This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുടക്കല്ല്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുടക്കല്ല്‌

കുടക്കല്ല്‌

മഹാശിലായുഗ സ്‌മാരകങ്ങളില്‍ കേരളത്തിന്റെ മാത്രം പ്രത്യേകതയായി കാണപ്പെടുന്ന കല്ലുകൊണ്ടുള്ള കുടകള്‍. കല്ലറ മൂടുന്ന കുടയുടെ ആകൃതിയുള്ള കല്ലില്‍ നിന്നാണ്‌ ഈ പേരിന്റെ ഉദ്‌ഭവം. ഇംഗ്ലീഷില്‍ "ഡോള്‍മെന്‍' എന്ന വിഭാഗത്തില്‍ പ്പെടുന്ന ശിലാശവകുടീരത്തിന്റെ കേരളീയമായ ആവിഷ്‌കാരമാണിത്‌.

ഓലക്കുടയുടെ ആകൃതിയില്‍ വെട്ടുകല്ലുകൊണ്ടാണ്‌ ഇവ നിര്‍മിച്ചിട്ടുള്ളത്‌. കോണ്‍ (cone) ആകൃതിയില്‍ മൂന്നോ നാലോ വെട്ടുകല്ല്‌ ഒന്നായിണക്കി ഭൂമിയില്‍ 30.5 സെ.മീ. ആഴത്തില്‍ കുഴിച്ചിടുമ്പോള്‍ മണ്ണിനു മുകളിലുള്ള ഭാഗത്തിന്‌ 183 സെ.മീ. ഉയരമുണ്ടാകും. അടിഭാഗത്തിന്‌ 183 സെ.മീ. വട്ടം കാണും; ഉപരിതലത്തിന്‌ 15സെന്റിമീറ്ററും. അവിടെയാണ്‌ വൃത്താകാരത്തിലുള്ള മേല്‍ ക്കൂരപോലെ കുടയുടെ ആകൃതിയില്‍ 185-215 സെ.മീ. വ്യാസമുള്ള ഭീമാകാരമായ ഒരു വെട്ടുകല്ല്‌ പതിച്ചുവച്ചിട്ടുള്ളത്‌ (തൊപ്പിക്കല്ലിന്‌ തൂണുകളില്ല. അവ തറയിലാണ്‌ പതിച്ചിട്ടുള്ളത്‌. ഈ രണ്ടു സ്‌മാരകശിലകളുടെയും അഗ്രഭാഗം ഒരുപോലെയാണ്‌).

കേരളത്തില്‍ ഉത്‌ഖനനം നടത്തിയപ്പോള്‍ കോണാകൃതിയിലുള്ള കുടക്കല്ലിന്റെ പ്രധാനഭാഗത്ത്‌ 152.5 സെ.മീ. ഉയരവും 122 സെ.മീ. വീതിയുമുള്ള ഒരു വലിയ കുടം വയ്‌ക്കാവുന്ന അറ കണ്ടെത്തി. അന്ന്‌ അടക്കം ചെയ്യുന്നതിന്‌ കുടം അഥവാ ഭരണിയാണ്‌ ഉപയോഗിച്ചിരുന്നതെന്ന്‌ ഊഹിക്കാം. കലശം, അസ്ഥിശകലങ്ങള്‍, ആയുധങ്ങള്‍, മുത്തുകള്‍, ഇരുമ്പുകൊണ്ടുള്ള ചെറിയ ശൂലം മുതലായവയും കണ്ടുകിട്ടി. കുടയുടെ ആകൃതിയിലുള്ള ഈ മേല്‍ ക്കൂര കല്ലറയുടെ ഔന്നത്യം വര്‍ധിപ്പിക്കുന്നതോടൊപ്പം കല്ലറയിലടക്കം ചെയ്യപ്പെട്ടവയ്‌ക്കു സംരക്ഷണവും നല്‌കുന്നു. സംഘകാലകൃതികളില്‍ ഇത്തരം ശവസംസ്‌കാരരീതികളെപ്പറ്റി പരാമര്‍ശങ്ങളുണ്ട്‌.

തൃശൂര്‍ ജില്ലയിലാണ്‌ ഇവ അധികം കാണപ്പെടുന്നത്‌. തൃശൂരിലെ ചെറുമന്‍കാട്ടുള്ള ഉദ്ദേശം അഞ്ചേക്കര്‍ വിസ്‌തീര്‍ണമുള്ള കൊടക്കന്‍പറമ്പില്‍ തൊപ്പിക്കല്ലുകളും കുടക്കല്ലുകളുമായി അറുപതോളം ശിലാസ്‌മാരക കുടീരങ്ങളുണ്ട്‌. തിരൂരങ്ങാടിക്കു സമീപം മമ്പുറം-കൊണ്ടോട്ടി നിരത്തുവക്കിലായി അനേകം കുടക്കല്ലുകള്‍ കാണപ്പെടുന്നു. പാലക്കാട്‌, ഇടുക്കി, മലപ്പുറം, കോഴിക്കോട്‌ ജില്ലകളില്‍ ധാരാളം കുടക്കല്ലുകള്‍ ഇന്നും കേടുകൂടാതെനിലകൊള്ളുന്നു. ശവം അടക്കുന്ന ഇത്തരം ശിലായുഗ സമ്പ്രദായത്തില്‍ നിന്നാണ്‌ ആധുനിക കല്ലറ സമ്പ്രദായം ഉണ്ടായിട്ടുള്ളത്‌.

(വി. മന്മഥന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍