This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുക്ക്‌, ജെയിംസ്‌ (1728 - 79)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുക്ക്‌, ജെയിംസ്‌ (1728 - 79)

Cook, James

ജെയിംസ്‌ കുക്ക്‌

ഇംഗ്ലീഷ്‌ നാവികനും സമുദ്രാന്വേഷണ സഞ്ചാരിയും. ഇംഗ്ലണ്ടില്‍ യോര്‍ക്ക്‌ഷയറിലെ മാര്‍ട്ടന്‍ എന്ന സ്ഥലത്ത്‌ ഒരു കര്‍ഷകത്തൊഴിലാളിയുടെ പുത്രനായി 1728 ഒ. 27-നു ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം 13-ാം വയസ്സില്‍ ഒരു പലചരക്കുവ്യാപാരിയുടെ ജോലിക്കാരനായി. 1755-ല്‍ രാജകീയ നാവികസേനയില്‍ ചേര്‍ന്നു. സെന്റ്‌ ലോറന്‍സ്‌ നദിയുടെ സര്‍വേ തയ്യാറാക്കിയത്‌ ഇക്കാലത്താണ്‌. 1763-67 കാലഘട്ടത്തില്‍ ന്യൂഫൗണ്ട്‌ലന്‍ഡ്‌ തീരങ്ങള്‍ സര്‍വേ നടത്തിയത്‌ കുക്കായിരുന്നു. ഇദ്ദേഹം തയ്യാറാക്കിയ റിപ്പോര്‍ട്ടുകള്‍ റോയല്‍ സൊസൈറ്റിയുടെ ശ്രദ്ധ ആകര്‍ഷിച്ചു.

1768-ല്‍ ലഫ്‌റ്റനന്റായി കയറ്റം കിട്ടിയ കുക്ക്‌ ഏതാനും ശാസ്‌ത്രജ്ഞന്മാരോടുകൂടി "എന്‍ഡവര്‍' എന്ന കപ്പലില്‍ ഒരു പര്യവേക്ഷണയാത്ര പുറപ്പെട്ടു. 1769 ഏപ്രില്‍ മാസത്തില്‍ താഹിതിയിലെത്തി. അവിടെ ഒരു വാനനിരീക്ഷണകേന്ദ്രം സ്ഥാപിച്ചു. അവിടെ നിന്നു തെക്കോട്ടും പിന്നീട്‌ പടിഞ്ഞാറോട്ടും സഞ്ചരിച്ചു കുക്ക്‌ ന്യൂസിലന്‍ഡില്‍ എത്തി (1769 ഒക്‌ടോബര്‍). അതിന്റെ ഭൂപ്രകൃതിയെപ്പറ്റി വിലയേറിയ പല വിവരങ്ങളും ശേഖരിച്ചു. തുടര്‍ന്ന്‌ ആസ്റ്റ്രലിയയുടെ കിഴക്കേതീരത്തെത്തുകയും (1770 ഏപ്രില്‍) ആ സ്ഥലത്തിനു ന്യൂസൗത്ത്‌വെയില്‍സ്‌ എന്നു നാമകരണം ചെയ്‌ത്‌ ബ്രിട്ടന്റെ അധീനതയില്‍ കൊണ്ടുവരികയും ചെയ്‌തു. പിന്നീട്‌ ന്യൂഗിനിയ സന്ദര്‍ശിച്ചു. കുറേനാള്‍ ബറ്റേവിയ (ഇന്നത്തെ ജക്കാര്‍ത്ത)യില്‍ താമസിച്ച്‌ കപ്പലുകളുടെ അറ്റകുറ്റങ്ങള്‍ തീര്‍ത്തു. 1771 ജൂലായ്‌ മാസത്തില്‍ ഇംഗ്ലണ്ടില്‍ മടങ്ങിയെത്തി. അന്വേഷണപര്യടനം വിജയകരമായി നിര്‍വഹിച്ച കുക്കിന്‌ ആഗസ്റ്റുമാസത്തില്‍ കമാന്‍ഡറായി പ്രമോഷന്‍ കിട്ടി.

1772 ജൂലായില്‍ രണ്ടാമതൊരു പര്യടനത്തിന്‌ ഇദ്ദേഹം നിയുക്തനായി. "റസലൂഷന്‍', "അഡ്വെഞ്ചര്‍' എന്ന രണ്ടു കപ്പലുകളിലായി പുറപ്പെട്ട പര്യടനസംഘം 1773-ല്‍ ദക്ഷിണധ്രുവമേഖല തരണം ചെയ്‌തു. മുമ്പ്‌ ആരും നടത്തിയിട്ടില്ലാത്ത ഒരു സാഹസയാത്രയായിരുന്നു അത്‌. സൊസൈറ്റിദ്വീപും ന്യൂകാലിഡോണിയയും ഈ യാത്രയില്‍ കണ്ടെത്തിയ ദ്വീപുകളാണ്‌. 1775 ജൂല. 30-ന്‌ കുക്ക്‌ പ്ലിമത്തില്‍ തിരിച്ചെത്തി.

1776-ല്‍ "റസലൂഷനി'ല്‍ കുക്കും സംഘവും വീണ്ടും ഒരു യാത്ര പുറപ്പെട്ടു. "ഡിസ്‌കവറി' എന്ന മറ്റൊരു കപ്പലും അതിനെ അനുഗമിച്ചിരുന്നു. യാത്രാസംഘം 1777 ആഗസ്റ്റില്‍ ടാസ്‌മേനിയയും ന്യൂസിലന്‍ഡും സന്ദര്‍ശിച്ചു. ഈ യാത്രയിലാണ്‌ സാന്‍ഡ്‌വിച്ച്‌ ദ്വീപുകള്‍ (ഹാവായ്‌ ദ്വീപുകള്‍) കണ്ടെത്തിയത്‌. അതിനുശേഷം വടക്കേ അമേരിക്കയുടെ കിഴക്കേതീരത്തേക്കു തിരിച്ച ഇവര്‍ ബെറിങ്‌ കടലിടുക്കിന്റെ ഉള്‍ഭാഗത്തുള്ള ഐസി മുനമ്പുവരെ എത്തി. അവിടെനിന്നും പിന്തിരിഞ്ഞുപോരാന്‍ നിര്‍ബന്ധിതരായ കുക്കും സംഘവും ഹാവായില്‍ കീലാകേകുവാ ഉള്‍ക്കടലില്‍ 1779 ജനു. 17-ന്‌ എത്തിച്ചേര്‍ന്നു. തദ്ദേശീയരുമായുണ്ടായ ഏറ്റുമുട്ടലില്‍ 1779 ഫെ. 14-ന്‌ കുക്ക്‌ കൊല്ലപ്പെട്ടു. കുക്കിന്റെ വികലമാക്കപ്പെട്ട ശരീരഭാഗങ്ങള്‍ കടലില്‍ത്തന്നെ സംസ്‌കരിച്ചശേഷം സംഘാംഗങ്ങള്‍ ചാള്‍സ്‌ ക്ലാര്‍ക്കിന്റെ മേല്‍നോട്ടത്തില്‍ യാത്ര തുടര്‍ന്നു. എന്നാല്‍ അദ്ദേഹവും താമസിയാതെ ക്ഷയം പിടിപെട്ട്‌ മരണമടഞ്ഞതോടെ ജയിംസ്‌ ഗോറിന്റെ നേതൃത്വത്തിലാണ്‌ കപ്പലുകള്‍ ഇംഗ്ലണ്ടില്‍ മടങ്ങിയെത്തിയത്‌ (1780).

പര്യവേക്ഷണത്തിന്‌ ശാസ്‌ത്രീയ മാര്‍ഗങ്ങള്‍ ആദ്യമായി അവലംബിച്ച പര്യവേക്ഷകനാണ്‌ ക്യാപ്‌റ്റന്‍ കുക്ക്‌. പസിഫിക്‌ സമുദ്രത്തെയും ദക്ഷിണസമുദ്രങ്ങളെയും സംബന്ധിച്ചുള്ള വിജ്ഞാനം വര്‍ധിപ്പിക്കുന്ന വിഷയത്തില്‍ കുക്ക്‌ നല്‌കിയ സംഭാവനകള്‍ അമൂല്യങ്ങളാണ്‌. ആധുനിക ഗവേഷണങ്ങളുടെ വെളിച്ചത്തിലും ഇദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ നിഷ്‌പ്രഭമായിപ്പോയിട്ടില്ല. സമുദ്രവേലാദി വിവരണശാസ്‌ത്രത്തിന്റെ (hydrography) ചരിത്രത്തില്‍ ഇദ്ദേഹത്തിന്‌ സമുന്നതമായ സ്ഥാനമാണുള്ളത്‌. കൈവശമുണ്ടായിരുന്ന നിരീക്ഷണോപകരണങ്ങള്‍ കുറ്റമറ്റവയായിരുന്നില്ലെങ്കിലും പസിഫിക്കിലെ പല സ്ഥാനങ്ങളും സൂക്ഷ്‌മമായി നിര്‍ണയിക്കാന്‍ ഇദ്ദേഹത്തിന്‌ കഴിഞ്ഞു. ഇദ്ദേഹത്തിന്റെ രണ്ടാമത്തെ പര്യവേക്ഷണപര്യടനംപോലെ ഒന്ന്‌ അതിനു മുമ്പോ പിമ്പോ ഉണ്ടായിട്ടില്ല. തെക്കു പടിഞ്ഞാറന്‍ പസിഫിക്‌ സമുദ്രത്തില്‍ ഇദ്ദേഹം കണ്ടെത്തിയ എട്ടു ദ്വീപുകളടങ്ങിയ ഒരു ദ്വീപസമൂഹം കുക്ക്‌ ദ്വീപുകള്‍ എന്ന പേരിലറിയപ്പെടുന്നു. 1776-ല്‍ ലണ്ടനിലെ റോയല്‍ സൊസൈറ്റി കോപ്ലേ സുവര്‍ണ മെഡല്‍(Copley Gold Medal) നല്‍കി ഇദ്ദേഹത്തെ ആദരിച്ചു. ഇദ്ദേഹം വധിക്കപ്പെട്ട സ്ഥലത്ത്‌ 1874-ല്‍ ഒരു സ്‌മാരകം നിര്‍മിച്ചിട്ടുണ്ട്‌.

(എന്‍.കെ. ദാമോദരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍