This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ഞിക്കണ്ണന്‍, കീലേരി (1858 - 1939)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുഞ്ഞിക്കണ്ണന്‍, കീലേരി (1858 - 1939)

കേരളത്തില്‍ സര്‍ക്കസ്‌ കലയുടെ ഉപജ്ഞാതാവ്‌. 1858-ല്‍ തലശ്ശേരിയില്‍ ജനിച്ചു. കീലേരി കുഞ്ഞിക്കണ്ണന്‍ ടീച്ചര്‍ എന്നാണ്‌ ഇദ്ദേഹം പരക്കെ അറിയപ്പെട്ടിരുന്നത്‌.

ചെറുപ്പം മുതലേ കായികകലയോട്‌ കുഞ്ഞിക്കണ്ണന്‍ അതിയായ താത്‌പര്യം പ്രകടിപ്പിച്ചിരുന്നു. മാറോളി രാമനുണ്ണി ഗുരുക്കളാണ്‌ ഈ കലയില്‍ ഇദ്ദേഹത്തിന്റെ ആദ്യഗുരു. തുടര്‍ന്ന്‌, കടത്തനാട്ട്‌ ഉണ്ണിക്കുറുപ്പില്‍ നിന്ന്‌ കളരിപ്പയറ്റും കളരിചികിത്സയും അഭ്യസിച്ചു. മധുര, തഞ്ചാവൂര്‍, കുംഭകോണം എന്നിവിടങ്ങളില്‍ കുഞ്ഞിക്കണ്ണന്‍ കളരിപ്പയറ്റുമുറകള്‍ അവതരിപ്പിച്ചിട്ടുണ്ട്‌. പിന്നീട്‌ ഇദ്ദേഹം തലശ്ശേരിയിലെ ഒരു വ്യാപാരസ്ഥാപനത്തില്‍ ഗുമസ്‌തപ്പണി സ്വീകരിച്ചു. ഇക്കാലത്ത്‌ കണ്ണൂരില്‍ താവളമടിച്ചിരുന്ന വെള്ളപ്പട്ടാളക്കാരില്‍ ഒരു സംഘത്തിന്റെ കായികാഭ്യാസപ്രകടനങ്ങള്‍ ഇദ്ദേഹം കാണാനിടയായി. ഇതില്‍ താത്‌പര്യം തോന്നിയ കുഞ്ഞിക്കണ്ണന്‍ പാരലല്‍ ബാര്‍, ഹൊറിസോണ്ടല്‍ ബാര്‍, റോമന്‍ റിങ്‌സ്‌ തുടങ്ങി അവിടെ കാണാനിടയായ പല ഉപകരണങ്ങളും സ്വന്തമായി നിര്‍മിക്കുകയും വിദ്യകള്‍ സ്വയം അഭ്യസിക്കുകയും ചെയ്‌തു.

1882-നോടടുപ്പിച്ച്‌ കായികാഭ്യാസപ്രകടനവും ബാറിനു മേല്‍ ക്കളിയും സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തപ്പെട്ടു. 1884-ല്‍ തലശ്ശേരിയിലെ ബാസല്‍ മിഷന്‍ സ്‌കൂളിലെ ജിംനാസ്റ്റിക്‌സ്‌ അധ്യാപകനായി കുഞ്ഞിക്കണ്ണന്‍ നിയമിതനായി. 1932 വരെ അവിടെ തുടര്‍ന്നു.

1888-ല്‍ "ഛത്ര ന്യൂ ഇന്ത്യന്‍ സര്‍ക്കസ്‌' കാണാനിടയായ കുഞ്ഞിക്കണ്ണന്‍ കേരളത്തിലും ഒരു സര്‍ക്കസ്‌ സ്ഥാപനം വളര്‍ത്തിക്കൊണ്ടുവരുവാന്‍ പദ്ധതി ആവിഷ്‌കരിച്ചു. 1904-ല്‍ "മലബാര്‍ സര്‍ക്കസ്‌' എന്ന പേരില്‍ കേരളത്തിലെ ആദ്യത്തെ സര്‍ക്കസ്‌ കമ്പനി ഇദ്ദേഹം സ്ഥാപിച്ചു. സര്‍ക്കസ്‌ സ്ഥാപനങ്ങളുമായി മുന്‍പരിചയമില്ലാതിരുന്നിട്ടും സ്വയം വികസിപ്പിച്ചെടുത്ത അനവധി അഭ്യാസങ്ങള്‍ ഇദ്ദേഹം മറ്റുള്ളവരെ പഠിപ്പിച്ചു. സര്‍ക്കസ്‌ ചരിത്രത്തിലെ ഒരു സാഹസികയജ്ഞമായി ഈ പരിശീലനം കണക്കാക്കപ്പെടുന്നു. കേരളത്തിലെ പല സ്ഥലങ്ങളിലും തമിഴ്‌നാട്ടിലും "മലബാര്‍ സര്‍ക്കസ്‌' പ്രകടനങ്ങള്‍ നടത്തിയെങ്കിലും അഭ്യാസികളുടെയും മൃഗങ്ങളുടെയും പ്രദര്‍ശനസാമഗ്രികളുടെയും കുറവുകൊണ്ട്‌ മറ്റു വന്‍കിട സര്‍ക്കസ്‌ സ്ഥാപനങ്ങളുമായി മത്സരിച്ചു ജയിക്കാന്‍ മലബാര്‍ സര്‍ക്കസിനു കഴിഞ്ഞില്ല. തന്മൂലം സ്ഥാപനം നിര്‍ത്തിയെങ്കിലും അനവധി മലയാളികളെ സര്‍ക്കസ്‌ കലയിലേക്കു തിരിച്ചുവിടാന്‍ കുഞ്ഞിക്കണ്ണന്‍ യത്‌നിച്ചുകൊണ്ടിരുന്നു. മഹാരാഷ്‌ട്രക്കാരുടെ കുത്തകയായിരുന്ന സര്‍ക്കസിനെ മലയാളമണ്ണില്‍ വ്യാപകമാക്കാന്‍ ആദ്യം ഉദ്യമിച്ചയാളാണ്‌ കീലേരി കുഞ്ഞിക്കണ്ണന്‍ എന്നത്‌ പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്നു.

1939-ല്‍ 81-ാമത്തെ വയസ്സില്‍ ഇദ്ദേഹം നിര്യാതനായി. "വൈറ്റ്‌വേ' എന്നു പ്രസിദ്ധമായിരുന്ന സര്‍ക്കസ്‌ കമ്പനിയുടെ സ്ഥാപകനായ കീലേരി കുഞ്ഞിക്കണ്ണന്‍ ഇദ്ദേഹത്തിന്റെ ശിഷ്യനും മരുമകനുമാണ്‌. മറ്റു പ്രശസ്‌തരായ ശിഷ്യന്മാരാണ്‌ കൃഷ്‌ണന്‍ ടീച്ചര്‍, പരയാലി കണ്ണന്‍ടീച്ചര്‍, കീഴന്തി ഗോപാലന്‍ ടീച്ചര്‍ എന്നിവര്‍.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍