This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ഞന്‍ രാജാ, സി. (1895 - 1963)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുഞ്ഞന്‍ രാജാ, സി. (1895 - 1963)

സംസ്‌കൃതപണ്ഡിതനും ഗ്രന്ഥകാരനും. കുന്നംകുളത്തെ ചിറ്റഞ്ഞൂര്‍ കോവിലകത്തു 1895 സെപ്‌. 18-ന്‌ ജനിച്ചു. പാരമ്പര്യമനുസരിച്ചു കോവിലകത്തു വച്ചുതന്നെ കാവ്യം, അലങ്കാരം, ആയുര്‍വേദം, ജ്യോതിഷം എന്നിവയില്‍ സാമാന്യമായ അറിവുനേടി. പതിനൊന്നാമത്തെ വയസ്സില്‍ കുന്നങ്കുളത്തുള്ള ഗവണ്‍മെന്റ്‌ ഹൈസ്‌കൂളില്‍ നാലാം ക്ലാസ്സില്‍ ചേര്‍ന്ന്‌ ഇംഗ്ലീഷും ആധുനികശാസ്‌ത്രങ്ങളും പഠിക്കാന്‍ തുടങ്ങി. പരിശ്രമശാലിയായ രാജാ എല്ലാ പരീക്ഷകളിലും ഒന്നാംക്ലാസും ഒന്നാം റാങ്കും കരസ്ഥമാക്കി. പ്രസിഡന്‍സി കോളജില്‍ നിന്ന്‌ 1918-ല്‍ സംസ്‌കൃതത്തില്‍ ഓണേഴ്‌സ്‌ പാസായി. ആ പരീക്ഷയ്‌ക്ക്‌ അക്കൊല്ലമുണ്ടായിരുന്ന എല്ലാ മെഡലുകളും രാജായ്‌ക്കാണ്‌ കിട്ടിയത്‌. ഓക്‌സ്‌ഫഡ്‌ സര്‍വകലാശാലയില്‍ നിന്നു 1924-ല്‍ ഡോക്‌ടര്‍ ബിരുദം ലഭിക്കുമ്പോള്‍ ഇദ്ദേഹം യൂറോപ്പിലെ മിക്ക യൂണിവേഴ്‌സിറ്റികളും സന്ദര്‍ശിച്ചു കഴിഞ്ഞിരുന്നു.

ഇന്ത്യയില്‍ മടങ്ങിയെത്തിയശേഷം ഡോ. രാജാ ഒരു കൊല്ലം ശാന്തിനികേതനില്‍ കഴിച്ചുകൂട്ടി. ഗ്രീക്‌, ലാറ്റിന്‍, അവെസ്‌താ എന്നീ ഭാഷകള്‍ അക്കാലത്താണ്‌ പഠിച്ചത്‌. ഇവകൂടാതെ ഫ്രഞ്ച്‌, ജര്‍മന്‍, ഇറ്റാലിയന്‍ തുടങ്ങിയ ഭാഷകളും ഇദ്ദേഹത്തിനു വശമായിരുന്നു. അഡയാര്‍ ലൈബ്രറിയുടെ ചുമതല വഹിച്ചുകൊണ്ടിരിക്കെ 1927-ല്‍ മദിരാശി സര്‍വകലാശാലയില്‍ സംസ്‌കൃതം പ്രാഫസറായി. അന്നുമുതല്‍ ഭാരതത്തിലെ മിക്ക യൂണിവേഴ്‌സിറ്റികളും ഗവേഷണ സ്ഥാപനങ്ങളുമായി ബന്ധപ്പെടാനും ഗവേഷണപ്രവര്‍ത്തനങ്ങള്‍ പുനഃസംഘടിപ്പിക്കാനും ഇദ്ദേഹത്തിനു സാധിച്ചു. ന്യൂ കാറ്റലോഗസ്‌ കാറ്റലോഗോറത്തിന്റെ സമ്പാദക സമിതിയില്‍ അംഗമായും അതിന്റെ ചീഫ്‌ എഡിറ്ററായും സ്‌തുത്യര്‍ഹമായ സേവനമാണ്‌ അനുഷ്‌ഠിച്ചിട്ടുള്ളത്‌. ഗ്രന്ഥങ്ങളുടെ വിവരണാത്മകമായ കാറ്റലോഗ്‌ തയ്യാറാക്കുന്നതിലും പ്രാചീന ഗ്രന്ഥങ്ങള്‍ ശേഖരിച്ചു പ്രസാധനം ചെയ്യുന്നതിലും ഇദ്ദേഹം കാട്ടിയ നൈപുണ്യം പരിഗണിച്ച്‌ കൊച്ചിരാജാവ്‌ 1945-ല്‍ "ഗവേഷണ തിലകന്‍' എന്ന ബഹുമതി നല്‌കി.

1950-ല്‍ മദിരാശി സര്‍വകലാശാലയില്‍ നിന്ന്‌ പിരിഞ്ഞശേഷം ഡോ. രാജാ നാലുകൊല്ലം ടെഹ്‌റാന്‍ സര്‍വകലാശാലയിലും ആറുകൊല്ലം ആന്ധ്രാ സര്‍വകലാശാലയിലും പ്രവര്‍ത്തിച്ചു. 1960-ല്‍ ഇദ്ദേഹം ഔദ്യോഗികജീവിതത്തില്‍ നിന്നു വിരമിച്ചു. സാഹിത്യം, വ്യാകരണം, അലങ്കാരം, ദര്‍ശനം, പുരാണം, ധര്‍മശാസ്‌ത്രം, വേദം, സംഗീതം എന്നിങ്ങനെ വിവിധ ശാഖകളിലായി ഡോ. രാജാ 30-ല്‍ അധികം ഗ്രന്ഥങ്ങളും ഗവേഷണമൂല്യമുള്ള 130-ല്‍ അധികം ലേഖനങ്ങളും ഇംഗ്ലീഷില്‍ രചിച്ചിട്ടുണ്ട്‌. മലയാളഭാഷയിലെ കരുത്തുറ്റ എഴുത്തുകാരില്‍ ഒരാളായിരുന്നു രാജാ. ഭാഷാചരിത്രം, പ്രാചീന ഗ്രന്ഥകാരന്മാരുടെ കാലം, ഭാഷാവ്യാകരണം മുതലായവ സംബന്ധിച്ചു നൂറോളം ലേഖനങ്ങള്‍ ഇദ്ദേഹം മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. 1963 ഒ. 21-ന്‌ ബാംഗ്ലൂരില്‍ വച്ചു നിര്യാതനായി.

(ഡോ. കെ. വിജയന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍