This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ഞുപണിക്കർ, പുതുപ്പള്ളിൽ(1885 - 1923)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുഞ്ഞുപണിക്കര്‍, പുതുപ്പള്ളില്‍ (1885 - 1923)

ഒരു മലയാള കവി. കൊല്ലംപേരൂര്‍ കളിയിലഴികത്തു വീട്ടില്‍ കാര്‍ത്ത്യായനിയമ്മയുടെയും കുഞ്ഞുകുഞ്ഞു പണിക്കരുടെയും പുത്രനായി 1885-ല്‍ കുഞ്ഞുപണിക്കര്‍ ജനിച്ചു. നാട്ടുനടപ്പനുസരിച്ച്‌ അഞ്ചാമത്തെ വയസ്സില്‍ മാതുലന്‍ ശേഖരപ്പണിക്കര്‍ വിദ്യാരംഭം നടത്തി. പിതൃഭാഗിനേയനായ കുഞ്ഞുപണിക്കര്‍ കാവ്യശാസ്‌ത്രാലങ്കാരാദികള്‍ പഠിപ്പിച്ചു. കുഞ്ഞുപണിക്കരുടെ പിതാമഹന്റെ കുടുംബമായ വാരണപ്പള്ളി തറവാട്‌ സാഹിത്യകലാരസികന്മാരുടെ ആസ്ഥാനമായിരുന്നു. കുമ്മമ്പള്ളില്‍ രാമന്‍പിള്ള ആശാന്‍ അവിടെ വച്ചാണ്‌ ശ്രീനാരായണഗുരു, പെരുന്നെല്ലി കൃഷ്‌ണന്‍ വൈദ്യര്‍, വെളുത്തേരില്‍ കേശവന്‍ വൈദ്യര്‍ തുടങ്ങിയ മഹാന്മാരുടെ ഗുരുസ്ഥാനം വഹിച്ചത്‌. അതുകൊണ്ട്‌ ആശാന്‍ കുഞ്ഞുപണിക്കരെയും ശിഷ്യനായി സ്വീകരിച്ചു. ഇരുപത്തിരണ്ടുവയസ്സിനുള്ളില്‍ പണിക്കര്‍ കാവ്യനാടകാലങ്കാരാദികളില്‍ അവഗാഹം സമ്പാദിച്ചു. അതിനുശേഷം പുതുപ്പള്ളിയില്‍ "വിജ്ഞാന സന്ദായിനി' എന്ന ഒരു സംസ്‌കൃത പാഠശാല സ്ഥാപിച്ചു. 1913-ല്‍ പണിക്കര്‍ വാരണപ്പള്ളിയിലെ ശാന്താദേവിയെ വിവാഹം ചെയ്‌തു. ആ ദാമ്പത്യബന്ധത്തിലുണ്ടായ ഇളയ സന്താനമാണ്‌ കേരളത്തിലെ മുന്‍ ധനകാര്യമന്ത്രിയും മുന്‍ പബ്ലിക്‌ സര്‍വീസ്‌ കമ്മിഷന്‍ ചെയര്‍മാനും കോണ്‍ഗ്രസ്‌ നേതാവും ആയ എം.കെ. ഹേമചന്ദ്രന്‍.

സമത്വവും സ്വാതന്ത്യ്രവും മനുഷ്യന്റെ ജന്മാവകാശമാണെന്നു വിശ്വസിച്ചിരുന്ന പുരോഗമന ചിന്തകനായ പണിക്കര്‍ കവിതകളില്‍ ക്കൂടി ആ മഹത്തായ ആദര്‍ശം പ്രകടമാക്കിക്കൊണ്ടിരുന്നു. സുജനാനന്ദിനി, മംഗളോദയം, കവനകൗമുദി, വിവേകോദയം തുടങ്ങിയ അക്കാലത്തെ പത്രമാസികകളില്‍ കൂടിയാണ്‌ ഇദ്ദേഹം കാവ്യവ്യാപാരം നടത്തിയിരുന്നത്‌; കേദാരഭട്ടന്റെ വൃത്തരത്‌നാകരം എന്ന ചന്ദശ്ശാസ്‌ത്രഗ്രന്ഥത്തിന്‌ "സര്‍വാര്‍ഥ സുബോധിനി' എന്ന വ്യാഖ്യാനം എഴുതിയത്‌ (1911) അക്കാലത്താണ്‌.

പ്രാചീന കേരള ചക്രവര്‍ത്തിയായിരുന്ന കുലശേഖരവര്‍മയുടെ തപതീസംവരണം എന്ന അതിവിശിഷ്‌ടമായ സംസ്‌കൃതനാടകം മലയാളത്തില്‍ ആദ്യമായി (1915) പരിഭാഷപ്പെടുത്തിയ ഉഭയഭാഷാ പണ്ഡിതനാണ്‌ പണിക്കര്‍. തന്റെ പ്രിയ സുഹൃത്തായ മജിസ്‌ട്രറ്റ്‌ പദ്‌മനാഭപ്പണിക്കരുടെ അകാലമരണം കവിഹൃദയത്തിലുളവാക്കിയ പ്രതികരണമാണ്‌ പ്രിയവിയോഗം എന്ന വിലാപകാവ്യത്തിന്റെ രചനയ്‌ക്കാസ്‌പദം. സാഹിത്യമഞ്‌ജുഷ എന്ന കവിതാസമാഹാരം പണിക്കരുടെ കാവ്യശൈലിക്കു മകുടോദാഹരണമാണ്‌. ജാതിയുടെ പേരില്‍ മനുഷ്യത്വം ചവിട്ടിമെതിക്കപ്പെട്ടിരുന്ന ഒരു കാലത്ത്‌ അതിനെതിരായി ശബ്‌ദമുയര്‍ത്തിയ കവിയാണ്‌ കുഞ്ഞുപണിക്കര്‍ എന്നതിന്‌ ഒരു ദയനീയ സംഭവം എന്ന യഥാതഥകവിത ദൃഷ്‌ടാന്തമാണ്‌. ജാതികൃതമായ അസമത്വബോധത്തില്‍ നിന്നു വിമുക്തനാകുന്നതിനായി ഇദ്ദേഹം (1920 ഏ. 29) കല്‍ ക്കത്താ ബ്രഹ്മസമാജത്തില്‍ അംഗത്വം സ്വീകരിച്ചു. അക്കാലത്ത്‌ മഹാനായ ഹേമചന്ദ്രസര്‍ക്കാര്‍ ഇദ്ദേഹത്തിനു ബ്രഹ്മവിദ്യാഭൂഷണന്‍ എന്ന ബഹുമതിമുദ്ര നല്‌കി. 1923 മേയ്‌ 14-ന്‌ ഇദ്ദേഹം അന്തരിച്ചു.

(ഡോ. വിജയാലയം ജയകുമാര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍