This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുടങ്ങൽ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുടങ്ങൽ

Indian Pennywort

ഏപ്പിയേസീ സസ്യകുടുംബത്തില്‍ പ്പെടുന്ന ഒരു ഔഷധസസ്യം. ശാ.നാ.: ഹൈഡ്രാകോട്ടൈല്‍ ഏഷ്യാറ്റിക്ക(Hydrocotyle asiatica). സെന്റല്ല ഏഷ്യാറ്റിക്ക എന്ന പേരിലും ഇത്‌ അറിയപ്പെടുന്നു. ഇന്ത്യയിലുടനീളം ഈര്‍പ്പമുള്ള സ്ഥലങ്ങളില്‍ ഇതു വളരുന്നു. സാധാരണയായി നദികള്‍, അരുവികള്‍, കുളങ്ങള്‍ എന്നിവയുടെ കരകളിലും ചതുപ്പുനിലങ്ങളിലും ഈര്‍പ്പം നിലനില്‍ ക്കുന്ന പുല്‍ ത്തകിടികളിലും കാണാം. കേരളത്തില്‍ ഇതു സര്‍വസാധാരണമാണ്‌.

നിലത്തു പടര്‍ന്നു വളരുന്ന ഒരു ഓഷധിയാണിത്‌. തണ്ടിന്റെ പര്‍വസന്ധിതോറും വേരുണ്ടാകുന്നു. അവിടെ നിന്ന്‌ മുകളിലേക്ക്‌ ഇലകളും വളരുന്നതു കാണാം. 2-4 സെ.മീ. വ്യാസമുള്ള ഇല വൃക്കാകാരവും അരിക്‌ ദന്തുരവുമാണ്‌. പത്രവൃന്തത്തിന്‌ നല്ല നീളമുണ്ട്‌. ജൂണ്‍-ജൂലായ്‌ മാസങ്ങളില്‍ പുഷ്‌പിക്കുന്നു. ചെറിയ പുഷ്‌പങ്ങള്‍ക്ക്‌ പാടലവര്‍ണമാണ്‌. ബാര്‍ലിമണിപോലുള്ള ചെറിയ ഫലങ്ങളാണ്‌ ഇതിന്റേത്‌.

ഇല, തണ്ട്‌, വേര്‌, വിത്ത്‌ ഇവയെല്ലാം ഔഷധത്തിനുപയോഗിക്കുന്നു. ആരോഗ്യത്തെ വീണ്ടെടുക്കുന്നതും ഉത്തേജകവും മൂത്രവര്‍ധകവുമാണ്‌ കുടങ്ങല്‍ . വയറുകടി, പനി, ത്വഗ്‌രോഗങ്ങള്‍, മലേറിയ, അപസ്‌മാരം, കുഷ്‌ഠം, മഞ്ഞപ്പിത്തം, ഗൊണോറിയ, വാതം, മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ എന്നിവയ്‌ക്ക്‌ ഫലപ്രദമായ ഔഷധമാണ്‌. ഇതിന്റെ ഇലയും പച്ചമഞ്ഞളുംകൂടി അരച്ചുപുരട്ടിയാല്‍ പുഴുക്കടി മാറുന്നു. കുട്ടികള്‍ക്കുണ്ടാകുന്ന അതിസാരത്തിന്‌ കൈകണ്ട ഔഷധമായി ഇതിന്റെ ഇല ഉപയോഗിച്ചുവരുന്നു. ഒരു ആര്‍ത്തവസ്രാവ വര്‍ധനൗഷധ (emmanagogue)മെന്ന നിലയിലും ഇതിനു സ്ഥാനമുണ്ട്‌. കുടങ്ങല്‍ നീരിനോടൊപ്പം കടമ്പിന്‍പട്ട, നെയ്യ്‌, കരിംജീരകം എന്നിവ അരച്ചുചേര്‍ത്ത്‌ പുരട്ടിയാല്‍ തൊലിയിലുണ്ടാകുന്ന പൊട്ടലുകള്‍ ശമിപ്പിക്കുവാന്‍ സാധിക്കും. ഈ സസ്യം ചിലതരം ക്ഷയരോഗങ്ങള്‍ക്ക്‌ ഫലപ്രദമാണെന്നും മസ്‌തിഷ്‌കത്തിനുള്ള ഒരു പോഷണൗഷധമാണെന്നും കരുതപ്പെടുന്നു. നിത്യവും നാലോ അഞ്ചോ ഇല ഉണക്കിപ്പൊടിച്ച്‌ പാലില്‍ ചേര്‍ത്തു കഴിച്ചാല്‍ ഓര്‍മശക്തി വര്‍ധിക്കുമെന്ന്‌ ഭിഷഗ്വരന്മാര്‍ അഭിപ്രായപ്പെടുന്നു. ചര്‍മം, രോമം, നഖം എന്നിവയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിന്‌ ഇതിന്റെ നീര്‌ സമര്‍ഥമാണെന്ന്‌ മൃഗങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ നിന്നു തെളിഞ്ഞിട്ടുണ്ട്‌. കാലികള്‍ക്കും കോഴികള്‍ക്കും ഇത്‌ ഔഷധമാണ്‌. ചരകന്‍, സുശ്രുതന്‍, വാഗ്‌ഭടന്‍ എന്നീ ആയുര്‍വേദാചാര്യന്മാര്‍ രസായനചികിത്സയില്‍ കുടങ്ങലിന്‌ അതിപ്രധാനമായ ഒരു സ്ഥാനം നല്‌കിയിട്ടുണ്ട്‌.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%81%E0%B4%9F%E0%B4%99%E0%B5%8D%E0%B4%99%E0%B5%BD" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍