This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുക്ക്‌ ദ്വീപുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുക്ക്‌ ദ്വീപുകള്‍

Cook Islands

അയ്‌ടുടാകി ദ്വീപുകളിലെ വില്ലകള്‍

ന്യൂസിലന്‍ഡിന്‌ സു. 2600 കി.മീ. വടക്കായി തെക്കു കിഴക്കന്‍ പസിഫിക്‌ സമുദ്രത്തില്‍ സ്ഥിതിചെയ്യുന്ന ദ്വീപസമൂഹം. തെക്കേ അക്ഷാംശം 8º-23º മുതല്‍ പടിഞ്ഞാറേ രേഖാംശം 156º167º വരെ വ്യാപിച്ചുകിടക്കുന്നു. 320 കി.മീ. വ്യത്യാസത്തില്‍ സ്ഥിതിചെയ്യുന്ന രണ്ടു ദ്വീപസമൂഹങ്ങളാണ്‌ കുക്കു ദ്വീപുകളില്‍ ഉള്‍പ്പെടുന്നത്‌. ഇതില്‍ വടക്കുഭാഗത്തുള്ള ദ്വീപുകളെല്ലാം ജനസാന്ദ്രതയും വലുപ്പവും കുറഞ്ഞവയാണ്‌. തെക്കു ഭാഗത്തുള്ള എട്ടു ദ്വീപുകളില്‍ റാറോട്ടോങ്‌ഗ (Rarotonga), മംഗയ്‌യ(Mangaia), അയ്‌ടുടാകി(Aitutaki)എന്നിവയാണ്‌ വലുപ്പമുള്ളവ. റാറോട്ടോങ്‌ഗ ദ്വീപാണ്‌ ഏറ്റവും വലുത്‌. ജനസംഖ്യയുടെ പകുതിയോളം വസിക്കുന്നതും ഈ ദ്വീപിലാണ്‌. ദ്വീപിന്റെ ഉത്തരതീരത്ത്‌ സ്ഥിതിചെയ്യുന്ന ആവരുവ(Avarua)യാണ്‌ ഭരണസ്ഥാനം. ഇതിന്റെ ആകെ വിസ്‌തീര്‍ണം 235.4 ച.കി.മീ. ആണ്‌; ജനസംഖ്യ: 18,027 (2001).

ഉഷ്‌ണവും ആര്‍ദ്രതയും കലര്‍ന്ന സുഖകരമായ കാലാവസ്ഥയാണ്‌ ദ്വീപുകളില്‍ അനുഭവപ്പെടുന്നത്‌. വാണിജ്യവാതങ്ങളുടെ ഫലമായി റാറോട്ടോങ്‌ഗയുടെ വടക്കന്‍ ചരിവുകളില്‍ 2,000 മില്ലി മീറ്ററിലധികം വാര്‍ഷികവര്‍ഷപാതം ഉണ്ടാകുന്നു. ഇവിടെ 640 മീറ്ററില്‍ ക്കൂടുതല്‍ ഉയരമുള്ള ധാരാളം കുന്നുകളും ചെറിയ മലകളും ഉണ്ട്‌. ക്യാപ്‌റ്റന്‍ ജെയിംസ്‌ കുക്ക്‌ എന്ന ഇംഗ്ലീഷുകാരനാണ്‌ ഈ ദ്വീപുകള്‍ കണ്ടുപിടിച്ചത്‌. ഇവ 1888 മുതല്‍ 1901 വരെ ബ്രിട്ടീഷ്‌ സംരക്ഷണത്തിലായിരുന്നു. ലണ്ടന്‍ മിഷനറി സൊസൈറ്റിയിലെ ജോണ്‍ വില്യംസ്‌ എന്ന പുരോഹിതന്റെ വരവോടുകൂടി ഈ ദ്വീപുകളില്‍ ക്രിസ്‌തുമതം വളരെ ശക്തിയാര്‍ജിച്ചു. 1901-ല്‍ ന്യൂസിലന്‍ഡിനോടു ചേര്‍ക്കപ്പെട്ട ഈ ദ്വീപുകള്‍ക്ക്‌ 1965-ല്‍ സ്വയംഭരണാവകാശം നല്‌കി. അങ്ങനെ മന്ത്രിസഭയും നിയമസഭ(Parliament)യും നിലവില്‍ വന്നു. 25 അംഗങ്ങളാണ്‌ പാര്‍ലമെന്റിലുള്ളത്‌. ഇവരെ അഞ്ചു വര്‍ഷത്തേക്ക്‌ തെരഞ്ഞെടുക്കുന്നു. ഗോത്രവര്‍ഗക്കാരുടെ പ്രതിനിധികളെയും പരമ്പരാഗതമായി നിയമസഭയിലെ അംഗങ്ങളായി ഉള്‍പ്പെടുത്തിയിരുന്നു. റാറോടോങ്‌ഗയിലെ ഒരു തുറമുഖനഗരമായ ആവരുവയാണ്‌ ഭരണകേന്ദ്രം.

തെങ്ങ്‌, വാഴ, ഓറഞ്ച്‌, നാരകം മുതലായവയാണ്‌ റാറോടോങ്‌ഗ, മഗയ്‌യ ദ്വീപുകളിലെ പ്രധാനകൃഷി. ജനങ്ങളില്‍ ഭൂരിഭാഗവും കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. പലതരം സസ്യങ്ങളടങ്ങിയതാണ്‌ ഇവിടത്തെ വനങ്ങള്‍. പഴവര്‍ഗങ്ങള്‍, പഴച്ചാറ്‌, കൊപ്ര, ആഭരണങ്ങള്‍, തുണിത്തരങ്ങള്‍ മുതലായവയാണ്‌ ഈ ദ്വീപുകളിലെ പ്രധാന കയറ്റുമതി വസ്‌തുക്കള്‍. എന്നാല്‍ , പ്രധാന ഇറക്കുമതി ഭക്ഷ്യവസ്‌തുക്കളാണ്‌. ന്യൂസിലന്‍ഡിലെ മയോറികളുമായി സാമ്യമുള്ള പോളിനേഷ്യന്‍കാരാണ്‌ ഇവിടത്തെ ആദിവാസികള്‍. സ്‌കൂള്‍ വിദ്യാഭ്യാസം സൗജന്യവും നിര്‍ബന്ധിതവുമാക്കിയിട്ടുണ്ട്‌.

(എസ്‌. ഗോപിനാഥന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍