This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ഞിക്കന്നി, പാലൂർമഠം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുഞ്ഞിക്കന്നി, പാലൂര്‍മഠം

വടക്കന്‍പാട്ടിലെ ഒരു സ്‌ത്രീകഥാപാത്രം. സുന്ദരനും പ്രശസ്‌തനുമായ തച്ചോളിച്ചന്തു എല്ലാം കൊണ്ടും തനിക്ക്‌ അനുരൂപനാണെന്നു ബോധ്യപ്പെട്ട പാലൂര്‍ മഠത്തിലെ കുഞ്ഞിക്കന്നി ഒരു ദിവസം ചന്തുവിനെ ഒന്നു നേരില്‍ കാണാനും പരിചയപ്പെടാനുമായി കടത്തനാട്ടിലേക്കു പുറപ്പെട്ടു. അവിടെയുള്ള ഭദ്രകാളി ക്ഷേത്രനടയില്‍ വച്ച്‌ കന്നി ചന്തുവിനെ കണ്ടുവെങ്കിലും ചന്തു രാജപുത്രിയായ ഇവരെ തീര്‍ത്തും അവഗണിക്കുകയാണുണ്ടായത്‌. ഈ അവഗണനയില്‍ കുപിതയായ ഇവര്‍ കുടിയാനായ ചന്തു തന്നെ അപമാനിച്ചിരിക്കയാണെന്നും, അതിന്‌ ആയുധംകൊണ്ട്‌ ഉത്തരം ചോദിക്കണമെന്നും തന്റെ ഏഴ്‌ ആങ്ങളമാരോട്‌ ആവശ്യപ്പെട്ടു. പെങ്ങളെ ധിക്കരിച്ച ചന്തുവിനെ പടയ്‌ക്ക്‌ വിളിച്ചുകൊണ്ട്‌, ആ ആങ്ങളമാര്‍ ഉടനേതന്നെ ഒരങ്കക്കുറിപ്പ്‌ അയയ്‌ക്കുകയും ചെയ്‌തു.

പാലൂര്‍മഠം കോട്ടയില്‍ പടയ്‌ക്കൊരുങ്ങിയെത്തിയ ചന്തുവും കന്നിയുടെ ആങ്ങളമാരും തമ്മില്‍ പൊരിഞ്ഞൊരു യുദ്ധം തന്നെ നടന്നു. അവസാനം, ധര്‍മയുദ്ധം കൊണ്ട്‌ അവരെ ജയിക്കുവാന്‍ സാധിക്കുകയില്ലെന്ന്‌ ബോധ്യംവന്ന ചന്തു പൂഴിക്കടകനടി പ്രയോഗത്തിലൂടെ ആ ഏഴ്‌ ആങ്ങളമാരുടെയും തലവെട്ടിയെടുത്ത്‌ കന്നിയുടെ മുമ്പില്‍ വലിച്ചെറിഞ്ഞു. പാലൂര്‍മഠംകോട്ട സ്വന്തമാക്കിയ ചന്തുവിനു സുന്ദരിയും അനാഥയുമായ കന്നിയെ പിന്നെ അവഗണിക്കുവാന്‍ തോന്നിയില്ല. അവളെയും തന്റെ ഭാര്യമാരില്‍ ഒരുത്തിയായി സ്വീകരിച്ചുകൊണ്ടാണ്‌ ചന്തു കടത്തനാട്ടിലേക്കു മടങ്ങിയത്‌.

(പയ്യന്നൂര്‍ ബാലകൃഷ്‌ണന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍