This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ചന്‍ നമ്പ്യാർ (സു. 1700 - 70)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുഞ്ചന്‍ നമ്പ്യാര്‍ (സു. 1700 - 70)

കുഞ്ചന്‍ നമ്പ്യാര്‍

തുള്ളല്‍ പ്രസ്ഥാനത്തിന്റെ വ്യവസ്ഥാപകനായ കവി. പാലക്കാട്ടു ജില്ലയില്‍ കിള്ളിക്കുറിശ്ശിമംഗലം ഗ്രാമത്തില്‍ ശിവക്ഷേത്രത്തിനു സമീപമുള്ള കലക്കത്ത്‌ ഭവനത്തിലെ ഒരു നങ്ങ്യാരുടെ മകനായി കുഞ്ചന്‍ നമ്പ്യാര്‍(നമ്പിയാര്‍) ജനിച്ചു.

തിരുവിതാംകൂര്‍ രാജ്യം വികസിപ്പിച്ച മാര്‍ത്താണ്ഡവര്‍മ മഹാരാജാവ്‌ അമ്പലപ്പുഴ (ചെമ്പകശ്ശേരി രാജ്യം) കീഴടക്കിയത്‌ 1746-ല്‍ ആയിരുന്നു. കുഞ്ചന്‍ നമ്പ്യാര്‍ അമ്പലപ്പുഴയില്‍ ദേവനാരായണരാജാവിനെ ആശ്രയിച്ചു കഴിഞ്ഞിരുന്ന കാലമായിരുന്നു അത്‌. ദേവനാരായണന്റെ പതനത്തിനുശേഷം നമ്പ്യാര്‍ മാര്‍ത്താണ്ഡവര്‍മയോടൊത്ത്‌ തിരുവനന്തപുരത്തേക്ക്‌ പോയതായി കരുതപ്പെടുന്നു. ഏതാണ്ട്‌ പതിനേഴു വര്‍ഷക്കാലം അവിടെക്കഴിഞ്ഞിരിക്കണം. മാര്‍ത്താണ്ഡവര്‍മയുടെ സചിവനും തന്റെ ഇഷ്‌ടനുമായിരുന്ന അയ്യപ്പന്‍മാര്‍ത്താണ്ഡപ്പിള്ള ദളവ 1763-ല്‍ അന്തരിച്ചതിനുശേഷം നമ്പ്യാര്‍ അമ്പലപ്പുഴയ്‌ക്കു മടങ്ങുകയും ഏതാണ്ട്‌ 1770 നോടടുപ്പിച്ച്‌ കാലഗതി പ്രാപിക്കുകയും ചെയ്‌തു എന്ന്‌ അനുമാനിക്കേണ്ടിയിരിക്കുന്നു. അപ്പോള്‍ അദ്ദേഹത്തിന്‌ എഴുപതോളം വയസ്സു പ്രായമുണ്ടായിരുന്നു. ഉപലബ്‌ധമായ ഈ തെളിവുകള്‍ വച്ചുനോക്കുമ്പോള്‍ കുഞ്ചന്‍ നമ്പ്യാരുടെ ജീവിതകാലം 1700-70 -നും ഇടയ്‌ക്ക്‌ ആയിരുന്നു എന്ന്‌ അനുമാനിക്കാവുന്നതാണ്‌.

കലക്കത്തുഭവനം

പിതാവ്‌ കിടങ്ങൂര്‍ കല്ലമ്പള്ളി ഇല്ലത്തെ ഒരു നമ്പൂതിരി ആയിരുന്നുവെന്നും ആ നമ്പൂതിരിക്ക്‌ കിള്ളിക്കുറിശ്ശിമംഗലം ശിവക്ഷേത്രത്തില്‍ കഴകപ്രവൃത്തി ഉണ്ടായിരുന്നു എന്നും ചില ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അതൊന്നും തെളിയിക്കാന്‍ വ്യക്തമായ രേഖകള്‍ ഇല്ല. കുഞ്ചന്റെ പിതാവ്‌ നമ്പൂതിരിയോ നമ്പ്യാരോ ചാക്യാരോ ആയിരിക്കാം. ആരായിരുന്നാലും അദ്ദേഹത്തിന്‌ മധ്യതിരുവിതാംകൂറിലെ കിടങ്ങൂര്‍ പ്രദേശവുമായി ഏതോ ബന്ധം ഉണ്ടായിരുന്നു. മാതാവില്‍ നിന്നും മാതുലനില്‍ നിന്നും ബാല്യകാലവിദ്യാഭ്യാസം നേടിയശേഷം പിതാവുമൊത്ത്‌ കിടങ്ങൂര്‍ പ്രദേശത്തേക്കു താമസം മാറ്റിയിരിക്കാം. കിടങ്ങൂരിനു സമീപമുള്ള കുടമാളൂര്‍ പ്രദേശത്തായിരുന്നു ചെമ്പകശ്ശേരി രാജാവിന്റെ കുടുംബം. ആ രാജകുടുംബവുമായി പരിചയപ്പെടുന്നതിനും അങ്ങനെ യൗവനാരംഭത്തില്‍ ത്തന്നെ അമ്പലപ്പുഴയില്‍ എത്തുന്നതിനും ഇടയായി. രാജാവിന്റെ സൈനിക സചിവനായിരുന്ന മാത്തൂര്‍ പണിക്കരുമായി പരിചയപ്പെട്ട്‌ കളരി ശിക്ഷണങ്ങള്‍ നേടുന്നതിനും ദ്രാണമ്പള്ളി നായ്‌ക്കര്‍, നന്ദിക്കാട്ട്‌ ഉണ്ണിരവിക്കുറുപ്പ്‌ എന്നീ ആചാര്യന്മാരില്‍ നിന്നും ഉപരിവിദ്യാഭ്യാസം നേടുന്നതിനും കുഞ്ചന്‌ അവസരം സിദ്ധിച്ചു. ഈ കാര്യം ഭക്തിപ്രശ്രയപുരസ്സരം പല കൃതികളിലും രേഖപ്പെടുത്തിയിട്ടുണ്ട്‌. ദ്രാണമ്പള്ളി ആചാര്യരുടെ അനുഗ്രഹത്തിനുവേണ്ടി നമ്പ്യാര്‍ സുന്ദോപസുന്ദോപാഖ്യാനം ശീതങ്കന്‍തുള്ളലിന്റെ തുടക്കത്തില്‍

	""ദിക്കുപത്തും പുകഴ്‌ന്നൊരു ദ്രാണമ്പള്ളി
	നല്‍ ക്കുലഭൂഷണന്‍ മല്‍ ഗുരുനായകന്‍
	വിക്രമവാരിധി വീരന്‍ വിശേഷജ്ഞ-
	നിക്കഥാരംഭേ കടാക്ഷിച്ചരുളേണം''
 

എന്ന്‌ പ്രാര്‍ഥിക്കുന്നുണ്ട്‌. "ആചാര്യോത്തമന്‍ ബാലരവി', മന്ദാരദാരുവാം ബാലരവി' എന്നും മറ്റും നന്ദിക്കാട്ട്‌ ഉണ്ണിരവിക്കുറുപ്പിനെയും,

	""ചെമ്പകശ്ശേരി നാടുവാണരുളീടുമെന്നുടെ തമ്പുരാന്‍
	ചമ്പകാവലി കോമളാകൃതിയായ ദേവനാരായണന്‍''
			(ത്രിപുരദഹനം-പറയന്‍ തുള്ളല്‍ )
 

എന്ന്‌ അമ്പലപ്പുഴ രാജാവിനെയും,

	""അമരസേവിതേ മാത്തൂരമരും ശ്രീമഹാഭദ്ര,
	മമതായേ മഹാമായേ മമതാവാരിധി ദേവീ''
			(സഭാപ്രവേശം-പറയന്‍തുള്ളല്‍ )
 

എന്ന്‌ മാത്തൂര്‍ പണിക്കരുടെ പരദൈവതത്തെയും അനുസ്‌മരിച്ചിട്ടുമുണ്ട്‌. അമ്പലപ്പുഴയിലെ ദീര്‍ഘവാസക്കാലത്ത്‌ കവിക്കു ലഭിച്ച അംഗീകാരത്തിനും പ്രാത്സാഹനത്തിനും ഉത്തമദൃഷ്‌ടാന്തമാണീ പ്രസ്‌താവങ്ങള്‍.

"വഞ്ചിരാജകുലോത്തമന്‍ കുലശേഖരപ്പെരുമാള്‍' എന്ന്‌ മാര്‍ത്താണ്ഡവര്‍മ മഹാരാജാവിനെയും "ലീലാരസജ്ഞനാം അയ്യപ്പമാര്‍ത്താണ്ഡ ബാലമന്ത്രിപ്രവരന്‍' എന്ന്‌ ദളവയെയും പരാമര്‍ശിട്ടുള്ളത്‌ തിരുവനന്തപുരം വാസകാലത്തു ലഭിച്ച അഭയവാത്സല്യാദികളെയും തെളിയിക്കുന്നു. ഒരു പക്ഷേ, അമ്പലപ്പുഴ വിട്ടു തിരുവനന്തപുരത്തു താമസം ഉറപ്പിക്കുന്നതിനു മുമ്പ്‌ ഉത്തരദിക്കുകളില്‍ പര്യടനം നടത്തുകയോ ചില സ്ഥലങ്ങളില്‍ താമസിക്കുകയോ ചെയ്‌തിരിക്കാം. കുഞ്ചന്റെ കൃതിയെന്നനുമാനിക്കപ്പെടുന്ന ശിവപുരാണം കിളിപ്പാട്ടില്‍ "മനക്രാധനാഥാനുജന്‍ ബാലരാമന്‍' സംസ്‌മൃതനാകുന്നു; വിഷ്‌ണുഗീത ഹംസപ്പാട്ടില്‍ "ശ്രീകുബേരാഖ്യാനാം പാലിയാധീശ'നെയും അനുസ്‌മരിക്കുന്നുണ്ട്‌. ഇങ്ങനെ കുഞ്ചന്‍നമ്പ്യാരുടെ ജീവിതവുമായി ഏറ്റവും ബന്ധപ്പെട്ട അപൂര്‍വം ചില വ്യക്തികളെപ്പറ്റിയുള്ള പരാമര്‍ശമല്ലാതെ വ്യക്തിജീവിതത്തെക്കുറിച്ച്‌ വേണ്ടത്ര തെളിവുകളൊന്നും കിട്ടിയിട്ടില്ല. എന്നാല്‍ തിരുവനന്തപുരം വാസക്കാലത്ത്‌ ഇദ്ദേഹത്തിനു വീരശൃംഖല ലഭിച്ചതായി ചരിത്രരേഖയുണ്ട്‌. അമ്പലപ്പുഴ ക്ഷേത്രത്തില്‍ നിന്ന്‌ പാല്‍ പ്പായസവും അപ്പവും അനുവദിച്ചിരുന്നു. അവിടെ താമസത്തിന്‌ നമ്പ്യാര്‍മഠം എന്ന പേരില്‍ ഒരു വസതിയും നല്‌കിയിരുന്നു.

കുഞ്ചന്‍നമ്പ്യാര്‍ ആദ്യമായി തുള്ളല്‍ അവതരിപ്പിച്ച അമ്പലപ്പുഴ കളിത്തട്ട്‌

ഉണ്ണായിവാരിയര്‍, രാമപുരത്തുവാരിയര്‍ എന്നിവരോടൊപ്പം മാര്‍ത്താണ്ഡവര്‍മയുടെ കവിസദസ്സില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന്റെ കലാജീവിതത്തെ സ്‌പര്‍ശിക്കുന്ന പല ഐതിഹ്യങ്ങളും പ്രചരിച്ചിട്ടുണ്ട്‌. അമ്പലപ്പുഴയിലും തിരുവനന്തപുരത്തും വച്ചാണ്‌ ഇദ്ദേഹത്തിന്റെ സമ്പന്നമായ സാഹിത്യപ്രവര്‍ത്തനം നടന്നിട്ടുള്ളത്‌. തുള്ളല്‍ ക്കലയുടെ ജനനത്തെപ്പറ്റിയും പ്രസിദ്ധമായ ഒരൈതിഹ്യമുണ്ട്‌. അമ്പലപ്പുഴക്ഷേത്രത്തില്‍ വച്ച്‌ ചാക്യാരോടു പിണങ്ങി ഒറ്റരാത്രികൊണ്ട്‌ നമ്പ്യാര്‍ സംവിധാനം ചെയ്‌തതാണ്‌ കല്യാണസൗഗന്ധികം ശീതങ്കന്‍തുള്ളല്‍ . ഈ ഐതിഹ്യം എത്രമാത്രം വിശ്വാസയോഗ്യമാണെന്നു പറയാന്‍ നിവൃത്തിയില്ല.

പടയണി തുടങ്ങിയ നാടന്‍കലാരൂപങ്ങളുടെയും കൂത്ത്‌, കൂടിയാട്ടം തുടങ്ങിയ ക്ലാസ്സിക്‌ കലകളുടെയും ചൈതന്യം ആവാഹിച്ച്‌ ബഹുജനരോചകമായ ഒരു കലാരൂപത്തെയും കാവ്യരൂപത്തെയും സംവിധാനം ചെയ്‌ത്‌ അവതരിപ്പിച്ച കുഞ്ചന്‍ തുള്ളല്‍ ക്കലയുടെ ജനയിതാവല്ലെങ്കില്‍ വ്യവസ്ഥാപകനെങ്കിലുമാണ്‌. തുള്ളല്‍ വൃത്തങ്ങളും കൃഷ്‌ണാര്‍ജുനയുദ്ധം പറയന്‍തുള്ളല്‍ എന്ന പേരില്‍ ത്തന്നെ ചില നാടന്‍കലാരൂപങ്ങളും തുള്ളല്‍ എന്ന കൃതിയും കുഞ്ചന്റെ തുള്ളല്‍ രചനയ്‌ക്കും സംവിധാനത്തിനും മുമ്പ്‌ ഉണ്ടായിരുന്നതുകൊണ്ട്‌ ഈ കവിയെ തുള്ളലിന്റെ വ്യവസ്ഥാപകന്‍ എന്നു വിശേഷിപ്പിക്കയായിരിക്കും ഉചിതം. നമ്പ്യാരുടെ യഥാര്‍ഥനാമം രാമന്‍ എന്നായിരുന്നു; സംസ്‌കൃതകവി രാമപാണിവാദന്‍ തന്നെയാണ്‌ ഇദ്ദേഹം; ഇരുവരുടെയും പേരില്‍ പ്രചരിച്ചിട്ടുള്ള കൃതികള്‍ ഒരേ വ്യക്തിയുടേതു തന്നെയാണ്‌; കുഞ്ചന്റെ പേര്‌ കൃഷ്‌ണന്‍ എന്നായിരുന്നു; രാമനും കൃഷ്‌ണനും സഹോദരന്മാരായിരുന്നു; രാമന്‍ സംസ്‌കൃതകവി രാമപാണിവാദനും കൃഷ്‌ണന്‍ ഭാഷാകവി കുഞ്ചന്‍ നമ്പ്യാരുമാണ്‌ എന്നിങ്ങനെ പല അഭിപ്രായങ്ങള്‍ സാഹിത്യചരിത്രകാരന്മാരും പണ്ഡിതന്മാരും ഉന്നയിച്ചുകാണുന്നു. ഉള്ളൂര്‍, രാമപാണിവാദന്‍ തന്നെയായിരുന്നു കുഞ്ചന്‍ നമ്പ്യാര്‍ എന്നു തെളിയിക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌; ഇരുവരുടെയും കൃതികള്‍ ഒരാളിന്റെ പേരില്‍ ത്തന്നെയാക്കിയിട്ടുമുണ്ട്‌. ഭാഷാകവിയായ കുഞ്ചന്‍ നമ്പ്യാരും സംസ്‌കൃതകവിയായ രാമപാണിവാദനും സമകാലികരാണെന്നല്ലാതെ ഒരേ വ്യക്തിയാണെന്നു സമര്‍ഥിക്കാനോ അവര്‍ ഒരേ കുടുംബത്തില്‍ പ്പെട്ട സഹോദരന്മാരാണെന്നു തെളിയിക്കാനോ ഇതുവരെ സാധിച്ചിട്ടില്ല. ആഭ്യന്തരമായ തെളിവുകള്‍മാത്രം അടിസ്ഥാനമാക്കിയും അനുബന്ധകാര്യങ്ങള്‍ പരിഗണിച്ചും താഴെപ്പറയുന്ന കൃതികള്‍ കുഞ്ചന്‍ നമ്പ്യാരുടേതാണെന്ന്‌ അനുമാനിക്കാം.

തുള്ളകൃതികള്‍.

1. ഓട്ടന്‍തുള്ളല്‍ . സ്യമന്തകം, ഘോഷയാത്ര, കിരാതം, നളചരിതം, രുക്‌മിണീസ്വയംവരം, സത്യാസ്വയംവരം, രാമാനുചരിതം, ഗോവര്‍ധനചരിതം, സന്താനഗോപാലം, ബാണയുദ്ധം, പാത്രചരിതം, ശീലവതീചരിതം, അഹല്യാമോക്ഷം, സീതാസ്വയംവരം, രാവണോദ്‌ഭവം, കാര്‍ത്തവീര്യാര്‍ജുനവിജയം, ബാലിവിജയം, പ്രദോഷമാഹാത്മ്യം, ഹിഡിംബവധം, ബകവധം, കിര്‍മീരവധം, നിവാതകവചവധം.

2. ശീതങ്കന്‍ തുള്ളല്‍ . കല്യാണസൗഗന്ധികം, സുന്ദോപസുന്ദോപാഖ്യാനം, ഗണപതിപ്രാതല്‍ , ധ്രുവചരിതം, നൃഗമോക്ഷം, പൗണ്ഡ്രകവധം, കൃഷ്‌ണലീല, കാളിയമര്‍ദനം, ഹരിണീസ്വയംവരം, ബാല്യുദ്‌ഭവം, ഹനുമദ്യുദ്‌ഭവം, അന്തകവധം, പ്രഹ്‌ളാദചരിതം, ധേനുകവധം.

3. പറയന്‍തുള്ളല്‍ . ത്രിപുരദഹനം, പാഞ്ചാലീസ്വയംവരം, നാളായണീചരിതം, പഞ്ചേന്ദ്രാപാഖ്യാനം, കീചകവധം, പുളിന്ദീമോക്ഷം, സഭാപ്രവേശം, കുംഭകര്‍ണവധം, ഹരിശ്ചന്ദ്രചരിതം, ദക്ഷയാഗം.

ഇവയില്‍ ഏതാനുമെണ്ണം കുഞ്ചന്റേതല്ല എന്നാണ്‌ കേരളസാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച തുള്ളല്‍ സമാഹാരത്തില്‍ സംശോധകനായ പി.കെ. ശിവശങ്കരപ്പിള്ള അഭിപ്രായപ്പെട്ടിട്ടുള്ളത്‌. ചന്ദ്രാംഗദചരിതം ഓട്ടന്‍, നളചരിതം രണ്ടാംസ്വയംവരം ഓട്ടന്‍, ദക്ഷയാഗം പറയന്‍ എന്നീ തുള്ളലുകള്‍ നമ്പ്യാരുടേതാണെന്ന്‌ ഉള്ളൂര്‍ അഭിപ്രായപ്പെടുന്നു. ഇങ്ങനെ കൃതിനിര്‍ണയവിഷയത്തിലും അഭിപ്രായാന്തരങ്ങള്‍ ഉണ്ട്‌.

തുള്ളലുകള്‍ക്കു പുറമേ, കുഞ്ചന്‍ നമ്പ്യാരുടേതെന്ന്‌ വിശ്വസിക്കപ്പെട്ടുപോരുന്ന കാവ്യങ്ങളുമുണ്ട്‌. അവയില്‍ ശീലാവതി നാലുവൃത്തം, കുമാരപുരേശ്വരീസ്‌തോത്രം, കിരാതം വഞ്ചിപ്പാട്ട്‌, രാസക്രീഡ കിളിപ്പാട്ട്‌, രുക്‌മിണീസ്വയംവരം പത്തുവൃത്തം, ഏകാദശീമാഹാത്മ്യം കിളിപ്പാട്ട്‌, ശിവപുരാണം കിളിപ്പാട്ട്‌, വിഷ്‌ണുഗീത ഹംസപ്പാട്ട്‌, ശ്രീകൃഷ്‌ണചരിതം മണിപ്രവാളം, പഞ്ചതന്ത്രം കിളിപ്പാട്ട്‌, നളചരിതം കിളിപ്പാട്ട്‌, പാര്‍വതീസ്വയംവരം പാന, ഭഗവദ്ദൂത്‌ പതിന്നാലുവൃത്തം എന്നിവ കുഞ്ചന്റെ പേരില്‍ പരക്കെ അംഗീകാരം നേടിയിട്ടുള്ളവയാണ്‌. ശംബരവധം, രാസക്രീഡ, ബാണയുദ്ധം മുതലായ ആട്ടക്കഥകളും മറ്റുമായി വേറെയും പല കൃതികള്‍ ഇദ്ദേഹം രചിച്ചിട്ടുള്ളതായി ഉള്ളൂര്‍ അഭിപ്രായപ്പെടുന്നു. കുഞ്ചന്റെ രചനാമാര്‍ഗം പില്‌ക്കാലത്ത്‌ പല കവികളും അനുകരിച്ചതിന്റെ ഫലമായി ചില നല്ല തുള്ളല്‍ ക്കൃതികള്‍ ലഭിച്ചിട്ടുണ്ട്‌.

നമ്പ്യാരുടെ തുള്ളല്‍ ക്കവിതയെ കൂലംകുത്തിപ്പായുന്ന വര്‍ഷകാല നദിയോട്‌ സാമ്യപ്പെടുത്താമെങ്കില്‍ , ഇദ്ദേഹത്തിന്റെ ഇതര കൃതികളെ ശാന്തസ്വച്ഛമായ ശരന്നിമ്‌നഗയോടുപമിക്കാം. രണ്ടു വിഭാഗം കൃതികളിലൂടെയും അസാമാന്യമായ കവിത്വവും പുരാണകഥാപരിജ്ഞാനവും പ്രകടിപ്പിച്ചിട്ടുള്ള ഈ കവി പരിഹാസരസികനായ ജനകീയകവി എന്ന്‌ പ്രകീര്‍ത്തിതനുമാണ്‌. കല, സാഹിത്യം, ഭാഷ എന്നീ മൂന്നു തലങ്ങളിലും ക്ലാസ്സിക്‌ പാരമ്പര്യത്തെയും ജനസാമാന്യത്തിന്റെ സമകാലിക സ്വഭാവത്തെയും സമന്വയിപ്പിച്ച അന്യാദൃശനായ കവിയായിരുന്നു നമ്പ്യാര്‍.

പുരാണകഥാപ്രതിപാദനം കേരളീയാന്തരീക്ഷത്തില്‍ നിര്‍വഹിക്കുക, ബഹുജനരോചകമായ ഒരു രീതിയില്‍ കഥ ചൊല്ലിത്തുള്ളുന്ന ലളിതമായ കലാരൂപത്തെ വ്യവസ്ഥാപനം ചെയ്യുക, കഥാവിവരണം സമകാലികസ്വഭാവമുള്ളതാക്കുക, കവിതയ്‌ക്ക്‌ കേരളീയമായ സവിശേഷതകള്‍ നല്‌കി ജനജീവിതത്തോട്‌ ഇതിനെ പരമാവധി ബന്ധിപ്പിക്കുക, തുള്ളല്‍ ക്കലയെ 18-ാം ശതകത്തിലെ കേരളീയ ജീവിതത്തിന്റെയും ഇവിടെ നിലവിലിരുന്ന ഭാഷയുടെയും സ്വാംശീകൃതരൂപമാക്കുക എന്നിങ്ങനെ സ്വന്തം കാവ്യജീവിതം കൊണ്ട്‌ ഏറെക്കാര്യങ്ങള്‍ സാധിച്ച കുഞ്ചന്‍ നമ്പ്യാര്‍ എഴുത്തച്ഛനുശേഷം മലയാളം കണ്ട ഏറ്റവും മഹാനായ കവിയായിരുന്നു.

""ആ ലളിതകോമളമായ ഭാഷ, ആ സര്‍വസാധാരണങ്ങളായ ആഭാണകങ്ങളുടെ സന്ദര്‍ഭോചിതമായ ധാരാസമ്പാതം, ആ കുശാഗ്രീയമായ പരിസരാവലോകനം, ആ വൈരൂപ്യങ്ങളും വൈലക്ഷണ്യങ്ങളും കണ്ടുപിടിക്കുവാനുള്ള വാസനാവിശേഷം, ആ സമുദ്രത്തിലെ തരംഗമാലപോലെ അനുക്ഷണം പൊന്തിവരുന്ന ഉച്ചാവചമായ ആശയസമ്പത്ത്‌, ആ മനോഹരവും മര്‍മവേധിയുമായ പരിഹാസധോരണി-ഈ അനുഗ്രഹങ്ങളെല്ലാം ഇദ്ദേഹത്തിനല്ലാതെ അന്യകവിക്ക്‌ ഈ മലയാളക്കരയിലെന്നല്ല, ഭാരതത്തിന്റെ ഇതരഭാഗങ്ങളില്‍ പ്പോലും ലഭിച്ചിട്ടില്ല (കേ.സാ.ച.വാ. 3, പു. 454-5) എന്നാണ്‌ ഉള്ളൂര്‍ കുഞ്ചന്‍ സാഹിത്യത്തെ വിലയിരുത്തുന്നത്‌.

ഭൂരിപക്ഷത്തിന്റെ ഭൂരിസുഖമായിരുന്നു നമ്പ്യാരുടെ ലക്ഷ്യം. അഭിജ്ഞന്മാരുടെ അഭിനന്ദനത്തെക്കാള്‍ സാമാന്യജനങ്ങളുടെ സംതൃപ്‌തിയും സമാദരവുമാണ്‌ ഇദ്ദേഹം ആഗ്രഹിച്ചത്‌. അതിനുപറ്റിയ രചനാരീതിയും ഭാഷയും സ്വീകരിച്ചു.

	""ഭടജനങ്ങളെ നടുവിലുള്ളൊരു പടയണിക്കിഹ 							ചേരുവാന്‍
	വടിവിയെന്നൊരു ചാരുകേരളഭാഷ തന്നെ ചിതം വരൂ''
				(സഭാപ്രവേശം)
 

എന്നു കവിതന്നെ തന്റെ ഭാഷയുടെ ഔചിത്യം വ്യക്തമാക്കുന്നു. ഭാഷയുടെ വിഷയത്തില്‍ കവിക്ക്‌ അനന്യസാധാരണമായ ആത്മവിശ്വാസവുമുണ്ടായിരുന്നുവെന്ന്‌

""പാല്‍ ക്കടല്‍ ത്തിര തള്ളിവരുന്നപോലെ പദങ്ങളെന്‍
നാക്കിലങ്ങനെ നൃത്തമാണൊരു ഭോഷ്‌കു 
				ചൊല്ലുകയല്ല ഞാന്‍'' 
			(കീചകവധം പറയന്‍ തുള്ളല്‍ )
 

എന്ന പ്രസ്‌താവത്തില്‍ നിന്നു മനസ്സിലാക്കാം. തുള്ളല്‍ ക്കവിതയിലെ ഭാഷയുടെ സ്വരൂപവും നമ്പ്യാര്‍ ഇങ്ങനെ വരച്ചുകാട്ടുന്നു.

""മാധുര്യഗുണങ്ങളുമക്ഷരവ്യക്തിയും വേണം
സാധുത്വം പദങ്ങള്‍ക്കും സതതം സംഭവിക്കേണം
ബോധിപ്പിപ്പതിനുള്ള കുശലത്വമതും വേണം
ബോധമവര്‍ക്കുള്ളില്‍  ബഹുമാനം വരുത്തേണം''
					(കീചകവധം)
 

ആധുനിക മലയാളഭാഷയ്‌ക്ക്‌ സൗന്ദര്യവും ലാളിത്യവും ഭാവഗാംഭീര്യവും കൈവരുത്തിയത്‌ കുഞ്ചനാണെന്നു തീര്‍ത്തുപറയാം. എഴുത്തച്ഛന്‍ മലയാളഭാഷയെ തമിഴിന്റെ ദാസ്യത്തില്‍ നിന്ന്‌ മോചിപ്പിച്ചു. നമ്പ്യാര്‍ അതിനെ സംസ്‌കൃതപ്രസരത്തില്‍ നിന്ന്‌ രക്ഷിച്ചു.

നമ്പ്യാരുടെ പദസ്വാധീനത, നിരായാസമായ പ്രാസപ്രയോഗം, പദപ്രയോഗത്തിലുള്ള നിരങ്കുശത, ലോകോക്തികളും പഴഞ്ചൊല്ലുകളും പ്രയോഗിച്ച്‌ കവിതയെ ആസ്വാദ്യതരമാക്കല്‍ , അകൃത്രിമസുന്ദരമായ അലങ്കാരപ്രയോഗം എന്നിവ അന്യത്ര ദുര്‍ലഭങ്ങളാണ്‌.

""കണ്ടാലറിയുവാന്‍ സമര്‍ഥനല്ലെങ്കില്‍  നീ
കൊണ്ടാലറിയുമതിനില്ല സംശയം''
""വീട്ടിലുണ്ടെങ്കില്‍  വിരുന്നു ചോറും കിട്ടും
ഊട്ടിലും കിട്ടാ ദരിദ്രനെന്നോര്‍ക്കണം''
				(കല്യാണസൗഗന്ധികം)
""തള്ളയ്‌ക്കിട്ടൊരു തല്ലുവരുമ്പോള്‍
പിള്ളയെടുത്തു തടുക്കേയുള്ളു''
""മുല്ലപ്പൂമ്പൊടിയേറ്റുകിടക്കും
കല്ലിനുമുണ്ടാമൊരു സൗരഭ്യം''
				(കിരാതം)
""നല്ലൊരു പാട്ടും കൊട്ടും കേട്ടാല്‍ 
കല്ലിനു ഭാവവികാരമതുണ്ടോ''
				(നളചരിതം)
""ആശാനക്ഷരമൊന്നു പിഴച്ചാല്‍ 
അന്‍പത്തൊന്നു പിഴയ്‌ക്കും ശിഷ്യന്‌''
				(ശീലാവതീചരിതം)
 

എന്നിങ്ങനെ ഹൃദ്യങ്ങളായ നിരവധി ചൊല്ലുകള്‍ കുഞ്ചന്‍ കവിതകളില്‍ കണ്ടെത്താവുന്നതാണ്‌.

വര്‍ണനകളില്‍ ക്കാണുന്ന തന്മയീഭാവം നമ്പ്യാരുടെ കവിതകളുടെ പ്രത്യേകതയാണ്‌. ഭൂസ്വര്‍ഗപാതാളങ്ങളെല്ലാം ഈ കവിയുടെ ദൃഷ്‌ടിയില്‍ അമ്പലപ്പുഴയോ തിരുവനന്തപുരമോ ആണ്‌. എല്ലായിടത്തും കേരളീയര്‍ തന്നെ. നായന്മാരും പട്ടന്മാരും കൊങ്കിണിമാരും മറ്റും ചെന്നുപറ്റാത്ത പ്രദേശമില്ല. ദേശാനൗചിത്യവും കാലാനൗചിത്യവും നമ്പ്യാരുടെ കവിതയില്‍ രസപോഷകമാണ്‌. അപകര്‍ഷകാരണമാകുന്നില്ല.

നമ്പ്യാരുടെ തുള്ളല്‍ ക്കഥകളുടെ ജീവന്‍തന്നെ ഫലിതമാണ്‌. പുരാണ കഥാകഥനമെന്ന വ്യാജേന കേരളത്തിലെ അന്നത്തെ നായന്മാര്‍, നമ്പൂതിരിമാര്‍, പരദേശബ്രാഹ്മണര്‍, ദുര്‍ഭരണം നടത്തിയിരുന്ന നാടുവാഴികള്‍ എന്നിവരെ നമ്പ്യാര്‍ പരിഹസിച്ചിട്ടുണ്ട്‌. ദോഷാംശങ്ങളെ വെളിപ്പെടുത്തി ലജ്ജിപ്പിച്ച്‌ ജനങ്ങളെ സന്മാര്‍ഗനിഷ്‌ഠരാക്കുക, തത്തത്‌സമുദായത്തില്‍ കര്‍ത്തവ്യബോധവും കൃത്യാകൃത്യവിവേകവും വളര്‍ത്തുക എന്നീ സദുദ്ദേശ്യത്തോടെയാണ്‌ നമ്പ്യാര്‍ പരിഹാസം പ്രയോഗിച്ചിട്ടുള്ളത്‌. ഇദ്ദേഹം ലൗകികജീവിതത്തിന്റെ വിലക്ഷണരീതികളെ ഒരു സാക്ഷിയുടെ നിലയില്‍ കണ്ടുരസിക്കുകയും മറ്റുള്ളവരെ രസിപ്പിക്കുകയും കര്‍ത്തവ്യോന്മുഖരാക്കുകയും ചെയ്യുന്നു.

"കഥയിലങ്ങനെ പലതും പറയും
അതുകൊണ്ടാര്‍ക്കും പരിഭവമരുതേ'
  

എന്ന കവിവചനം ശ്രദ്ധേയമാണ്‌.

തുള്ളലില്‍ പ്രയോഗിച്ചിട്ടുള്ള വൃത്തങ്ങള്‍ തുള്ളല്‍ വൃത്തങ്ങള്‍ എന്നറിയപ്പെടുന്നു. അംഗവിക്ഷേപങ്ങളോടുകൂടിയ പാട്ടിനു തുള്ളല്‍ എന്നു തമിഴില്‍ പറഞ്ഞുവരുന്നു. ദ്രാവിഡഗാന സമ്പ്രദായങ്ങളില്‍ ഒന്നായ തുള്ളല്‍ കലിയന്‍ വിരുത്തത്തില്‍ പ്പെട്ടതാണെന്ന്‌ ഉള്ളൂര്‍ അഭിപ്രായപ്പെടുന്നു (കേ.സാ.ച.3.പു.425). ഈ വൃത്തം മലയാളത്തിലെ തരംഗിണിയോടു സാദൃശ്യമുള്ളതാണ്‌. ഓട്ടന്‍, ശീതങ്കന്‍, പറയന്‍ എന്നീ മൂന്നു തുള്ളല്‍ രൂപങ്ങളില്‍ ക്കാണുന്ന ദ്രാവിഡവൃത്തങ്ങള്‍ നമ്പ്യാരുടെ കാലത്തിനു മുമ്പുതന്നെ പ്രയോഗിച്ചിരുന്നവയാണ്‌. എന്നാല്‍ ആ വൃത്തങ്ങള്‍ക്ക്‌ മിഴിവും തെളിവും നല്‌കി സാഹിത്യലോകത്തു സ്ഥിരപ്രതിഷ്‌ഠ നല്‌കിയത്‌ നമ്പ്യാരാണ്‌. ഓട്ടന്‍തുള്ളലിലെ പ്രധാന വൃത്തം തരംഗിണിയാണ്‌. അര്‍ധകേക എന്ന ദ്രാവിഡ വൃത്തത്തിനു പുറമേ ശിതാഗ്ര, ഹംസപ്ലുതം, സ്വാഗത, മദമന്ഥര മുതലായ സംസ്‌കൃത വൃത്തങ്ങളും ഇടയ്‌ക്കിടെ ഇതില്‍ പ്രയോഗിച്ചിട്ടുണ്ട്‌. അല്‌പം ഇഴഞ്ഞു ചൊല്ലുന്ന രീതിയാണ്‌ ശീതങ്കനില്‍ കാണുന്നത്‌. കാകളി, കളകാഞ്ചി മുതലായ വൃത്തങ്ങള്‍ ഇതിനു പറ്റിയവയാണ്‌. കൃശമധ്യയാണ്‌ ശീതങ്കനിലെ പ്രധാനവൃത്തം. വളരെപ്പതിഞ്ഞ രീതിയാണ്‌ പറയന്‍ തുള്ളലില്‍ സ്വീകരിച്ചിട്ടുള്ളത്‌. ശീതങ്കനിലെയും ഓട്ടനിലെയും വൃത്തങ്ങളും "മല്ലിക' എന്ന സംസ്‌കൃതവൃത്തവും ഇതില്‍ പ്രയോഗിച്ചുകാണുന്നു.

കുഞ്ചന്റെ ജന്മഗൃഹമായ കലക്കത്തുഭവനം ഒരു ദേശീയ സ്‌മാരകമാക്കി ഇദ്ദേഹത്തിന്റെ പാവനസ്‌മരണ നിലനിര്‍ത്തിയിട്ടുണ്ട്‌.

(ഡോ. വി.എസ്‌. ശര്‍മ; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍