This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുടക്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുടക്‌

ഇരുപ്പു ജലപാതം

കര്‍ണാടക സംസ്ഥാനത്തിലെ ഏറ്റവും ചെറിയ ഒരു ജില്ല. കൊടക്‌, കൂര്‍ഗ്‌ എന്നീ പേരുകളിലും അറിയപ്പെടുന്നു. വടക്ക്‌ അക്ഷാംശം 11º 56¢-þ12º 50¢ കിഴക്ക്‌ രേഖാംശം 75º 22¢-þ76º12¢. മലമ്പ്രദേശം എന്നര്‍ഥമുള്ള "കുടു' എന്ന വാക്കില്‍ നിന്നാണ്‌ കുടക്‌ പദത്തിന്റെ നിഷ്‌പത്തി. കുടകന്‍ എന്ന രാജാവ്‌ വാണിരുന്ന ദേശമായതിനാലാണ്‌ ഇതിനു കുടക്‌ എന്നപേര്‌ സിദ്ധിച്ചതെന്നും ഒരു പക്ഷമുണ്ട്‌. കുടക്‌ എന്ന പദത്തിന്‌ പടിഞ്ഞാറു ദിക്കിലുള്ള നാട്‌ എന്നും അര്‍ഥമുണ്ട്‌; ഈ ജില്ല കര്‍ണാടകത്തിന്റെ പടിഞ്ഞാറെ അറ്റത്താണ്‌ സ്ഥിതിചെയ്യുന്നതും. വിസ്‌തൃതി: 4,102 ച.കി.മീ.; ജനസംഖ്യ: 5,48,561 (2001). ഈ ജില്ലയിലെ പരമാവധി നീളം (തെക്കുവടക്ക്‌) 96 കി.മീ., വീതി (കിഴക്കുപടിഞ്ഞാറ്‌) 64 കി.മീ. മെര്‍ക്കാറാ, വീരരാജ്‌പെട്ട്‌, സോംവര്‍പെട്ട്‌ എന്നീ മൂന്നു താലൂക്കുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. മെര്‍ക്കാറാ പട്ടണമാണ്‌ (മടികേരി) ജില്ലാ തലസ്ഥാനം.

പരമ്പരാഗത വേഷം ധരിച്ച കുടക്‌ സ്‌ത്രീയും പുരുഷനും

പ്രകൃതിമനോഹരവും പര്‍വതനിബിഡവുമായ ഈ ജില്ലയില്‍ മഴ ധാരാളം കിട്ടുന്നു. കാലാവസ്ഥ ഹിതകരമാണ്‌. ഏപ്രില്‍ -മേയ്‌ മാസങ്ങളില്‍ ഏറ്റവും കൂടുതല്‍ ചൂട്‌ അനുഭവപ്പെടുന്നു. ജനുവരിയില്‍ താരതമ്യേന ചൂട്‌ കുറവാണ്‌. വര്‍ഷത്തില്‍ ഏതാണ്ട്‌ 118 ദിവസം വരെ മഴ ലഭിക്കുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്‌. ജില്ലയുടെ കിഴക്കേ അതിരായ കുശാല നഗരത്തില്‍ ശരാശരി വര്‍ഷപാതം 122 സെ.മീ., ജില്ലയിലൊട്ടാകെയുള്ള ശരാശരി വര്‍ഷപാതം 349 സെ.മീ. ആണ്‌. മലകളുടെ അടിവാരത്തില്‍ നെല്ലും കൂവരകും ചരിവുകളില്‍ കാപ്പിയും കൃഷിചെയ്യുന്നു. കാവേരിയാണ്‌ പ്രധാന നദി. ബ്രഹ്മഗിരിയില്‍ നിന്നാണിതിന്റെ ഉദ്‌ഭവം. കന്യക, കക്കബ, കാടനൂറ്‌, മുത്താരുമുടി, ഹാരംഗി എന്നീ പോഷകനദികള്‍ കുടക്‌ പ്രദേശത്തുവച്ച്‌ കാവേരിയോടു ചേരുന്നു. 17-ാം ശ. വരെയുള്ള കുടക്‌ ചരിത്രം അപൂര്‍ണവും അവ്യക്തവുമാണ്‌. 9-ാം ശതകത്തില്‍ കുടകിന്റെ ചില ഭാഗങ്ങള്‍ "ചങ്ങള്‍വാ' രാജാക്കന്മാരും 11-ാം ശതകത്തില്‍ മറ്റു ചില ഭാഗങ്ങള്‍ "കൊങ്കല്‍ വാ' രാജാക്കന്മാരും കൈവശം വച്ചിരുന്നു.

ബുദ്ധവിഹാരം-ബൈലാകുപ്പെ

12-ാം ശതകത്തില്‍ പടിഞ്ഞാറെ മൈസൂറില്‍ അധികാരത്തില്‍ വന്ന ഹോയ്‌സാലന്മാരുടെ മേല്‍ ക്കോയ്‌മ സമ്മതിച്ചുകൊടുക്കാന്‍ "ചങ്ങള്‍വാ' രാജാക്കന്മാര്‍ വിസമ്മതിക്കയാല്‍ അവര്‍ തമ്മില്‍ പലപ്പോഴും യുദ്ധം ഉണ്ടായി. ഒടുവില്‍ ജയിച്ചത്‌ ഹോയ്‌സാലന്മാരാണ്‌. എന്നാല്‍ 14-ാം ശതകത്തില്‍ അവരെ വിജയനഗരസേന കീഴടക്കി. 16-ാം ശതകത്തിന്റെ ഉത്തരാര്‍ധത്തില്‍ , വിജയനഗര സാമ്രാജ്യത്തിന്റെ ശക്തി അസ്‌തമിച്ചപ്പോള്‍ നായ്‌ക്കന്മാര്‍ അധികാരത്തില്‍ വന്നു. 1780-ല്‍ ഈ പ്രദേശം ഹൈദരാലി കൈവശപ്പെടുത്തി. അതില്‍ അസംതൃപ്‌തരായ ജനങ്ങള്‍ കലാപം ഉണ്ടാക്കി. ഹൈദരുടെ പിന്‍ഗാമിയായ ടിപ്പു ജനങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചു. കുടകിലെ ഭരണാധികാരി ഇംഗ്ലീഷുകാരുമായി സഖ്യം ചെയ്‌ത്‌ അവരുടെ സഹായത്തോടെ 1799-ല്‍ ടിപ്പുവിനെ തോല്‌പിച്ചു. അചിരേണ ഈ പ്രദേശം ബ്രിട്ടീഷ്‌ ആധിപത്യത്തിലായി. സ്വാതന്ത്യ്രലബ്‌ധിക്കുശേഷം നടന്ന സംസ്ഥാന പുനഃസംഘടന (1956)യോടെ ഈ ജില്ല ഇന്നത്തെ കര്‍ണാടക സംസ്ഥാനത്തിന്റെ ഭാഗമായി.

ജനങ്ങള്‍ പൊതുവേ നല്ല പൊക്കവും ശരീരദാര്‍ഢ്യവുമുള്ളവരാണ്‌. നാല്‌പതോളം ജാതികളും ഗോത്രങ്ങളും കുടകിലുണ്ട്‌. കൊബത്തി, അടിയാ, പലേയാ, പൊലെയാ, മാടിഗ മുതലായ കൂട്ടര്‍ അയിത്തജാതിക്കാരായി ഗണിക്കപ്പെട്ടിരുന്നു. ബ്രിട്ടീഷ്‌ ഭരണത്തിനു മുമ്പ്‌ അടിമത്തം അവിടെ നിലനിന്നിരുന്നു.

കൃഷിഭൂമിയോടു ചേര്‍ത്ത്‌ മുളകൊണ്ടു കൂരകെട്ടി വയ്‌ക്കോല്‍ മേഞ്ഞ പരമ്പരാഗത ഭവനങ്ങളില്‍ കലവറയും ജോലിക്കാര്‍ക്ക്‌ പാര്‍ക്കാന്‍ മുറിയും നാലുവശത്തും മുറ്റവും ഉണ്ടായിരിക്കും. മരിച്ചവരെ കുഴിച്ചിടുന്നതു പൊതുശ്‌മശാനത്തിലാണ്‌. പ്രധാനപ്പെട്ട വ്യക്തികളെ കുഴിച്ചിടുന്ന സ്ഥലത്ത്‌ സ്‌തൂപങ്ങള്‍ കെട്ടാറുണ്ട്‌.

വിശേഷരീതിയില്‍ വേഷം ധരിക്കുന്നവരാണ്‌ കുടകര്‍. പുരുഷന്മാര്‍ ഷര്‍ട്ടിനു പുറത്തു നീണ്ട കോട്ടു ധരിക്കുന്നു. അരയില്‍ കടുംചുവപ്പോ കടുംനീലയോ നിറത്തില്‍ വീതികുറഞ്ഞു നീളം കൂടിയ ഒരു തുണി ചുറ്റുക പതിവാണ്‌. അരയുടെ വലതുവശത്തായി ഒരു കത്തി തിരുകിവയ്‌ക്കുകയും ചെയ്യാറുണ്ട്‌. ഭംഗിയുള്ള ഒരു തലപ്പാവ്‌ വേഷവിധാനത്തിലെ പ്രധാനപ്പെട്ട ഒരു ഇനമാണ്‌. പാവാടയും ജാക്കറ്റുമാണ്‌ സ്‌ത്രീകള്‍ ധരിക്കുന്നത്‌. നല്ല നിറമുള്ള തുണികൊണ്ട്‌ അവര്‍ തല മറച്ചിരിക്കും. വിലപിടിപ്പുള്ള ആഭരണങ്ങള്‍ അണിയുന്നത്‌ ഒരു അന്തസ്സായി ഇവര്‍ കരുതിപ്പോരുന്നു. സ്വര്‍ണവും വെള്ളിയും കൊണ്ടുള്ള വളകളും പവിഴവും സ്വര്‍ണവും കൊണ്ടുള്ള മാലകളും ഇവര്‍ ധരിക്കുന്നു. മൂക്കുത്തിയും കമ്മലും കൈകാല്‍ വിരലുകളില്‍ മോതിരങ്ങളും ഇവരുടെ പ്രധാന ആഭരണങ്ങളാണ്‌.

കുടകന്മാര്‍ കൂട്ടുകുടുംബ സമ്പ്രദായത്തില്‍ ജീവിക്കുന്നവരും മക്കത്തായികളുമാണ്‌. ഒരേ ഗോത്രത്തില്‍ പ്പെട്ടവര്‍ക്കു തമ്മില്‍ വിവാഹബന്ധം പാടില്ല. കുടുംബങ്ങളിലെ മുതിര്‍ന്നവരാണ്‌ വിവാഹം ആലോചിച്ചുറപ്പിക്കുന്നത്‌. വിവാഹദിവസം വരനും പാര്‍ട്ടിയും വാദ്യഘോഷത്തോടുകൂടി വധൂഗൃഹത്തിലേക്ക്‌ യാത്രയാകുന്നു. കുതിരപ്പുറത്തായിരിക്കും വരന്റെ യാത്ര. വധൂഗൃഹത്തിനടുത്തെത്തുമ്പോള്‍ അയാള്‍ കുതിരപ്പുറത്തു നിന്നിറങ്ങി തന്റെ കത്തികൊണ്ട്‌ ഒരു വാഴ ഒറ്റവെട്ടിനു രണ്ടായി മുറിക്കണമെന്നു വ്യവസ്ഥയുണ്ട്‌. അതു കഴിഞ്ഞാല്‍ വധുവിന്റെ ബന്ധുമിത്രാദികള്‍ ഇറങ്ങിവന്ന്‌ എതിരേറ്റ്‌ വരനെയും സംഘത്തെയും അകത്തേക്കു കൂട്ടിക്കൊണ്ടു പോകുന്നു. വരന്റെ ബന്ധുക്കള്‍ വധുവിനെ ധാന്യം ചൊരിഞ്ഞ്‌ ആശീര്‍വദിക്കുന്നു. മുന്‍കാലങ്ങളില്‍ "പുടകൊട' വിവാഹവും നിലവിലുണ്ടായിരുന്നു. ബഹുഭാര്യാത്വം കുടകരുടെ ഇടയില്‍ ചുരുക്കമായുണ്ടെങ്കിലും ബഹുഭര്‍ത്തൃത്വം ഇല്ലെന്നു തന്നെ പറയാം.

കൃഷിയാണ്‌ കുടകരുടെ മുഖ്യതൊഴില്‍ . ഇവിടെ ഏറ്റവും കൂടുതല്‍ കൃഷി ചെയ്യപ്പെടുന്നത്‌ കാപ്പിയാണ്‌. നെല്‍ ക്കൃഷിയും പ്രധാനമാണ്‌. ഏപ്രില്‍ -മേയ്‌ മാസങ്ങളില്‍ നിലം ഉഴുതുതുടങ്ങുന്നു. ഒരു നല്ല ദിവസം നിശ്ചയിച്ച്‌ സൂര്യന്‍ ഉദിക്കുന്നതിനുമുമ്പ്‌ ഒരു വിളക്കു കൊളുത്തിവച്ച്‌ കുടുംബാംഗങ്ങള്‍ അതിനുചുറ്റുംകൂടി, പൂര്‍വികന്മാരുടെയും കാവേരിയമ്മയുടെയും അനുഗ്രഹത്തിനുവേണ്ടി പ്രാര്‍ഥിക്കുന്നു. അതിനുശേഷം ചെറുപ്പക്കാര്‍ ഒരു ജോഡി കാളകളെ മുതിര്‍ന്നവരുടെ അനുവാദത്തോടുകൂടി വയലിലിറക്കുന്നു. ജൂലായ്‌-ആഗസ്റ്റ്‌ മാസങ്ങളില്‍ ഞാറു പറിച്ചുനടുന്നു. പുഷ്‌ടിപ്പെടുന്ന നെല്‍ ച്ചെടികള്‍ക്കു "ദൃഷ്‌ടിദോഷം' ഉണ്ടാകാതിരിക്കാന്‍ രണ്ട്‌ മീ. നീളത്തില്‍ മുളകള്‍ പകുതി വേവിച്ച്‌ വയലില്‍ വരിവരിയായി നാട്ടി നിര്‍ത്താറുണ്ട്‌. നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ കൊയ്‌ത്ത്‌ ആഘോഷപൂര്‍വം നടത്തുന്നു. നെല്ലു കഴിഞ്ഞാല്‍ കൃഷി ചെയ്യപ്പെടുന്ന അടുത്ത പ്രധാന ധാന്യം കൂവരകാണ്‌. ഏലം, വാഴ, ഓറഞ്ച്‌, കൈതച്ചക്ക എന്നിവയും ധാരാളമായി കൃഷി ചെയ്യപ്പെടുന്നു.

തേനും മെഴുകും സംഭരിക്കുന്നതിലും പക്ഷികളെയും മൃഗങ്ങളെയും വേട്ടയാടിപ്പിടിക്കുന്നതിലും കൗതുകമുള്ളവരാണ്‌ കുടകര്‍. വേട്ടയാടല്‍ ഇവര്‍ക്ക്‌ ഒരു വിനോദവും മാംസാഹാര സമ്പാദനത്തിനുള്ള ഒരു ഉപായവുമാണ്‌.

പിതൃക്കളെയും ഭൂതങ്ങളെയും ആരാധിക്കുന്നതില്‍ കുടകര്‍ ഏറെ നിഷ്‌കര്‍ഷയുള്ളവരാണ്‌. ഓരോ കുടുംബത്തിലും ഒരു മരച്ചുവട്ടില്‍ കല്ലില്‍ കൊത്തിയ മനുഷ്യരൂപങ്ങള്‍ പ്രതിഷ്‌ഠിച്ചിട്ടുള്ള ഒരു കൊച്ചുപുരയുണ്ടായിരിക്കും. "കൈമാറ്റ' എന്നാണതിന്റെ പേര്‌. ശിലാവിഗ്രഹങ്ങള്‍ പിതൃക്കളുടെ പ്രതിരൂപങ്ങളാണെന്നാണ്‌ സങ്കല്‌പം. കോഴിയെയും പന്നിയെയും അറുത്ത്‌ അവയ്‌ക്കു ബലി കൊടുക്കുന്നു.

ചാമുണ്ഡി, കല്ലുഗുട്ടി, പഞ്ചൂര്‍ലി, ഗുളികന്‍, ഗോരകന്‍ എന്നീ ഭൂതങ്ങള്‍ക്കുവേണ്ടിയും പൂജകള്‍ നടത്താറുണ്ട്‌. പൂജാക്രമം പിതൃപൂജയിലേതുപോലെതന്നെയാണ്‌. മാരിയമ്മ, ദുര്‍ഗ, ഭദ്രകാളി മുതലായ ഗ്രാമദേവതകളെ പ്രീണിപ്പിക്കുന്നതിന്‌ ഒരു കാലത്ത്‌ നരബലിയും നടത്തിയിരുന്നു. ഈ ദേവതകള്‍ക്കുവേണ്ടി വാര്‍ഷികപൂജ ഇപ്പോഴും നടത്താറുണ്ട്‌. നാഗാരാധകന്മാര്‍ കൂടിയായ കുടകര്‍ക്ക്‌ സര്‍പ്പക്കാവുകള്‍ പുണ്യസ്ഥലങ്ങളാണ്‌. നവംബര്‍ മാസത്തില്‍ കാവുകളില്‍ വിളക്കു കൊളുത്താറുണ്ട്‌. കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്ന ഒരു കൂട്ടം ചുടലഭൂതങ്ങളെ തൃപ്‌തിപ്പെടുത്താന്‍ നെല്ല്‌, പാല്‌ മുതലായ വസ്‌തുക്കള്‍ അര്‍പ്പിക്കുന്ന പതിവും ഉണ്ട്‌.

സാമൂഹികമായ പല അധികാരങ്ങളുമുള്ള ഒരു കാരണവസഭ കുടകില്‍ പ്രവര്‍ത്തിച്ചിരുന്നു. "താക്കാമുഖ്യസ്ഥം' എന്നാണ്‌ അതിന്റെ പേര്‌. ധര്‍മകാര്യങ്ങളില്‍ വീഴ്‌ച വരുത്തുന്നവരെയും പൊതുകാര്യങ്ങളില്‍ പങ്കെടുക്കാത്തവരെയും കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെയും ഈ സഭ ശിക്ഷിക്കും. കുറ്റക്കാരന്‍ ഗ്രാമത്തലവന്മാരുടെ മുമ്പാകെ സമാധാനം ബോധിപ്പിക്കണമെന്നാണു നിയമം. ഈ തലവന്മാരില്‍ മുഖ്യന്‍ ആണ്‌ ശിക്ഷ വിധിക്കുന്നത്‌. ശിക്ഷയ്‌ക്കു വഴങ്ങാത്ത ആളിനു സമുദായം ഭ്രഷ്‌ട്‌ കല്‌പിക്കും. എന്നാല്‍ ഇന്ന്‌ ഇത്തരം സഭകള്‍ക്ക്‌ പ്രസക്തിയില്ലാതായിട്ടുണ്ട്‌.

ഏറെ വിനോദസഞ്ചാര പ്രാധാന്യമുള്ള പ്രദേശമാണ്‌ കുടക്‌. കാവേരി നദിയുടെ ഉദ്‌ഭവസ്ഥാനമായ തലക്കാവേരി, ഇരുപ്പു ജലപാതം, ബൈലാകുപ്പെയിലെ ബുദ്ധവിഹാരം, ബ്രഹ്മഗിരി വന്യജീവിസങ്കേതം തുടങ്ങിയവ ഇവിടത്തെ പ്രധാന വിനോദസഞ്ചാര ആകര്‍ഷണങ്ങളാണ്‌.

കുടകുഭാഷ. ദ്രാവിഡഗോത്രത്തില്‍ പ്പെട്ടതാണ്‌ കുടകുഭാഷ. ഇത്‌ കര്‍ണാടക സംസ്ഥാനത്തില്‍ ഉള്‍പ്പെട്ട കുടകുജില്ലയിലെ ജനങ്ങളുടെ വ്യവഹാരഭാഷയാണ്‌. മലയാളം, കന്നഡ, തുളു എന്നീ ഭാഷകളാല്‍ ചുറ്റപ്പെട്ട ഒരു പ്രദേശമാണ്‌ ഈ ഭാഷാക്ഷേത്രം. അതുകൊണ്ട്‌ ഈ മൂന്നു ഭാഷകളുടെയും സ്വാധീനത കുടകുഭാഷയില്‍ വ്യക്തമായിക്കാണാം. കാല്‍ ഡ്വല്‍ ഇതിനെ കന്നഡത്തിന്റെ ഉപഭാഷയായിട്ടാണ്‌ ഗണിച്ചിട്ടുള്ളത്‌. ഇത്‌ കന്നഡത്തോടു വളരെ ബന്ധപ്പെട്ട ഭാഷയാണെന്നാണ്‌ ഭാഷാശാസ്‌ത്രജ്ഞന്മാര്‍ പൊതുവേ അഭിപ്രായപ്പെടുന്നത്‌. സ്വന്തമായ ലിപിയില്ലാത്ത ഈ ഭാഷ മലയാള-കന്നഡ ലിപികളില്‍ എഴുതപ്പെടുന്നു. ധ്വനിവ്യവസ്ഥ, പദനിഷ്‌പത്തി, വാക്യരചന മുതലായ വ്യാകരണാംശങ്ങളില്‍ ഇത്‌ ദക്ഷിണ ദ്രാവിഡ ഭാഷാസമൂഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. കുടകുഭാഷയ്‌ക്ക്‌ ആദ്യമായി ഒരു വ്യാകരണം രചിച്ചത്‌ "കോള്‍' എന്ന പാശ്ചാത്യപണ്ഡിതനാണ്‌.

കുടകുഭാഷയില്‍ തമിഴ്‌, മലയാളം എന്നിവയിലെന്നപോലെ വ്യഞ്‌ജനാന്ത പദങ്ങളാണധികവും. കന്നഡ ഭാഷയില്‍ മൂലദ്രാവിഡഭാഷയിലെ "ക'കാരം "ച'കാരമായും "പ'കാരം "ഹ'കാരമായും "ച'കാരം "സ'കാരമായും പരിണമിക്കുന്നു. ഈ പരിണാമം കുടകു ഭാഷയിലില്ല. വര്‍ണമാല: സ്വരങ്ങള്‍: അ, ആ, ഇ, ഈ, ഉ, ഊ, എ, ഏ, ഒ, ഓ (അനുനാസിക ധ്വനിയും ഇവിടെ സാര്‍ഥകമാണ്‌). വ്യഞ്‌ജനങ്ങള്‍: ക, ഗ,ങ; ച, ജ, ഞ; ട, ഡ, ണ; ത, ദ, ന; പ, ബ, മ; യ, ര, ല, വ, സ, ള. കുടകുഭാഷയിലെ ലിംഗം, വചനം, വിഭക്തിപ്രത്യയങ്ങള്‍, നാമം, സര്‍വനാമം, സംഖ്യാവാചകശബ്‌ദം, ഗണവാചകം, ക്രിയാപദം, ക്രിയാവിശേഷണം മുതലായവയെ സംബന്ധിക്കുന്ന കാര്യങ്ങള്‍ തമിഴ്‌, മലയാളം, കന്നഡ എന്നീ ഭാഷയിലെ നിയമങ്ങളെ ആശ്രയിക്കുന്നു. കുടകുഭാഷയിലെ അനേകം പദങ്ങള്‍ മലയാളപദങ്ങളുമായി അടുത്ത ബന്ധമുള്ളതാണ്‌. ഉദാ:

മലയാളം    കുടകു ഭാഷ
പാല്‌	        പാല്‍ 
പന്നി	        പന്‌ദി
ഞാന്‍        	നാന്‍
നാം	        നംഗാ നാംഗ
നീ	        നീന്‍
അത്‌	        അദ്‌
ഒന്ന്‌	        ഒര്‌
രണ്ട്‌	        ദണ്ഡ്‌
മൂന്ന്‌	        മൂണ്ഡ്‌
 

(എന്‍.കെ. ദാമോദരന്‍; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%81%E0%B4%9F%E0%B4%95%E0%B5%8D%E2%80%8C" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍