This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ഞായിന്‍ മുസലിയാർ, തലശ്ശേരി (1700 - ?)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുഞ്ഞായിന്‍ മുസലിയാര്‍, തലശ്ശേരി (1700 - ?)

ഒരു മാപ്പിള സാഹിത്യകാരന്‍. തലശ്ശേരി സ്വദേശിയായ ഒരു മുക്രിയുടെ മകനായി 1700-നടുപ്പിച്ച്‌ ജനിച്ചു. തലശ്ശേരിയില്‍ നിന്ന്‌ ഉപരിപഠനാര്‍ഥം പൊന്നാനിയിലേക്ക്‌ പോയി. അവിടെ ഏതാനും വര്‍ഷം താമസിച്ചുകൊണ്ട്‌ ഉയര്‍ന്ന പാണ്ഡിത്യം കരസ്ഥമാക്കി. തദവസരത്തില്‍ ത്തന്നെയാണ്‌ ഇദ്ദേഹം ഒരു കവിയായി വളര്‍ന്നതും. മാപ്പിളസാഹിത്യക്കളരിയില്‍ ഫലിതപ്രിയന്മാരായി വിഹരിച്ചിരുന്ന മഹാവ്യക്തികളില്‍ കുഞ്ഞായിന്‍ മുസലിയാര്‍ മുന്‍പന്തിയിലായിരുന്നു. മുസലിയാരുടെയും ഇദ്ദേഹത്തിന്റെ ആത്മസുഹൃത്തായ മങ്ങാട്ടച്ചന്റെയും രസികന്‍ കഥകള്‍ കേട്ട്‌ പൊട്ടിച്ചിരിക്കാത്ത മലയാളികളുണ്ടാവില്ല. ഇദ്ദേഹം സാമൂതിരിപ്പാടിന്റെ കൊട്ടാരവിദൂഷകനും അനുഗൃഹീത മാപ്പിളക്കവിയുമായിരുന്നു. ഇദ്ദേഹത്തിന്റെ രണ്ടു കാവ്യകൃതികളാണ്‌ നൂല്‍ മദ്‌ഹ്‌ എന്ന നൂല്‍ മാലയും കപ്പപ്പാട്ട്‌ എന്ന കൃതിയും. മുസലിയാരുടെ പ്രഥമ മാപ്പിള കാവ്യമായ നൂല്‍ മാല തലശ്ശേരിയില്‍ നിന്നാണ്‌ മുദ്രണം ചെയ്‌തിട്ടുള്ളത്‌. ഹിജ്‌റ 1151-ലാണ്‌ നൂല്‍ മാല എഴുതിയത്‌ എന്ന്‌ "ഒരായിരത്ത്‌ ഒരുനൂത്ത്‌ അന്‍പത്ത്‌ ഒണ്ടാവദില്‍ ' എന്ന കവിവാക്യത്തില്‍ നിന്ന്‌ വ്യക്തമാകുന്നു. പ്രവാചകനായ മുഹമ്മദ്‌ നബിയോട്‌ കവിക്കുള്ള ഭക്തിയുടെ പ്രകടനമാണ്‌ നൂല്‍ മാല. കപ്പപ്പാട്ട്‌ മനുഷ്യജീവിതം പാഴാക്കിക്കളയുന്നവരുടെ നിലപാട്‌ ഓര്‍മപ്പെടുത്തുന്നു. ഇദ്ദേഹത്തിന്റെ മികച്ച ദാര്‍ശനിക കാവ്യമാണ്‌ കപ്പപ്പാട്ട്‌. ഈ ഖണ്ഡകാവ്യത്തില്‍ മനുഷ്യശരീരത്തെ പായ്‌കപ്പലിനോടും ജീവിതത്തെ പായ്‌കപ്പലിന്റെ സഞ്ചാരത്തോടും സാദൃശ്യപ്പെടുത്തിയിരിക്കുന്നു.

കുഞ്ഞായിന്‍ മുസലിയാര്‍ പൊന്നാനിയില്‍ പഠിക്കുന്ന കാലത്ത്‌ ഉസ്‌താദായ മഖ്‌ദൂമിന്റെ ഭാര്യയോട്‌ "ഏലെമാല' എന്നു ചൊല്ലിക്കൊണ്ട്‌ ഉറങ്ങാന്‍ പറയുകയും വിവരമറിഞ്ഞ മഖ്‌ദൂം തങ്ങള്‍ കവിയോട്‌ "നീ മനുഷ്യനെ കപ്പലാക്കുകയാണോ' എന്ന്‌ ചിരിച്ചുകൊണ്ടു ചോദിക്കുകയും ഇതു കേട്ടവരെല്ലാം പൊട്ടിച്ചിരിക്കുകയും ചെയ്‌തുവത്ര. ഈ സംഭവത്തിനുശേഷമാണ്‌ മുസലിയാര്‍ മനുഷ്യനെ കപ്പലിനോടു സാമ്യപ്പെടുത്തി കപ്പപ്പാട്ട്‌ രചിച്ചതെന്നു പറയപ്പെടുന്നു. ഈ പാട്ടില്‍ "കണ്ടിട്ടറിവാനോ കണ്ണില്ലേ പൊട്ടാ-പൈ തന്ന പാലില്‍ കൈപ്പുണ്ടോ പൊട്ടാ-കേട്ടാലും കേട്ടാലും കേട്ടില്ല പൊട്ടാ-പട്ടം പൊളിഞ്ഞാല്‍ പറക്കാമോ പൊട്ടാ-പാലം മുറിഞ്ഞാല്‍ കടക്കാമോ പൊട്ടാ-വേട്ടാളന്‍ കാതില്‌ കൂടിട്ടോ പൊട്ടാ' എന്നിങ്ങനെ ചിന്താശൂന്യരെ തട്ടി ഉണര്‍ത്തുന്നു.

(സി.എന്‍. അഹമ്മദ്‌ മൗലവി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍