This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ഞമ്പു, പോത്തേരി (1857 - 1919)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുഞ്ഞമ്പു, പോത്തേരി (1857 - 1919)

സമുദായ പരിഷ്‌കര്‍ത്താവും സാഹിത്യകാരനും. കണ്ണൂര്‍ പട്ടണത്തില്‍ നിന്ന്‌ ഏകദേശം 3 കി.മീ. വടക്ക്‌ പളളിക്കുന്ന്‌ എന്ന ഗ്രാമത്തില്‍ 1857 ജൂണ്‍ 6-ന്‌ ജനിച്ചു. പിതാവായ പോത്തേരി ഒണക്കന്‍ സ്ഥാപിച്ച എഴുത്തുപള്ളിയില്‍ ചെറുമണലില്‍ കുഞ്ഞമ്പുട്ടി ഗുരുക്കളുടെ ശിഷ്യനായി സംസ്‌കൃതത്തിലും മലയാളത്തിലും സാമാന്യപരിജ്ഞാനം നേടി. തുടര്‍ന്ന്‌ കണ്ണൂര്‍ ഗവണ്‍മെന്റ്‌ ഹൈസ്‌കൂളില്‍ ചേര്‍ന്നു പഠിച്ചു മെട്രിക്കുലേഷന്‍ പാസായതിനുശേഷം മലപ്പുറത്ത്‌ ഒരു പോസ്റ്റുമാസ്റ്ററുടെ ഉദ്യോഗം സ്വീകരിച്ചു. കുറച്ചുകഴിഞ്ഞ്‌ തളിപ്പറമ്പ്‌ മജിസ്റ്റ്രട്ടു കോടതിയില്‍ ക്ലാര്‍ക്കായി. സ്വതന്ത്രമായി ജീവിക്കാനുള്ള ആഗ്രഹം നിമിത്തം വക്കീല്‍ പരീക്ഷയ്‌ക്കു പഠിക്കുകയും അതില്‍ ഉന്നതനിലയില്‍ വിജയം നേടുകയും ചെയ്‌തു. അധികം താമസിയാതെ, തളിപ്പറമ്പ്‌ മുന്‍സിഫ്‌ കോടതിയിലും തുടര്‍ന്ന്‌ കണ്ണൂര്‍ മുന്‍സിഫ്‌ കോടതിയിലും പ്രാക്‌ടീസ്‌ ചെയ്‌തു.

ഇദ്ദേഹം മതം, സമുദായം ഇവ സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ നല്ലവണ്ണം പഠിച്ച്‌ പത്രമാസികകളിലൂടെയും പുസ്‌തകങ്ങളിലൂടെയും അവതരിപ്പിച്ചു. എഡ്വേഡ്‌ പ്രസ്‌ എന്ന പേരില്‍ ഒരു അച്ചുകൂടം സ്വന്തമായി തുടങ്ങി. ജാതിയുടെ പേരില്‍ കഷ്‌ടതയനുഭവിച്ചിരുന്ന കീഴ്‌ജാതിക്കാരെ രക്ഷിക്കാന്‍ സര്‍വശക്തിയും ഉപയോഗിച്ചു പൊരുതുവാന്‍ തീരുമാനിച്ചു. 1887-ല്‍ താഴ്‌ന്ന ജാതിക്കാരായ പുലയരെ (പഞ്ചമരെ) പഠിപ്പിക്കുവാന്‍ ഒരു പ്രത്യേക സ്‌കൂള്‍ തുടങ്ങുകയും മറ്റുള്ളവര്‍ അവിടെ പഠിപ്പിക്കുവാന്‍ മടിച്ചുനിന്നപ്പോള്‍ തന്റെ അനുജനെത്തന്നെ അവിടെ അധ്യാപകനാക്കുകയും ചെയ്‌തു. ദരിദ്രരും ബുദ്ധിയുള്ളവരുമായ കുട്ടികള്‍ക്ക്‌ ഉന്നതവിദ്യാഭ്യാസം നല്‌കുവാന്‍ പലേടത്തും പൊതുയോഗങ്ങള്‍ നടത്തി പൊതുഫണ്ട്‌ രൂപവത്‌കരിക്കുവാന്‍ ഇദ്ദേഹം പരിശ്രമിച്ചു. വിദ്യാഭ്യാസം കൊണ്ടുമാത്രമേ സമൂഹത്തെ ഉയര്‍ത്തിക്കൊണ്ടു വരുവാന്‍ സാധിക്കുകയുള്ളുവെന്നു ബോധ്യമായതിനാല്‍ ഇദ്ദേഹം ആ വഴിയിലൂടെത്തന്നെയാണ്‌ സമുദായ സേവനം നിര്‍വഹിച്ചത്‌. സരസ്വതീവിജയം എന്ന സോദ്ദേശ നോവലില്‍ ക്കൂടി മേല്‍ ജാതിക്കാരുടെ ദയാഹീനമായ പെരുമാറ്റവും അധഃകൃതര്‍ അനുഭവിച്ചുവരുന്ന ദുരിതങ്ങളും കുഞ്ഞമ്പു തുറന്നുകാണിച്ചു. സരസ്വതീവിജയത്തിനു പുറമേ തീയ്യര്‍, രാമകൃഷ്‌ണസംവാദം, രാമായണസാരശോധന, മൈത്രി, ഭഗവദ്‌ ഗീതോപദേശം എന്നീ പുസ്‌തകങ്ങളും ഇദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 1919 ഡി. 24-ന്‌ ഇദ്ദേഹം അന്തരിച്ചു.

(കെ. ഗോപാലന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍