This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ഞിരാമമേനോന്‍, ചെങ്കുളത്ത്‌(എം.ആർ.കെ.സി., 1882 - 1940)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുഞ്ഞിരാമമേനോന്‍, ചെങ്കുളത്ത്‌(എം.ആര്‍.കെ.സി., 1882 - 1940)

ചെങ്കുളത്ത്‌ കുഞ്ഞിരാമമേനോന്‍

മലയാളത്തിലെ ആദ്യകാല ചെറുകഥാകൃത്തുക്കളില്‍ ഒരാളും പ്രഗല്‌ഭനായ പത്രാധിപരും. എം.ആര്‍.കെ.സി. എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നു. മുഴുവന്‍ പേര്‌ ചെങ്കുളത്ത്‌ കുഞ്ഞിരാമമേനോന്‍. വടക്കേ മലബാറില്‍ വളപട്ടണത്ത്‌ പുഴാതിദേശത്ത്‌ 1882-ല്‍ ജനിച്ചു. തറവാട്‌ കോഴിക്കോട്ട്‌ ചെങ്കുളത്ത്‌. കേരളപത്രികയുടെ സ്ഥാപകനും പത്രാധിപരുമായിരുന്ന വലിയ കുഞ്ഞിരാമമേനോന്‍ അമ്മാവനാണ്‌. ബാല്യത്തില്‍ പഴയസമ്പ്രദായപ്രകാരം സംസ്‌കൃതവും ജ്യോതിഷവും അഭ്യസിച്ചു. പിന്നീട്‌ കണ്ണൂര്‍ മുന്‍സിപ്പല്‍ ഹൈസ്‌കൂളില്‍ ചേര്‍ന്നു പഠിച്ച്‌ 1899-ല്‍ അപ്പര്‍ സെക്കണ്ടറി പാസായി. 1900-ാമാണ്ട്‌ മലബാര്‍ ജനനം രജിസ്‌ട്രഷന്‍ ആഫീസില്‍ ക്ലര്‍ക്കായി. വെസ്റ്റ്‌ കോസ്റ്റ്‌ സ്‌പെക്‌ടേറ്റര്‍ എന്ന പത്രത്തില്‍ ഇംഗ്ലീഷ്‌ ലേഖനങ്ങളും ജന്മി മുതലായ മാസികകളില്‍ മലയാള ലേഖനങ്ങളും എഴുതിത്തുടങ്ങി. അക്കാലത്താണ്‌ എം.ആര്‍.കെ.സി. എന്ന തൂലികാനാമം സ്വീകരിച്ചത്‌. 1909-ല്‍ അമ്മാവന്റെ കേരളപത്രികയുടെ ചുമതലയേറ്റെടുത്തു. കുറച്ചുകാലംകൊണ്ട്‌ സമര്‍ഥനായ പത്രാധിപര്‍ എന്ന പേരു നേടി. 1912 മുതല്‍ തൃശൂരില്‍ നിന്നു പുറപ്പെട്ടിരുന്ന മംഗളോദയം മാസികയുടെ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. 1920-ല്‍ മംഗളോദയം കെട്ടിടം പണിയുമ്പോള്‍ ഒരു ഭാഗം ഇടിഞ്ഞുവീഴുകയും മേനോന്റെ ഒരു കാല്‍ ഒടിയുകയും ചെയ്‌തു. പിന്നീട്‌ ആ കാല്‍ മുറിച്ചുകളയേണ്ടിവന്നു. എങ്കിലും മേനോന്‍ കര്‍മവിമുഖനായില്ല. ഭാരതി, കുടുംബദീപം, കേരളന്‍, സഹകരണ ബോധിനി എന്നിങ്ങനെ പല മാസികകളുടെ പത്രാധിപത്യം തുടര്‍ന്നും വഹിച്ചു. മലയാളത്തിലെ ജന്മികള്‍, ജോര്‍ജ്‌ പട്ടാഭിഷേകം, രഘുവംശചരിത്രം, കമ്പരാമായണം, വെള്ളുവക്കമ്മാരന്‍, ചെറുകഥകള്‍ (രണ്ടു ഭാഗങ്ങള്‍) ഇവയാണ്‌ ഇദ്ദേഹത്തിന്റെ മുഖ്യകൃതികള്‍.

വെള്ളുവക്കമ്മാരന്‍ (1927) ഹൈദരുടെ ബഹുമാനം നേടിയ കമ്മാരന്‍ നമ്പ്യാരുടെ കഥയാണ്‌. മുസ്‌ലിമായി മതപരിവര്‍ത്തനം ചെയ്‌ത്‌ ജനറല്‍ ആയാസ്‌ഖാന്‍ എന്ന പേരില്‍ പ്രസിദ്ധനായിത്തീര്‍ന്ന ഈ നമ്പ്യാരുടെ കഥ ചരിത്രത്തെ ആസ്‌പദമാക്കി എഴുതിയതാണ്‌. മലയാളത്തിലെ പഴയ ചരിത്രനോവലുകളുടെ ഇടയില്‍ ഇതിനു ഒരു മാന്യസ്ഥാനമുണ്ട്‌.

എം.ആര്‍.കെ.സി.യുടെ ചെറുകഥകള്‍ ഇതിവൃത്തപ്രധാനങ്ങളാണ്‌. ചരിത്രകഥകള്‍, സാഹസിക കഥകള്‍, പ്രതകഥകള്‍ ഇവയെല്ലാം ഇദ്ദേഹത്തിന്റെ രചനകളില്‍ കാണാം. ഭയാനകം, അദ്‌ഭുതം ഈ രസങ്ങള്‍ കൂട്ടിയിണക്കുന്നതില്‍ ഇദ്ദേഹത്തിനു നല്ല സാമര്‍ഥ്യമുണ്ടായിരുന്നു. മച്ചാട്ടുമലയിലെ ഭൂതം, മണിമഞ്ചത്തിലെ നിക്ഷേപം, കണ്ണിപ്പറമ്പിലെ കൊലപാതകം എന്നിവ മാതൃകകളാണ്‌. മലയാളത്തിലെ ഡിക്‌റ്റടീവ്‌ കഥയെഴുത്തുകാരുടെ കൂട്ടത്തിലും എം.ആര്‍.കെ.സി.ക്ക്‌ ഒരു സ്ഥാനമുണ്ട്‌.

(പ്രാഫ. എസ്‌. ഗുപ്‌തന്‍നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍