This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ഞന്‍പിള്ള, ഇളംകുളം പി.എന്‍. (1904 - 73)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുഞ്ഞന്‍പിള്ള, ഇളംകുളം പി.എന്‍. (1904 - 73)

ഇളംകുളം പി.എന്‍. കുഞ്ഞന്‍പിള്ള

ഗവേഷകനും കേരളചരിത്രകാരനും ആയ ഒരു സാഹിത്യകാരന്‍. കൊല്ലം താലൂക്കില്‍ പ്പെട്ട ഇളംകുളം വില്ലേജില്‍ പുത്തന്‍പുരയ്‌ക്കല്‍ കുടുംബത്തില്‍ നാണിക്കുട്ടിയമ്മയുടെയും കടയക്കോണത്തു കൃഷ്‌ണക്കുറുപ്പിന്റെയും പുത്രനായി 1904 ന. 8-ന്‌ ജനിച്ചു. പരവൂര്‍, മണിയാംകുളം എന്നീ സ്‌കൂളുകളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. വെര്‍ണാക്കുലര്‍ സ്‌കൂള്‍ ലീവിങ്‌ പരീക്ഷ പാസായശേഷം ഒരു പ്രമറിസ്‌കൂളില്‍ കുറേനാള്‍ അധ്യാപകനായി. പിന്നീട്‌ കൊല്ലത്തെ മലയാളം ഹൈസ്‌കൂളില്‍ ചേര്‍ന്നു ഹയര്‍ പരീക്ഷയും തിരുവനന്തപുരം എസ്‌.എം.വി. ഹൈസ്‌കൂളില്‍ ചേര്‍ന്നു സ്‌കൂള്‍ ഫൈനല്‍ പരീക്ഷയും ജയിച്ചു. അക്കാലത്തുതന്നെ പത്രമാസികകളില്‍ ലേഖനങ്ങള്‍ എഴുതി സാഹിത്യകാരനെന്ന ബഹുമതി നേടി. അടുത്തവര്‍ഷം മാവേലിക്കര ഹൈസ്‌കൂളില്‍ മലയാളം പണ്ഡിറ്റായി ജോലിയില്‍ പ്രവേശിച്ചു. താമസിയാതെ തിരുവനന്തപുരം ആര്‍ട്‌സ്‌ കോളജില്‍ ചേര്‍ന്നു. 1927-ല്‍ ഇന്റര്‍മീഡിയറ്റ്‌ പരീക്ഷ ജയിച്ചു. ആയിടയ്‌ക്കുതന്നെ മലയാളം വിദ്വാന്‍ പരീക്ഷയും ജയിച്ചു. അതിനെത്തുടര്‍ന്ന്‌ അണ്ണാമല യൂണിവേഴ്‌സിറ്റിയില്‍ നിന്നു സംസ്‌കൃതം ഐച്ഛിക വിഷയമായെടുത്തു ബി.എ. ഓണേഴ്‌സ്‌ പാസായി. 1934-ല്‍ തിരുവനന്തപുരം ആര്‍ട്‌സ്‌ കോളജില്‍ ലക്‌ചററായി ഉദ്യോഗത്തില്‍ പ്രവേശിച്ചു.

യൂണിവേഴ്‌സിറ്റി കോളജ്‌ രൂപമെടുത്തപ്പോള്‍ ഇദ്ദേഹം അവിടത്തെ പൗരസ്‌ത്യ ഭാഷാവകുപ്പിലെ അധ്യാപകനായി. 1956-ല്‍ ഒന്നാം ഗ്രഡ്‌ പ്രാഫസര്‍ ആയി. 1959-ല്‍ പെന്‍ഷന്‍ പറ്റിയശേഷം സാഹിത്യപ്രവര്‍ത്തനത്തില്‍ മുഴുവന്‍ ശ്രദ്ധയും കേന്ദ്രീകരിച്ചിരുന്ന കുഞ്ഞന്‍പിള്ള 1973 മാ. 4-നു തിരുവനന്തപുരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ വച്ചു നിര്യാതനായി. ഗവേഷണം ഒരു തപസ്യയാക്കി മാറ്റിയ സാഹിത്യകാരനായിരുന്നു ഇളംകുളം കുഞ്ഞന്‍പിള്ള. ഹാരപ്പാ, ചന്ദ്രവല്ലി, ബ്രഹ്മഗിരി എന്നിവിടങ്ങളില്‍ പോയി ഇദ്ദേഹം ഉത്‌ഖനന ഗവേഷണത്തില്‍ പ്രായോഗിക പരിജ്ഞാനം നേടിയിട്ടുണ്ട്‌. ഇരുളിലാണ്ടു കിടന്നിരുന്ന പ്രാചീന കേരളത്തിന്റെ ഏടുകളില്‍ പലതിനും ഗവേഷണത്തിന്റെ വെളിച്ചം കടത്തിവിടുകയും നിഷ്‌പക്ഷമായി കാര്യങ്ങള്‍ നോക്കിക്കാണുകയും ചെയ്‌തപ്പോള്‍ അവയെല്ലാം സാഹിത്യവിദ്യാര്‍ഥികള്‍ക്ക്‌ അത്യന്തം ഉപയുക്തമായി പരിണമിച്ചു. സംസ്‌കൃതത്തിലും തമിഴിലും വട്ടെഴുത്ത്‌, കോലെഴുത്ത്‌, ഗ്രന്ഥലിപി തുടങ്ങിയവയിലും പ്രഗല്‌ഭനായിരുന്ന ഇളംകുളം, ഗവേഷണത്തിന്റെ വിവിധ മേഖലകളില്‍ സ്വന്തം വ്യക്തിത്വം സ്ഥാപിച്ചിട്ടുണ്ട്‌. ലിപിവിജ്ഞാനീയം, ജ്യോതിശ്ശാസ്‌ത്രം എന്നിവയിലും ഇദ്ദേഹത്തിന്‌ അസാമാന്യമായ പാണ്ഡിത്യമുണ്ടായിരുന്നു. ബര്‍ബോസാ, ആല്‍ ബറൂണി, ഹാമില്‍ ട്ടണ്‍ തുടങ്ങിയ ദേശസഞ്ചാരികളുടെ വിവരണങ്ങളും വ്യാഖ്യാനങ്ങളും ഇദ്ദേഹത്തിന്റെ കേരളചരിത്രരചനയ്‌ക്ക്‌ വളരെയധികം സഹായകമായിത്തീര്‍ന്നിട്ടുണ്ട്‌.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ മലയാളം പ്രാഫസറായിരുന്ന കാലത്താണ്‌ ചരിത്രഗവേഷണങ്ങളില്‍ കൂടുതല്‍ തത്‌പരനായത്‌. മലയാളം എം.എ. വിദ്യാര്‍ഥികള്‍ക്കു പഠിക്കാനുള്ള കേരളചരിത്രവും കേരളസംസ്‌കാരവും വസ്‌തുതകള്‍ക്കു യോജിക്കാത്ത ഊഹാപോഹങ്ങളിലും അസത്യങ്ങളിലും അര്‍ധസത്യങ്ങളിലും ആഴ്‌ന്നു കിടക്കുകയാണെന്നു സ്വന്തം ഗവേഷണത്തിലൂടെ ഇദ്ദേഹം മനസ്സിലാക്കി.

ഉണ്ണുനീലി സന്ദേശം, ലീലാതിലകം, കോകസന്ദേശം, ചന്ദ്രാത്സവം, നളചരിതം എന്നീ സാഹിത്യഗ്രന്ഥങ്ങള്‍ക്കു കുഞ്ഞന്‍പിള്ള എഴുതിയ വ്യാഖ്യാനവും പഠനവും പണ്ഡിതോചിതവും ചിന്തോദ്ദീപകവുമാണ്‌. ഉണ്ണുനീലിസന്ദേശം ചരിത്രദൃഷ്‌ടിയില്‍ ക്കൂടി, കേരളഭാഷയുടെ വികാസപരിണാമങ്ങള്‍, കേരളചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകള്‍, ചില കേരളചരിത്ര പ്രശ്‌നങ്ങള്‍ (മൂന്നുഭാഗങ്ങള്‍), ഭാഷയും സാഹിത്യവും നൂറ്റാണ്ടുകളില്‍ , സാഹിത്യസംഗ്രഹം, സാഹിത്യമാലിക, അന്നത്തെ കേരളം, ജന്മിസമ്പ്രദായം കേരളത്തില്‍ , സംസ്‌കാരത്തിന്റെ നാഴികക്കല്ലുകള്‍ എന്നീ ഗവേഷണഗ്രന്ഥങ്ങള്‍ കുഞ്ഞന്‍പിള്ളയുടെ സൂക്ഷ്‌മാവലോകന ശക്തിയുടെയും അസൂയാവഹമായ കഴിവിന്റെയും നിദര്‍ശനങ്ങളാണ്‌. ചരിത്രത്തിന്റെ പശ്ചാത്തലത്തില്‍ , കേരളം അഞ്ചും ആറും നൂറ്റാണ്ടുകളില്‍ , ചേരസാമ്രാജ്യം ഒന്‍പതും പത്തും നൂറ്റാണ്ടുകളില്‍ എന്നീ ഗവേഷണഗ്രന്ഥങ്ങള്‍ ഒട്ടേറെ ചരിത്രസത്യങ്ങള്‍ അനാവരണം ചെയ്യുന്നു. പണ്ടൈയ കേരളം എന്നൊരു കൃതി തമിഴിലും സ്റ്റഡീസ്‌ ഇന്‍ കേരള ഹിസ്റ്ററി, സം പ്രാബ്‌ളംസ്‌ ഇന്‍ കേരളാ ഹിസ്റ്ററി എന്നു രണ്ടു കൃതികള്‍ ഇംഗ്ലീഷിലും ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. പ്രാചീന കേരളത്തിലെ തളികളും തളിയാതിരികളും പെരുമാക്കന്മാര്‍, ചെപ്പേടുകള്‍, മലയാളപ്പഴമ, എട്ടരയോഗം, താളിയോലകള്‍, കൊല്ലവര്‍ഷം, തിരുവഞ്ചിക്കുളം, ആയിരാജവംശം, ശിലാശാസനകള്‍ തുടങ്ങിയ എണ്ണമറ്റ വിഷയങ്ങളെക്കുറിച്ച്‌ ഇളംകുളം നടത്തിയിട്ടുള്ള ഗവേഷണങ്ങളുടെ ഫലങ്ങള്‍ അമൂല്യങ്ങളാണ്‌. ചരിത്രപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിലുള്ള ആകര്‍ഷകത്വം കൊണ്ടാണ്‌ ചരിത്രകാരന്മാര്‍ക്കും ചരിത്രഗവേഷകന്മാര്‍ക്കും ഇദ്ദേഹം ആദരണീയനായിത്തീര്‍ന്നിരിക്കുന്നത്‌.

(ഡോ. വിജയാലയം ജയകുമാര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍