This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ഞുകൃഷ്‌ണന്‍, പള്ളിപ്പാട്ട്‌ (1905 - 91)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുഞ്ഞുകൃഷ്‌ണന്‍, പള്ളിപ്പാട്ട്‌ (1905 - 91)

പള്ളിപ്പാട്ട്‌ കുഞ്ഞുകൃഷ്‌ണന്‍

മലയാളസാഹിത്യകാരന്‍. കോട്ടയം വേളൂര്‍ പുറക്കേരില്‍ വീട്ടില്‍ കല്യാണി അമ്മയുടെയും കാരാപ്പുഴ മണത്തറ കുഞ്ഞന്‍ ഗോവിന്ദപ്പണിക്കരുടെയും പുത്രനായി 1905 ഫെ. 25-ന്‌ ജനിച്ചു. കാരാപ്പുഴയും ഹരിപ്പാട്ടും മിഡില്‍ സ്‌കൂള്‍ വിദ്യാഭ്യാസവും മാവേലിക്കരയില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും കഴിഞ്ഞ്‌ ചങ്ങനാശ്ശേരി സെന്റ്‌ ബര്‍ഗ്‌മാന്‍സ്‌ കോളജില്‍ നിന്നു 1928-ല്‍ ഇന്റര്‍മീഡിയറ്റ്‌ പാസായ ശേഷം മഹാകവി ഉള്ളൂര്‍ തിരുവനന്തപുരം പേഷ്‌കാരായിരിക്കവേ അദ്ദേഹത്തിന്റെ ആഫീസില്‍ ഒരു ക്ലാര്‍ക്കായി സര്‍ക്കാര്‍ ജീവനം ആരംഭിച്ചു. 1946-ല്‍ റവന്യൂ ഡിപ്പാര്‍ട്ടുമെന്റ്‌ വിട്ട്‌ ലേബര്‍ വകുപ്പിലേക്കു മാറി. ഇടയ്‌ക്ക്‌ അവധിയെടുത്തു ബി.എ.ക്കു പഠിച്ചു. ലേബര്‍ വകുപ്പില്‍ സൂപ്പര്‍വൈസറി കേഡറിലിരിക്കെ 1956-ല്‍ റിട്ടയര്‍ ചെയ്‌തു. വിദ്യാര്‍ഥിയായിരിക്കുന്ന കാലത്തുതന്നെ സാഹിത്യാഭിരുചി പ്രദര്‍ശിപ്പിച്ചിരുന്നു. ആദ്യം പദ്യരചനയിലാണ്‌ സാഹിത്യശ്രമങ്ങള്‍ നടത്തിയത്‌. മലയാളി, സമദര്‍ശി, ശ്രീവാഴുംകോട്‌, മലയാള മനോരമ, ഭാഷാപോഷിണി ഇത്യാദി ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ പല ഗദ്യ പദ്യലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്‌. ഭാവനാകൗമുദി (കവിതാസമാഹാരം-1937), ചിന്താവസന്തം (കവിതാസമാഹാരം-1947), ചിറ്റമ്മയുടെ മകന്‍ (ചെറുകഥാസമാഹാരം-1953), പിതാക്കന്മാരും പുത്രന്മാരും (നോവല്‍ വിവര്‍ത്തനം-1950).

1954-ല്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയ "നമ്മുടെ സാഹിത്യകാരന്മാര്‍' എന്ന ജീവചരിത്രപരമ്പരയുടെ 14 ഭാഗങ്ങള്‍ എട്ടുവര്‍ഷത്തിനകം അദ്ദേഹം രചിച്ച്‌ പുറത്തിറക്കി. മഹാകവി ഉള്ളൂര്‍ മുതല്‍ ചിത്രമെഴുത്ത്‌ കെ.എം. വര്‍ഗീസ്‌ വരെയുള്ള അനേകം സാഹിത്യകാരന്മാരെ ഈ ഗ്രന്ഥാവലിയുടെ അവതരിപ്പിച്ചു. പുറമേ ഭാഷയിലെ ഏകജീവചരിത്രനിഘണ്ടുവായ മഹച്ചരിതസംഗ്രഹസാരവും ഇദ്ദേഹം പ്രസിദ്ധീകരിച്ചു. ""ജീവചരിത്രം പരേതന്റെ ഒരു വെറും സ്‌മാരകചിഹ്നമല്ല. ഭാവനയുടെ ദിവ്യഗംഗയില്‍ അമരത്വം പ്രാപിച്ച ആത്മാവിന്റെ സജീവഛായയാകുന്നു എന്ന്‌ ഈ പരമ്പരയെ ജി. ശങ്കരക്കുറുപ്പ്‌ വിലയിരുത്തി. 1991 ഏ. 12-ന്‌ ഇദ്ദേഹം മുതുകുളത്ത്‌ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍