This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ചുനായർ, വാഴേങ്കട (1908 - 81)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുഞ്ചുനായര്‍, വാഴേങ്കട (1908 - 81)

വാഴേങ്കട കുഞ്ചുനായര്‍

കഥകളിനടന്‍. പഴയ വള്ളുവനാട്ടില്‍ കാറല്‍ മണ്ണയില്‍ നെടുംപെട്ടി ഗണപതിനായരുടെയും ചേനമ്പുറത്തു ഇട്ടിച്ചിരിയമ്മയുടെയും പുത്രനായി 1908-ല്‍ (കൊ.വ. 1084 ചിങ്ങം) വാഴേങ്കട ക്ഷേത്രത്തിനു സമീപമുള്ള മാതൃഗൃഹത്തില്‍ ജനിച്ചു. കൃഷ്‌ണന്‍ എന്നായിരുന്നു പേര്‌; എങ്കിലും തന്റെ "കുഞ്ചു' എന്ന ചെല്ലപ്പേര്‌ നിലനിര്‍ത്തുകയാണ്‌ ഇദ്ദേഹം ചെയ്‌തത്‌. കോപ്പന്‍നായര്‍, ഗോവിന്ദപ്പിഷാരടി, രാമുണ്ണിമേനോന്‍ എന്നിവരുടെ ശിഷ്യത്വം സ്വീകരിച്ച്‌ ഇദ്ദേഹം കഥകളി പരിശീലനം പൂര്‍ത്തിയാക്കി. കോപ്പന്‍നായര്‍, നായരമ്പലത്തു ഗോവിന്ദക്കുറുപ്പ്‌, എഴിക്കര ഗോപാലപ്പണിക്കര്‍, കാവുങ്ങല്‍ ശങ്കരപ്പണിക്കര്‍, കുതിരവട്ടത്തു ശങ്കരന്‍ തമ്പാന്‍, വെങ്കിച്ചന്‍ സ്വാമി എന്നിവരുടെ കളിയോഗങ്ങളില്‍ ഇടത്തരവും ആദ്യവസാനവുമായി കുഞ്ചുനായര്‍ വേഷംകെട്ടിയിരുന്നു.

1936-ല്‍ കഥകളി ആചാര്യനായിത്തീര്‍ന്ന ഇദ്ദേഹം 1937-ല്‍ കോട്ടയ്‌ക്കല്‍ നാട്യസംഘത്തിലെ അധ്യാപകനായി; 1938-ല്‍ കലാമണ്ഡലത്തിലെ അധ്യാപകനും പിന്നീട്‌ പ്രിന്‍സിപ്പലുമായി.

കുഞ്ചുനായര്‍ സാധാരണയായി കോട്ടയംകഥകളിയിലെ ആദ്യവസാനങ്ങള്‍ക്കു പുറമേ ദക്ഷന്‍നളന്‍, ബാഹുകന്‍, രുക്‌മാംഗദന്‍ എന്നീ വേഷങ്ങളാണ്‌ ആടിയിരുന്നത്‌. ഏതു കഥാപാത്രത്തിന്റെ വേഷം അഭിനയിക്കുമ്പോഴും ആ കഥാപാത്രവുമായി താദാത്മ്യം പ്രാപിക്കാന്‍ കഴിവുള്ള കുഞ്ചുനായരുടെ ധര്‍മപുത്രനും കല്യാണസൗഗന്ധികത്തിലെ ഭീമനും ഒന്നാംദിവസത്തെ നളനും പ്രസിദ്ധമാണ്‌. ആദ്യവസാന വേഷങ്ങള്‍ മാത്രമേ അഭിനയിക്കൂ എന്നു നിര്‍ബന്ധമില്ലാത്ത വാഴേങ്കട ഉത്തരാസ്വയംവരത്തിലെ കൃപര്‍, സീതാസ്വയംവരത്തിലെ പരശുരാമന്‍ തുടങ്ങിയ രംഗദൈര്‍ഘ്യം കുറഞ്ഞ വേഷങ്ങളെപ്പോലും തന്മയത്വമായി അവതരിപ്പിച്ചു വിജയിപ്പിച്ചിട്ടുണ്ട്‌. വെള്ളത്താടി വേഷമായ ഹനുമാന്‍ (കല്യാണസൗഗന്ധികം, ലവണാസുരവധം), മിനുക്കുവേഷങ്ങളായ കുചേലന്‍, സന്താനഗോപാലത്തിലെ ബ്രാഹ്മണന്‍, രുക്‌മിണീസ്വയംവരത്തിലെ സുന്ദരബ്രാഹ്മണന്‍ എന്നീ കഥാപാത്രങ്ങളെയും ഇദ്ദേഹം ആകര്‍ഷകമായി അവതരിപ്പിച്ചിട്ടുണ്ട്‌.

ഇദ്ദേഹത്തിനു നിരവധി പാരിതോഷികങ്ങളും അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്‌. 1948-ല്‍ നാട്ടുകാര്‍ ചേര്‍ന്ന്‌ ഇദ്ദേഹത്തിന്‌ ഒരു കിരീടം സമ്മാനിക്കുകയുണ്ടായി. 1949-ല്‍ വള്ളത്തോള്‍ സമ്മാനിച്ച കിരീടം, 1955-ല്‍ ഒളപ്പമണ്ണ ഭവദാസന്‍ നമ്പൂതിരിപ്പാട്‌ നല്‌കിയ വീരശൃംഖല, 1958-ല്‍ ബോംബെയിലെ കഥകളി ആസ്വാദകര്‍ സമ്മാനിച്ച വീരശൃംഖല എന്നിവ ഇദ്ദേഹത്തിനു ലഭിച്ച പാരിതോഷികങ്ങളില്‍ ചിലതാണ്‌. പ്രശസ്‌ത കഥകളിനടനുള്ള പ്രസിഡന്റിന്റെ അവാര്‍ഡ്‌ 1969-ല്‍ ഇദ്ദേഹത്തിന്‌ ലഭിച്ചു. കലാമണ്ഡലം കഥകളിസംഘത്തോടൊപ്പം പല വിദേശരാഷ്‌ട്രങ്ങളും സന്ദര്‍ശിച്ച്‌ ഇദ്ദേഹം തന്റെ അഭിനയപാടവം പ്രകടിപ്പിച്ചിട്ടുണ്ട്‌. കഥകളിയുടെ വിവിധവശങ്ങളെക്കുറിച്ച്‌ ഇദ്ദേഹം രചിച്ചിട്ടുള്ള ലേഖനങ്ങള്‍ നിരവധിയാണ്‌. നാട്യശാസ്‌ത്രം, ഹസ്‌തലക്ഷണദീപിക എന്നീ നാട്യഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ള മുദ്രകളെക്കുറിച്ചും ഇദ്ദേഹം ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ട്‌. ഇദ്ദേഹത്തിന്റെ ശിഷ്യന്മാരില്‍ പ്രമുഖനാണ്‌ കോട്ടയ്‌ക്കല്‍ കൃഷ്‌ണന്‍കുട്ടി നായര്‍.1981 ഫെ. 19-ന്‌ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍