This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ചുപിള്ള കെ. കെ. (1893 - 1945)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുഞ്ചുപിള്ള കെ. കെ. (1893 - 1945)

കെ. കെ. കുഞ്ചുപിള്ള

സ്വാതന്ത്ര്യസമരസേനാനി. 1893 മേയ്‌ 4-നു ആലപ്പുഴയിലുള്ള അമ്പാട്ടുമഠത്തില്‍ ജനിച്ചു. ആലപ്പുഴ സനാതനധര്‍മവിദ്യാലയത്തില്‍ നിന്നു സ്‌കൂള്‍ ഫൈനല്‍ പരീക്ഷ ജയിച്ചശേഷം ബി.എ.യും എല്‍ .റ്റി.യും പാസ്സായി. കോട്ടപ്പുറം ഹൈസ്‌കൂളില്‍ ഹെഡ്‌മാസ്റ്ററായി സേവനമനുഷ്‌ഠിച്ചു. പിന്നീട്‌ ഇദ്ദേഹം ലാ കോളജില്‍ ചേര്‍ന്നെങ്കിലും പഠനം പൂര്‍ത്തിയാക്കിയില്ല. എന്നാല്‍ ഇക്കാലത്തുതന്നെ പത്രങ്ങളില്‍ ലേഖനങ്ങള്‍ എഴുതാനും പൊതുപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും തുടങ്ങിയിരുന്നു. ബി.എല്‍ . ബിരുദമെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും പ്ലീഡര്‍ഷിപ്പ്‌ പരീക്ഷ ജയിച്ച്‌ അമ്പലപ്പുഴ മുന്‍സിഫ്‌-മജിസ്‌ട്രട്ടു കോടതികളില്‍ പ്രാക്‌ടീസ്‌ ആരംഭിച്ചു.

കോണ്‍ഗ്രസ്‌ 1936-37 കാലങ്ങളില്‍ മദ്യവര്‍ജനപ്രസ്ഥാനമാരംഭിച്ചപ്പോള്‍ കുഞ്ചുപിള്ള അതില്‍ സജീവമായി പങ്കെടുത്തു. ദിവാനായിരുന്ന സര്‍ സി.പി. രാമസ്വാമി അയ്യരുടെ സ്വേച്ഛാഭരണത്തിനെതിരായി സ്റ്റേറ്റ്‌ കോണ്‍ഗ്രസ്സില്‍ ചേര്‍ന്ന്‌ ആലപ്പുഴയുടെ വിവിധഭാഗങ്ങളില്‍ സജീവമായി പ്രവര്‍ത്തിച്ച്‌ ധാരാളം ജനങ്ങളെ കോണ്‍ഗ്രസ്സിലേക്ക്‌ ആകര്‍ഷിച്ചു. 1938-ലെ സിവില്‍ ആജ്ഞാലംഘനത്തില്‍ പങ്കെടുക്കുകയും അറസ്റ്റു വരിച്ച്‌ ജയിലില്‍ പോവുകയും ചെയ്‌തു. രാഷ്‌ട്രീയപ്രാധാന്യമുള്ള പല ലേഖനങ്ങളും കോണ്‍ഗ്രസ്‌ സന്നദ്ധഭടന്മാര്‍ക്ക്‌ ആലപിക്കാനുള്ള ആവേശകരങ്ങളായ അനേകം ഗാനങ്ങളും ഇദ്ദേഹം രചിച്ചിരുന്നു. സ്റ്റേറ്റ്‌ കോണ്‍ഗ്രസ്‌ ആഫീസ്‌ എറണാകുളത്തേക്കു മാറ്റിയപ്പോള്‍ ആഫീസിന്റെ ചാര്‍ജ്‌ ഇദ്ദേഹത്തിനായിരുന്നു.

ആലപ്പുഴ ജയിലില്‍ കഴിയവേ കുഞ്ചുപിള്ളയെ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്സില്‍ നിന്ന്‌ വേര്‍പെടുത്താന്‍ സി.പി. ഒരു ശ്രമം നടത്തിയെങ്കിലും അതു ഫലവത്തായില്ല. തുടര്‍ന്ന്‌ ഇദ്ദേഹത്തെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്കു മാറ്റി. കോണ്‍ഗ്രസ്‌ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന്റെ ശിക്ഷയായി ഗണ്യമായ ഒരു തുക ഇദ്ദേഹത്തിന്‌ പിഴയായി ഒടുക്കേണ്ടിവന്നു; ഇതിനായി സ്വകാര്യസ്വത്തുക്കള്‍ ഗവണ്‍മെന്റ്‌ പിടിച്ചെടുത്തു. സാമാന്യം സമ്പന്നമായിരുന്ന ഇദ്ദേഹത്തിന്റെ കുടുംബം ഇതുമൂലം സാമ്പത്തികപരാധീതയിലായി. തുടര്‍ന്ന്‌ വീണ്ടും വക്കീല്‍ പണിയില്‍ ഏര്‍പ്പെടുവാന്‍ ഇദ്ദേഹം നിര്‍ബന്ധിതനായി. 1945 ഏപ്രില്‍ 26-ന്‌ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍