ടികുട്ടങ്കുടങ്കര്‍ക്കാ വെണ്‍പൂഴി-
	പന്‌റിയരുവാവതന്‍ വടക്കു-നാന്‌റായ
	ചീതമലാടു പുന്നാടു ചെന്തമിഴ്‌ ചേ
	രതമില്‌ പന്നിരുനാട്ടെണ്‍''
 

എന്ന ഒരു പഴയ തമിഴ്‌പ്പാട്ടില്‍ പ്രസ്‌താവിച്ചു കാണുന്നു. പ്രാചീനകാലത്ത്‌ പ്രസിദ്ധമായിരുന്ന മുചിരി (കൊടുങ്ങല്ലൂര്‍) തുറമുഖം കുടനാട്ടില്‍ ഉള്‍പ്പെട്ടിരുന്നു.

(ഡോ. കെ.കെ. കുസുമന്‍ ; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍