This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ഞബ്‌ദുള്ള, പുനത്തിൽ (1941 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുഞ്ഞബ്‌ദുള്ള, പുനത്തില്‍ (1941 - )

പുനത്തില്‍ കുഞ്ഞബ്‌ദുള്ള

ആധുനിക മലയാളസാഹിത്യകാരന്‍. 1941 ഏ. 3-ന്‌ ജനിച്ചു. രസതന്ത്രത്തില്‍ ബിരുദം നേടിയശേഷം അലിഗഡ്‌ സര്‍വകലാശാലയില്‍ നിന്ന്‌ എം.ബി.ബി.എസ്‌. പാസായി.

പുതിയ സങ്കേതങ്ങള്‍ ഉപയോഗിച്ച്‌ കഥകള്‍ എഴുതുന്നവരില്‍ പ്രമുഖനാണ്‌ കുഞ്ഞബ്‌ദുള്ള. ഇദ്ദേഹത്തിന്റെ നോവലുകളും കഥകളും ക്ഷുദ്രതാത്‌പര്യങ്ങളും വിശിഷ്‌ടാദര്‍ശങ്ങളും തമ്മില്‍ നടക്കുന്ന നിശിതവും ദയനീയവും ആയ സംഘട്ടനങ്ങളെ അത്യന്തം സമര്‍ഥമായി അവതരിപ്പിക്കുന്നു. സാമൂഹിക ജീവിതത്തിലെ വൈകൃതങ്ങളെയും പൊള്ളത്തരങ്ങളെയും ഹൃദ്യവും സുന്ദരവും ആയ ശൈലിയില്‍ ആവിഷ്‌കരിച്ച്‌ കൂടുതല്‍ ആശാസ്യവും ധന്യവും ആയ ജീവിതം നയിക്കുന്നതിന്‌ അനുവാചകരെ ധ്വന്യാത്മകമായി പ്രരിപ്പിക്കുന്നവയാണ്‌ ഇദ്ദേഹത്തിന്റെ മിക്ക കൃതികളും. സ്‌മാരകശിലകള്‍, ദുഃഖിതര്‍ക്കൊരു പൂമരം, കാമപ്പൂക്കള്‍, കന്യാവനങ്ങള്‍, കലീഫ, സംഘം, മേഘക്കൂടുകള്‍, മരുന്ന്‌, അഗ്നിക്കിനാവുകള്‍, ഭജനം പാടിയുറക്കിയ വിഗ്രഹങ്ങള്‍, പരലോകം തുടങ്ങിയ നോവലുകളും അജ്ഞന്‍, കത്തി, കാലാള്‍പ്പടയുടെ വരവ്‌, ആകാശത്തിന്റെ മറുപുറം, കൃഷ്‌ണന്റെ രാധ, കുഞ്ഞബ്‌ദുള്ളയുടെ ക്രൂരകൃത്യങ്ങള്‍, മലമുകളിലെ അബ്‌ദുള്ള, നരബലി, തിരഞ്ഞെടുത്ത കഥകള്‍, സതി, പുനത്തിലിന്റെ കഥകള്‍, ക്ഷേത്രവിളക്കുകള്‍, ജൂതന്മാരുടെ ശ്‌മശാനം, കുറേ സ്‌ത്രീകള്‍ മുതലായ ചെറുകഥാ സമാഹാരങ്ങളും പാപിയുടെ കാഷായം എന്ന ലേഖനസമാഹാരവും ആണ്‌ ഇദ്ദേഹത്തിന്റെ പ്രധാനകൃതികള്‍. കുപ്പായമില്ലാത്ത കഥാപാത്രങ്ങള്‍, ഡോക്‌ടര്‍ അകത്തുണ്ട്‌ എന്നീ അനുഭവകഥകളും നടപ്പാതകള്‍ എന്ന ഓര്‍മക്കുറിപ്പും വോള്‍ഗയില്‍ മഞ്ഞുപെയ്യുമ്പോള്‍ എന്ന യാത്രാവിവരണവും ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. പുറമേ കുഞ്ഞബ്‌ദുള്ളയും സേതുവും ചേര്‍ന്ന്‌ നവഗ്രഹങ്ങളുടെ തടവറ എന്നൊരു നോവലും രചിച്ചിട്ടുണ്ട്‌. "കത്തി' എന്ന കഥ ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്‌.

സ്‌മാരകശിലകള്‍ എന്ന നോവലിനും (1978) മലമുകളിലെ അബ്‌ദുള്ള എന്ന ചെറുകഥാസമാഹാരത്തിനും (1975) കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്‌. സ്‌മാരകശിലകള്‍ കേന്ദ്രസാഹിത്യ അക്കാദമിയുടെ അവാര്‍ഡും നേടുകയുണ്ടായി (1980).

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍